27 April Saturday

വ്യാപാരികള്‍ സര്‍ക്കാരിന്റെ ശത്രുക്കളോ?

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2016

നികുതി പിരിക്കുന്നതിനോ അതില്‍ കാര്‍ക്കശ്യം കാണിക്കുന്നതിനോ ആരും എതിരല്ല. വില്‍പ്പന നികുതിപിരിവിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങള്‍ നിശിത പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. വ്യാപാരികളെ വിശ്വാസത്തിലെടുത്തുള്ള സമീപനമാകണം വില്‍പ്പന നികുതിപിരിവില്‍ ഉണ്ടാകേണ്ടത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് തെളിയിച്ചതാണ്. എല്‍ഡിഎഫ് കാലത്ത് എല്ലാ വര്‍ഷവും നികുതിപിരിവ് 18 ശതമാനംവച്ച് കൂടി. വ്യാപാരികളുടെ പ്രതിഷേധമുണ്ടായില്ല; സമരങ്ങളുണ്ടായില്ല. യുഡിഎഫ് ഭരണത്തില്‍ നികുതിപിരിവ് വര്‍ധന 11 ശതമാനം മാത്രമാണ്. അത്രയും പിരിവുനടത്താന്‍ വ്യാപാരികളെ കഠിനമായി പീഡിപ്പിക്കുന്നു എന്ന് പരാതി ഉയര്‍ന്നിരിക്കുന്നു. പീഡനം സഹിക്കാനാകാതെ ഒരു വ്യാപാരി ആത്മഹത്യ ചെയ്യുകയും വ്യാപാരിസമൂഹം ഒന്നടങ്കം പ്രക്ഷോഭത്തിന്റെ പാതയിലെത്തുകയും ചെയ്തിരിക്കുന്നു.

ഖജനാവിലേക്ക് പണം കണ്ടെത്താന്‍ വ്യാപാരികളെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. 60 ലക്ഷം രൂപയ്ക്ക് ചുവടെ കച്ചവടം ചെയ്യുന്നവര്‍ വാറ്റിനു പകരം അരശതമാനം നികുതി അടച്ചാല്‍ മതി. എന്നാല്‍, ഈ വിഭാഗത്തില്‍പ്പെടുന്ന ചെറുകിട കച്ചവടക്കാരെ 60 ലക്ഷത്തിനു മുകളില്‍ കച്ചവടം ചെയ്യുന്നവരായി ചിത്രീകരിച്ച് ഭീമമായ നികുതി ചുമത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഈ തെറ്റായ നികുതിനയത്തിന്റെ ഇരയാണ് ചെറുകിട കച്ചവടക്കാരന്‍ ശ്രീകുമാര്‍. ഒരു വര്‍ഷംമുമ്പാണ് അമ്പലപ്പുഴ പടിഞ്ഞാറെനടയ്ക്കു സമീപം ചിത്രാ സ്റ്റോഴ്സ് മാര്‍ജിന്‍ലെസ് എന്ന സ്ഥാപനം ശ്രീകുമാര്‍ തുടങ്ങിയത്. എന്നാല്‍, ശ്രീകുമാറിന് 18 ലക്ഷം രൂപ നികുതി ചുമത്തിയ നോട്ടീസാണ് വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഈ ഭീമമായ തുക തനിക്ക് അടയ്ക്കാന്‍ കഴിയില്ലെന്ന് കാര്യകാരണസഹിതം അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. 'സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥന്മാരുടെ പീഡനം സഹിക്കാതെയാണ് ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നത്. എന്റെ കുടുംബത്തെ ഒരുകാരണവശാലും ബുദ്ധിമുട്ടിക്കരുത്'– എന്ന ആത്മഹത്യാ കുറിപ്പാണ് ശ്രീകുമാറില്‍നിന്ന് ലഭിച്ചത്.

