26 April Friday

പത്താന്‍കോട്ടിലെ ഭീകരാക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2016

മിന്നല്‍നയതന്ത്രത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്സന്ദര്‍ശനം നടത്തി എട്ടു ദിവസത്തിനകം ഭീകരവാദികള്‍ പത്താന്‍കോട്ടിലെ വ്യോമതാവളത്തില്‍ ആക്രമണം നടത്തിയിരിക്കുന്നു. ആക്രമണം മൂന്നാംദിവസവും തുടരുകയാണ്. മലയാളിയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) കമാന്‍ഡോ ലഫ്റ്റനന്റ് കേണലുമായ നിരഞ്ജന്‍കുമാര്‍ ഉള്‍പ്പെടെ ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്. അഞ്ച് ഭീകരവാദികളെ വധിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പാലക്കാട് സ്വദേശി നിരഞ്ജന്‍കുമാറിന് ജീവന്‍ നഷ്ടമായത്. രാജ്യസുരക്ഷയ്ക്കായി ജീവിതം ഹോമിച്ച സൈനികര്‍ക്ക് ഞങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.  

ഇരു രാജ്യവും തമ്മില്‍ സമാധാനം ആഗ്രഹിക്കാത്ത ശക്തികളാണ് ആക്രമണത്തിനു പിന്നിലെന്ന് ന്യായമായും സംശയിക്കാം. നേരത്തെ ലാഹോറിലേക്ക് വാജ്പേയി ബസ്യാത്ര നടത്തി തൊട്ടുപിറകെയായിരുന്നു കാര്‍ഗില്‍ ആക്രമണം. ഒരു വ്യാഴവട്ടത്തിനുശേഷം മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി ലാഹോറിലെത്തിയശേഷം സുപ്രധാന സൈനികകേന്ദ്രത്തിനുനേരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നു. മിഗ് 21 ബൈസണ്‍ യുദ്ധവിമാനങ്ങളും എംഐ 25, എംഐ 35 ആക്രമണ ഹെലികോപ്റ്ററുകളും പിച്ചോര മിസൈലുകളും നിരീക്ഷണ റഡാറുകളും ഉള്ള വ്യോമകേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. പാക് സൈന്യവും ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തോയിബ തുടങ്ങിയ ഇന്ത്യാവിരുദ്ധ ഭീകരസംഘടനകളും അയല്‍രാജ്യമായ ഇന്ത്യയുമായി സൌഹൃദം ആഗ്രഹിക്കുന്നില്ലെന്ന് അവരുടെ ഇതുവരെയുള്ള ചെയ്തികള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, പതിവില്‍നിന്ന് വ്യത്യസ്തമായി പത്താന്‍കോട്ട് ഭികരാക്രമണത്തെ ഔദ്യോഗികമായി അപലപിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായതും ഇന്ത്യയുമായുള്ള സൌഹൃദസംഭാഷണവുമായി മുന്നോട്ടുപോകുമെന്നു പ്രഖ്യാപിച്ചതും പ്രതീക്ഷ നല്‍കുന്നു. ഭീകരവാദികളുടെ ആക്രമണത്തിന്റെ പേരില്‍ സമാധാനനീക്കം മരവിപ്പിക്കുന്നത് ഭീരുത്വമാണ്. വിദേശമന്ത്രി സുഷ്മ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞത് ഏതെങ്കിലും കാരണം ഉയര്‍ത്തി സംഭാഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കീഴടങ്ങില്ലെന്നാണ്. 14നും 15നും ഇസ്ളാമാബാദില്‍ നടത്താന്‍ നിശ്ചയിച്ച വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയുമായി ഇരു രാഷ്ട്രങ്ങളും മുന്നോട്ടുപോകണം. ഇതുമാത്രമാണ് ചര്‍ച്ച തടയാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി. ചര്‍ച്ചയില്‍നിന്ന് പിന്മാറുമെന്ന സൂചന ന്യൂഡല്‍ഹിയും ഇതുവരെ നല്‍കിയിട്ടില്ല. 

