26 April Friday

നീറ്റിന് ഇപ്പോൾ അപേക്ഷിക്കാം

ഡോ. ടി പി സേതുമാധവൻUpdated: Monday Nov 5, 2018


ദേശീയ മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റി (നീറ്റ്‌)ന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി ഗ്രൂപ്പെടുത്ത് 50% മാർക്ക് നേടിയവർക്കും പ്ലസ്‌ടു അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  കുറഞ്ഞ പ്രായപരിധി പതിനേഴും  കൂടിയത് ഇരുപത്തഞ്ചുമാണ്. പ്രായം ക്ലാസ്‌ തുടങ്ങുന്ന തീയതിയനുസരിച്ച് കണക്കാക്കും. 

അപേക്ഷ ഓൺലൈനായി നവംബർ  ഒന്നുമുതൽ നൽകാം. ഈവർഷം നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (NTA)യാണ് പരീക്ഷ നടത്തുന്നത്. മെയ് അഞ്ചിനാണ് പരീക്ഷ. പേപ്പറധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്.  2019 ഏപ്രിൽ 15 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നീറ്റിന് അപേക്ഷിക്കുന്നതിന്റെ നടപടിക്രമങ്ങൾ അവസാനിക്കുന്ന തീയതി നവംബർ 30.

അപേക്ഷിക്കുന്ന വിധം
1.  വെബ്‌സൈറ്റ് www.nta.ac.in  സന്ദർശിക്കുക അല്ലെങ്കിൽ www.ntaneet.nic.in
2. NEET ക്ലിക്ക് ചെയ്യുക.
3. യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇതിനായി യൂസർ ഐഡി, പാസ്‌വേർഡ്‌ എന്നിവ കണ്ടെത്തണം.
4. ആവശ്യമായ വിവരങ്ങൾ എന്റർ ചെയ്യണം.
5. തുടർന്ന് സബ്‌മിറ്റ്‌  ബട്ടൺ അമർത്തണം.
6. ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം.
7. അപേക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷയുടെ പ്രിന്റ് എടുക്കണം.
8. അപേക്ഷാഫീസ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1400 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ്. 

യോഗ്യത
പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് പ്ലസ്‌ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങളിൽ 50 ശതമാനവും, പട്ടിക പിന്നോക്ക വിഭാഗക്കാർ 40 ശതമാനവും മാർക്ക് നേടണം.

ചിട്ടയോടെ പരിശ്രമിച്ചാൽ മികച്ച സ്‌കോർ
 നീറ്റ് പരീക്ഷാസമയം മൂന്നുമണിക്കൂറാണ്. മൊത്തം 180 ചോദ്യങ്ങളുണ്ടാകും. ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിൽനിന്ന്‌ 45 വീതവും ബയോളജിയിൽനിന്ന്‌ 90ഉം ചോദ്യങ്ങളുണ്ടാകും.  ചോദ്യമൊന്നിന് നാലു മാർക്കുവീതം മൊത്തം സ്‌കോർ 780 ആണ്.  50 ശതമാനം മാർക്കും ബയോളജിയിൽനിന്നായതിനാൽ ബയോളജിയാണ് നീറ്റിലെ വിജയം തീരുമാനിക്കുന്ന മുഖ്യഘടകം. പ്ലസ്‌ടു NCERT സിലബസ്‌ അനുസരിച്ച് പഠിക്കണം.  Time Management  ന് മോഡൽ ചോദ്യങ്ങൾ കണ്ടെത്തി കുറഞ്ഞത് പത്തുതവണയെങ്കിലും ഉത്തരം കണ്ടെത്താൻ ശ്രമിക്കണം.  പ്ലസ്‌ടു വിദ്യാർഥികൾ പ്ലസ്‌ടു പരീക്ഷയ്ക്ക് മികച്ച മാർക്ക് നേടാൻ ശ്രമിക്കണം. 

കേരളത്തിൽ എംബിബിഎസ്, ബിഡിഎസ് എന്നിവയ്ക്കുപുറമെ ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ് സയൻസ് കോഴ്‌സുകൾക്ക്  പ്രവേശനത്തിന് NEET സ്‌കോർ ആവശ്യമാണ്.  കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശനപരീക്ഷാ കമീഷണറുടെ KEAM നോട്ടിഫിക്കേഷൻ വരുമ്പോൾ അപേക്ഷിക്കണം.

വിദേശരാജ്യങ്ങളിലെ മെഡിക്കൽ സ്‌കൂളുകളിലെ മെഡിക്കൽ ബിരുദ പ്രോഗ്രാമിന് നീറ്റ് സ്‌കോർ ആവശ്യമാണ്. എന്നാൽ, ഇംഗ്ലീഷ് സംസാരിക്കുന്ന യുകെ, അമേരിക്ക, കനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിൽ മെഡിക്കൽ യുജി പ്രവേശനത്തിന്  SATഉം ടോഫൽ/IELTS വേണം.

നീറ്റിന് തയ്യാറെടുക്കാൻ ആറുമാസത്തെ സമയമുണ്ട്. ചിട്ടയോടെ പരിശ്രമിച്ചാൽ മികച്ച സ്‌കോർ നേടാം. തയ്യാറെടുക്കുന്നവർ ഇനിയും വൈകരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top