26 April Friday

ലോട്ടറിയുടെ വിശ്വാസ്യത തകര്‍ക്കരുത്

വെബ് ഡെസ്‌ക്‌Updated: Monday Mar 14, 2016

ലോട്ടറി ടിക്കറ്റ് അച്ചടി സ്വകാര്യപ്രസിന് നല്‍കുകയെന്നാല്‍, ലോട്ടറിയുടെ രഹസ്യസ്വഭാവവും വിശ്വാസ്യതയും നശിപ്പിക്കുക എന്നാണര്‍ഥം. കേരളസര്‍ക്കാര്‍ നേരിട്ടാണ് സംസ്ഥാന ഭാഗ്യക്കുറി നടത്തുന്നത്. സര്‍ക്കാരിന് വരുമാനം നല്‍കുന്നു എന്നതിനുപുറമെ അനേകായിരം പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതമാര്‍ഗവുമാണ് ലോട്ടറി. കറന്‍സി നോട്ടുകള്‍ എന്നതുപോലെ സുരക്ഷയും കൃത്യതയും കൃത്രിമത്വത്തിന് സാധ്യതയില്ലായ്മയും ഉറപ്പാക്കേണ്ട ഒന്നാണ് ലോട്ടറി ടിക്കറ്റ് അച്ചടി. വ്യാജ ലോട്ടറി ടിക്കറ്റ് കള്ളനോട്ടുപോലെ അപകടകരമാണ്. സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സ്വകാര്യപ്രസിന് കൈമാറി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച മാര്‍ച്ച് നാലിന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് അതുകൊണ്ടുതന്നെ സംസ്ഥാന ലോട്ടറിയുടെ തകര്‍ച്ചയിലേക്കുള്ള ചുവടുവയ്പാണ്.

പൊതുമേഖലാ സ്ഥാപനങ്ങളായ സി ആപ്റ്റ്, കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ലോട്ടറി അച്ചടിക്കുന്നത്്. ആവശ്യമായത്ര ലോട്ടറി ടിക്കറ്റ് അച്ചടിക്കാനുള്ള സൌകര്യം അവര്‍ക്കുണ്ട്. അതിനുള്ള സന്നദ്ധത സി ആപ്റ്റും കെബിപിഎസും സര്‍ക്കാരിനെ അറിയിച്ചതുമാണ്. എന്നിട്ടും അവരെ ഒഴിവാക്കി അച്ചടി മണ്‍വിളയിലെ സ്വകാര്യപ്രസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൂടുതല്‍ ടിക്കറ്റ് അച്ചടിക്കാന്‍ തയ്യാറെന്നു കാട്ടി ധന സെക്രട്ടറിക്ക് നിരവധി വട്ടം കെബിപിഎസ് കത്ത് നല്‍കി. ടിക്കറ്റുകള്‍ സുരക്ഷിതമായ രീതിയില്‍ അച്ചടിക്കാന്‍ അതിനൂതന സാങ്കേതികവിദ്യയോടു കൂടിയ മെഷീന്‍ കെബിപിഎസ് സജ്ജമാക്കി. കെബിപിഎസില്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതിചെയ്ത അച്ചടിയന്ത്രം ആവശ്യത്തിന് ഓര്‍ഡര്‍ ഇല്ലാത്തുമൂലം പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കുന്നുമില്ല. സര്‍ക്കാര്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന സ്ത്രീശക്തി ലോട്ടറിയും ഇതിന് പുറമെ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ലോട്ടറിയും അച്ചടിക്കാന്‍ സന്നദ്ധമാണെന്നും 2016 ഫെബ്രുവരി നാലിന് അറിയിച്ചിരുന്നു.

