26 April Friday

സുരക്ഷിതരായിരിക്കട്ടെ സ്ത്രീകളും കുട്ടികളും

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2017


നമുക്കുചുറ്റും രോഗാതുരമായ മനോനിലയും കുറ്റവാസനയും കൊണ്ടുനടക്കുന്നവരുടെ എണ്ണം നിസ്സാരമല്ലെന്നാണ് വര്‍ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ബഹുഭൂരിപക്ഷവും ബാല്യവും ശൈശവവും പിന്നിടാത്ത പെണ്‍കുട്ടികളാണ്. സ്വന്തം വീടിനകത്തും അയല്‍വീട്ടിലും അഭയകേന്ദ്രങ്ങളിലും പള്ളിമേടകളിലും കൊച്ചുപെണ്‍കുട്ടികളെ കാമവെറിയന്മാര്‍ പിച്ചിച്ചീന്തുകയാണ്. മിഠായി നല്‍കാനായി ഒരാള്‍ മുറിക്കകത്തേക്ക് വിളിക്കുന്നതില്‍ പതിയിരിക്കുന്ന ആപത്ത് തിരിച്ചറിയാന്‍പോലും പ്രായമാകാത്ത കുട്ടികളുടെ ശരീരവും മനസ്സുമാണ് കൂട്ടമായും ഒറ്റയ്ക്കും കഴുകന്മാര്‍ കൊത്തിപ്പറിക്കുന്നത്. ലൈംഗികദാഹം തീര്‍ക്കാന്‍ മറ്റൊരു വ്യക്തിയെ ആക്രമിക്കുന്ന ഏകജീവി ഒരുപക്ഷേ മനുഷ്യന്‍ മാത്രമായിരിക്കും. ബലാത്സംഗത്തെ മൃഗീയമെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ഒരു മൃഗവും ലൈംഗികസംതൃപ്തി നേടാനായി സഹജീവിയെ ശക്തി ഉപയോഗിച്ച് കീഴ്പ്പെടുത്തുകയോ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്ന പതിവില്ല.

മാനവികതയിലും സംസ്കാരത്തിലും ഔന്നത്യം പുലര്‍ത്തുന്നവരെന്ന് അഹങ്കരിക്കുന്നവരാണ് മലയാളികള്‍. ഈ പൈതൃകവുമായി ഒരുതരത്തിലും യോജിച്ചുപോകുന്നതല്ല കൊച്ചുകുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുംനേരെ വര്‍ധിച്ചുവരുന്ന ലൈംഗിക ആക്രമണങ്ങള്‍. സ്വന്തം കുടുംബത്തിനകത്തുപോലും ലൈംഗികവേട്ട നടത്തുന്ന മനോവൈകൃതക്കാരെ മാറ്റിനിര്‍ത്തിയാല്‍പോലും കേരളത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം ചെറുതല്ലെന്ന് കാണാന്‍ കഴിയും. ഈ അവസ്ഥയിലേക്ക് നാടിനെ നയിക്കുന്ന മദ്യാസക്തി, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ഘടകങ്ങളെ ഗൌരവപൂര്‍വമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് സഹായകമാകുന്ന സാമൂഹ്യസാഹചര്യങ്ങളെ കണ്ടെത്തി വേരോടെ പിഴുതെടുക്കണം. അതൊരു ദീര്‍ഘകാല പദ്ധതിയും സാമൂഹ്യമായ പരിഹാരവുംമാത്രമേ ആകുന്നുള്ളൂ.

ഓരോ കുറ്റകൃത്യത്തിനും പിന്നിലുള്ളവരെ കണ്ടെത്താനും അര്‍ഹമായ ശിക്ഷ നല്‍കാനും ഒരു അമാന്തവും ഉണ്ടായിക്കൂടാ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പ്രാധാന്യവും ഉണ്ടാകേണ്ടതുമാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രത അഭിനന്ദനാര്‍ഹമാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോഴും കൊട്ടിയൂരില്‍ വൈദികന്‍ ഗര്‍ഭിണിയാക്കിയ പതിനാറുകാരി പ്രസവിച്ച വിവരം പുറത്തുവന്നപ്പോഴും കല്‍പ്പറ്റയില്‍ യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായപ്പോഴും ആലുവയില്‍ അയല്‍വാസി പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ചപ്പോഴും പൊലീസ് ഉണര്‍ന്നുതന്നെ പ്രവര്‍ത്തിച്ചു. ഈ സംഭവങ്ങളിലെല്ലാം കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുനല്‍കാതെ പൊലീസ് അവരെ ഇരുമ്പഴിക്കുള്ളിലാക്കി.

