27 April Saturday

സൌജന്യ യൂണിഫോം മറ്റൊരു പൊന്‍തൂവല്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2017

ഇടവപ്പാതിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴ നനഞ്ഞൊട്ടിയ പുത്തനുടുപ്പുമായി സ്കൂളിലെത്തുന്ന കുട്ടികളുടെ വാങ്മയ ചിത്രം മലയാളത്തിന്റെ മങ്ങാത്ത ഗൃഹാതുര സ്മരണകളില്‍ ഒന്നാണ്. പക്ഷേ, സ്കൂള്‍ തുറക്കുന്ന ദിവസംതന്നെ പുത്തനുടുപ്പിട്ട് പോകാനുള്ള സൌഭാഗ്യം എല്ലാ കുട്ടികള്‍ക്കും ഉണ്ടായിരുന്നില്ല. കുറെ കുട്ടികളെങ്കിലും പഴയ പിഞ്ഞിക്കീറിയ ഉടുപ്പുമിട്ടാണ് വര്‍ഷാരംഭത്തിലും സ്കൂളില്‍ എത്തിയിരുന്നത്. ചരിത്രത്തിലാദ്യമായി ഈ ഇടവപ്പാതി നനയാന്‍ എല്ലാ കുട്ടികള്‍ക്കും പുത്തനുടപ്പ് ലഭിച്ചിരിക്കുന്നു. സൌജന്യ സ്കൂള്‍ യൂണിഫോം വിതരണ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചപ്പോള്‍ പുതിയൊരു ഘട്ടത്തിനാണ് കേരളം നാന്ദി കുറിച്ചത്. ഒന്നാം ഇ എം എസ് സര്‍ക്കാര്‍ മുതലിങ്ങോട്ട് ഇടതുപക്ഷ സര്‍ക്കാരുകളാണ് വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത്. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഏതാണ്ട് എല്ലാതലങ്ങളിലുമുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന നിലയിലേക്ക് ആ മാറ്റങ്ങള്‍ എത്തിയിരിക്കുന്നു. ഏറ്റവും ഒടുവിലായി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിനായി ഗുണനിലവാരമുള്ള കൈത്തറിത്തുണി ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം കൂടി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു.

സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും തുണി ലഭ്യമാക്കാന്‍ ഇനിയും സമയമെടുക്കും. ഈ വര്‍ഷം ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ കുട്ടികളെയാണ് സൌജന്യ യൂണിഫോം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നെയ്തെടുത്ത കൈത്തറി വസ്ത്രങ്ങള്‍ നല്‍കും. എല്ലാ കുട്ടികള്‍ക്കും ആവശ്യമായ തുണി നെയ്തെടുക്കാനുള്ള സാവകാശം ലഭിക്കാത്തതിനാല്‍ അവശേഷിക്കുന്നവര്‍ക്ക് രണ്ടു യൂണിഫോമിനുള്ള തുകയായി 400 രൂപ നല്‍കും. ചെറിയ ക്ളാസുകളിലെ കുട്ടികള്‍ക്കായുള്ള തുണി ഉല്‍പ്പാദനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് സംസ്ഥാന വ്യവസായ വകുപ്പാണ്. ഹാന്‍ഡ്വീവിന്റെയും ഹാന്‍ടെക്സിന്റെയും മേല്‍നോട്ടത്തില്‍  224 കൈത്തറി സഹകരണ സംഘങ്ങളെയാണ് ചുമതല ഏല്‍പ്പിച്ചത്. ജനുവരിയില്‍ ആരംഭിച്ച നെയ്ത്ത് ഇടതടവില്ലാതെ മുന്നേറിയപ്പോള്‍ ഇതുവരെ 11 ലക്ഷത്തോളം മീറ്റര്‍ തുണി ഉല്‍പ്പാദിപ്പിച്ചു. യന്ത്രം ഉപയോഗിച്ചുള്ള ഉല്‍പ്പാദനം പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

ക്രിസ്മസ് പരീക്ഷ കഴിഞ്ഞാലും പാഠപുസ്തകങ്ങള്‍ കിട്ടാതിരുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍  അച്ചടിക്കായി നല്‍കിയ കണക്കുകളിലെ പിശകുമൂലം പുസ്തകങ്ങളുടെ എണ്ണത്തില്‍ വന്ന കുറവിന്റെ പേരില്‍ മാധ്യമങ്ങള്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് മറക്കാറായിട്ടില്ല. ഈ വര്‍ഷം സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് പുസ്തകങ്ങള്‍ സ്കുളുകളില്‍ എത്തിച്ച റെക്കോഡുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്. പുത്തന്‍ പുസ്തകങ്ങളും നിറചിരിയുമായി കുട്ടികള്‍ വീടുകളിലേക്ക് മടങ്ങുന്ന കാഴ്ച മനസ്സ് കുളിര്‍പ്പിക്കുന്നതായിരുന്നു. അതേ ചിരി വീണ്ടുമൊരിക്കല്‍കൂടി കുട്ടികളുടെയും രക്ഷിതാക്കളുടെയും മുഖത്തു വിരിയിക്കുന്നതാണ് സൌജന്യ യൂണിഫോം പദ്ധതി.

