26 April Friday

സംഘപരിവാറിന്റെ കേരളവിരുദ്ധത

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


'പ്രളയക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിനിടയിൽ പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളി രത്നകുമാറിനെ ഫോണിൽ വിളിച്ചിരുന്നു. ചികിത്സസംബന്ധിച്ച കാര്യങ്ങൾ രത്നകുമാറിനോട് ചോദിച്ചറിഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന‌് എല്ലാ സഹായവും രത്നകുമാറിന് ഉറപ്പുനൽകി. രത്നകുമാറിന് ആവശ്യമായ സഹായം നൽകാൻ എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആറാട്ടുപുഴ സ്വദേശിയായ രത്നകുമാർ, ചെങ്ങന്നൂർ പാണ്ടനാട്ടുവച്ചാണ് അപകടത്തിൽപ്പെട്ടത്. പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ വള്ളത്തിൽ പോകുന്നതിനിടയിൽ വള്ളം മറിഞ്ഞായിരുന്നു അപകടം’‐ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ്. കേരളം അഭിമുഖീകരിക്കുന്ന പ്രളയക്കെടുതിയെ നേരിടാൻ സംസ്ഥാന സർക്കാരും അതിന്റെ തലവനും എത്രമാത്രം സൂക്ഷ‌്മതയോടെ ഇടപെടുന്നു എന്നതിന്റെ നേർചിത്രം ഇതിലുണ്ട്. അസാധാരണങ്ങളിൽ അസാധാരണമായ ദുരന്തമാണുണ്ടായത്. അതിനെ നേരിടുന്നതും അത്യസാധാരണ രീതിയിൽത്തന്നെയാകണമെന്ന് മനസ്സിലാക്കിയാണ് കേരളം ദുരിതാശ്വാസത്തിനായി രംഗത്തിറങ്ങിയത്.

മലയാളിയുടെ ഏറ്റവും വലിയ ആഘോഷമായ തിരുവോണത്തിന്, കുട്ടനാട്ടിലെയും പെരുമ്പാവൂരിലെയും ചെങ്ങന്നൂരിലെയും പ്രളയ ബാധിത മേഖലകളിലായിരുന്നു പതിനായിരക്കണക്കിനാളുകൾ. വീട് വൃത്തിയാക്കിയും വളർത്തുമൃഗങ്ങളുടെ ചീഞ്ഞുവീർത്ത ജഡം കുഴിച്ചിട്ടും റോഡും പാലവും നന്നാക്കിയുമാണ് അവർ ഇത്തവണ ഓണം 'ആഘോഷിച്ചത്’. എല്ലാ അവധിക്കും വിശ്രമത്തിനും അവധി കൊടുത്ത മുഖ്യമന്ത്രിയുടെ ഓഫീസിൽ, ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനെത്തുന്നവരുടെ  നീണ്ടനിരയാണ്. പത്തുകോടിയും അഞ്ചുകോടിയും ഉൾപ്പെടെ വലിയ സംഖ്യയും നൽകുന്നവരുണ്ട്. തങ്ങളാലാകുന്ന ചെറിയ തുക നൽകുന്നവരുമുണ്ട്. സിപിഐ എം പ്രവർത്തകർ ആഗസ‌്ത‌് 18, 19 തീയതികളിൽ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ 16,43,73,940 രൂപയാണ് ലഭിച്ചത്. അതിൽപ്പിന്നെ കിട്ടിയതും അന്ന് ശേഖരണം നടക്കാത്തിടങ്ങളിൽനിന്നുള്ളതുമായ ഫണ്ടിന്റെ കണക്കുകൂടി വരുമ്പോൾ സംഖ്യ വലിയ തോതിൽ ഉയരും. ഇതിനർഥം, കേരളം സ്വയം ഉയർന്നെണീറ്റ്, ഈ ദുരന്തത്തെ അതിജീവിക്കാനുള്ള ശക്തി ആർജിക്കുന്നു എന്നാണ്.

