27 April Saturday

കുതന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 22, 2015

ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം പണിയാനുള്ള ശ്രമം വിശ്വഹിന്ദുപരിഷത്ത് വീണ്ടും തുടങ്ങിയത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാറില്‍പ്പെട്ട സംഘടനയാണ് വിഎച്ച്പി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതോ അറിയാതെയല്ല രാമക്ഷേത്രം പണിയാനുള്ള ശ്രമം വീണ്ടും ആരംഭിച്ചത്. വിശ്വഹിന്ദുപരിഷത്തിനെ മുന്നില്‍നിര്‍ത്തുകയാണ്. മുമ്പ് രാമക്ഷേത്രം നിര്‍മിക്കാന്‍ തൂണുകള്‍ പണിതിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന സന്ദര്‍ഭങ്ങളിലാണ് രാമക്ഷേത്രവിഷയം കുത്തിപ്പൊക്കാറുള്ളത്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമാണ് ക്ഷേത്രംപണിക്ക് ആവശ്യമുള്ള കല്ലുസംഭരണം ആരംഭിച്ചത്. ബിഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയപരാജയവും ഉത്തര്‍പ്രദേശ് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ ഉള്‍പ്പെടെയുണ്ടായ തോല്‍വിയും രാമക്ഷേത്രവിഷയം ഏറ്റെടുക്കാന്‍ സംഘപരിവാറിന് പ്രേരണനല്‍കിയിരിക്കാം. രാമക്ഷേത്രം പണിയാന്‍ അനുകൂല സാഹചര്യം സംജാതമായി എന്നാണത്രേ അവരുടെ വിലയിരുത്തല്‍. ബിഹാര്‍ തെരഞ്ഞെടുപ്പുവേളയിലാണ് ബീഫ് വിഷയവും സംവരണപ്രശ്നവും ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഈ രണ്ടുവിഷയത്തിലും ഹിന്ദുമതവിശ്വാസികളുടെ മതവികാരം ആളിക്കത്തിക്കാമെന്നും അവരുടെ വോട്ടുവാങ്ങി വിജയിക്കാമെന്നും സംഘപരിവാര്‍ നേതൃത്വം കണക്കുകൂട്ടിയിരിക്കാം. അല്ലെങ്കില്‍ സംവരണവിരുദ്ധമായ ഒരഭിപ്രായം സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതിനെപ്പോലെ ഉത്തരവാദിത്തബോധമുണ്ടെന്നു കരുതപ്പെടുന്ന ഒരാള്‍ തെരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് കരുതാന്‍ വയ്യ.

മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വര്‍ഗീയവിദ്വേഷം ജ്വലിപ്പിക്കാനുതകുന്ന ഓരോ വിഷയവും ഒന്നിനുപിറകെ ഒന്നായി ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് കാണുന്നത്. ഇതില്‍ പ്രധാനമാണ് ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രം പണിയുകയെന്നത്. 1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ ക്രിമിനലുകള്‍ ബാബറി മസ്ജിദ് പള്ളി തകര്‍ത്തത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തികഞ്ഞ നിസ്സംഗതയോടെ നോക്കിനിന്നു. സിപിഐ എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ കേന്ദ്രസര്‍ക്കാരിന് ബ്ളാങ്ക്ചെക്കാണ് നല്‍കിയത്. ബാബറി മസ്ജിദ് സംരക്ഷിക്കാന്‍ ബലപ്രയോഗം ആവശ്യമായിവന്നാല്‍ പ്രയോഗിക്കാനുള്ള സ്വാതന്ത്യ്രമുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന് നല്‍കി. കേന്ദ്രസര്‍ക്കാര്‍ പട്ടാളത്തെ ഇറക്കി. എന്നാല്‍, വഴിയില്‍ ടയര്‍ കത്തിച്ചതുകാരണം പട്ടാളത്തിന് സ്ഥലത്തെത്തി അക്രമികളെ തടയാന്‍ കഴിഞ്ഞില്ലെന്നാണ് പറഞ്ഞത്! ടയര്‍ കത്തിച്ച് വഴിതടഞ്ഞാല്‍ അത് ഭേദിച്ച് മുമ്പോട്ടുകടക്കാന്‍ കഴിവില്ലാത്തവരല്ല നമ്മുടെ പട്ടാളമെന്നത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരം ഒരു മുടന്തന്‍ന്യായം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നിഷ്ക്രിയമായി നോക്കിനിന്നത് പള്ളി തകര്‍ത്താല്‍ തര്‍ക്കം തീര്‍ന്നല്ലോ എന്ന ചിന്തയിലായിരുന്നോ എന്ന് സംശയിച്ചവരെ കുറ്റപ്പെടുത്താനാകില്ല.

ഇപ്പോള്‍ സ്ഥിതി അതില്‍നിന്ന് തികച്ചും മാറി. പള്ളി തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം പണിയാന്‍ എല്ലാ നേതൃത്വവും സഹായവും നല്‍കാന്‍ തയ്യാറായി കാത്തുനില്‍ക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഒരു തടസ്സവുംകൂടാതെ ക്ഷേത്രം പണിയാന്‍ സാധിക്കുമെന്നാണ് സംഘപരിവാര്‍ നേതൃത്വം കരുതുന്നത്. രാഷ്ട്രം രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. പ്രതിസന്ധി സ്വാഭാവികമായുണ്ടായതല്ല. മോഡിസര്‍ക്കാരിന്റെ സൃഷ്ടിയാണ്. വിലക്കയറ്റം തടയുന്നതില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാത്തതില്‍ ജനം അസംതൃപ്തരാണ്. 140 ഡോളര്‍ വിലയുണ്ടായിരുന്ന അസംസ്കൃത എണ്ണ വീപ്പയ്ക്ക് 36 ഡോളറായി കുറഞ്ഞിട്ടും ലിറ്ററിന് ആറുരൂപ അധികനികുതി ചുമത്തി ഉപയോക്താക്കളെ ഞെക്കിപ്പിഴിയുകയാണ്. ഇത്തരം ജനകീയപ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. വര്‍ഗീയസംഘര്‍ഷം വളര്‍ത്താനുള്ള ബോധപൂര്‍വ ശ്രമമാണ് നടക്കുന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണ്. ജനവികാരവും കോടതിവിധികളും എല്ലാം തിരസ്കരിച്ച് വിശ്വഹിന്ദുപരിഷത്തിന്റെ കുതന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാണ് ഭാവമെങ്കില്‍ ഫലം ഗുരുതരമായിരിക്കുമെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണം. ഇത് തടയാന്‍ ജനങ്ങളുടെ ഐക്യത്തിനും വര്‍ഗീയവിരുദ്ധചിന്താഗതിക്കും മതനിരപേക്ഷ ആശയത്തിനുംമാത്രമേ കഴിയൂ. അത് തിരിച്ചറിഞ്ഞ് താമസംവിനാ ഇടപെടാന്‍ തയ്യാറാകണമെന്നാണ് ജനങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top