വിദ്യാര്‍ഥികള്‍ക്കായി ഇങ്ങനെയൊരു മാതൃകാപദ്ധതി രൂപപ്പെടുത്തുന്നതോടൊപ്പം സംസ്ഥാനത്ത് ഏറെയാതന അനുഭവിക്കുന്ന പരമ്പരാഗത തൊഴില്‍വിഭാഗമായ നെയ്ത്തുകാരുടെ ജീവിതത്തിനും വെളിച്ചം പകരാനായി എന്നത് ഗവണ്‍മെന്റിന്, പ്രത്യേകിച്ച് വ്യവസായ വകുപ്പിന് അഭിമാനാര്‍ഹമായ നേട്ടം തന്നെ. പൊതു-സഹകരണമേഖലയുമായി ബന്ധപ്പെട്ടാണ് ഈ വര്‍ഷം നടപ്പാക്കിയതെങ്കില്‍ വരുംവര്‍ഷം സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കത്തക്കവിധം പദ്ധതി വിപുലപ്പെടുത്തണം. ഇടത്തട്ടുകാരുടെ ചൂഷണം ഇല്ലാതെ തൊഴിലാളികള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കത്തക്കവിധമാണ് യൂണിഫോം പദ്ധതി നടപ്പാക്കിയത്. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ തറികളും നെയ്ത്തുകാരെയും പ്രത്യേകം കോഡ് നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്തു. അറ്റകുറ്റപ്പണികള്‍ക്ക് തറിക്ക് 4000 രൂപ വീതം അനുവദിച്ചു. 44 ഇഞ്ച് വീതിയുള്ള തുണിക്ക് 45 രൂപയും 58 ഇഞ്ച് വീതിയുള്ള  തുണിക്ക് 54 രൂപയും  കൂലി നിശ്ചയിച്ച് ബാങ്ക് അക്കൌണ്ടുകള്‍ വഴി നേരിട്ട് നല്‍കി. 100  മുതല്‍ 200 രൂപ വരെ ദിവസക്കൂലി ലഭിച്ചിരുന്നവര്‍ക്ക് 400 മുതല്‍ 600 രൂപ വരെ ലഭ്യമായി. 11.72 കോടി രൂപയാണ് കൂലിയിനത്തില്‍ നല്‍കിയത്.

തമിഴ്നാട് സര്‍ക്കാരിന് കീഴിലുള്ള തമിഴ്നാട് കോ-ഓപ്പറേറ്റീവ് ടെക്സ്റ്റൈല്‍ പ്രോസസിങ് മില്ലുകളിലാണ് തുണി ഡൈ ചെയ്തത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഹാന്‍ടെക്സിനെയും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഹാന്‍വീവിനെയും യൂണിഫോം തുണി വിതരണത്തിന് ചുമതലപ്പെടുത്തി. ഇത്തരത്തില്‍ സൂക്ഷ്മതലങ്ങളിലടക്കം കണിശമായ ആസൂത്രണവും കര്‍ശനമായ മേല്‍നോട്ടവുംവഴിയാണ് ചുരുങ്ങിയ സമയത്തിനകം വ്യവസായ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. മുമ്പ് പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയിലൊരിക്കലെങ്കിലും ഖാദി, കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്ന തീരുമാനമുണ്ടായെങ്കിലും അത് പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഈ അനുഭവത്തില്‍ നിന്ന് വ്യക്തമാകും. 

ഇടതുജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ലക്ഷ്യങ്ങളിലൊന്നാണ് കൈത്തറി സംരക്ഷണം. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന് 72 കോടിയും റിബേറ്റ് നല്‍കുന്നതിന് ആറുകോടി രൂപയുമാണ് ഈ വര്‍ഷം അനുവദിച്ചത്. വീട്ടില്‍ ഒരു തറി പദ്ധതി നടപ്പാക്കുകവഴി  1000 പുതിയ നെയ്ത്തുകാരെ സജ്ജരാക്കും. കൈത്തറിയുടെ വൈവിധ്യവല്‍ക്കരണം, ബ്രാന്‍ഡിങ്, സഹകരണ സംഘങ്ങളുടെ ശാക്തീകരണം, വിദേശ-സ്വദേശ മാര്‍ക്കറ്റില്‍ ഇടപെടല്‍ എന്നിവയും സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നു. സൌജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയുമായി സംയോജിപ്പിച്ച് ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തിനു മുമ്പുതന്നെ ആദ്യഘട്ടം വിജയകരമാക്കി. എല്ലാ സ്കൂളുകളിലും യൂണിഫോം വിതരണത്തിനുള്ള കൈത്തറി ഉല്‍പ്പാദനമെന്ന ലക്ഷ്യം  അടുത്തവര്‍ഷം തന്നെ സാധ്യമാക്കാന്‍ കൂട്ടായ പരിശ്രമം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top