26 April Friday

മൊബൈൽ ഫോണിലും ചാരക്കണ്ണുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

പൗരന്മാരുടെ മൊബൈൽ ഫോണിൽ ഭരണകൂടത്തിന്റെ ചാരക്കണ്ണുകൾ നുഴഞ്ഞുകയറുന്നുവെന്ന വെളിപ്പെടുത്തലിന്റെ നടുക്കത്തിലാണ് രാജ്യം. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിലൂടെ ഇസ്രയേലിന്റെ ‘പെഗാസസ്' ചാരസോഫ്റ്റ്‌വെയർ ഇൻസ്‌റ്റാൾ ചെയ്‌ത്‌ കേന്ദ്രസർക്കാർ ഏജൻസികൾ പൗരന്മാരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് വാർത്ത. അങ്ങനെയെങ്കിൽ, പണം കൊടുത്തുവാങ്ങിയ സ്വന്തം മൊബൈൽ ഫോണിനെപ്പോലും വിശ്വസിക്കാൻ കഴിയാത്തവിധം ജനങ്ങളെ ഭരണകൂടം വളഞ്ഞുവയ്‌ക്കാൻ തുടങ്ങിയിരിക്കുന്നു. രാജ്യത്ത് വ്യക്തിയുടെ സ്വകാര്യതയും പൗരാവകാശവും എത്രകാലം നിലനിൽക്കും എന്ന ആശങ്ക ബലപ്പെടുത്തുന്നതാണ് ഇത്തരം വാർത്തകൾ.

ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി വ്യക്തികളുടെ  വിവരങ്ങൾ ചോർത്തുന്നത് വാട്സാപ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പെഗാസസിന് രൂപംനൽകിയ ഇസ്രയേലി സൈബർ ഇന്റലിജൻസ് കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ അമേരിക്കൻ കോടതിയിൽ വാട് സാപ് കേസ് കൊടുത്തതോടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. കഴിഞ്ഞ മെയ് മുതൽ പെഗാസസ് വിവരങ്ങൾ ചോർത്തുന്നതായി ക്യാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ സംഘടനയായ സിറ്റിസൺ ലാബ് മുന്നറിയിപ്പ് നൽകിയിരുന്നു. അത് ഗൗരവമായെടുക്കാതിരുന്നവർ കേസുമായി വാട്സാപ് രംഗത്തുവന്നതോടെ സത്യം തിരിച്ചറിഞ്ഞു.

വാട്സാപ് കോളുകൾ, സന്ദേശങ്ങൾ എന്നിവ വഴി മൊബൈൽ ഫോണിൽ എത്തുന്ന ചാരസോഫ്റ്റ്‌വെയർ സ്വയം ഇൻസ്‌റ്റാൾ ആകും. ഫോണിലെ എല്ലാ വിവരങ്ങളും ചോർത്താൻ പെഗാസസിന് ശേഷിയുണ്ട്. ഉടമ അറിയാതെ മൊബൈൽ ഫോണിന്റെ ക്യാമറയും മൈക്കും പ്രവർത്തിപ്പിച്ച് ചുറ്റുപാട്‌ നിരീക്ഷിക്കാനും സാധിക്കും. ഒരാൾ എവിടെ പോകുന്നു, ആരോടെല്ലാം സംസാരിക്കുന്നു, എന്താണ് സംസാരിക്കുന്നത് എന്നതെല്ലാം ചോർത്തി ചാരസോഫ്റ്റ്‌വെയർ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇങ്ങനെ മനുഷ്യരെ അനുനിമിഷം നിരീക്ഷിക്കുന്ന കുറ്റമറ്റ സാങ്കേതികവിദ്യയാണിത്.

