02 May Thursday

കീം 2020: അറിയാം കേരളീയൻ, കേരളീയേതരൻ വിഭാഗങ്ങൾ

സ്വന്തം ലേഖകൻUpdated: Tuesday Feb 4, 2020

തിരുവനന്തപുരം
പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷകരെ കേരളീയൻ (Keralite), കേരളീയേതരൻ ഒന്നാം വിഭാഗം (NK–-I), കേരളീയേതരൻ രണ്ടാം വിഭാഗം (NK–-II) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്‌.

കേരളീയൻ

അപേക്ഷകനോ മാതാപിതാക്കളിലാരെങ്കിലോ കേരളത്തിൽ ജനിച്ചതാണെങ്കിൽ അപേക്ഷകനെ "കേരളീയൻ' ആയി കണക്കാക്കും. അതിനായി നിശ്ചിത സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. (പ്രോസ്പെക്ടസ് ക്ലോസ് 6.1 കാണുക.) "കേരളീയൻ' വിഭാഗത്തിൽപ്പെട്ടവർക്കുമാത്രമാണ് വിവിധ സാമുദായിക പ്രത്യേക/ശാരീരിക അവശതയുള്ളവർക്കുള്ള സംവരണാനുകൂല്യങ്ങളും ഫീസ് ഇളവുകളും ലഭ്യമാകുക. കേരളീയരല്ലാത്ത കേരള കേഡറിൽ ജോലിചെയ്യുന്ന അഖിലേന്ത്യാ സർവീസ്‌ ഉദ്യോഗസ്ഥരുടെ (എഐഎസ്) മക്കളെയും കേരളീയരായി പരിഗണിക്കുന്നതാണ്. അത്തരം വിദ്യാർഥികൾ രക്ഷിതാവ് കേരള കേഡറിൽ ജോലി ചെയ്യുന്ന എഐഎസ് ഉദ്യോഗസ്ഥരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സർക്കാർ അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. എന്നാൽ, ഇവർക്ക് സംവരണാനുകൂല്യങ്ങളോ ഫീസ് ഇളവുകളോ ലഭിക്കില്ല.

കേരളീയേതരൻ 
ഒന്നാം വിഭാഗം

കേരളത്തിൽ അല്ല ജനിച്ചതെങ്കിലും താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്ന് പാലിക്കുന്നുണ്ടെങ്കിൽ അത്തരം വിദ്യാർഥികളെ കേരളീയേതരൻ ഒന്നാം വിഭാഗമായി കണക്കാക്കും.കേരളത്തിൽ ജോലിക്ക് നിയോഗിക്കപ്പെട്ട കേരളീയരല്ലാത്ത ഇന്ത്യാ ഗവൺമെന്റ് ജീവനക്കാരുടെയും പ്രതിരോധവകുപ്പ് ജീവനക്കാരുടെയും മക്കൾ, അവർ യോഗ്യതാ പരീക്ഷ കേരളത്തിൽ പഠിച്ചവരായിരിക്കണം.
കേരളത്തിലോ അല്ലെങ്കിൽ കേരള സംസ്ഥാനത്തിനുവേണ്ടിയോ കുറഞ്ഞത് രണ്ടു വർഷമെങ്കിലും സേവനമനുഷ്ഠിച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി കേരള സർക്കാരിനു കീഴിൽ ജോലിനോക്കുന്ന കേരളീയരല്ലാത്ത മാതാപിതാക്കളുടെ മക്കൾ; അവർ യോഗ്യതാ പരീക്ഷ കേരളത്തിൽ പഠിച്ചവരായിരിക്കണം. -

