27 April Saturday

യുഡിഎഫ് ഭരണം അവശേഷിപ്പിച്ചത്

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2016


ഖജനാവ് കാലിയാണെന്ന വിവരം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതിനെ പ്രതിരോധിച്ചത് ഖജനാവില്‍ 1643 കോടി രൂപ നീക്കിയിരിപ്പുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ടാണ്. അതിന്റെ നിജസ്ഥിതി സംബന്ധിച്ച് വിവരമുള്ളവര്‍ അന്നേ പ്രതികരിച്ചു. വാസ്തവം ഇപ്പോള്‍ പുറത്തായിരിക്കുന്നു. ഡോ. തോമസ് ഐസക് ധനവകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തില്‍ തയ്യാറാക്കിയ ധവളപത്രം യഥാര്‍ഥ സ്ഥിതി വെളിപ്പെടുത്തുന്നു. മിച്ചമല്ല, 173 കോടി രൂപയുടെ കമ്മിയാണ് യഥാര്‍ഥത്തില്‍ ട്രഷറി നേരിട്ടത്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ 3882 കോടി രൂപയുടെ ട്രഷറി മിച്ചം അവശേഷിപ്പിച്ചാണ് അധികാരം ഒഴിഞ്ഞത് എന്നതും ഓര്‍ക്കേണ്ടതുണ്ട്.

ഞെട്ടിപ്പിക്കുന്ന അനവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ധവളപത്രം. സാമ്പത്തികസ്ഥിതിയുടെ ആഴവും പരപ്പും അത് വരച്ചുകാട്ടുന്നു. പ്രതിസന്ധിക്ക് കാരണങ്ങള്‍ അന്വേഷിക്കുകമാത്രമല്ല, പരിഹാരങ്ങളുടെ രൂപരേഖ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് യുഡിഎഫിന്റെ 2001ലെയും 2011ലെയും ധവളപത്രങ്ങളും ഇപ്പോഴത്തേതുമായുള്ള വ്യത്യാസം.

ചെലവുകള്‍ വര്‍ധിച്ചതും റവന്യൂ വരുമാനം കുറഞ്ഞതുമാണ് സാമ്പത്തികപ്രതിസന്ധിക്ക് അടിസ്ഥാനം. 1000 കോടി രൂപയുടെ അധികബാധ്യത ഓരോ വര്‍ഷവും ബജറ്റിന് വെളിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 10,000 കോടി രൂപയുടെ ബാധ്യത അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ടതുണ്ട്. ക്രമംവിട്ട പൊതുകടം സര്‍ക്കാരിന്റെ പലിശ ചെലവ് ഉയര്‍ത്തിയിരിക്കുന്നു. ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ 15,000 കോടി രൂപ അധികമായി വേണം. മറുവശത്ത് പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ള വിഭവസമാഹരണത്തില്‍ ഗുരുതരവീഴ്ച വരുത്തി. ചെക്പോസ്റ്റുകള്‍ അഴിമതികേന്ദ്രങ്ങളാക്കി. നികുതികള്‍ക്ക് സ്റ്റേ പ്രഖ്യാപിച്ചു. പിന്നീട് ആ സ്റ്റേകള്‍ നീക്കാന്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. ഇതിന്റെയെല്ലാം പരിണതഫലമായി മൂലധനനിക്ഷേപം പിന്നോട്ടടിച്ചു. സാമ്പത്തികവളര്‍ച്ചയുടെ അടിസ്ഥാനമാണ് മൂലധനനിക്ഷേപം. പദ്ധതിച്ചെലവുകള്‍ ലക്ഷ്യമിട്ടതിന്റെ അയലത്തൊന്നും എത്തിയില്ല. പദ്ധതി അടങ്കലിന്റെ 60 ശതമാനമേ ചെലവഴിച്ചുള്ളൂ. അഥവാ 40 ശതമാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം സംസ്ഥാനത്തിന് നഷ്ടമായി. കൊടുത്തുതീര്‍ക്കാനുള്ള എല്ലാ ബില്ലുകളും ക്യൂവില്‍ നിര്‍ത്തിയിരിക്കുകയാണ്. ട്രഷറിയില്‍ പണമുണ്ടാകുന്ന മുറയ്ക്ക് കൊടുത്തുതീര്‍ക്കുന്ന രീതിയാണ് യുഡിഎഫ് സര്‍ക്കാര്‍ പിന്തുടര്‍ന്നത്. അങ്ങനെയാണ് ട്രഷറി പൂട്ടാതെ രക്ഷപ്പെട്ടത്.