മഹാരാഷ്ട്രയിലെ ഭീമാ കൊറെഗാവ് സംഭവങ്ങളിൽ ഇടപെട്ട മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും ബുദ്ധിജീവികളുമാണ് ഇന്ത്യയിൽ നിരീക്ഷണത്തിലായവരിൽ ഭൂരിഭാഗവും. ഭീമാ കൊറെഗാവ്‌ സംഭവങ്ങളിൽ ഇടപെട്ട പലരെയും രാജ്യദ്രോഹത്തിന് അറസ്റ്റ്ചെയ്‌തത് ഇതുമായി ചേർത്തുവായിക്കണം. ഇന്ത്യയിൽ 2017 ജൂൺമുതൽ പെഗാസസ് വിവരങ്ങൾ ചോർത്തുന്നതായി സിറ്റിസൺ ലാബ് പറയുന്നു. 2017 ജൂലൈയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേൽ സന്ദർശിച്ചത്. ഇന്ത്യ ഇസ്രയേലുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനെ വിമർശിച്ച ഇടതുപക്ഷത്തിന്റെ ആശങ്ക ശരിവയ്‌ക്കുന്നതാണ് ഈ ചാരപ്രവർത്തനം. പൗരാവകാശങ്ങളെ തരിമ്പും വകവയ്‌ക്കാത്ത ഇസ്രയേലുമായുള്ള സംഘപരിവാറിന്റെ കൂട്ടുകെട്ട് രാജ്യത്തെ ജനങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയാണ്.


 

വിമർശനങ്ങളെയും എതിർശബ്‌ദങ്ങളെയും ഭയപ്പെടുന്ന മോഡി സർക്കാർ എല്ലാ നാവുകളും നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിലാണ്. രാജ്യത്തെ മാധ്യമങ്ങളെ മിക്കവാറും വരുതിയിലാക്കിയെങ്കിലും സാമൂഹ്യമാധ്യമങ്ങൾ മോഡിക്കും കൂട്ടർക്കും കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിക്കുന്നത്. പരിമിതികൾ ഏറെയാണെങ്കിലും സാമൂഹ്യമാധ്യമങ്ങൾ സത്യം വിളിച്ചുപറയുന്നു. ആൾക്കൂട്ടക്കൊലപാതകങ്ങളടക്കം സംഘപരിവാറിന്റെ കടന്നാക്രമണങ്ങൾ പലതും പുറത്തുകൊണ്ടുവന്നത് സാമൂഹ്യമാധ്യമങ്ങളാണ്.

സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് നിയമങ്ങൾ കർശനമാക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനിടയിലാണ് സംഘപരിവാറിന്റെ ഇഷ്ടക്കാരായ ഇസ്രയേലിൽനിന്ന് ചാരസോഫ്റ്റ്‌വെയർ സഹായത്തിനെത്തുന്നത്. ഇതോടെ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെയാകെ നിരീക്ഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അവസരം കൈവന്നു. ഇന്റർനെറ്റ് –-മൊബൈൽ ഫോൺ സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യരുടെ സ്വകാര്യതയെ അപ്രസക്തമാക്കിക്കഴിഞ്ഞു. ഇന്റർനെറ്റിൽ ലോഗിൻ ചെയ്‌തയാളെ ലോകത്തെവിടെയിരുന്നും നിരീക്ഷിക്കാൻ സാങ്കേതികവിദ്യക്കാകും. ഈ സാധ്യതയാണ് ഭരണകൂടം ഉപയോഗിക്കുന്നത്. ചിന്തിക്കുന്ന മനുഷ്യരെ ഭയപ്പെടുന്ന സംഘപരിവാർ ഈ ചാരക്കണ്ണുകൾ ആദ്യം തിരിച്ചുവച്ചത് ബുദ്ധിജീവികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെയാണ്.

പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതുപോലും രാജ്യദ്രോഹമായ നാട്ടിൽ എല്ലാ മനുഷ്യരും നിരീക്ഷണത്തിലാകുന്നദിനം അകലെയല്ല. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കോടിക്കണക്കിനാളുകൾ രാജ്യത്തുണ്ട്. അവരെ ഭരണകൂടത്തിന്റെ തുറുകണ്ണിന് കീഴിൽ ഭയപ്പെടുത്തി നിർത്തിയാൽ രാജ്യം എന്നെന്നേക്കും വരുതിയിലാക്കാമെന്ന് സംഘപരിവാർ കരുതുന്നുണ്ടാകും. പ്രതിപക്ഷനേതാക്കളെ അഴിമതിക്കേസുകളിൽ കുടുക്കിയും കലാകാരന്മാരെയും ബുദ്ധിജീവികളെയും രാജ്യദ്രോഹികളാക്കിയും എതിർശബ്ദങ്ങൾ ഇല്ലാതാക്കാമെന്ന് അവർ വ്യാമോഹിക്കുന്നു. ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ഭരണഘടനാവകാശങ്ങളും സംരക്ഷിക്കാൻ കൂടുതൽ വീറോടെ പൊരുതേണ്ട നാളുകളാണ് രാജ്യത്തിന് മുന്നിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top