26 April Friday

പ്രതിപക്ഷനേതാവിന്റെ അസംബന്ധവാദങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 1, 2018


സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരിക്കുകയാണല്ലോ. മൂന്ന് ബ്രൂവറിക്കും ഒരു ബ്ലൻഡിങ‌് കോമ്പൗണ്ടിങ‌് ആൻഡ‌് ബോട്‌ലിങ‌് യൂണിറ്റിനും തത്വത്തിൽ അനുമതി നൽകിയെന്നതുമാത്രമാണ് സത്യമായിട്ടുള്ളത്. ഇക്കാര്യം സുതാര്യമായാണ് നിർവഹിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതുപോലെ  രഹസ്യസ്വഭാവമൊന്നും ഇക്കാര്യത്തിലില്ല. മന്ത്രാലയ വെബ്‌സൈറ്റ് ഇതു സംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എക്‌സൈസ് കമീഷണർ ഋഷിരാജ്‌ സിങ്‌ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അബ് കാരി ചട്ടമനുസരിച്ചാണ‌് ഈ അംഗീകാരം നൽകിയിട്ടുള്ളത്. ബ്രൂവറികൾക്കും മറ്റും സർക്കാർ അപേക്ഷ ക്ഷണിക്കാറില്ല. ലഭിക്കുന്ന അപേക്ഷകൾ മുറയ‌്ക്ക് പരിശോധനയും തീരുമാനവും ഉണ്ടാകാറാണുള്ളത്.

പ്ലാന്റുകൾ തുടങ്ങണമെങ്കിൽ ലൈസൻസ് ലഭിക്കണം. സർക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചാൽമാത്രമേ ലൈസൻസിന് അപേക്ഷ നൽകാൻ പറ്റൂ.  20  മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും അനുമതി ഉൾപ്പെടെയുള്ള കടമ്പകൾ കടന്നാലേ ലൈസൻസ് ലഭിക്കൂ. ഏതെങ്കിലും ഒരു മന്ത്രാലയം അനുമതി നിഷേധിച്ചാൽ പ്ലാന്റ് തുടങ്ങാൻ കഴിയില്ല. ഈ ഘട്ടത്തിൽ ബ്രൂവറികൾക്കും മറ്റും പ്രവർത്തനാനുമതി നൽകി എന്ന് പറയുന്നതിൽ എന്തർഥമാണുള്ളത്? 

ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം എറണാകുളത്ത് കിൻഫ്ര വ്യവസായപാർക്കിൽ ബ്രൂവറിക്ക് സ്ഥലം നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാർ തമ്മിൽ തർക്കമെന്നും മറ്റുമുള്ള ആരോപണങ്ങളാണ്. വസ‌്തുതയുമായി പുലബന്ധംപോലുമില്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷ നേതാവും മറ്റും മുന്നോട്ടുവയ‌്ക്കുന്നത്. ഭൂമിയുടെ ഉടമസ്ഥതയും പ്ലാനും അനുബന്ധ രേഖകളും മറ്റും ലൈസൻസിന് അപേക്ഷ നൽകുന്ന അവസരത്തിലാണ് നൽകേണ്ടത്. ബ്രൂവറിക്ക് അപേക്ഷ നൽകിയ കമ്പനി എറണാകുളം കിൻഫ്രാപാർക്കിന് ഭൂമി ലഭിക്കുന്നതിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന കാര്യം ശരിയാണ്. വ്യവസായങ്ങൾ തുടങ്ങുന്നതിന‌് ഭൂമി നൽകുന്നതിന് കിൻഫ്ര പാർക്ക‌് എപ്പോഴും സന്നദ്ധവുമാണ്. എന്നാൽ, എല്ലാ നിബന്ധനകളും പാലിച്ചുമാത്രമേ ഭൂമി നൽകൂ എന്നുമാത്രം. ഇക്കാര്യത്തിൽ കിൻഫ്ര പാർക്ക് അറിയിച്ചിട്ടുള്ളത് നിബന്ധനകൾക്ക് വിധേയമായി പ്രസ്തുത ബ്രൂവറി കമ്പനിക്ക‌് സ്ഥലം നൽകാൻ സന്നദ്ധമാണെന്നുമാത്രമാണ്. ഈ സമ്മതപത്രമാണ് ഭൂമി ലഭിക്കുന്നതിന് അംഗീകാരം നൽകിയെന്ന മട്ടിൽ പലരും വ്യാഖ്യാനിക്കുന്നത്. 