പന്ത്രണ്ട് വർഷത്തെ പഠനകാലയളവിൽ അഞ്ച് വർഷക്കാലം കേരളത്തിൽ താമസിച്ചിട്ടുള്ള കേരളീയരല്ലാത്ത അപേക്ഷകർ.
കേരളത്തിലെ സ്കൂളുകളിൽ  എട്ടുമുതൽ പന്ത്രണ്ടുവരെ ക്ലാസുകൾ പഠിച്ചിട്ടുള്ള കേരളീയരല്ലാത്ത അപേക്ഷകർ.  കേരളീയേതരൻ ഒന്നാം വിഭാഗം അപേക്ഷകർ അ ത്‌ തെളിയിക്കുന്നതിനുള്ള രേഖ അപേക്ഷയോടൊപ്പം ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. കേരളീയേതരൻ ഒന്നാം വിഭാഗം അപേക്ഷാർഥികളെ എൻജിനിയറിങ്‌/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ അനുബന്ധ കോഴ്സുകളിലെ ‘സ്റ്റേറ്റ് മെറിറ്റ്' സീറ്റുകളിലേക്ക്‌ പരിഗണിക്കുന്നതാണ്. സാമുദായിക/പ്രത്യേക ശാരീരിക അവശത വിഭാഗ സംവരണത്തിനോ ഫീസിളവുകൾക്കോ ഇവർക്ക് അർഹതയില്ല.

കേരളീയേതരൻ 
രണ്ടാം വിഭാഗം


കേരളീയൻ, കേരളീയേതരൻ ഒന്നാം വിഭാഗം എന്നിവയിൽപ്പെടാത്ത അപേക്ഷാർഥികളെ കേരളീയേതരൻ രണ്ടാം വിഭാഗമായി പരിഗണിക്കും. ഇത്തരം അപേക്ഷാർഥികൾക്ക് സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ്‌ കോളേജുകളിലെ സർക്കാർ സീറ്റു കളിലേക്കും മാനേജ്മെന്റ് സീറ്റുകളിലേക്കും പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും. എന്നാൽ, സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ്‌ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്ക്‌ പ്രവേശനത്തിന് കേരളീയൻ, കേരളീയേതരൻ ഒന്നാം വിഭാഗം എന്നിവയിൽപ്പെട്ട വിദ്യാർഥികളുടെ അഭാവത്തിൽമാത്രമേ കേരളീയേതരൻ രണ്ടാം വിഭാഗത്തെ പരിഗണിക്കൂ. കൂടാതെ, കേരളീയേതരൻ രണ്ടാം വിഭാഗം അപേക്ഷാർഥികൾക്ക് സ്വകാര്യ സ്വാശ്രയ എൻജിനിയറിങ്‌ ആർക്കിടെക്ചർ സിദ്ധ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും മാനേജ്മെന്റ് സീറ്റുകളിലേക്കും പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും. എന്നാൽ, സ്വാശ്രയ സിദ്ധ കോളേജിലെ സിദ്ധ കോഴ്സിന് കേരളീയൻ/ കേരളീയേതരൻ ഒന്നാംവിഭാഗം എന്നിവയിൽപ്പെട്ട വിദ്യാർഥികളുടെ അഭാവത്തിൽമാത്രമേ കേരളീയേതരൻ  രണ്ടാം വിഭാഗത്തെ പരിഗണിക്കൂ.

കേരളീയേതരൻ രണ്ടാം വിഭാഗം വിദ്യാർഥികൾ സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ മാനേജ്മെന്റ് ക്വോട്ടയിലെ പരമാവധി 10 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അർഹരാണ്. കേരളീയേതരൻ രണ്ടാം വിഭാഗം വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റുകളിലേക്കും  ബിഡിഎസ് ഉൾപ്പെടെയുള്ള മെഡിക്കൽ, അനുബന്ധ കോഴ്സുകളിലും സർക്കാർ എൻജിനിയറിങ്/ ഫാർമസി കോളേജുകളിലും പ്രവേശനത്തിന് അർഹതയില്ല.

2019  ജൂൺ 10ലെ സർക്കാർ ഉത്തരവു പ്രകാരം സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് കോഴ്സിന്റെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ടാ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ്‌ യുജി 2020ന്റെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം ജനനസ്ഥലം പരിഗണിക്കാതെയായിരിക്കും. കേരളീയേതരൻ രണ്ടാംവിഭാഗം വിദ്യാർഥികൾ സാമുദായിക പ്രത്യേക/ ശാരീരിക വൈകല്യവിഭാഗ സംവരണത്തിനോ ഫീസ് ആനുകൂല്യങ്ങൾക്കോ അർഹരല്ല. അപേക്ഷകന്റെ നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top