27 April Saturday

സ്മാര്‍ട്ട് തട്ടിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2016

അഞ്ചുവര്‍ഷം തികയ്ക്കാറായ യുഡിഎഫ് ഭരണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചുമതല അഴിമതിവ്യവസായത്തിന്റെ സിഇഒ സ്ഥാനം അലങ്കരിക്കുക എന്നതായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ച് ലാഭത്തിലാക്കിയ പൊതുമേഖലയെയും ജീവന്‍ വീണ്ടെടുത്ത് നല്‍കിയ പരമ്പരാഗത വ്യവസായമേഖലയെയും വീണ്ടും നാശത്തിലേക്ക് തള്ളിവിട്ടത് ഈ യുഡിഎഫ് സര്‍ക്കാരിന്റെ ദുഷ്കീര്‍ത്തിയുടെ കിരീടത്തിലെ അലങ്കാരങ്ങള്‍. മുഖ്യമന്ത്രിയും ഭൂരിഭാഗം സഹപ്രവര്‍ത്തകരും അഴിമതിയാരോപണങ്ങളും വിജിലന്‍സ് അന്വേഷണവും നേരിടുന്ന കേരളത്തില്‍,വ്യവസായവികസനത്തിന് മൂര്‍ത്തമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നതിന് ജീവനുള്ള തെളിവാകുകയാണ് കഴിഞ്ഞദിവസം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് സിറ്റി. കേരളത്തിന് ഏറ്റവും അനുയോജ്യമായ ഐടി വ്യവസായങ്ങളുടെ വികസനത്തിന്റെ അനന്തസാധ്യതകളെയാണ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചത്.

കോടികളുടെ ആഭ്യന്തര വിദേശനിക്ഷേപം കേരളത്തിലെത്തിക്കാന്‍ എന്തോ വലിയ കാര്യം ചെയ്തതുപോലെയാണ് ഉമ്മന്‍ചാണ്ടിയുടെ മാനസ പത്രങ്ങള്‍ സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനത്തെ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. മുട്ടം യാര്‍ഡില്‍നിന്ന് മുട്ടം യാര്‍ഡുവരെ ഓടിച്ച് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച കൊച്ചി മെട്രോയുടെ അനുഭവംതന്നെയാണ് സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തിലുമെന്ന് അതിനെ സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാകും. ഉദ്ഘാടനമാമാങ്കം സംഘടിപ്പിച്ച് മെട്രോയും സ്മാര്‍ട്ട് സിറ്റിയും യാഥാര്‍ഥ്യമാക്കിയെന്ന് പൊങ്ങച്ചം പറയാന്‍ ഉമ്മന്‍ചാണ്ടിയും ചില പത്രങ്ങളും മാത്രമേ ഉണ്ടാകൂ. എല്ലാം സ്വന്തം സൃഷ്ടിയാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയല്ലാതെ മറ്റൊന്നുമല്ല കൊച്ചിയില്‍ കണ്ടത്.

ഉമ്മന്‍ചാണ്ടിക്ക് സ്തുതിപാടുമ്പോള്‍ കേരളത്തിലെ ജനങ്ങളെ എല്ലാ കാലവും കബളിപ്പിക്കാന്‍ കഴിയില്ലെന്ന് പരോക്ഷമായി സമ്മതിച്ചുകൊണ്ട് പ്രമുഖ മലയാള ദിനപത്രം കൊച്ചി എഡിഷനില്‍ ഒന്നാംപേജില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ആദ്യനിക്ഷേപകരില്‍ വന്‍കിട പേരുകളില്ല എന്ന തലക്കെട്ടോടുകൂടിയ വാര്‍ത്തയില്‍, നിക്ഷേപം നടത്തുന്ന പ്രമുഖ കമ്പനികളുടെ പേര് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്നും വന്‍കിട ബഹുരാഷ്ട്ര കമ്പനികളോ നിക്ഷേപം നടത്തിയിട്ടില്ലെന്നും പറയുന്നു. നിലവില്‍ എത്തിയ കമ്പനികള്‍ ഐടി മേഖലയിലുള്ളവയല്ലെന്നും പറയുന്നു.

കേരളത്തിലെ ഐടി വികസനസാധ്യതകളെ ഉമ്മന്‍ചാണ്ടിയും സംഘവും എങ്ങനെ അട്ടിമറിച്ചുവെന്ന് വിശദാംശങ്ങള്‍ പരിശോധിച്ചാല്‍  വ്യക്തം. ഇതുവരെ രജിസ്റ്റര്‍ചെയ്ത 27 കമ്പനികളില്‍ ഐടി മേഖലയിലുള്ളവ എട്ടെണ്ണം മാത്രം. നാല് വിദേശകമ്പനികളുള്ളത് തികച്ചും അപ്രധാനവും. രാജ്യത്തെ പ്രധാന ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്, ഇന്‍ഫോസ്, വിപ്രോ പോലുള്ളവയെപ്പോലും സ്മാര്‍ട്ട് സിറ്റിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. എട്ടു കമ്പനികള്‍ കൊച്ചിയിലും പരിസരങ്ങളിലുമുള്ളവ.

ലോകോത്തര നിലവാരമുള്ള ഐടി പാര്‍ക്കായിട്ടും എന്തുകൊണ്ട് പ്രധാന കമ്പനികളൊന്നും കൊച്ചിയില്‍ എത്തിയില്ല എന്നതടക്കമുള്ള സുപ്രധാന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും വ്യവസായവകുപ്പും മറുപടി പറയേണ്ടതുണ്ട്.

ഐടി വ്യവസായത്തിനുള്ള പ്രത്യേക സാമ്പത്തികപദവി നേടിയിട്ടും എന്തുകൊണ്ട് സ്മാര്‍ട്ട് സിറ്റിയിലേക്ക് ഐടി ഇതര കമ്പനികളെ കൊണ്ടുവന്നു എന്ന ചോദ്യത്തിനും ഭരണാധികാരികള്‍ മറുപടി പറയേണ്ടതുണ്ട്. പൂര്‍ണമായി സജ്ജമാകാത്ത ആദ്യഘട്ടത്തിലെ കെട്ടിടത്തില്‍ തട്ടിക്കൂട്ട് ഉദ്ഘാടനത്തിന് ദുബായ് കമ്പനിയില്‍ നിര്‍ബന്ധിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗോള കമ്പനികളെ പോയിട്ട് ഇന്ത്യന്‍ കമ്പനികളെപ്പോലും കൊണ്ടുവരാനുള്ള മാര്‍ക്കറ്റിങ് തന്ത്രം സ്വീകരിച്ചിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. ഒട്ടും ഗൃഹപാഠം ചെയ്യാതെയുള്ള നടപടികളാണ് ഈ മാര്‍ക്കറ്റിങ് ദുരന്തത്തിന് കാരണമായത്.

ഈ സര്‍ക്കാരില്‍ ആഭ്യന്തര വിദേശ വ്യവസായികള്‍ക്ക് വിശ്വാസമില്ല എന്നതിന്റെ പ്രധാന നിദര്‍ശനംകൂടിയാണിത്. യുഡിഎഫ് ഭരിക്കുമ്പോള്‍ കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരംഭങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ ഭയമാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അക്കാര്യം ധൈര്യപൂര്‍വം ചെയ്തിരുന്നുവെന്നും പ്രതിരോധമന്ത്രിയായിരിക്കെ എ കെ ആന്റണി പറഞ്ഞത് ഈ അവസരത്തില്‍ ഒന്നുകൂടി ഓര്‍ക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top