27 April Saturday

നാടിന്റെ സ്‌പന്ദനമറിഞ്ഞ്‌ ജനപ്രതിനിധികളാകുക

വെബ് ഡെസ്‌ക്‌Updated: Tuesday Dec 22, 2020

തദ്ദേശ സ്വയംഭരണം നിലവിലുള്ള രീതിയിൽ പുനഃസംവിധാനം ചെയ്യപ്പെട്ടിട്ട്‌ കാൽനൂറ്റാണ്ട്‌ പിന്നിടുന്ന ഘട്ടത്തിലാണ്‌ പുതിയ ഭരണസമിതികൾ ചുമതലയേൽക്കുന്നത്‌. 73, 74 ഭരണഘടനാ ഭേദഗതിപ്രകാരം ഗ്രാമ–- നഗര ഭരണത്തിന്‌ അർഥവത്തായ ഉള്ളടക്കം പ്രദാനം ചെയ്യുന്നതായിരുന്നു 1994ലെ കേരള പഞ്ചായത്തിരാജ്‌ –-നഗരപാലിക നിയമങ്ങൾ. 1996ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഈ നിയമങ്ങൾ കുറ്റമറ്റതാക്കി, തദ്ദേശഭരണത്തിന്‌ കൂടുതൽ ഉൾക്കാഴ്‌ചയും ലക്ഷ്യബോധവും നൽകി. ഇതിന്റെ പൂർത്തീകരണമായിരുന്നു ലോകശ്രദ്ധ നേടിയ ജനകീയാസൂത്രണം. പ്രാദേശിക സർക്കാരുകൾക്ക്‌ കൂടുതൽ അധികാരവും ധനവും നൽകി. ആസൂത്രണവും പദ്ധതി രൂപീകരണവും ജനങ്ങളുടെ ആവശ്യങ്ങളിൽ അധിഷ്‌ഠിതമാക്കി. ഒപ്പം, അവരുടെ നേരിട്ടുള്ള പങ്കാളിത്തവുമുണ്ടായി. ഗ്രാമ, വാർഡ്‌ സഭകളും അയൽക്കൂട്ടവും കുടുംബശ്രീയുമെല്ലാം ലോകോത്തര പരീക്ഷണങ്ങളായി വിജയക്കൊടി പാറിച്ചു.

തുടർന്നുവന്ന യുഡിഎഫ്‌ സർക്കാർ ജനകീയാസൂത്രണത്തിന്റെ  കഴുത്തുഞെരിക്കാനാണ്‌ തയ്യാറായത്‌. എന്നാൽ, അടുത്ത എൽഡിഎഫ്‌ സർക്കാർ ജനകീയാസൂത്രണത്തിന്റെയും തദ്ദേശ സ്വയംഭരണത്തിന്റെയും മേന്മകൾ തിരിച്ചുപിടിച്ചു. വീകേന്ദ്രീകൃതാസൂത്രണവും പ്രാദേശികഭരണവും വലിയൊരു കുതിച്ചുചാട്ടത്തിനു സാക്ഷ്യംവഹിച്ച അഞ്ചുവർഷമാണ്‌‌ കടന്നുപോയത്‌. പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഏറ്റവും വിപ്ലവകരമായ പരിവർത്തനത്തിനാണ്‌ തദ്ദേശഭരണം വിധേയമായത്‌. പദ്ധതി നിർവഹണത്തിലും ധനവിനിയോഗത്തിലും ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും മാതൃകയായി. ജനജീവിതം തൊട്ടറിഞ്ഞ നാലു മിഷനിലൂടെ പുതിയൊരു വികസനപന്ഥാവ്‌ കേരളത്തിനു സ്വന്തമായി. വീടും ആരോഗ്യവും വിദ്യാഭ്യാസവും പരിസരവും മലയാളിയുടെ മനസ്സിൽ ഇന്ന്‌ ആശങ്കയല്ല; യാഥാർഥ്യവും പ്രത്യാശയുമാണ്‌. തൊഴിലും കൃഷിയും സംബന്ധിച്ച കാഴ്‌ചപ്പാടുകളും പുനരാവിഷ്‌കരിക്കപ്പെട്ടു. ഇതെല്ലാം ശരിയായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം സേവനത്തിന്റെയും സമർപ്പണത്തിന്റെയും പുതിയ പാഠങ്ങൾ രചിക്കാൻ ഇപ്പോൾ ചുമതലയേറ്റ ജനപ്രതിനിധികൾ സന്നദ്ധരാകണം.

