26 April Friday

ആർ ബാലകൃഷ്‌ണപിള്ള നേതാവിന്റെ വ്യക്‌തിമുദ്ര

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021



കേരള രാഷ്‌ട്രീയത്തിൽ ആറു പതിറ്റാണ്ടോളം തലയെടുപ്പോടെ നിറഞ്ഞുനിന്ന അതികായനെയാണ്‌ ആർ ബാലകൃഷ്‌ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായത്‌. വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്ത്‌ എത്തിയ അദ്ദേഹം കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവ്‌ എന്ന നിലയിലാണ്‌ രാഷ്‌ട്രീയരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ചത്‌. അധികാര രാഷ്‌ട്രീയത്തിന്റെ ശ്രേണിയിൽ ഇടംപിടിച്ചപ്പോൾ മതിമറക്കുകയോ, തിരിച്ചടിയുണ്ടായപ്പോൾ തളരുകയോ ചെയ്‌തില്ല. അതുതന്നെയാണ്‌ ആർ ബാലകൃഷ്‌ണപിള്ള എന്ന രാഷ്‌ട്രീയ നേതാവിനെ വ്യത്യസ്‌തനാക്കിയത്‌.

സ്വന്തം അഭിപ്രായം ആരുടെയും മുഖത്തുനോക്കി പറയാനുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ ധൈര്യം ഏറെ ശ്രദ്ധേയമാണ്‌. അതിന്റെ പേരിലുള്ള ഗുണവും ദോഷവും ഒരുപോലെ അഭിമുഖീകരിക്കാനും തയ്യാറായിരുന്നു. ഇത്തരം അപൂർവതകളുടെ ചേരുവയായിരുന്നു ആർ ബാലകൃഷ്‌ണപിള്ള എന്ന രാഷ്‌ട്രീയനേതാവും ഭരണകർത്താവും. രാഷ്‌ട്രീയത്തിൽ സ്ഥിരം മിത്രങ്ങളോ ശത്രുക്കളോ ഇല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌. എൽഡിഎഫുമായും യുഡിഎഫുമായും ഇണങ്ങിയും പിണങ്ങിയും നിലപാട്‌ സ്വീകരിച്ചത്‌ ഈ കാഴ്‌ചപ്പാടിന്റെകൂടി അടിസ്ഥാനത്തിലാണ്‌.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റുകാരനായി പൊതുരംഗത്ത്‌ എത്തിയ അദ്ദേഹം പിന്നീട്‌ കോൺഗ്രസിൽ എത്തി. 1964ൽ കോൺഗ്രസ്‌ വിട്ട്‌ കേരള കോൺഗ്രസ്‌ രൂപീകരിച്ച 15 എംഎൽഎമാരുടെ കൂട്ടത്തിൽ പിള്ളയും ഉണ്ടായിരുന്നു. പിളരുംതോറും വളരുമെന്ന്‌ കെ എം മാണി വിശേഷിപ്പിച്ച കേരള കോൺഗ്രസിലെ ആദ്യപിളർപ്പിന്‌ വഴിയൊരുക്കിയത്‌ ബാലകൃഷ്‌ണപിള്ളയാണ്‌. നേതൃതർക്കത്തെ തുടർന്ന്‌ 1977ൽ കേരള കോൺഗ്രസ്‌ ബി എന്ന സ്വന്തം പാർടി രൂപീകരിച്ച അദ്ദേഹം മരിക്കുന്നതുവരെ അതിന്റെ ചെയർമാൻ പദവി വഹിച്ചു. സ്വന്തം പാർടി രൂപീകരിച്ചശേഷവും മറ്റുള്ള കേരള കോൺഗ്രസ്‌ വിഭാഗങ്ങളുമായി സഹകരിച്ചുപ്രവർത്തിക്കാനും അദ്ദേഹത്തിന്‌ മടിയുണ്ടായിരുന്നില്ല.

1960ൽ 25–-ാം വയസ്സിൽ പത്തനാപുരത്തുനിന്ന്‌ എംഎൽഎയായി നിയമസഭയിൽ എത്തിയ അദ്ദേഹം മന്ത്രി, ദീർഘകാലം പഞ്ചായത്ത്‌ പ്രസിഡന്റ്‌, കുറച്ചുകാലം പാർലമെന്റംഗം എന്നീ നിലകളിൽ മികച്ച പ്രവർത്തനമാണ്‌ കാഴ്‌ചവച്ചത്‌. ഗതാഗതം, എക്‌സൈസ്‌, ജയിൽ, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം ആ വകുപ്പുകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത്‌ ജയിൽ വകുപ്പ്‌ മന്ത്രിയായിരുന്ന അദ്ദേഹം ജയിൽ സന്ദർശനം നടത്തി രാഷ്‌ട്രീയത്തടവുകാരുടെ പരാതി കേൾക്കുകയും പരിഹരിക്കാൻ നടപടിയെടുക്കുകയും ചെയ്‌തു.

എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു അദ്ദേഹം. കേരളത്തിനുവേണ്ടി വാദിക്കുമ്പോൾ അദ്ദേഹത്തിന്റെ നാവ്‌ വരുതിയിൽ ഒതുങ്ങിയില്ല. കോളിളക്കം സൃഷ്ടിച്ച പഞ്ചാബ്‌ മോഡൽ പ്രസംഗവും അതിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ചതും ഇതിന്‌ തെളിവാണ്‌. കേരളത്തിന്‌ അനുവദിച്ച റെയിൽ കോച്ച്‌ ഫാക്ടറി പഞ്ചാബിലേക്ക്‌ മാറ്റിക്കൊണ്ടുപോയതാണ്‌ അദ്ദേഹത്തെ ക്ഷുഭിതനാക്കിത്‌. കെ കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെയാണ്‌ വിവാദമായ ഈ പ്രസംഗം. കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ പഞ്ചാബ്‌ മോഡൽ തീവ്രവാദസമരം നടത്തണോ എന്നായിരുന്നു പിള്ളയുടെ ചോദ്യം. ഇത്‌ വിവാദമായതോടെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ‘ഏത്‌ പിള്ള എന്തുപിള്ള’ എന്ന കെ കരുണാകരന്റെ ചോദ്യം അക്കാലത്ത്‌ ഏറെ ചർച്ച ചെയ്യപ്പെട്ടു. കോൺഗ്രസ്‌ നേതൃത്വംകൂടി കൈവിട്ടതോടെ 1985 ജൂൺ അഞ്ചിന്‌ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. രാജ്യദ്രോഹപ്രസംഗം നടത്തിയെന്ന്‌ ആരോപിച്ച്‌ അദ്ദേഹത്തെ സ്വന്തം മുന്നണിയും സഹപ്രവർത്തകരും താഴ്‌ത്തിക്കെട്ടിയെങ്കിലും ആ പ്രതിസന്ധിയും അദ്ദേഹം ധൈര്യപൂർവം അതിജീവിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരിക്കെ എംഎൽഎയും മന്ത്രിയുമായി തീർന്ന നേതാവാണ്‌ ആർ ബാലകൃഷ്‌ണപിള്ള. ഇടമുളയ്‌ക്കൽ, കൊട്ടാരക്കര പഞ്ചായത്തുകളിൽ 28 വർഷം പ്രസിഡന്റുപദവി വഹിച്ചു. ദീർഘകാലം യുഡിഎഫിനൊപ്പം നിലയുറപ്പിച്ചെങ്കിലും രാഷ്‌ട്രീയ അവഗണനയും തിക്താനുഭവങ്ങളും ഏറെ അനുഭവിച്ചത്‌ യുഡിഎഫ്‌ നേതൃത്വത്തിൽ നിന്നാണെന്ന്‌ പിള്ള തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. 2005ൽ എ കെ ആന്റണി മാറി ഉമ്മൻചാണ്ടി സർക്കാർ രൂപീകരിച്ചപ്പോൾ ബാലകൃഷ്‌ണപിള്ളയ്‌ക്കും ടി എം ജേക്കബ്ബിനും മന്ത്രിസ്ഥാനം നിഷേധിച്ച്‌ അപമാനിച്ചു. പിന്നീട്‌ പലപ്പോഴും യുഡിഎഫ്‌ നേതൃത്വം അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. യുഡിഎഫ്‌ നിലപാടിൽ സഹികെട്ടാണ്‌ അദ്ദേഹം എൽഡിഎഫിനൊപ്പം വന്നത്‌. മരണംവരെ എൽഡിഎഫിനൊപ്പം ശക്തമായി നിലകൊണ്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥികൾക്കുവേണ്ടി സജീവമായി പ്രവർത്തിക്കാനും അദ്ദേഹം രംഗത്തിറങ്ങി. എൽഡിഎഫിന്‌ തുടർഭരണം ഉറപ്പായിയെന്ന്‌ അറിഞ്ഞതിനുശേഷമാണ്‌ അദ്ദേഹം വിടവാങ്ങിയത്‌. മതനിരപേക്ഷ രാഷ്‌ട്രീയവും വികസന കാഴ്‌ചപ്പാടും കൂടുതൽ ഉയർത്തിപ്പിടിക്കേണ്ട ഈ ഘട്ടത്തിൽ ആർ ബാലകൃഷ്‌ണപിള്ളയുടെ വിയോഗം അപരിഹാര്യമായ നഷ്ടമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top