26 April Friday

അടുത്ത ലക്ഷ്യം അലിഗഡ്?

വെബ് ഡെസ്‌ക്‌Updated: Wednesday Mar 9, 2016

മോഡി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം അലിഗഡ് മുസ്ളിം സര്‍വകലാശാലയാണെന്നുതോന്നുന്നു. കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിലവിലുള്ള അലിഗഡ് സര്‍വകലാശാലയുടെ കേന്ദ്രങ്ങള്‍ നിയമാനുസൃതമല്ലെന്നും ഇവയ്ക്ക് ഫണ്ട് അനുവദിക്കില്ലെന്നും മാനവവിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനി ഭീഷണിപ്പെടുത്തിയിരിക്കുന്നു. കേരളത്തിലും പശ്ചിമ ബംഗാളിലും സര്‍വകലാശാലാകേന്ദ്രങ്ങള്‍ ഇടതുമുന്നണി ഭരണകാലത്താണ് സ്ഥാപിതമായത്. നിയമപരമായ ചട്ടങ്ങള്‍ പാലിച്ചും അധികൃതരുടെ അനുവാദം ലഭിച്ചുമാണ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. മലപ്പുറംജില്ലയില്‍ സര്‍വകലാശാല സ്ഥാപിക്കുന്ന സ്ഥലത്തെപ്പറ്റിയുള്ള ചില അനാവശ്യതര്‍ക്കങ്ങള്‍ മുസ്ളിംലീഗ് നേതൃത്വം സൃഷ്ടിച്ചിരുന്നു. അത് പരിഹരിച്ച് ആവശ്യമായ ഭൂമി ലഭ്യമാക്കിയശേഷമാണ് കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചത്. 

ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, അലിഗഡ് മുസ്ളിം സര്‍വകലാശാല, ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല തുടങ്ങിയവ പേരുകേട്ട ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. ഹിന്ദു സര്‍വകലാശാല, മുസ്ളിം സര്‍വകലാശാല എന്നൊക്കെയുള്ള പേരുകള്‍ ഒരു മതനിരപേക്ഷരാഷ്ട്രത്തില്‍ അനുയോജ്യമാണോ എന്ന് ബുദ്ധിജീവികള്‍ക്കിടയില്‍ ചര്‍ച്ചയുണ്ടാകുന്നത് സ്വാഭാവികം. കേരളത്തില്‍ പ്രാഥമികവിദ്യാഭ്യാസമേഖലയിലും സര്‍ക്കാര്‍– മുസ്ളിം സ്കൂളുകളും ഹിന്ദു സ്കൂളുകളുമൊക്കെ അപൂര്‍വമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഹിന്ദു സര്‍വകലാശാല നിലനിര്‍ത്തി മുസ്ളിം സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മതവിവേചനമായും മതവിദ്വേഷമായുംമാത്രമേ കാണാന്‍ കഴിയൂ. അത്തരത്തിലുള്ള സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് സ്വീകാര്യമല്ല. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പേരുകളില്‍ ഏകപക്ഷീയമായി മാറ്റംവരുത്താനുള്ള ശ്രമത്തെ ഭൂരിപക്ഷവര്‍ഗീയതയുടെ കുരുട്ടുബുദ്ധിയായി മാത്രമേ കാണാന്‍ കഴിയൂ. മോഡിസര്‍ക്കാര്‍ ഇത്തരം സങ്കുചിത സമീപനത്തില്‍നിന്ന് പിന്തിരിയുകതന്നെ വേണം.

അലിഗഡ് മുസ്ളിം സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ നിവേദകസംഘം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് ഈ വിഷയം ചര്‍ച്ചചെയ്യുകയുണ്ടായി. സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മോഡിസര്‍ക്കാര്‍ ഇടപെടുന്നതിനെപ്പറ്റി പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് എഎംയു വൈസ്ചാന്‍സലര്‍ സമീര്‍ ഉദ്ദിന്‍ഷാ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെകണ്ട് സംസാരിച്ചത്. 40 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ സര്‍വകലാശാലയുടെ ന്യൂനപക്ഷസ്വഭാവം സംരക്ഷിക്കുകയും തല്‍സ്ഥിതി നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ പ്രധാനമന്ത്രിയുടെ സഹായം അഭ്യര്‍ഥിക്കുകയുണ്ടായി. സംഘത്തിന്റെ നിവേദനത്തില്‍ സര്‍വകലാശാലകള്‍ക്ക് പുറത്തുള്ള പഠനകേന്ദ്രങ്ങള്‍ക്ക് 447 കോടിരൂപ അനുവദിച്ചതില്‍ മുസ്ളിം സര്‍വകലാശാലയ്ക്ക് 130 കോടിരൂപമാത്രം നീക്കിവച്ചതിലുള്ള വിവേചനം എടുത്തുകാട്ടി. എഎംയുവിന്റെ അതേ നിലവാരമുള്ള ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്ക് കൂടുതല്‍ തുക നീക്കിവച്ചതും ചൂണ്ടിക്കാട്ടി. ലോകത്തെ മികച്ച 10 സര്‍വകലാശാലകളില്‍ ഒന്നാണ് അലിഗഡ് മുസ്ളിം സര്‍വകലാശാലയെന്നും വിസി ഓര്‍മപ്പെടുത്തുകയുണ്ടായി.

ഉന്നത സര്‍വകലാശാലകളെ സംഘപരിവാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന് സ്മൃതി ഇറാനി സര്‍വപിന്തുണയും നല്‍കുകയാണ്. അലിഗഡ് സര്‍വകലാശാലയുടെ കേരളത്തിലും ബംഗാളിലുമുള്ള കേന്ദ്രങ്ങള്‍ക്ക് ഫണ്ട് നിഷേധിക്കുമെന്ന ഭീഷണി ഉടന്‍ പിന്‍വലിച്ച്, തുടര്‍ന്നും അംഗീകാരവും അര്‍ഹിക്കുന്ന ധനസഹായവും നല്‍കുകതന്നെ വേണം. വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ മതനിരപേക്ഷരാഷ്ട്രത്തില്‍ ആരെയും അനുവദിച്ചുകൂടാ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top