26 April Friday

സിനിമാവിലക്കിന്റെ ഫാസിസ്റ്റ് രീതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017


ഫാസിസ്റ്റ് ശക്തികള്‍ എന്നും അങ്ങനെയാണ്്. അവര്‍ യുക്തിയുടെ ഭാഷയിലല്ല സംസാരിക്കുക. അയുക്തിയുടെയും വികാരത്തിന്റെയും ഭാഷയില്‍ സംസാരിച്ച് അവര്‍ യുക്തിയോട് പൊരുതും. അതുകൊണ്ടുതന്നെ അവര്‍ക്കെതിരായ പോരാട്ടം വിഷമകരമാകുന്നു. സിനിമകള്‍ക്ക് സര്‍ക്കാരുകള്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് പുതിയ കാര്യമല്ല. പലകാലത്തും പലരാജ്യങ്ങളിലും ഇത്തരം വിലക്കുകള്‍ ഉണ്ടായിട്ടുണ്ട്. ജനാധിപത്യ ഭരണസംവിധാനമുള്ള രാജ്യങ്ങളില്‍ വിലക്കുകള്‍ കടുത്ത എതിര്‍പ്പിന് കാരണമാകും. മറ്റിടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് അവസരമില്ലാത്തതിനാല്‍ എതിര്‍പ്പുകള്‍ക്ക് രൂപംകിട്ടില്ല. ഭരണാധികാരികള്‍ 'രാജ്യതാല്‍പ്പര്യ'മായി നിര്‍വചിക്കുന്ന സങ്കല്‍പ്പങ്ങളുമായി ചേര്‍ന്നുപോകാത്ത ആവിഷ്കാരങ്ങളാണ് ഇത്തരം വിലക്കുകള്‍ക്ക് സാധാരണ ഇരയാകുക.

എന്നാല്‍, ഫാസിസ്റ്റ് ശക്തികള്‍ ഇതിനും അപ്പുറം പോകും. ഒരു യുക്തിക്കും സാമാന്യബോധത്തിനും വഴങ്ങാത്ത വാദങ്ങള്‍ ഉയര്‍ത്തി ഏത് ആവിഷ്കാരത്തെയും അവര്‍ തടയും. അടുത്തിടെ രണ്ടു ചലച്ചിത്രങ്ങള്‍ക്കുനേരെ ഉണ്ടായ നീക്കങ്ങളില്‍ ഈ ഫാസിസ്റ്റ് രീതി പ്രകടമാണ്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാളചിത്രമായ സെക്സി ദുര്‍ഗയ്ക്കും സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്കും സമാനതകളൊന്നുമില്ല. പക്ഷേ, രണ്ടും സംഘപരിവാറിന് പിടിച്ചിട്ടില്ല. ദുര്‍ഗയുടെ പേര് ശരിയായില്ല; പത്മാവതിയുടെ കഥയും- അവര്‍ വിധിച്ചു. 

സനല്‍കുമാര്‍ ശശിധരന്റെ ചിത്രം സെന്‍സര്‍ഷിപ്പിനുമുന്നേതന്നെ എതിര്‍പ്പ് നേരിട്ടു. ദുര്‍ഗ എന്ന പേര് ഒരു ദൈവത്തിനുള്ളതിനാല്‍ അതിനൊപ്പം സെക്സി ചേര്‍ക്കരുതെന്ന് സംഘപരിവാര്‍ സംഘടനകള്‍ ശഠിച്ചു. ഒടുവില്‍ എസ് ദുര്‍ഗ എന്നാക്കി ചിത്രം പ്രദര്‍ശനത്തിനെത്തി. എന്നാല്‍, സര്‍ക്കാര്‍ വിട്ടില്ല. ഗോവയിലെ ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയില്‍നിന്ന് ചിത്രം ഒഴിവാക്കി. എല്ലാ ചിത്രവും പനോരമയില്‍ വരണമെന്ന് ആര്‍ക്കും വാശിപിടിക്കാനാകില്ല. ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍  ജൂറിയുണ്ട്. അവര്‍ തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍മാത്രമേ പനോരമയില്‍ എത്തൂ. ഇവിടെ ജൂറി തെരഞ്ഞെടുത്ത ചിത്രമാണ് എസ് ദുര്‍ഗ. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ മന്ത്രാലയം ഇടപെട്ട് ചിത്രം നീക്കി. പലകോണില്‍നിന്ന് പ്രതിഷേധം വന്നു. ജൂറി ചെയര്‍മാന്‍തന്നെ സ്ഥാനമൊഴിഞ്ഞു. സര്‍ക്കാര്‍നിലപാട് മാറിയില്ല. ഒടുവില്‍ പ്രദര്‍ശനാനുമതി തേടി സംവിധായകന് കോടതിയില്‍ എത്തേണ്ടിവന്നു. ചിത്രം പനോരമയില്‍ പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു.
വ്യവസ്ഥാപിതരീതിയില്‍ പ്രദര്‍ശനാനുമതി നേടുകയും വിദഗ്ധര്‍ അടങ്ങുന്ന ഒരു ജൂറി പനോരമയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്ത ഒരു ചിത്രത്തിനാണ് ഈ ഗതി വന്നതെങ്കില്‍ പത്മാവതി എന്ന ഹിന്ദി ചിത്രത്തിന്റെ പ്രദര്‍ശനാനുമതിതന്നെ അനിശ്ചിതത്വത്തിലാണ്.

