26 April Friday

പ്രതിപക്ഷ ഐക്യനിര യാഥാർഥ്യത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കുക എന്ന പൊതുലക്ഷ്യത്തിനായി കൂടുതൽ പാർടികൾ കൈകോർക്കുന്നതിന്റെ പ്രതീക്ഷാനിർഭരമായ ചിത്രമാണ്‌ ദേശീയ രാഷ്‌ട്രീയത്തിൽ തെളിഞ്ഞുവരുന്നത്‌. ബിജെപിക്കൊപ്പം നിൽക്കുകയും ഭരണം പങ്കിടുകയും ചെയ്‌ത പ്രാദേശിക പാർടികളിൽ മിക്കതും വിശാല ദേശീയ കാഴ്‌ചപ്പാടോടെ ബിജെപി വിരുദ്ധപക്ഷത്ത്‌ ശക്തമായി നിലയുറപ്പിക്കുകയാണ്‌. ഹിന്ദി ഹൃദയഭൂമിയിൽ ഇപ്പോൾ ബിജെപിക്ക്‌ സഖ്യകക്ഷികളില്ല. ഭരണത്തിലേറാൻ ചവിട്ടുപടിയാക്കുന്ന പ്രാദേശിക പാർടികളെ കുതന്ത്രങ്ങളിലൂടെ  തകർത്ത്‌ സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിക്കുന്ന ബിജെപിക്ക്‌ അടവു പിഴച്ചു. ധൃതരാഷ്‌ട്രാലിംഗനത്തിൽനിന്ന്‌ രക്ഷപ്പെട്ട പാർടികൾ ബിജെപിയെ തുറന്നുകാട്ടാൻ മുന്നിട്ടിറങ്ങുകയാണ്‌.

ബിജെപി ഭരണം അവസാനിപ്പിക്കാൻ ഒന്നിച്ചുനിൽക്കാൻ തയ്യാറാകുന്ന പാർടികൾ കോൺഗ്രസിനെ പൂർണമായി വിശ്വാസത്തിലെടുക്കുന്നില്ല. ഇടതുപക്ഷം, എൻസിപി തുടങ്ങിയവയുമായി ബിജെപി ഇതര  സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾ ആശയവിനിമയം നടത്തിക്കഴിഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കിയുള്ള സുപ്രധാന രാഷ്‌ട്രീയ ചർച്ചകൾ സമീപകാലത്ത്‌ ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും നടന്നു. രാജ്യത്തിന്‌ ആപൽക്കരമായ ഹിന്ദുത്വഭരണം, ഏറ്റവുമടുത്ത അവസരത്തിൽ അവസാനിപ്പിക്കണമെന്നതാണ്‌ ഐക്യബോധത്തിന്‌ അടിസ്ഥാനം. മതനിരപേക്ഷതയിൽ അടിയുറച്ച്‌ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്നതാണ്‌ പൊതുമുദ്രാവാക്യം.

ബിജെപിയുടെ കുതികാൽവെട്ടിന്‌ പൂഴിക്കടകൻ പയറ്റിയ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ പ്രതിപക്ഷ ഐക്യത്തിന്റെ പതാകവാഹകരിൽ പ്രമുഖനാണ്‌. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ ദേശീയ പാർടി നേതാക്കളുമായി നിതീഷ്‌  ബന്ധം പുലർത്തിവരികയാണ്‌. ബിഹാറിൽ ആർജെഡി, ജെഡിയു ഐക്യത്തോടെ ബിജെപിയുടെ ചീട്ട്‌ കീറിക്കഴിഞ്ഞു. എൻസിപി ദേശീയ കൺവൻഷൻ വിശാല ഐക്യത്തിനുള്ള ആഹ്വാനമാണ്‌ മുഴക്കിയത്‌. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവും കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്‌ചയും ഈ വഴിക്കുള്ളതുതന്നെ. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും റാവു പട്‌നയിൽ ചർച്ച നടത്തി. തെലങ്കാനയിൽ ചുവടുറപ്പിക്കാനുള്ള ബിജെപി നീക്കത്തിന്‌ തടയിടാൻ ടിആർഎസിനെ ദേശീയതലത്തിലേക്ക്‌ വ്യാപിപ്പിക്കുമെന്ന്‌ റാവു വ്യക്തമാക്കിയിട്ടുണ്ട്‌.