ഭാഗ്യക്കുറി നടത്തിപ്പിന്റെ സുതാര്യത തകരുന്നതിനൊപ്പം ഈ മേഖലയില്‍ ലോട്ടറി മാഫിയയുടെ വളര്‍ച്ചയ്ക്ക് സാധ്യത തുറക്കുന്നതുമാണ് സര്‍ക്കാര്‍ തീരുമാനം. സി ആപ്റ്റ്, കെബിപിഎസ് സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്കും ഇതുവഴിവയ്ക്കും. അച്ചടിയുടെ എണ്ണം ഉയര്‍ത്തണമെന്ന കെബിപിഎസിന്റെ നിരന്തര ആവശ്യം അവഗണിച്ചാണ്, കള്ളനോട്ടുപോലെ വ്യാജലോട്ടറി ഇറങ്ങാനുള്ള സാഹചര്യത്തിന് വഴിവയ്ക്കുന്ന ഉത്തരവിറക്കിയത്. സ്വകാര്യപ്രസിനെ ഏല്‍പ്പിക്കുന്നതിലൂടെ അച്ചടിരീതി ചോരുന്ന സാഹചര്യമാണുണ്ടാവുക. സമാനമായ അതേ ടിക്കറ്റുകള്‍ പുറത്തുനിന്ന് ഇറക്കാനും വിറ്റഴിക്കാനും കഴിയും. സ്വകാര്യപ്രസുമായി ബന്ധമുള്ളവര്‍ക്ക് സമ്മാനം തട്ടാനും കഴിയും. ഇതിനായി ഇവിടെ അച്ചടിക്കുന്ന നിശ്ചിത എണ്ണം ടിക്കറ്റുക്കള്‍ സര്‍ക്കാര്‍ അറിയാതെ അടിക്കുകയും രഹസ്യമായി മാറ്റിവയ്ക്കുകയും ചെയ്യാം. ഭാഗ്യക്കുറിയുടെ സുരക്ഷാരഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതും അപകടകരമാണ്.

സിഡ്കോയ്്ക്ക് ഈ സ്വകാര്യപ്രസില്‍ 26 ശതമാനം ഓഹരിയുണ്ടെന്നതാണ് അച്ചടി കൈമാറാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ നിരത്തുന്ന ന്യായം. 2005ലെ കേരള പേപ്പര്‍ ലോട്ടറി (നിയന്ത്രണ) നിയമത്തിന്റെ ലംഘനമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡബ്ള്യു ആര്‍ റെഡ്ഡി ഇറക്കിയ ഉത്തരവ്് എന്ന് നിയമവിദഗ്ധരും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ഥാപനത്തില്‍, സര്‍ക്കാരിന് നാലിലൊന്ന് ഓഹരി ഉണ്ടെന്നതിനര്‍ഥം അത് പൊതുമേഖലയിലാണ് എന്നല്ല. ഇതേ സര്‍ക്കാരാണ് പാഠപുസ്തക അച്ചടി സ്വകാര്യപ്രസുകളെ ഏല്‍പ്പിച്ചത്. അത് അഴിമതിക്കാണെന്ന് അന്നുതന്നെ വിമര്‍ശമുയര്‍ന്നതാണ്. സ്വകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള ആകര്‍ഷകമായ കമീഷനാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പ്രേരിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഓരോ തീരുമാനത്തിനുപിന്നിലും ഇത്തരം ചരടുകളുണ്ട്. ഊര്‍ജ സംരക്ഷണത്തിന് ഗണ്യമായ സംഭാവന നല്‍കാനും വൈദ്യുതി പ്രതിസന്ധി മുറിച്ചുകടക്കാനും ഉതകുമായിരുന്ന സോളാര്‍ പദ്ധതികളെ നാണക്കേടിന്റെ പര്യായമാക്കിമാറ്റിയതും സോളാര്‍ എന്നത് അശ്ളീല പദമാക്കിയതും സര്‍ക്കാരിനെ നയിക്കുന്നവരുടെ പണക്കൊതിയാണ്. കൊട്ടിഘോഷിക്കുന്ന ഓരോ പദ്ധതിയിലും അഴിമതിയുടെ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. സുതാര്യമായ ഒരു തീരുമാനവുമുണ്ടായിട്ടില്ല. ഇറങ്ങിപ്പോകാന്‍ നേരത്ത്, ലോട്ടറി ടിക്കറ്റ് അച്ചടി സ്വകാര്യപ്രസുകളെ ഏല്‍പ്പിച്ച് ഉത്തരവിറക്കിയതിനുപിന്നിലെ അത്തരം താല്‍പ്പര്യങ്ങള്‍ പരിശോധിക്കപ്പെടണം. ആര്‍ക്കുവേണ്ടിയാണ്, ഏത് ഇടപാടിന്റെ ബലത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ജനങ്ങളോട് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുതന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top