കേരളം നേരിടുന്ന വെല്ലുവിളികളിൽ പ്രാദേശിക സർക്കാരുകൾ ഏറ്റെടുക്കേണ്ട സുപ്രധാന ചുമതലകളടങ്ങിയ കർമപരിപാടിയാണ്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മുന്നോട്ടുവച്ചത്‌. ദാരിദ്ര്യം തുടച്ചുനീക്കൽ, അഞ്ചു ലക്ഷംപേർക്ക്‌ വീട്‌, 10‌ ലക്ഷംപേർക്ക്‌ തൊഴിൽ എന്നിവ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണ്‌. ഓരോ കുടുംബത്തെയും ദാരിദ്ര്യത്തിൽനിന്നു കരകയറ്റാൻ മൈക്രോ പ്ലാനുകൾ ആവിഷ്‌കരിക്കും. ഇതിനായി കുടുംബശ്രീ ഉപമിഷൻ രൂപീകരിക്കും. ‘ആശ്രയപദ്ധതി’ പുനഃസംഘടിപ്പിക്കും. കാർഷികമേഖലയിൽ അഞ്ചു ലക്ഷംപേർക്കും കാർഷികേതര മേഖലയിൽ അഞ്ചു ലക്ഷംപേർക്കും‌ തൊഴിൽ ഉറപ്പാക്കും. നഗരങ്ങളിൽ അഭ്യസ്തവിദ്യർക്കുകൂടി പ്രയോജനപ്പെടുംവിധം അയ്യൻകാളി തൊഴിലുറപ്പു പദ്ധതി പരിഷ്‌കരിക്കും. ‌സ്വകാര്യ സംരംഭങ്ങളിൽ അപ്രന്റീസ്‌– -ഇന്റേണുകളായി അഭ്യസ്‌തവിദ്യർക്ക് തൊഴിൽ നൽകിയാൽ തൊഴിലുറപ്പുപദ്ധതി നിരക്കിൽ കൂലി ഉറപ്പാക്കും. ഇത്തരത്തിൽ പ്രായോഗികരംഗത്ത്‌ വളരെയേറെ ഇടപെടലുകൾ ആവശ്യമായി വരുന്ന പദ്ധതികളാണ്‌ മുന്നോട്ടുവച്ചത്‌. ഇത്‌ തദ്ദേശ ജനപ്രതിനിധികളുടെ പ്രധാന പ്രവർത്തനരംഗമായി മാറണം.

ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി ചുമതലയേറ്റ ഇരുപത്തൊന്നായിരത്തിൽപ്പരം ജനപ്രതിനിധികളിൽ ഗണ്യമായ പങ്ക്‌ യുവജനങ്ങളാണ്‌. ഇവരുടെ ഊർജ്വസ്വലതയും മുതിർന്നവരുടെ അനുഭവസമ്പത്തും സമന്വയിക്കുമ്പോൾ നാടിന്റെ വികസനക്കുതിപ്പിനുള്ള സന്നദ്ധസേനയാണ്‌ രൂപപ്പെടുന്നത്‌. ഇവർക്ക്‌ ശാസ്‌ത്രീയ പരിശീലനം കോവിഡുകാല പരിമിതിക്കകത്തുനിന്ന്‌ നൽകാനുള്ള പദ്ധതി കില തയ്യാറാക്കിയിട്ടുണ്ട്‌. കടുത്ത ധന പ്രതിസന്ധിക്കിടയിലും തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതത്തിൽ കുറവുവരുത്തില്ലെന്ന്‌ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. സാമൂഹ്യസുരക്ഷാ  നടപടികൾ വിപുലപ്പെടുത്തുമ്പോൾ അർഹരായ മുഴുവൻ പേർക്കും ലഭ്യമാക്കാനും അനർഹരെ ഒഴിവാക്കാനും ജനപ്രതിനിധികൾ ജാഗ്രത കാണിക്കണം. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഭക്ഷ്യോൽപ്പന്ന വർധനയ്‌ക്കുള്ള ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ഫലപ്രദമായി നടന്നുവരികയാണ്‌. കൂടുതൽ സ്ഥലം കണ്ടെത്തി കൂട്ടുകൃഷി, തരിശുകൃഷി, കരക്കൃഷി എന്നിവ കൂടുതൽ വിപുലപ്പെടുത്തേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക്‌ എല്ലായിടത്തും ഒരുപോലെ വന്നിട്ടില്ല.