റവന്യൂ സമാഹരണത്തിന്റെ വീഴ്ചമൂലം റവന്യൂകമ്മി വര്‍ഷംതോറും കുതിച്ചുയരുകയാണ്. സിഎജി റിപ്പോര്‍ട്ട് ഇതിനെതിരെ ശക്തമായി വിരല്‍ചൂണ്ടിയിട്ടുണ്ട്. ധന ഉത്തരവാദിത്ത നിയമപ്രകാരം റവന്യൂകമ്മി 2014–15ല്‍ പൂജ്യത്തില്‍ എത്തിക്കണമായിരുന്നു. എത്തിച്ചില്ലെന്നുമാത്രമല്ല, 3.1 ശതമാനത്തിലേക്ക് അത് ഉയരുകയും ചെയ്തു. ഇനിയുള്ള എല്ലാ വര്‍ഷങ്ങളിലും റവന്യൂകമ്മി തുടര്‍ച്ചയായി വര്‍ധിച്ച് 2021ല്‍ 3.5 ശതമാനത്തിനുമുകളിലാകും. എന്നാല്‍, മൂന്ന് ശതമാനമേ ധന ഉത്തരവാദിത്ത നിയമപ്രകാരം സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ കഴിയൂ. വായ്പ പൂര്‍ണമായി വിനിയോഗിച്ചാലും ദൈനംദിനചെലവുകള്‍ക്ക് പണമുണ്ടാകില്ല എന്നതാകും നടപ്പുവര്‍ഷംമുതലുള്ള സ്ഥിതി. അഥവാ പരിപൂര്‍ണ ട്രഷറിസ്തംഭനമാണ് യുഡിഎഫ് സമ്മാനിച്ചത്.

ഈ ദുഃസ്ഥിതിയില്‍നിന്ന് കരകയറ്റി സംസ്ഥാനത്തെ വികസനത്തിന്റെ പാതയില്‍ എത്തിക്കാനുള്ള തന്ത്രത്തിന്റെ രൂപരേഖയും ധവളപത്രം മുന്നോട്ടുവയ്ക്കുന്നു. പാവങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളിലൊന്നും കുറവുവരുത്താതെ റവന്യൂച്ചെലവ് നിയന്ത്രിച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശമ്പളം, പെന്‍ഷന്‍, പലിശ ഒഴികെയുള്ള പദ്ധതിയിതരചെലവ് കര്‍ക്കശമായി നിയന്ത്രിക്കുക വഴിയാണ് ഇത് നേടുക. പ്രതിവര്‍ഷം നികുതിവരുമാനം 20–25 ശതമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. യുഡിഎഫ് ഭരണത്തില്‍ പ്രതിവര്‍ഷം ശരാശരി നികുതിവരുമാന വര്‍ധന 12 ശതമാനം വീതമായിരുന്നു. റവന്യൂചെലവ് കഴിഞ്ഞ് മിച്ചംവയ്ക്കാന്‍ കഴിയുന്ന പണം ഉപയോഗപ്പെടുത്തി ബജറ്റിനു പുറത്ത് പരമാവധി മൂലധനം വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അങ്ങനെ സംസ്ഥാനത്തെ പൊതുനിക്ഷേപം ഉയര്‍ത്തും. പാവങ്ങളെയും പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലകളെയും സംരക്ഷിച്ച് സാമ്പത്തികമുരടിപ്പിനെ പ്രതിരോധിക്കുന്നതിന് മൂലധനനിക്ഷേപത്തില്‍ കുതിപ്പ് ഉറപ്പുവരുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ശോഷിച്ച ഖജനാവിനെ ഓര്‍ത്ത് വിലപിക്കുകയല്ല, പ്രതിസന്ധികള്‍ മുറിച്ച് മുന്നോട്ടുകുതിക്കുകയാണ് സര്‍ക്കാരിന്റെ നയമെന്ന് ധവളപത്രം അടയാളപ്പെടുത്തുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top