യുപിയിൽ ആദിത്യനാഥിന്റെ സംഘപരിവാർ ‘മോഡൽ’ ഭരണത്തിനെതിരെ പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാർടികളുടെ ഐക്യനിര ഉയർന്നാൽ ദേശീയ രാഷ്‌ട്രീയത്തിന്റെ ഗതിമാറും. ജാതി സെൻസസ്‌ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപിക്കെതിരായ പൊതുവികാരമാണ്‌ ഉയർന്നുനിൽക്കുന്നത്‌. മഹാരാഷ്‌ട്രയിൽ ശിവസേനയെ പിളർത്തി നേടിയ ഭരണമുണ്ടെങ്കിലും അടിയൊഴുക്കുകൾ ബിജെപിക്ക്‌ എതിരാണ്‌. ഹരിയാന  മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ ലോക്‌ദൾ അധ്യക്ഷനുമായ ഓം പ്രകാശ്‌ ചൗതാല പ്രധാന പ്രതിപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതാണ്‌. മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്‌ 25ന്‌ നടക്കുന്ന റാലി പ്രതിപക്ഷ നേതൃസംഗമമാകുമെന്നാണ്‌ പ്രതീക്ഷ.

പ്രതിപക്ഷ പാർടികളുടെ ഡൽഹി യോഗത്തിൽ കോൺഗ്രസുകൂടി പങ്കെടുത്തെങ്കിലും ഐക്യം മുന്നോട്ടുകൊണ്ടുപോകാനുള്ള ക്രിയാത്മക നിലപാട്‌ അവരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകാത്തത്‌ ദൗർഭാഗ്യകരമാണ്‌. പഴയ പ്രതാപത്തിന്റെ ഓർമയിൽ സ്വയം നേതൃത്വത്തിലേക്ക്‌ പ്രതിഷ്‌ഠിക്കുകയും ഭരണനേതൃത്വം സ്വപ്‌നം കാണുകയും ചെയ്യുന്നതാണ്‌ കോൺഗ്രസിന്റെ പരിമിതി. മതനിരപേക്ഷത അവകാശപ്പെടുമെങ്കിലും തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട്‌ നേരിടാനുള്ള പരിശ്രമങ്ങളാണ്‌ കോൺഗ്രസിനെ കൂടുതൽ പതനത്തിൽ എത്തിക്കുന്നത്‌. വർഷങ്ങളായി സ്ഥിരം പ്രസിഡന്റുപോലും ഇല്ലാത്തവിധം ദുർബലമാണ്‌ ആ സംഘടന. എതിർശബ്ദം ഉയർത്തിയവരെല്ലാം പലവഴിയിൽ പുറന്തള്ളപ്പെടുകയോ നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്‌തു. ശക്തമായ ബിജെപി വിരുദ്ധ രാഷ്‌ട്രീയത്തിൽ അണിചേരാൻ സാധിക്കുന്നില്ലെങ്കിൽ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലാകും.

രാഷ്‌ട്രീയമായി ബിജെപി ഒറ്റപ്പെടുന്നതിനൊപ്പം എൻഡിഎ ഭരണം രാജ്യത്ത്‌ സൃഷ്ടിച്ച തകർച്ചയ്‌ക്കും  ദുരിതങ്ങൾക്കും ഇരയാകുന്ന ജനങ്ങളുടെ പോരാട്ടവും അടുത്ത തെരഞ്ഞെടുപ്പിൽ നിർണായകമാകും. തൊഴിലില്ലായ്‌മയും വിലക്കയറ്റവും പൊതുമേഖലാ വിൽപ്പനയുമെല്ലാം രാജ്യത്തെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചു. ഇതിനെതിരെ  തൊഴിലാളി–- കർഷക മുന്നണിയിൽ വ്യാപക പ്രക്ഷോഭങ്ങളാണ്‌ ഉയർന്നുവരുന്നത്‌.  ഇടതുപക്ഷമടക്കമുള്ള ദേശീയ രാഷ്‌ട്രീയ പാർടികളും പ്രാദേശിക പാർടികളും ചേരുന്ന ഐക്യനിര  മാത്രമാണ്‌ രാജ്യം നേരിടുന്ന ഭീഷണികൾക്ക്‌ പരിഹാരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top