26 April Friday

മെയ് ദിനവും വരാനിരിക്കുന്ന പോരാട്ടവും

വെബ് ഡെസ്‌ക്‌Updated: Tuesday May 1, 2018


വീണ്ടും മെയ് ദിനം. ലോകമാകെ തൊഴിലാളി പോരാട്ടങ്ങള്‍ക്ക് ആവേശം പകരുന്ന ദിവസം. ഈ മെയ്ദിനത്തില്‍ ഇന്ത്യയിലെ തൊഴിലാളിവര്‍ഗം  പുതിയ സമരപാതകളിലേക്ക് കുതിക്കാനൊരുങ്ങുകയാണ്. നിരന്തര പോരാട്ടമല്ലാതെ മാര്‍ഗമില്ലാത്തവിധം തൊഴിലാളികള്‍ വെല്ലുവിളികള്‍ നേരിടുകയാണ്. തൊഴില്‍ നിയമങ്ങള്‍ പുതുക്കിപ്പണിതും ഇല്ലാതാക്കിയും മാറ്റിയെഴുതിയും നിലവിലുള്ള ആനുകൂല്യങ്ങള്‍ കൂടി ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ വ്യാവസായിക തൊഴില്‍ മേഖലകളില്‍ സ്ഥിരം തൊഴില്‍ ഇല്ലാതാക്കി  കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ കൊള്ളയ്ക്ക് സൗകര്യം ഒരുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നീങ്ങുകയാണ്. ഇതിലെ ഏറ്റവും അവസാനത്തെ ചുവടുകളിലൊന്നാണ് ഈ വിജ്ഞാപനം. തൊഴിലാളി സംഘടനകളെത്തന്നെ ഇല്ലാതാക്കി തൊഴിലാളിവര്‍ഗത്തിന്റെ സംഘടിത ശേഷി തകര്‍ത്ത് തടസ്സങ്ങളില്ലാത്ത മുതലാളിത്ത ചൂഷണത്തിനു വഴിയൊരുക്കുകയാണ് ലക്ഷ്യം. തൊഴിലാളിവർഗത്തെ അടിമത്തത്തിലാക്കാനുള്ള നവലിബറൽ അജൻഡയുടെ ഭാഗമാണ് ഈ നീക്കമെന്ന് ഹൈദരാബാദില്‍ ചേര്‍ന്ന  സിപിഐ എം പാര്‍ടി കോണ്‍ഗ്രസ്  ചൂണ്ടിക്കാട്ടിയിരുന്നു. അന്തർദേശീയ ധനമൂലധനശക്തികളും ഇന്ത്യൻ കോർപറേറ്റുകളും നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചാണ് മോഡി സര്‍ക്കാരിന്റെ ചെയ്തികള്‍.സ്ഥിരം തൊഴില്‍ ഇല്ലാതാകുന്നതോടെ ഒരു വ്യവസായത്തിലും തൊഴിലാളികളെ സ്ഥിരംജോലിക്കാരായി നിയമിക്കേണ്ടതില്ല. പകരം രണ്ടോ മൂന്നോ വർഷത്തേക്ക് നിയമിക്കാം. ഒരു ആനുകൂല്യവും നല്‍കാതെ ഈ തൊഴിലാളിയെ കാലാവധി കഴിയുമ്പോള്‍ പിരിച്ചുവിടാം.  ഒരു നിശ്ചിതകാലത്തേക്ക് നിയമിതനാകുന്ന ഒരാൾക്ക് അതവസാനിച്ചാൽ ഭാവിയെന്ത് എന്ന ആശങ്കയോടെ ജീവിക്കേണ്ടിവരും.ജോലി സ്ഥിരത എന്നത് അസ്തമിക്കും.തൊഴില്‍ നിയമങ്ങളുടെ മേലുള്ള ഈ ആക്രമണത്തിന് ആദ്യ എന്‍ഡിഎ സര്‍ക്കാരും പിന്നാലെ വന്ന യുപിഎ സര്‍ക്കാരും തുടക്കമിട്ടിരുന്നു. 2003ൽ ആദ്യമായി നിശ്ചിതകാല തൊഴിൽ ഏർപ്പെടുത്തി അന്നത്തെ  ബിജെപി സർക്കാര്‍ വിജ്ഞാപനമിറക്കി. തൊഴിലാളി സംഘടനകള്‍ ഒന്നിച്ചു പ്രക്ഷോഭത്തിനിറങ്ങിയതോടെ  അടുത്ത  യുപിഎ സർക്കാരിന് ഇത് റദ്ദാക്കേണ്ടിവന്നു. 2014ൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ ആദ്യം ടെക‌്സ‌്റ്റൈൽ മേഖലയിൽ നിശ്ചിതകാല തൊഴിൽ ഏർപ്പെടുത്തി. ഇപ്പോഴത് എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു.