പ്രതിപക്ഷ നേതാവ് ഉയർത്തുന്ന തീർത്തും അസംബന്ധമായ മറ്റൊരു വാദം 1999ൽ നായനാർ സർക്കാർ ഡിസ്റ്റിലറികൾക്കും ബോട്‌ലിങ‌് പ്ലാന്റുകൾക്കും അനുമതി നൽകുന്നത് നിർത്തിവച്ചുവെന്നാണ്. കാര്യങ്ങൾ പഠിക്കാതെയും നടപടിക്രമങ്ങളും ചട്ടങ്ങളും പരിശോധിക്കാതെയും എങ്ങനെയാണ് ഒരു പ്രതിപക്ഷ നേതാവിന് ഇത്രയും അസംബന്ധമായ കാര്യങ്ങൾ എഴുന്നള്ളിക്കാൻ കഴിയുന്നത്. 1999ലെ തീരുമാനം അന്ന് സർക്കാരിന്റെ മുമ്പിലുണ്ടായിരുന്ന അപേക്ഷകൾക്കുമാത്രം ബാധകമായതാണ്. സർക്കാരിന് ലഭിച്ച 110 അപേക്ഷ സൂക്ഷ്മപരിശോധനയ‌്ക്ക് വിധേയമാക്കാൻ അന്നത്തെ നികുതിവിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് പരിശോധിച്ചത്. ഈ കമ്മിറ്റി നൽകിയ റിപ്പോർട്ട് അജൻഡയ‌്ക്കു പുറത്തുള്ള വിഷയമായി 1999 സെപ്തംബർ 24ന് ചേർന്ന മന്ത്രിസഭ പരിശോധിച്ചു. മൂന്ന് കാര്യമാണ് റിപ്പോർട്ട് മുന്നോട്ടുവച്ചത്. സർക്കാരിന് ലഭിച്ച 110 അപേക്ഷയും തള്ളാമെന്നും  മന്നം ഷുഗർ മിൽ അപേക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യ കോമ്പൗണ്ടിങ‌് ആൻഡ‌് ബ്ലൻഡിങ് പ്ലാന്റിന് അനുമതി നൽകാമെന്നും നിലവിലുള്ള ഡിസ്റ്റിലറികൾ ശേഷി കൂട്ടാൻ ആവശ്യപ്പെടുന്ന പക്ഷം ചട്ടങ്ങൾ കർശനമായി പാലിച്ച് വർധിപ്പിക്കാൻ അനുമതി നൽകാമെന്നുമായിരുന്നു വിനോദ് റായി സമിതി നൽകിയ ശുപാർശ. അതപ്പടി സർക്കാർ അംഗീകരിച്ചു. സെപ്തംബർ 29ന് ഉത്തരവ് ഇറക്കുകയും ചെയ്തു.  ഇതിനർഥം അന്ന് സർക്കാരിന്റെ മുന്നിലുള്ള അപേക്ഷകളിന്മേലുള്ള തീരുമാനംമാത്രമായിരുന്നു അത് എന്നാണ്.