കേരളത്തിന്റെ ദുരന്തം ലോകത്താകെ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മലയാളിയുടെ നന്മയും സൗഹൃദവും ആത്മസമർപ്പണവും തൊട്ടറിഞ്ഞ ലോകരാജ്യങ്ങളിൽനിന്നെല്ലാം സഹായവാഗ്ദാനമെത്തുന്നു. പ്രതീക്ഷയും ആത്മധൈര്യവുമായി സംസ്ഥാനം അതിജീവനത്തിന്റെ ചരിത്രം രചിക്കുന്ന ഈ വേളയിൽ, അവയെയാകെ തുരങ്കംവയ‌്ക്കാൻ വിഷം വമിപ്പിച്ച‌് ചിലർ അണിനിരക്കുന്നു എന്നത് അത്യന്തം ഖേദകരമായ അനുഭവമാണ്. കേരളവിരുദ്ധ പ്രചാരവേലയുമായി സംഘപരിവാർ നേതാക്കളും അവരോട‌് ചേർന്നുനിൽക്കുന്നവരും നേരത്തെതന്നെ രംഗത്തുണ്ട്. പ്രളയം സംസ്ഥാനത്തെ വിഴുങ്ങാനെത്തുമ്പോൾ അത്തരക്കാർ കൂടുതൽ നശീകരണവാസനയാണ് കാണിച്ചത്. കേരളത്തിലെ ചില മാധ്യമങ്ങളും അവരോടൊപ്പം ചേർന്നു. എന്നാൽ, എല്ലാ എതിർപ്പുകളും കേരളത്തിന്റെ അതിജീവനശ്രമങ്ങൾക്ക് വാശി പകർന്നതേയുള്ളൂ. കേന്ദ്രം പ്രഖ്യാപിച്ച അടിയന്തരസഹായത്തേക്കാൾ വലിയ തുക ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിച്ചേർന്നതിൽനിന്നുതന്നെ കേരളത്തിന്റെ മനസ്സ് വായിച്ചെടുക്കാം. ഈ ഉയർന്ന ബോധവും കൂട്ടായ്മയും സാമൂഹിക പ്രതിബദ്ധതയുമാണ് മലയാളിയെ വേറിട്ടുനിർത്തുന്നത‌്. അതുതന്നെയാണ് കേരളീയ സമൂഹത്തിൽ പിന്തിരിപ്പൻശക്തികൾക്ക് ആധിപത്യം ലഭിക്കാത്തതിന്റെ കാരണവും.

കേരളത്തിന് ലഭിക്കുന്ന ലോകപിന്തുണയിൽ സംഘപരിവാർ ശക്തികൾ ഖിന്നരാണ്; അസ്വസ്ഥരുമാണ്. ആ അസ്വസ്ഥത കേരളവിരോധമായി മാറുന്നത് കഴിഞ്ഞ ദിവസങ്ങളിലെ സംഘപരിവാർ പ്രചാരണങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ബോധ്യമാകും. സംഘപരിവാർ ആഭിമുഖ്യം പുലർത്തുന്ന റിപ്പബ്ലിക‌് ടിവിയിൽ കേരളസംബന്ധമായ ചർച്ചയ‌്ക്കിടെ അർണാബ് ഗോസ്വാമി കേരളീയരെ ഹീനമായി അധിക്ഷേപിക്കുന്നതിൽവരെ അതെത്തി. യുഎഇയിൽനിന്നുള്ള സഹായത്തെക്കുറിച്ച് ചർച്ച ചെയ്തവരെ വ്യാജ വാർത്താപ്രചാരകരും രാജ്യദ്രോഹികളുമായാണ് അർണാബ് വിശേഷിപ്പിച്ചത്.  ‘ഇന്ത്യക്കാർക്കിടയിലെ നാണംകെട്ട കൂട്ടമാണ് ഇത്' എന്നായിരുന്നു അർണാബിന്റെ വിവാദ പ്രസ്താവന. യുഎഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചാനൽചർച്ചയ‌്ക്കിടെയായിരുന്നു അർണാബ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. ഇത് ഒറ്റപ്പെട്ടതല്ല. സംഘപരിവാർ രാജ്യത്താകെയും രാജ്യത്തിനു പുറത്തും തുടർച്ചയായി നടത്തുന്ന കേരളവിരുദ്ധ പ്രചാരണത്തിന്റെ ഒരു ഭാഗംമാത്രമാണ്. ആ വ്യാജപ്രചാരണം വിശ്വസിച്ചാണ്, മധ്യപ്രദേശിലെ ആർഎസ‌്എസ‌് നേതാവ് കേരള മുഖ്യമന്ത്രിയുടെ തലയെടുക്കുന്നവർക്ക‌് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചത്. സംഘപരിവാറിന്റെ കേരളവിരുദ്ധ അജൻഡ തകർക്കുകതന്നെ വേണം. കേരളത്തെയും കേരളീയനെയും ഒറ്റപ്പെടുത്തി ആക്രമിച്ച‌് കീഴ്പ്പെടുത്താമെന്ന വ്യാമോഹത്തെയും അതിന്റെ പ്രചാരകരായ അർണാബ് ഗോസ്വാമിയെപ്പോലുള്ളവരെയും തുറന്നുകാട്ടുക എന്നതും ഈ പ്രളയകാലത്തെ ദുരന്തനിവാരണപ്രവർത്തനങ്ങളിൽ ഒന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top