27 April Saturday

ആദിവാസികളുടെ ദുരിതജീവിതം

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2016

നവകേരള മാര്‍ച്ചിന്റെ ഭാഗമായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആദിവാസിമേഖലകളില്‍ നടത്തിയ പര്യടനവും കൂടിക്കാഴ്ചകളും ആദിവാസി സമൂഹത്തിന്റെ പൊള്ളിക്കുന്ന ജീവിതപ്രശ്നങ്ങള്‍ വീണ്ടുമൊരിക്കല്‍ക്കൂടി സമൂഹശ്രദ്ധയില്‍ കൊണ്ടുവന്നു.

കല്‍പ്പറ്റയിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചതിനും ആദിവാസി സമൂഹത്തിന്റെ വിവിധ തുറകളിലെ വ്യക്തികളുമായി ചര്‍ച്ച നടത്തിയതിനുംശേഷം പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധയ്ക്ക് വിഷയമാക്കേണ്ടവയാണ്. ആദിവാസി ക്ഷേമത്തിനുള്ള സര്‍ക്കാര്‍ പണം ആദിവാസി മേഖലകളില്‍ എത്താതെ പോകുന്നു. ശിശുമരണം, രോഗബാധ, വിദ്യാഭ്യാസ സൌകര്യത്തിന്റെ അഭാവം, ചികിത്സാ സൌകര്യമില്ലായ്മ, പോഷകാഹാരക്കുറവ്, കയറിക്കിടക്കാനിടമില്ലായ്മ എന്നിങ്ങനെ പ്രശ്നങ്ങള്‍ നിരവധി. സര്‍ക്കാര്‍ ഇതിലേക്കൊന്നും ശ്രദ്ധിക്കുന്നതേയില്ല എന്നതാണ് സ്ഥിതി.

ട്രഷറി നിയന്ത്രണത്തിന്റെയും മറ്റും പേരുപറഞ്ഞ് ആദിവാസി ക്ഷേമത്തിനുള്ള തുകപോലും നിഷേധിച്ച യുഡിഎഫ് സര്‍ക്കാരാണ് അട്ടപ്പാടി അടക്കമുള്ള ആദിവാസിമേഖലകളിലെ ദുരിതാവസ്ഥയ്ക്ക് കാരണക്കാര്‍. ഏത് സര്‍ക്കാരും ട്രഷറിനിയന്ത്രണം പോലുള്ളവയില്‍നിന്ന് ദുബര്‍ലവിഭാഗങ്ങളെ ഒഴിവാക്കും. എന്നാല്‍, യുഡിഎഫ് അതിദുര്‍ബല വിഭാഗമായ ആദിവാസികള്‍ക്കുള്ള ക്ഷേമനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ട്രഷറിനിയന്ത്രണംവരെ മറയാക്കി. ആ ഘട്ടങ്ങളില്‍ ആഹാരവും മരുന്നുമില്ലാതെ ആദിവാസികള്‍ വലഞ്ഞു. പല രോഗങ്ങളും അവിടെ പിടിമുറുക്കി. അതിന്റെ ദുരന്തം ഇപ്പോഴും അനുഭവിക്കുകയാണവര്‍.

പട്ടികവര്‍ഗക്ഷേമത്തിന് നീക്കിവയ്ക്കുന്ന ബജറ്റ് തുകയില്‍ പാതിപോലും അനുവദിക്കുന്നില്ല. അനുവദിച്ചതില്‍ പാതി ചെലവഴിക്കുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ ചെലവാക്കല്‍ ശരാശരി 30 ശതമാനംമാത്രം. സാമ്പത്തികവര്‍ഷം കഴിയാന്‍ രണ്ടുമാസം തികച്ചില്ല. ചില ആദിവാസിമേഖലകളില്‍ ഏഴും ഒമ്പതും ഒക്കെ ശതമാനം മാത്രമാണ് ചെലവഴിച്ചത്. അഗളിയില്‍ ഏഴ്, ഷോളയൂരില്‍ ഒമ്പത്. കേന്ദ്ര ഫണ്ടുപോലും ട്രഷറിനിയന്ത്രണത്തിന്റെ പേരില്‍ തടഞ്ഞുവച്ച ക്രൂരതയാണ് സര്‍ക്കാര്‍ കാട്ടിയത്.

ഭൂമി കണ്ടെത്തി നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്ന അട്ടപ്പാടി സര്‍വേ ഓഫീസ് പൂട്ടി ആദിവാസികള്‍ക്ക് ഭൂമി നിഷേധിച്ച സര്‍ക്കാരാണ് യുഡിഎഫിന്റേത്. എല്‍ഡിഎഫ് ഭരണം ആദ്യ നാലുവര്‍ഷത്തിനിടെ തന്നെ 14,185 ഏക്കര്‍ ഭൂമി ആദിവാസി വനനിയമപ്രകാരം വിതരണംചെയ്തു. 56 പട്ടയമേളകള്‍ നടത്തി. 1,46,000 പേര്‍ക്ക് ഭൂമി നല്‍കി. 20,000 ഏക്കര്‍ സര്‍വേ പൂര്‍ത്തിയാക്കി. എന്നാല്‍, തുടര്‍നടപടി ഒന്നും യുഡിഎഫ് സര്‍ക്കാരില്‍നിന്നുണ്ടായില്ല. ഒരുവശത്ത് ആദിവാസി ക്ഷേമത്തെക്കുറിച്ച് വാചകമടി, മറുവശത്ത് അവര്‍ക്കായി അനുവദിക്കുന്ന തുകപോലും പാഴാക്കിക്കളയല്‍. ഇതാണ് യുഡിഎഫ് സര്‍ക്കാരിന്റെ പരിപാടി.