2015 സെപ്തംബറിലെ  അഖിലേന്ത്യ പണിമുടക്കിലൂടെ ഈ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ശക്തമായ താക്കീത് നല്‍കിയിരുന്നു.എന്നാല്‍, തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിവച്ചിരുന്ന പരിഷ്ക്കാരങ്ങളെല്ലാം ഒന്നിച്ച് കൊണ്ടുവരികയാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍. തൊഴില്‍ നിയമങ്ങള്‍ ‘ലഘൂകരിക്കാനും ലയിപ്പിക്കാനും യുക്തിഭദ്രമാക്കാനും’ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് 2017ലെ ബജറ്റിലൂടെ പ്രഖ്യാപിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ‌് ലി നല്‍കിയത് വരാനിരിക്കുന്ന ആക്രമണത്തിന്റെ സൂചനയാണ്. പരിഷ്ക്കരണമെന്ന പേരില്‍ എല്ലാ തൊഴില്‍ നിയമങ്ങളും തൊഴിലുടമകള്‍ക്ക് അനുകൂലമാക്കുകയാണ്. നിയമങ്ങൾക്കു പകരം ലേബർ കോഡ് ഉണ്ടാക്കാനാണ് ശ്രമം. മിനിമം വേതന നിയമം അടക്കമുള്ള നിയമങ്ങള്‍ക്കുമേല്‍ കൈവയ‌്ക്കുന്നു. അപ്രന്റിസ്ഷിപ് നിയമം ഇതിനകം ഭേദഗതിചെയ്തു. ഫാക്ടറി നിയമം, കരാർതൊഴിൽ നിയമം എന്നിവ ഭേദഗതിചെയ്യാൻ നടപടികൾ പൂർത്തിയാക്കുകയാണ്. 44 തൊഴിൽനിയമങ്ങൾ ലയിപ്പിച്ച് നാല് ലേബർ കോഡുകളാക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്ന വ്യവസ്ഥകള്‍ മാറ്റുന്നു. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ)യുടെ നിര്‍ദേശങ്ങള്‍ പോലും ലംഘിച്ചാണ് തൊഴിലാളി സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്ന നിയമത്തിലെ വ്യവസ്ഥകള്‍. തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പുതിയ നിയമം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത.പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു മെയ്ദിനാചരണത്തിലേക്കു നയിച്ച ചിക്കാഗോയിലെ തൊഴിലാളി പ്രക്ഷോഭവും രക്തസാക്ഷിത്വവും. ഇന്ത്യയില്‍ ഇന്ന് മോഡിയും കൂട്ടരും തൊഴില്‍ നിയമമാറ്റത്തിലൂടെയും മറ്റും പതിനെട്ടാം നൂറ്റാണ്ടിലെ അടിമത്തസമാനമായ കാലത്തേക്കാണ് രാജ്യത്തെ തൊഴില്‍ മേഖലയെ നയിക്കുന്നത്. സമരം, നിരന്തര സമരം എന്നതാണ് ഈ  മെയ്ദിനം ഇന്ത്യയിലെ തൊഴിലാളിക്കു നല്‍കുന്ന  സന്ദേശം.  വ്യാവസായിക തൊഴില്‍ മേഖലകളില്‍ സ്ഥിരം തൊഴില്‍ ഇല്ലാതാക്കി  കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയ ഉടന്‍ തന്നെ കേരളത്തിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി ആ സമരത്തിലേക്ക്  ഇറങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ തൊഴിലാളികളാകെ ആ സമരപാതയിലേക്ക് വൈകാതെ എത്തുമെന്ന് പ്രത്യാശിയ്ക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top