27 April Saturday

ശാസ്ത്രപഠനത്തിന് ഐസർ; അഭിരുചിപരീക്ഷ മെയ്‌ 31ന്‌

എം വി പ്രദീപ്‌Updated: Tuesday Mar 3, 2020


തിരുവനന്തപുരം
അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ പഠനഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‌  ആരംഭിച്ച  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ്‌ ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) ബിഎസ്‌, ബിഎസ്–എംഎസ് ഇരട്ട ബിരുദ പ്രോഗ്രാമുകളിലേക്ക്‌  അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള  വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  ഇത്തവണ ഒരു മാസം നേരത്തെയാണ്‌ വിജ്ഞാപനം. മുൻവർഷങ്ങളിൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതോടെയാണ്‌ ഐസർ പ്രവേശന നടപടികൾ ആരംഭിച്ചിരുന്നത്‌.

പ്രവേശന നടപടികൾ,  യോഗ്യത,  എൻട്രൻസ്‌ പരീക്ഷ എന്നിവയിൽ ഇത്തവണ ചില മാറ്റമുണ്ട്‌. യോഗ്യതയിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കൂടുതൽ പേർക്ക്‌ അപേക്ഷിക്കാനാകും.

7 ഐസർ 1050 സീറ്റ്‌
മെയ്‌ 31നാണ്‌ അഭിരുചി പരീക്ഷ. തിരുവനന്തപുരം, ബെറാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുപ്പതി എന്നിവിടങ്ങളിലാണ് ഐസറുകൾ ഉള്ളത്. ഓരോ ഐസറിലും 150 സീറ്റ് വീതമുണ്ട്‌.

ഭോപാലിൽ മാത്രമേ ബിഎസ്‌ പ്രോഗ്രാമുള്ളൂ.  എൻജിനിയറിങ്‌ സയൻസസ്, ഇക്കണോമിക്‌സ് എന്നിവയിൽ നാലു വർഷത്തെ ബിഎസ് പ്രോഗ്രാമാണ്‌ ഇവിടെയുള്ളത്‌. മറ്റുള്ളിടത്ത്‌ ബിഎസ്–എംഎസ് ഇരട്ട ബിരുദ പ്രോഗ്രാമുകളാ (ഡ്യൂൽ ഡിഗ്രി) ണുള്ളത്‌. ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്  ഡാറ്റ സയൻസ്, എർത്ത് ആൻഡ്‌ ക്ലൈമറ്റ് സയൻസസ് / എർത്ത് ആൻഡ്‌ എൻവയോൺമെന്റൽ സയൻസസ്, സാമ്പത്തിക ശാസ്ത്രം, എൻജിനിയറിങ്‌ സയൻസസ്, ജിയോളജിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നിവയിലാണ്‌ കോഴ്‌സുകൾ.

അഞ്ചുവർഷത്തെ കോഴ്സിൽ പ്രവേശനം ലഭിക്കുന്നവർക്ക്‌  പ്രതിമാസ സ്‌റ്റൈപെൻഡും ലഭിക്കും. കോഴ്സിന്റെ ആദ്യ രണ്ടുവർഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലാണ്‌ പഠനം. മൂന്നും നാലും വർഷം ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുത്ത് ആഴത്തിലുള്ള പഠനം. അഞ്ചാം വർഷം ഗവേഷണപ്രവർത്തനങ്ങൾക്കാണ്‌ പ്രാധാന്യം.

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക്‌ (ഇഡബ്ല്യുഎസ്‌) ഉൾപ്പെടെ മുഴുവൻ സംവരണ മാനദണ്ഡവും പ്രവേശനത്തിനുണ്ട്‌.

മൂന്ന്‌ രീതിയിൽ  പ്രവേശനം
ഐസറുകളിലേക്ക്‌ മൂന്നു രീതിയിലാണ്‌ പ്രവേശനം.  പ്ലസ്‌ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനപരീക്ഷ എഴുതി പ്രവേശനം നേടുന്നതിനു പുറമെ  അഖിലേന്ത്യാ എൻജിനിയറിങ്‌ പ്രവേശനപരീക്ഷയായ ജെഇഇയിൽ ഐഐടി അഡ്മിഷനുള്ള ജെഇഇ അഡ്വാൻസ്ഡിൽ ആദ്യ 10,000 റാങ്കുകാർക്കും പ്രവേശനത്തിന്‌ അപേക്ഷിക്കാം. കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്‌ സയൻസ് വഴി നടപ്പാക്കുന്ന കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) സ്കോളർഷിപ് നേടിയവർക്കായി ഒരു വിഭാഗം സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്‌.  

ഹയർ സെക്കൻഡറി പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിലുള്ള അപേക്ഷയാണ്‌ മാർച്ച്‌ 23 മുതൽ ഓൺലൈനായി സ്വീകരിക്കുന്നത്‌. 2019ൽ പ്ലസ്‌ ടു കഴിഞ്ഞവർക്കും 2020ൽ പ്ലസ്‌ ടു എഴുതുന്നവർക്കും അപേക്ഷിക്കാം.  കെവിപിവൈ സ്‌കോളർഷിപ്പുകാർക്ക്‌ ഏപ്രിൽ 24 മുതൽ അപേക്ഷിക്കാം. ജെഇഇ അഡ്വാസ്‌ഡ്‌ സ്‌കോർ നേടിയവർ ജൂൺ ഒന്നുമുതലാണ്‌ അപേക്ഷിക്കേണ്ടത്‌. കേരളത്തിലെ എല്ലാ ജില്ലയിലും പ്രവേശനപരീക്ഷാ കേന്ദ്രങ്ങളുണ്ട്‌. അപേക്ഷാ ഫീസ്‌, അഭിരുചി പരീക്ഷയുടെ സിലബസ്‌, പരീക്ഷാകേന്ദ്രങ്ങൾ, അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യേണ്ടുന്ന സർട്ടിഫിക്കറ്റുകളുടെ മാതൃക എന്നിവയെല്ലാം http://www.iiseradmission.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top