26 April Friday

അപര്യാപ്‌തമായ ശിക്ഷാവിധി

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2016


സൌമ്യ വധം മനുഷ്യരായി പിറന്ന എല്ലാവരിലും അസ്വസ്ഥതയും രോഷവും ജനിപ്പിച്ച ക്രൂരസംഭവമാണ്. ആ കേസിന്റെ നാനാവഴിയെക്കുറിച്ചും പ്രതി അര്‍ഹിക്കുന്ന കഠിനമായ ശിക്ഷയെക്കുറിച്ചുമുള്ള വിചാരവും ചര്‍ച്ചയും സാര്‍വത്രികമായി ഉണ്ടാകുന്നത് സമൂഹത്തിന്റെ മനസ്സ് അതാവശ്യപ്പെടുന്നതുകൊണ്ടാണ്. ഇനി ഒരു പെണ്‍കുട്ടിക്കും സൌമ്യയുടെ അനുഭവമുണ്ടാകരുത് എന്നത് മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരു മനുഷ്യന്റെയും താല്‍പ്പര്യമാണ്. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി, ശിക്ഷ ഏഴുവര്‍ഷം കഠിനതടവായി പരിമിതപ്പെടുത്തി എന്ന് ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തപ്പോള്‍ അഭൂതപൂവമായ പ്രതികരണമാണുയര്‍ന്നത്.

സൌമ്യ ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നും കൊലചെയ്യപ്പെട്ടെന്നും അത് ചെയ്തത് ഗോവിന്ദച്ചാമി എന്ന ക്രിമിനലാണെന്നും സംശയരഹിതമായി സമൂഹത്തിനുമുന്നില്‍ തെളിഞ്ഞ വസ്തുതയാണ്. കേസ് അന്വേഷിച്ച പൊലീസിനും വിചാരണചെയ്ത കോടതിക്കും അതിലൊന്നും സംശയമുണ്ടായില്ല. ഒടുവില്‍, എല്ലാംകഴിഞ്ഞ് രാജ്യത്തെ പരമോന്നത കോടതി മറിച്ചൊരു തീര്‍പ്പിലെത്തുമ്പോള്‍ ജനങ്ങളില്‍ അമ്പരപ്പുണ്ടാകും; രോഷവും പ്രതിഷേധവുമുയരും. സുപ്രീംകോടതി വിധി തെറ്റായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍കേരളത്തില്‍ സംഭവിച്ചതും അതുതന്നെയാണ്.  വസ്തുതാവിരുദ്ധമായി വിധി റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടതിന്റെ പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിച്ചു ചിലര്‍ രംഗത്തിറങ്ങി. മുഖ്യമന്ത്രിയുടെ കോലംകത്തിക്കാനും സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യം മുഴക്കാനും ഇക്കൂട്ടര്‍ തയ്യാറായി.

അത്തരക്കാരുടെ നീചലക്ഷ്യങ്ങളും വളഞ്ഞ ബുദ്ധിയും മാറ്റി നിര്‍ത്തിയാല്‍, സൌമ്യ വധക്കേസുമായി ബന്ധപ്പെട്ട ചില ഗൌരവമായ വിഷയങ്ങള്‍ സമൂഹത്തിനുമുന്നില്‍ ഉയരുന്നുണ്ട്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കയാണ് സുപ്രീംകോടതി വിധി ഉയര്‍ത്തുന്നത് എന്ന് മുഖ്യമന്തി പിണറായി വിജയന്‍ പ്രതികരിച്ചു. അതുതന്നെയാണ് പ്രധാന വിഷയം. സൌമ്യ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കുപോകവെ തീവണ്ടിയില്‍ വച്ചാണ് ആക്രമണത്തിനിരയായത്. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച  ഈ മൂന്ന് കുറ്റകൃത്യങ്ങളാണ് നടന്നത്. 2011 ഫെബ്രുവരി ഒന്നിനാണ് കുറ്റകൃത്യം നടന്നത്.