സംഭവം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും ലൈംഗികപീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നുമുള്ള ഭീഷണിക്കിടയിലാണ് കുട്ടികള്‍ പരാതി നല്‍കാനും കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്താനും തയ്യാറായത്. നടിയെ ആക്രമിച്ച സംഭവങ്ങള്‍മുതലിങ്ങോട്ട് പരിശോധിച്ചാല്‍ ഈയൊരു ആത്മവിശ്വാസം അക്രമത്തിനിരയാകുന്നവരില്‍ കാണാനാകും. ഭരണത്തിലും പൊലീസിലും ഇവര്‍ അര്‍പ്പിച്ച വിശ്വാസമാണ് കുറ്റവാളികളെ താമസംവിനാ വിലങ്ങുവയ്ക്കാന്‍ സഹായിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. പട്ടാപ്പകല്‍ ജിഷ എന്ന പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊന്നിട്ട്, മൃതദേഹം കത്തിച്ചുകളയാനാണ് പൊലീസ് തിടുക്കംകാട്ടിയത്. കേസൊതുക്കാനുള്ള ശ്രമം വിഫലമായപ്പോള്‍ അക്രമിയുടെ പല്ലില്‍ വിടവുണ്ടെന്നുപറഞ്ഞ് നാട്ടുകാരെ മുഴുവന്‍ മാങ്ങ കടിപ്പിച്ചു. പൊലീസുകാരന്റെ തലയില്‍ മുണ്ടിട്ടുകൊണ്ടുവന്നും അക്രമി  ഉപേക്ഷിച്ചുപോയ ചെരുപ്പ് കെട്ടിത്തൂക്കിയുമൊക്കെ ആയിരുന്നു അന്വേഷണം. ഒടുവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമായിരുന്നു ശരിയായ ദിശയിലുള്ള അന്വേഷണം. അസമിലേക്ക് കടന്ന പ്രതിയെ വൈകാതെ പിടികൂടി. ഇത് ഒറ്റപ്പെട്ട സംഭവമല്ല, കോണ്‍ഗ്രസ് ഓഫീസില്‍ ജോലിക്കാരിയെ കൊന്ന് ചാക്കില്‍ കെട്ടിയപ്പോഴും സംസ്ഥാനത്തെമ്പാടും നിരവധി പെണ്‍കുട്ടികള്‍ ക്രൂരപീഡനങ്ങള്‍ക്ക് ഇരയായപ്പോഴും യഥാര്‍ഥ കുറ്റവാളികള്‍ പലരും നിയമത്തിന് മുന്നിലെത്തിയില്ല. ഇപ്പോള്‍ മുതലെടുപ്പുരാഷ്ട്രീയം പയറ്റുന്ന  യുഡിഎഫിന്റെ സ്ത്രീസുരക്ഷയിലുള്ള താല്‍പ്പര്യത്തെ ആരും മുഖവിലയ്ക്കെടുക്കില്ല. എന്തിനേറെ, പ്രശസ്ത നടി മേനകയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ നടത്തിയ ശ്രമത്തെക്കുറിച്ച് സിനിമാരംഗത്തെ പ്രമുഖന്‍കൂടിയായ ഭര്‍ത്താവ് സുരേഷ്കുമാര്‍ നല്‍കിയ പരാതിയില്‍പോലും യുഡിഎഫ് സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. വേട്ടക്കാരെ തൊടാന്‍ മടിക്കുന്ന ഭരണത്തില്‍ ഇരകള്‍ സ്വന്തം മുഖവും മനസ്സും മറച്ചുവച്ച് നീറി ജീവിക്കുകയായിരുന്നു.

ഈ ദുരവസ്ഥയില്‍നിന്ന് കേരളം മാറി. സമീപകാലത്തെ അക്രമങ്ങളില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടില്ലെന്നത് സര്‍ക്കാരിന്റെ ഇച്ഛാശക്തിതന്നെയാണ് വിളംബരംചെയ്യുന്നത്. ഭരണതലത്തില്‍ ഈ ജാഗ്രത തുടരുമ്പോഴും പൊലീസില്‍ ചില പുഴുക്കുത്തുകള്‍ ഇപ്പോഴുമുണ്ടെന്നതാണ് വാളയാറിലെ സംഭവം വ്യക്തമാക്കുന്നത്. ഒരു ബാലിക വീടിനകത്ത്് തൂങ്ങിമരിച്ച നിലയില്‍ കണ്ട കേസില്‍ സാഹചര്യത്തെളിവുകളും മൊഴികളും ഏറെയുണ്ടായിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല. താനും ചേച്ചിയും ലൈംഗികപീഡനത്തിന് ഇരയായി എന്ന് മൊഴി നല്‍കിയ കൊച്ചുപെണ്‍കുട്ടിയാണ് അടുത്തനാളില്‍ അതേ ഉത്തരത്തില്‍ തൂങ്ങിനിന്നത്. അക്രമിയേക്കാള്‍ വലിയ അപരാധി ഇവിടെ പൊലീസാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച, രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് വഴിയൊരുക്കിയ കുറ്റത്തില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിയാനാകില്ല. ഏതായാലും പ്രതികള്‍ ഇപ്പോള്‍ പിടിയിലാണ്.

സ്ത്രീത്വത്തിനെതിരായ കടന്നാക്രമണം ചെറുക്കാന്‍ നിയമത്തിനൊപ്പം സമൂഹമനസ്സും ഉണര്‍ന്നിരിക്കേണ്ടതുണ്ട്്. ഇത്തരം കാടത്തങ്ങളെ മനുഷ്യാവകാശത്തിന്റെയും അഭിപ്രായസ്വാതന്ത്യ്രത്തിന്റെയും പേരില്‍ ന്യായീകരിക്കാന്‍ നവമാധ്യമവേദികള്‍ ഉപയോഗിക്കുന്നവരെ സൈബര്‍കുറ്റവാളികളായി കണ്ട് നടപടി സ്വീകരിക്കണം. കഴിഞ്ഞ പത്തുവര്‍ഷത്തെ ലൈംഗികകുറ്റവാളികളുടെ ലിസ്റ്റ് ഓരോ പൊലീസ് സ്റ്റേഷനിലും സൂക്ഷിക്കുന്നതടക്കമുള്ള പ്രായോഗിക മുന്‍കരുതല്‍ നടപടികള്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത് ആശാവഹമാണ്. സ്ത്രീസംരക്ഷണത്തില്‍ ആത്മാര്‍ഥത പുലര്‍ത്തുന്ന സര്‍ക്കാരിനുള്ള പിന്തുണയും സഹായവുമാകട്ടെ ഈ വര്‍ഷത്തെ വനിതാദിനാഘോഷത്തിന്റെ സന്ദേശം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top