ചരിത്രത്തെ ചൊല്ലിയാണ് കലാപം. കര്‍ണിസേനയെന്ന പേരില്‍ ഒരുകൂട്ടര്‍; ഒപ്പം സര്‍വസന്നാഹമൊരുക്കി സംഘപരിവാറും.  പരസ്യമായ തലവെട്ടല്‍ഭീഷണിവരെ എത്തി കാര്യങ്ങള്‍. ബിജെപി നേതാക്കള്‍തന്നെ മുന്നില്‍.

എസ് ദുര്‍ഗയ്ക്കെതിരെ ഉയര്‍ന്നതുപോലെയുള്ള വിലക്കുകള്‍ നേരിടാന്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഒരളവുവരെ സഹായിക്കും.കോടതിവിധിയിലൂടെ ചിത്രത്തിന് പനോരമയില്‍ എത്താനായത് ഇത് വ്യക്തമാക്കുന്നു. എന്നാല്‍, പത്മാവതിയുടെ കാര്യത്തില്‍ ആള്‍ക്കൂട്ടത്തെയാണ് എതിര്‍വശത്ത് അണിനിരത്തുന്നത്. അവിടെ നിയമവും യുക്തിയുമല്ല, അക്രമവും വികാരവുമാണ് അവസാന വാക്കാകുക. എല്ലാ തുറന്ന ആവിഷ്കാരങ്ങളെയും എന്നും ഫാസിസ്റ്റ് ശക്തികള്‍ ഭയപ്പെടുന്നു.

ബന്‍സാലിയുടെ സിനിമയില്‍ മുസ്ളിം ഭരണാധികാരിയായ അലാവുദീന്‍ ഖില്‍ജി ഒരു സ്വപ്നരംഗത്ത്് രജപുത്ര റാണിയായ പത്മാവതിയെ പ്രണയിക്കുന്നുണ്ടത്രേ. ഇത് പാടില്ല. മറ്റു ചില വിമര്‍ശങ്ങളും ഇവര്‍ ഉന്നയിക്കുന്നു. അത് ചിത്രം ചരിത്രത്തോട് നീതി ചെയ്യുന്നില്ല എന്നാണ്. പത്മാവതിയെന്ന രാജ്ഞിയുടെ ചരിത്രപരമായ നിലനില്‍പ്പുതന്നെ ചരിത്രകാരന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട്. അവരെപ്പറ്റിയുള്ള കഥകളും ചരിത്രവും കൂടിക്കുഴഞ്ഞ് അവര്‍ ജീവിച്ച കാലംപോലും ഇന്നും ചരിത്രകാരന്മാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ളവര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  സിനിമകള്‍ രചനയില്‍ ചരിത്രത്തില്‍നിന്ന് വ്യതിചലിക്കുന്നതും പുതിയ കാര്യമല്ലല്ലോ. പഴയകാല ഹിറ്റ് ചിത്രമായ  മുഗള്‍-ഇ-അസം ഉദാഹരണമാക്കി സിനിമാപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു. എന്നാല്‍, ഇതൊക്കെ യുക്തിയുടെയും സാമാന്യബോധത്തിന്റെയും ഭാഷയാണ്. ഫാസിസ്റ്റ് ശക്തികള്‍ക്ക് അത് മനസ്സിലാകില്ല. അവരുടെ ഭാഷ വേറെയാണ്.

ഹിറ്റ്ലറുടെ ജര്‍മനിയില്‍ പല ചിത്രങ്ങളും നിരോധിച്ചിരുന്നു. അതില്‍ 'എ പേര്‍ഷ്യന്‍ ലൌസ്റ്റോറി' എന്ന ചിത്രവും ഉള്‍പ്പെട്ടു. വിചിത്രമായിരുന്നു വിലക്കിന്റെ കാരണം. ചക്രവര്‍ത്തിയായ വില്യം ഒന്നാമനും എലിസ റാഡ്വിസില്‍ എന്ന നടിയുമായുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഹിറ്റ്ലറുടെ പ്രചാരണവകുപ്പുമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സ് നേരിട്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയത്. നടി ലിഡ ബരോവ എന്ന നടിയുമായി ഗീബല്‍സ് അന്ന് പ്രണയത്തിലായിരുന്നു. ചിത്രം തന്നെപ്പറ്റിയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാലോ എന്നായിരുന്നു ഗീബല്‍സിന്റെ ആശങ്ക. ഇത്രയൊക്കെ മതി ഒരു കലാസൃഷ്ടിക്കുനേരെ വാളോങ്ങാന്‍ ഫാസിസത്തിന് കാരണങ്ങള്‍.

ഇരുണ്ട കാലമാണ്. അതിന്റെ സൂചനകളാണെങ്ങും. സിനിമപോലുള്ള കലാരൂപങ്ങള്‍ക്കുനേരെ ഉയരുന്നത് ഒറ്റപ്പെട്ട നീക്കങ്ങളല്ല. ബീഫ് കഴിക്കുന്നവനെതിരെ വാള്‍ വീശുന്നതും കലബുര്‍ഗിക്കെതിരെ തോക്കെടുക്കുന്നതും ഒരേകൈകളാണ്. എല്ലാ പാടത്തും അവര്‍ വിതയ്ക്കുന്നത് വെറുപ്പിന്റെ വിത്തുകളാണ്. മുളപ്പിക്കുന്നത് അസഹിഷ്ണുതയുടെ കളകളാണ്. എല്ലാം വേരോടെ പിഴുതെറിയേണ്ടവ. അതുകൊണ്ടുതന്നെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പടയൊരുക്കം ബാലറ്റില്‍മാത്രം മതിയാകില്ല. എല്ലാ മേഖലയിലും ജാഗ്രതയോടെ എന്നുമെന്നോണം പൊരുതേണ്ടിയിരിക്കുന്നു. ഇത് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ഓരോ ദിവസവും ഓരോ വിലക്കും

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top