അഞ്ചാംദിവസം പ്രതി ഗോവിന്ദച്ചാമി അറസ്റ്റിലായി. അന്നത്തെ പൊലീസിനും ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും പൊതുസമൂഹത്തില്‍നിന്ന് ഏറെ പ്രശംസ നേടിക്കൊടുത്തതായിരുന്നു അന്വേഷണപുരോഗതി. ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം സംശയരഹിതമായി സ്ഥാപിക്കുന്ന ശാസ്ത്രീയതെളിവു ശേഖരണമാണ് നടന്നത്. കൈനഖങ്ങള്‍ക്കിടയിലെ ശരീരാംശങ്ങള്‍ അടക്കം കൃത്യമായ തെളിവായി സ്ഥിരീകരിക്കപ്പെട്ടു. ദൃക്സാക്ഷികളുടെ അഭാവത്തിലും ഫോറന്‍സിക് തെളിവുകളും സാഹചര്യത്തെളിവുകളും ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം  വിചാരണക്കോടതിക്ക് ബോധ്യപ്പെടാന്‍ പര്യാപ്തമായിരുന്നു; പരമാവധി ശിക്ഷ വിധിക്കാനും. ആ ശിക്ഷ ഹൈക്കോടതിയും ശരിവച്ചതാണ്.  

ബലാത്സംഗക്കുറ്റത്തിനുള്ള പരമാവധി ശിക്ഷയാണ് ജീവപര്യന്തം. കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കീഴ്ക്കോടതി ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) 302–ാം വകുപ്പുപ്രകാരം വിധിച്ച വധശിക്ഷ സുപ്രീംകോടതി ഒഴിവാക്കി. 376–ാം വകുപ്പുപ്രകാരം ബലാത്സംഗക്കുറ്റത്തിനു നല്‍കിയ പരമാവധി ശിക്ഷയായ ജീവപര്യന്തമാണ് ശരിവച്ചത്.

പ്രതിയെ കൊലക്കുറ്റത്തിന് ഉത്തരവാദിയാക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന നിഗമനത്തിലാണ് സുപ്രീംകോടതി എത്തിയത്. ആയിരം അപരാധികളെ വിട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന  ന്യായം പറയുമ്പോള്‍ ഒരുപക്ഷേ ഈ തീര്‍പ്പ് ന്യായീകരിക്കപ്പെടാം. എന്നാല്‍, സൌമ്യ എന്ന പെണ്‍കുട്ടി കൊലചെയ്യപ്പെട്ടത് യാഥാര്‍ഥ്യമായിരിക്കെ, ആ കുട്ടിയെ ട്രെയിനിലും റെയിലരികിലും ആക്രമിച്ചതും മരണത്തിലേക്ക് നയിച്ചതും ഗോവിന്ദച്ചാമിയായിരിക്കെ, അയാളെ കൊലക്കുറ്റത്തില്‍നിന്ന് കുറ്റമുക്തമാക്കുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.        

സൌമ്യക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരമായ ദുരന്തത്തിന് നിരക്കുന്നതല്ല ഈ ശിക്ഷാവിധി എന്ന വികാരം സൌമ്യയുടെ അമ്മയുടെയും സമൂഹത്തിന്റെയാകെയുമായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്. ജനങ്ങളുടെ വികാരം തന്നെയാണ് സര്‍ക്കാരിന്റേതും എന്നതുകൊണ്ടാണ്,  നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിയെ റിവ്യൂ പെറ്റീഷനുമായി സമീപിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍തന്നെ പ്രഖ്യാപിച്ചത്. 

കൊലപാതകക്കുറ്റത്തിന് ശിക്ഷ വിധിച്ചിട്ടില്ല എന്നത് ഗൌരവമുള്ള വിഷയമായി നിലനില്‍ക്കുന്നു. നിലവിലുള്ള നിയമവ്യവസ്ഥയനുസരിച്ച് പരമാവധി ശിക്ഷ കുറ്റവാളിക്ക് ലഭിക്കേണ്ടതുണ്ട്. അത്തരം ആവശ്യമുയര്‍ത്തുമ്പോള്‍, അതിനെ വധശിക്ഷയുമായി ബന്ധപ്പെട്ട രാഷ്ട്രീയനിലപാടുമായി കൂട്ടിക്കലര്‍ത്തി വഴിതിരിച്ചുവിടാനുള്ള ശ്രമം ആശാസ്യമല്ല. സൌമ്യയെ പിച്ചിച്ചീന്തി കൊന്നുകളഞ്ഞ നരാധമന് എത്ര കടുത്ത ശിക്ഷയും അധികമാകില്ല
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top