നികുതി വരുമാനം കുറഞ്ഞതിനു കാരണം കെടുകാര്യസ്ഥതയും അഴിമതിയുമാണ്. നികുതി വെട്ടിപ്പ് പിടിക്കാന്‍ ഓരോ ഉദ്യോഗസ്ഥനും ടാര്‍ജറ്റ് നല്‍കിയിരിക്കുന്നു. വെട്ടിപ്പ് കണ്ടുപിടിച്ചാലും ഇല്ലെങ്കിലും ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയേ മതിയാകൂ. അതുകൊണ്ട് എന്തെങ്കിലും സാങ്കേതിക പിഴവ് കണ്ടെത്തി ഉദ്യോഗസ്ഥര്‍ ചെറുകിട വ്യാപാരികളുടെമേല്‍ കുതിരകയറുകയാണ്. ഭീമമായ തുകയാണ് ഇതിന്റെ ഭാഗമായി ചുമത്തുന്നത്. നിലവിലുള്ള നിയമപ്രകാരം നികുതിവെട്ടിപ്പ് സംബന്ധിച്ച ഉദ്യോഗസ്ഥന്റെ ഊഹത്തിന്റെ ഇരട്ടിയാണ് പിഴത്തുക. പിഴയിട്ടാല്‍ അപ്പീല്‍ പോയി കേസ് നടത്തേണ്ട സാഹചര്യം. കേസിനു പോകണമെങ്കില്‍ പിഴയുടെ മൂന്നിലൊന്ന് കെട്ടിവയ്ക്കണം. ഇതിനു പല കച്ചവടക്കാര്‍ക്കും കഴിയുന്നുമില്ല.

ശ്രീകുമാറിന്റെ ആത്മഹത്യാ കുറിപ്പ് ചെറുകിട കച്ചവടക്കാരുടെ ജീവിതത്തിന്റെ പ്രതിബിംബമാണ്. 50 ലക്ഷം രൂപവരെയാണ് വിവിധ ചെറുകിട കച്ചവടക്കാര്‍ക്ക് നികുതി ചുമത്തിയിരിക്കുന്നത്. ബാങ്ക് ലോണും കൈവായ്പയും വാങ്ങിയാണ് പല ചെറുകിട കച്ചവടക്കാരും വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നത്. പലപ്പോഴും നഷ്ടം സഹിക്കേണ്ടിവരുന്നു. ഈ സാഹചര്യം മനസ്സിലാക്കാതെയാണ് സര്‍ക്കാര്‍ തങ്ങളുടെ കെടുകാര്യസ്ഥതയും അഴിമതിയുംമൂലം കാലിയായ ഖജനാവ് നിറയ്ക്കാന്‍ വ്യാപാരികളെ പിഴിയുന്നത്. പടുകൂറ്റന്‍ മാളുകള്‍ നാടാകെ ഉയരുകയും ചെറുകിട വ്യാപാരരംഗത്ത് അന്താരാഷ്ട്ര ഭീമന്മാര്‍ എത്തുകയും ചെയ്യുമ്പോള്‍, വ്യാപാരിസമൂഹത്തിന്റെ നിലനില്‍പ്പുതന്നെ അപകടപ്പെടുകയാണ്്. അതിനൊപ്പം, സര്‍ക്കാര്‍ വ്യാപാരികളെ ശത്രുപക്ഷത്തുനിര്‍ത്തി വേട്ടയാടുന്നത് അതീവ ഗുരുതരമായ സ്ഥിതിയാണ് സൃഷ്ടിക്കുന്നത്.

ശ്രീകുമാറിന്റെ ആത്മഹത്യ സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. സംസ്ഥാനത്ത് ചൊവ്വാഴ്ച വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായത് ഇതിനു തെളിവ്. എല്ലാവിഭാഗം വ്യാപാരികളും കടകളടച്ച് ഹര്‍ത്താലില്‍ പങ്കാളികളായി. വ്യാപാരി വ്യവസായി സമിതിയുടെയും ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന്റെ താക്കീത് ഉള്‍ക്കൊണ്ട് അടിയന്തര തിരുത്തല്‍നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണം. തങ്ങളുടെ തെറ്റായ നടപടികള്‍കൊണ്ട്, ഉദ്യോഗസ്ഥരും വ്യാപാരികളും വിരുദ്ധപക്ഷങ്ങളില്‍ ശത്രുതയിലാകുകയാണെന്ന യാഥാര്‍ഥ്യവും സര്‍ക്കാര്‍ തിരിച്ചറിയണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top