എന്തെങ്കിലും തൊടുന്യായം പറഞ്ഞ് ആനുകൂല്യം നിഷേധിക്കാനാകുമോ എന്നതില്‍ ഗവേഷണം നടത്തുകയായിരുന്നു സര്‍ക്കാര്‍. കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്തില്ല എന്നതുവരെ ആദിവാസി കര്‍ഷകര്‍ക്ക് കാര്‍ഷികാനുകൂല്യം നിഷേധിക്കാനുള്ള മറയാക്കി. ആനുകൂല്യത്തിന് അപേക്ഷിക്കാന്‍ ആദിവാസികള്‍ക്ക് നിരവധി തടസ്സങ്ങളുണ്ട്. ഭൂരിഭാഗം ആദിവാസി കുടുംബങ്ങള്‍ക്കും കുടുംബസ്വത്തായി ഭൂമിയില്ല. പരമ്പരാഗതമായി കൈവശം വയ്ക്കുന്ന ഭൂമിക്കാകട്ടെ പല അവകാശികളുണ്ടാകും. അളന്നുതിരിച്ച് രേഖ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. വലിയ ഒരു വിഭാഗം റിസര്‍വ് വനത്തിലാണ്. അവരുടെ പക്കല്‍ ഒരു രേഖയുമില്ല. വില്ലേജ് ഓഫീസില്‍നിന്നോ വനംവകുപ്പില്‍നിന്നോ രേഖ ലഭിക്കില്ല. ഇതൊക്കെ മറയാക്കി കാര്‍ഷികാനുകൂല്യങ്ങള്‍ നിഷേധിക്കുകയായിരുന്നു.

അട്ടപ്പാടിയില്‍ ആദിവാസിമേഖലയില്‍ ശിശുമരണനിരക്ക് ക്രമാതീതമായി ഉയര്‍ന്നപ്പോള്‍, ഡോക്ടര്‍മാരുടെ ആറംഗ സംഘത്തെ ഇത് പഠിക്കാനായി സിപിഐ എം നിയോഗിച്ചു. സംഘം വിഷയം പഠിച്ചശേഷം 143 പേജുള്ള റിപ്പോര്‍ട്ട് നല്‍കി. അത് പുസ്തകരൂപത്തില്‍ അച്ചടിച്ചിറക്കി. അതിന്മേല്‍ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല. ആ റിപ്പോര്‍ട്ട് വായിച്ചുനോക്കിയതുപോലുമില്ല. ഇതാണ് സര്‍ക്കാരിന്റെ ആദിവാസി സമീപനം!

ആദിവാസികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് വനാവകാശ നിയമം, നിയമത്തിന്റെ അന്തസ്സത്തയ്ക്കനുസരണമായി നടപ്പാക്കണം. ആദിവാസികള്‍ക്ക് ഭൂമിയിന്മേലുള്ള ഉടമസ്ഥാവകാശവും സ്വാതന്ത്യ്രവും ഉറപ്പാക്കണം. ത്രിപുര സര്‍ക്കാര്‍ വനാവകാശനിയമവും ആദിവാസി അവകാശങ്ങളും എങ്ങനെ നടപ്പാക്കി എന്നത് കേരളത്തില്‍ മാതൃകയാക്കണം.

വനാവകാശനിയമപ്രകാരം ലഭിച്ച ഭൂമി വനംവകുപ്പ് ഇന്നും വനമായി കണക്കാക്കുന്നു. ആദിവാസികള്‍ക്ക് അന്തിയുറങ്ങാന്‍ വീട് നിര്‍മിക്കാന്‍ പറ്റില്ല. വൃക്ഷങ്ങള്‍ ഉപയോഗിക്കാന്‍ പറ്റില്ല. കൈയേറ്റക്കാരില്‍നിന്ന് സ്വയം രക്ഷിക്കാന്‍ പറ്റില്ല. പിന്നെ എന്ത് അവകാശമാണ് ആദിവാസികള്‍ക്കുള്ളത്? ആദിവാസികളുടെ വനഭൂമിക്ക് റവന്യൂ ഭൂമിയുടെ പദവി നല്‍കണം. വനവിഭവങ്ങള്‍ ശേഖരിക്കാനും ക്രയവിക്രയം നല്‍കാനുമുള്ള സ്വാതന്ത്യ്രം നല്‍കണം. രേഖ കൊടുത്താല്‍ പോര. പ്രാബല്യത്തില്‍ സ്വാതന്ത്യ്രവും അധികാരവും കൊടുക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top