27 April Saturday

ബിആര്‍ക് പ്രവേശനം; നാറ്റ സ്കോറിന് സാധുത ഒരുവര്‍ഷം മാത്രം, രജിസ്ട്രേഷന്‍ 11 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2017

കൊച്ചി > എന്‍ജിനിയറിങ് കോളേജുകളിലും ആര്‍കിടെക്ചര്‍ കോളേജുകളിലും ബാച്ചിലര്‍ ഓഫ് ആര്‍കിടെക്ചര്‍ (ബിആര്‍ക്) കോഴ്സിന് പ്രവേശനം നേടാനുള്ള നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍കിടെക്ചര്‍ (നാറ്റ) പരീക്ഷയുടെ സ്കോറിന് ഇനി ഒരുവര്‍ഷം മാത്രം സാധുത. പ്ളസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും പാസായവര്‍ക്കും മാത്രമേ പരീക്ഷയ്ക്ക് ഇരിക്കാനാകൂ. മിനിമം പ്രായം 17 വയസ്സ് എന്ന നിബന്ധന നീക്കിയെങ്കിലും 10-ാം ക്ളാസിലോ പതിനൊന്നിലോ പഠിക്കുന്നവര്‍ക്ക് നാറ്റ എഴുതാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 17 വയസ്സിനുമുമ്പ് പ്ളസ്ടു പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കാതിരിക്കാന്‍ മാത്രമാണ് കുറഞ്ഞ പ്രായപരിധി നീക്കിയത്.

www.nata.nic.in എന്ന വെബ്സൈറ്റില്‍ Online Registration for NATA 2017എന്ന ലിങ്കിലൂടെ 11വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ വര്‍ഷത്തെ പരീക്ഷ ഏപ്രില്‍ 16 നാണ്.

കഴിഞ്ഞവര്‍ഷംവരെ നാറ്റ പരീക്ഷ രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ചുതവണ എഴുതാമെന്നായിരുന്നു വ്യവസ്ഥ. ഇവയില്‍ മികച്ച സ്കോര്‍ വാലിഡ് സ്കോറായി പരിഗണിക്കുമായിരുന്നു. സ്കോറിന് ആദ്യവട്ടം പരീക്ഷയെഴുതി രണ്ടുവര്‍ഷം തികയുംവരെ കാലാവധി ഉണ്ടായിരുന്നു. ഇതെല്ലാം ഭേദഗതിചെയ്താണ് ഈ വര്‍ഷത്തെ പ്രവേശനം. ഇനി മറ്റ് പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനംപോലെയാകും ബിആര്‍ക് പ്രവേശനവും. ഒരുവര്‍ഷം ഒരു പരീക്ഷ മാത്രം. അതിലെ സ്കോറിന് സാധുതയും ആ വര്‍ഷം മാത്രം.

സംസ്ഥാനത്തെ ആര്‍കിടെക്ചര്‍ കോഴ്സ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുകയും അപേക്ഷാ പ്രിന്റൌട്ടും അനുബന്ധരേഖകളും നിശ്ചിതസമയത്തിനകം സമര്‍പ്പിക്കുകയും വേണം.  ആര്‍കിടെക്ചര്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിന് നാറ്റ സ്കോറും യോഗ്യതാപരീക്ഷയിലെ മാര്‍ക്ക് വിവരങ്ങളും യഥാസമയം സമര്‍പ്പിക്കണമെന്നും കമീഷണര്‍ അറിയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top