പത്താന്‍കോട്ട് ഭീകരാക്രമണം നേരിടുന്നതിലുണ്ടായ പോരായ്മയും പരിശോധിക്കപ്പെടണം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ആക്രമണം ആരംഭിച്ചത്. ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഗുരുദാസ്പുര്‍ എസ്പി സല്‍വീന്ദര്‍സിങ്ങും മദന്‍ ഗോപാലും നല്‍കിയ മുന്നറിയിപ്പ് പൊലീസ് അവഗണിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലീസ് നടപടി സ്വീകരിക്കാന്‍ തയ്യാറായത്. ഈ കാലതാമസം ഒഴിവാക്കപ്പെടേണ്ടതാണ്. അതീവ സുരക്ഷയുള്ള വ്യോമതാവളത്തിന്റെ വിശാലമായ കോമ്പൌണ്ടിലേക്ക് ഭീകരവാദികള്‍ക്ക് കടക്കാന്‍ കഴിഞ്ഞത് എങ്ങനെ? പത്താന്‍കോട്ടില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് 24 മണിക്കൂര്‍മുമ്പുതന്നെ രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കരുതല്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ട്? അത്യന്താധുനിക നിരീക്ഷണ ഉപകരണങ്ങളും മറ്റും ഇവിടെ പ്രവര്‍ത്തിച്ചിരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

ആദ്യ ദിവസംതന്നെ എല്ലാ ഭീകരവാദികളെയും പുറത്താക്കിയെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞശേഷവും രണ്ട് ഭീകരവാദികള്‍ വ്യോമകേന്ദ്രത്തില്‍ തങ്ങി എന്നാണ് മനസ്സിലാകുന്നത്. ഭീകരാക്രമണം നേരിടാന്‍ സൈന്യത്തില്‍ പ്രത്യേക സേനയും തൊട്ടടുത്ത് നഹാനില്‍ പ്രത്യേക ബ്രിഗേഡുതന്നെയും ഉണ്ടെന്നിരിക്കെ അവരെ അയക്കാതെ എന്‍എസ്ജി കമാന്‍ഡോകളെ വിന്യസിച്ചത് എന്തിന്? വിവിധ വിഭാഗം സൈനികവിഭാഗത്തിന്റെ ഏകോപനത്തില്‍ വീഴ്ചവരാന്‍ കാരണമെന്ത്? കൊല്ലപ്പെട്ട സൈനികരില്‍ ഏഴുപേരും വ്യോമസേനാവിഭാഗത്തില്‍പ്പെട്ടവരാണെന്ന തെറ്റായ വിവരം ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി ആവര്‍ത്തിച്ചത് എന്തിന്റെ അടിസ്ഥാനത്തില്‍? (എന്‍എസ്ജിയിലെയും എയര്‍ഫോഴ്സിലെയും ഓരോ ഓഫീസര്‍മാരും വ്യോമതാവള സുരക്ഷയ്ക്ക് നിയോഗിച്ച റിട്ടയര്‍ചെയ്ത സൈനികരുടെ സേനയില്‍പ്പെട്ട അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്) ഉയര്‍ന്ന സൈനികര്‍തന്നെ ഉയര്‍ത്തുന്ന ഈ സംശയങ്ങള്‍ വിരല്‍ചൂണ്ടുന്നത് മാപ്പര്‍ഹിക്കാത്ത സുരക്ഷാവീഴ്ചയിലേക്കാണ്. 

പഞ്ചാബ്് അതിര്‍ത്തിയില്‍ ആവര്‍ത്തിക്കുന്ന സുരക്ഷാപാളിച്ചയാണ് ജമ്മു കശ്മീര്‍വിട്ട് പഞ്ചാബിലെ പത്താന്‍കോട്ട് ആക്രമണകേന്ദ്രമാക്കാന്‍ പാക് ഭീകരവാദികള്‍ തെരഞ്ഞെടുത്തതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ജൂണിലാണ് ഗുരുദാസ്പുരിലെ ദിനാഗഗര്‍ പൊലീസ് സ്റ്റേഷനില്‍ ആക്രമണം നടന്നത്. ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനകവാടമായി അറിയപ്പെടുന്ന പത്താന്‍കോട്ടില്‍നിന്ന് പാകിസ്ഥാനിലേക്ക് 40 കിലോമീറ്റര്‍ ദൂരമേയുള്ളൂ. അതുകൊണ്ടുതന്നെ ഈ ഭീകരാക്രമണത്തെ ചെറുതായി കാണാനും കഴിയില്ല. ആക്രമണത്തിനുപിന്നില്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇരു രാഷ്ട്രവും തയ്യാറാകണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top