ഇനി ചെന്നിത്തല പറയുന്നതുപോലെ 1999ലെ സർക്കാരിന്റെ ‘തീരുമാനം' ആരെങ്കിലും ലംഘിച്ചിട്ടുണ്ടെങ്കിൽ അത് 2003ൽ അധികാരത്തിലിരുന്ന ആന്റണി സർക്കാരാണ്. തൃശൂരിലെ മലബാർ ബ്രൂവറിക്ക‌് ലൈസൻസ് (തത്വത്തിലുള്ള അംഗീകാരമല്ല) നൽകിയത് ആന്റണി സർക്കാരാണ്. തത്വത്തിലുള്ള അംഗീകാരം ലഭിച്ചതുകൊണ്ട് ഡിസ്റ്റിലറിയോ ബ്രൂവറിയോ തുറന്ന് പ്രവർത്തിക്കാനാകില്ല. അതിന് ലൈസൻസ് ലഭിക്കണം. അത് നൽകിയത് ആന്റണി സർക്കാരാണ്. (സംസ്ഥാനത്തെ മൂന്ന് ഡിസ്റ്റിലറിയും അംഗീകാരം നൽകിയത് യുഡിഎഫ് സർക്കാരാണ്.) അതായത്, ചെന്നിത്തല പരിശോധിക്കേണ്ടത് 1999ലെ ഉത്തരവല്ല മറിച്ച് 2003ലെ ഉത്തരവാണ് എന്നർഥം. അതിന് ചെന്നിത്തലയും കോൺഗ്രസും തയ്യാറാകുമോ?

ഗ്രൂപ്പ്‌ വൈരത്തിന്റെ ഭാഗമായാണോ സ്വന്തം നേതാവിനെത്തന്നെ ചെന്നിത്തല സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത്. സ്വന്തം സംഘടനയ‌്ക്കുള്ളിൽനിന്ന‌് പ്രതിപക്ഷ നേതാവിനെതിരെ ഉയരുന്ന വിമർശനശരങ്ങളിൽനിന്ന് രക്ഷപ്പെടാനാണോ സർക്കാരിനെതിരെയുള്ള അഴിമതിയാരോപണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷനേതാവെന്ന നിലയിൽ ചെന്നിത്തല പൂർണപരാജയമാണെന്നും അതിനാൽ ആ സ്ഥാനത്തുനിന്ന‌് അദ്ദേഹത്തെ മാറ്റണമെന്നുമുള്ള ആവശ്യം കോൺഗ്രസിൽ ശക്തമാണ്. ഓഖി ഫണ്ട് ദുരുപയോഗം, പ്രളയത്തിന് കാരണം സർക്കാരിന്റെ വീഴ്ച, സാലറി ചലഞ്ചിനെതിരായ എതിർപ്പ് തുടങ്ങി പ്രതിപക്ഷ നേതാവ് ഉയർത്തിയ വിഷയങ്ങളെല്ലാം നനഞ്ഞ പടക്കമായി മാറുകയായിരുന്നു. കെപിസിസി പുനഃസംഘടനയും ചെന്നിത്തലയുടെ രാഷ്ടീയ പ്രാധാന്യം ഇടിച്ചു. ഈ ഘട്ടത്തിലാണ് സർക്കാരിനെതിരെ കഴമ്പില്ലാത്ത അഴിമതിയാരോപണവുമായി ചെന്നിത്തല ഇറങ്ങിത്തിരിച്ചിട്ടുള്ളത്.  അതിനും അൽപ്പായുസ്സുമാത്രമേ ഉണ്ടാകൂവെന്ന കാര്യത്തിൽ സംശയമേതുമില്ല.  

കർണാടകത്തിലെ സുഹൃത്തുക്കളായ മദ്യരാജാക്കന്മാരെ സഹായിക്കാനല്ലേ പ്രതിപക്ഷ നേതാവിന്റെ അഴിമതിയാരോപണമെന്ന സംശയവും പല കോണുകളിൽനിന്നും ഉയർന്നിട്ടുണ്ട്.  ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും കർണാടകത്തിൽനിന്നും ഗോവയിൽനിന്നും മറ്റും ഇറക്കുമതിചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഈ ആശ്രിതത്വം അവസാനിപ്പിച്ച് സംസ്ഥാനത്തുനിന്നുതന്നെ ഇവ ഉൽപ്പാദിപ്പിക്കുന്നത് കർണാടകത്തിലും മറ്റും ഡിസ്റ്റിലറികളുള്ള കോൺഗ്രസ് നേതാക്കളുടെ കീശയുടെ വലുപ്പം കുറയുന്നതിന‌് കാരണമാകും. അതിലുള്ള വെപ്രാളവും പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങളിൽ നിഴലിച്ചുകാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top