ഹരിതകേരളമിഷൻ മുന്നോട്ടുവയ്‌ക്കുന്ന കർമപദ്ധതി വൈവിധ്യമാർന്നതാണ്‌. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌കരണം, ജൈവകൃഷി എന്നിവയെല്ലാം ഈ ബൃഹത്‌ പദ്ധതിയുടെ അവിഭാജ്യഘടകങ്ങളാണ്‌. ഖരമാലിന്യ സംസ്‌കരണത്തിന്‌ സ്ഥിരം സംവിധാനം മേഖലാടിസ്ഥാനത്തിലെങ്കിലും ഉറപ്പുവരുത്താനാകണം. ജൈവമാലിന്യം സ്രോതസ്സിൽത്തന്നെ സംസ്‌കരിക്കാനും അത്‌ വിഷരഹിത പച്ചക്കറി കൃഷിക്കായി പ്രയോജനപ്പെടുത്താനും സാധിക്കണം. ജലസ്രോതസ്സുകളുടെ സംരക്ഷണവും ശുദ്ധമായ കുടിവെള്ളവും തദ്ദേശസ്ഥാപനങ്ങളുടെ മുഖ്യ ചുമതലയായി മാറണം. ആരോഗ്യ –-വിദ്യാഭ്യാസ രംഗങ്ങളിൽ പശ്ചാത്തല സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിൽ വളരെയേറെ മുന്നിലെത്തി. എന്നാൽ, ഗുണമുള്ളതും മെച്ചപ്പെട്ടതുമായ സേവനവും അധ്യയനവും ഉറപ്പുവരുത്തുന്നതിലാകണം ഇനിയുള്ള ശ്രദ്ധ.

ദുരന്തകാലങ്ങളിൽ തദ്ദേശഭരണത്തിന്‌ എന്തുചെയ്യാനാകുമെന്ന്‌ തെളിയിച്ച സന്ദർഭങ്ങളായിരുന്നു പ്രളയവും കോവിഡും. ദുരിതാശ്വാസത്തിനും രോഗപ്രതിരോധത്തിനും സർക്കാർ സ്വീകരിച്ച നടപടികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ സ്‌തുത്യർഹമായി പ്രവർത്തിച്ചു. ‌ഇക്കാര്യത്തിൽ കക്ഷി പരിഗണനകൾ ബാധകമായില്ല. രാഷ്ട്രീയ വ്യത്യാസം തെരഞ്ഞെടുപ്പിൽ അവസാനിക്കുകയും നാടിന്റെ ആവശ്യങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്യേണ്ടത് തദ്ദേശഭരണത്തിൽ അനിവാര്യമാണ്‌. കാലാവസ്ഥാ വ്യതിയാനം, കുട്ടികൾ, സ്‌ത്രീകൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്‌ജെൻഡറുകൾ എന്നിവർ പ്രാദേശിക ഭരണാധികാരികളുടെ ശ്രദ്ധ കൂടുതൽ പതിയേണ്ട മേഖലകളാണ്‌. ഭാവനാപരമായ ഉൾക്കാഴ്‌ചയും സേവനസന്നദ്ധതയും സമർപ്പണവുമാണ്‌ പുതിയകാലം തദ്ദേശ ജനപ്രതിനിധികളിൽനിന്ന്‌ ആവശ്യപ്പെടുന്നത്‌.  ജനങ്ങളോടുള്ള പ്രതിബദ്ധത മുറുകെപ്പിടിച്ച്‌ മുന്നേറാൻ എല്ലാ ജനപ്രതിനിധികൾക്കും ആശംസ  അർപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top