26 April Friday

ബ്രിട്ടനിലെ മുഖംമാറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 7, 2022


ബ്രിട്ടീഷ്‌ വലതുപക്ഷ രാഷ്‌ട്രീയത്തിലെ അനിശ്ചിതത്വങ്ങൾക്ക്‌ താൽക്കാലികമായെങ്കിലും വിരാമമിട്ട്‌ മേരി എലിസബത്ത്‌ ട്രസ്‌ എന്ന ലിസ്‌ ട്രസ്‌ പ്രധാനമന്ത്രിയായി അധികാരമേറ്റു. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ സ്‌ത്രീയാണ്‌ തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽനിന്നുള്ള നാൽപ്പത്തേഴുകാരി. ബോറിസ്‌ ജോൺസൺ മന്ത്രിസഭയിൽ വിദേശമന്ത്രിയായിരുന്ന ലിസ്‌ ട്രസ്‌ ഭരണകക്ഷിയായ കൺസർവേറ്റീവ്‌ പാർടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ പ്രധാനമന്ത്രിസ്ഥാനത്തിന്‌ അർഹത നേടിയത്‌. നേതൃസ്ഥാനത്തിനായി നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനകിനെയാണ്‌ പരാജയപ്പെടുത്തിയത്‌. രണ്ടു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ അവസാന കടമ്പയായ പാർടി അംഗങ്ങളുടെ വോട്ടെടുപ്പിന്റെ അവസാനദിനം കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു. തിങ്കളാഴ്‌ച ഫലം പ്രഖ്യാപിച്ചപ്പോൾ ലിസ്‌ ട്രസ്‌ 81,326 വോട്ടും (57 ശതമാനം) സുനക്‌ 60,393 വോട്ടും (43 ശതമാനം) നേടി. 1,72,437 പാർടി അംഗങ്ങളിൽ 18 ശതമാനത്തോളം പേർ വോട്ട്‌ ചെയ്യാൻ തയ്യാറായില്ല എന്നത്‌ ശ്രദ്ധേയമാണ്‌.

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ബോറിസ്‌ ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ്‌ പാർടി അധികാരമേറ്റിട്ട്‌ മൂന്നു വർഷംപോലുമായിട്ടില്ല. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ പണപ്പെരുപ്പവും ജീവിതച്ചെലവിൽ മുക്കാൽനൂറ്റാണ്ടോളംകാലത്തെ ഏറ്റവും വലിയ വർധനയും മറ്റും സാധാരണ ബ്രിട്ടീഷുകാരുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കെയാണ്‌ ഭരണതലപ്പത്തെ മുഖംമാറ്റം. എന്നാൽ, അതിനിടയാക്കിയത്‌ ജനങ്ങളെ ബാധിക്കുന്ന മേൽപ്പറഞ്ഞ പ്രശ്‌നങ്ങളൊന്നുമായിരുന്നില്ല. ഭരണാധികാരികൾക്ക്‌ ചേരാത്ത അധാർമികമായ ചില നടപടിയാണ്‌ ജോൺസന്റെ പുറത്താകലിൽ കലാശിച്ചത്‌. കർക്കശമായ കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന കാലത്ത്‌ ഔദ്യോഗിക വസതിയിൽ മദ്യസൽക്കാരം നടത്തിയതും ലൈംഗികാതിക്രമം നടത്തിയ ആളെ കൺസർവേറ്റീവ്‌ പാർടിയുടെ ഡെപ്യൂട്ടി ചീഫ്‌ വിപ്പാക്കിയതുമാണ്‌ എംപിമാരും മന്ത്രിമാരും കൂട്ടത്തോടെ ജോൺസനെതിരെ തിരിയാൻ ഇടയാക്കിയത്‌. പിടിച്ചുനിൽക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ്‌ ജോൺസൺ ജൂലൈ ഏഴിന്‌ രാജി പ്രഖ്യാപിച്ചത്‌.

ഋഷി സുനകടക്കം പല പ്രമുഖരും മന്ത്രിസഭയിൽനിന്ന്‌ രാജിവച്ചപ്പോഴും ജോൺസന്റെ പിന്നിൽ അടിയുറച്ചുനിന്നയാളാണ്‌ ലിസ്‌ ട്രസ്‌. മന്ത്രിസ്ഥാനത്ത്‌ തുടർന്നത്‌ പാർടി നേതൃത്വത്തിനായുള്ള തെരഞ്ഞെടുപ്പിൽ അവർക്ക്‌ ഗുണമായിട്ടുണ്ടാകുമെന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. അതായത്‌, കേവലം ഒരുമുഖംമാറ്റം മാത്രമാണ്‌ ബ്രിട്ടീഷ്‌ ഭരണവർഗം ആഗ്രഹിച്ചതെന്ന്‌ ചുരുക്കം. കൺസർവേറ്റീവ്‌ പാർടിയിലെ അംഗത്വഘടനയും വെള്ളക്കാരിയായ ലിസ്‌ ട്രസിന്‌ തുണയായി. കൺസർവേറ്റീവ്‌ എംപിമാർക്കിടയിൽ അഞ്ചുവട്ടം നടന്ന വോട്ടെടുപ്പിൽ ഋഷി സുനകിനായിരുന്നു മുൻതൂക്കം. എന്നാൽ, 2001ൽ പാർടി വരുത്തിയ മാറ്റമനുസരിച്ച്‌ അന്തിമമായി നേതാവിനെ തെരഞ്ഞെടുക്കേണ്ടത്‌ പാർടി അംഗങ്ങളായതിനാൽ വിജയം ലിസ്‌ ട്രസിനായി. പാർടി അംഗങ്ങളിൽ ഭൂരിപക്ഷവും കൂടുതൽ യാഥാസ്ഥിതിക നിലപാട്‌ പുലർത്തുന്ന തെക്കൻ ഇംഗ്ലണ്ടിലെ വൃദ്ധരാണ്‌. ആറു വർഷംമുമ്പ്‌ യൂറോപ്യൻ യൂണിയനിൽനിന്ന്‌ വിട്ടുപോകുന്നതിനെ അനുകൂലിച്ച അവർക്ക്‌ ആവശ്യം ലിസ്‌ ട്രസിന്റെ വിജയമായിരുന്നു. രാഷ്‌ട്രീയനിലപാടിൽ ഒരിക്കലും സ്ഥിരത പുലർത്തിയിട്ടില്ലെങ്കിലും ലിസ്‌ ട്രസ്‌ കൂടുതൽ വലത്തേക്ക്‌ ചായുകയാണെന്നത്‌ അവർ പരിഗണിച്ചിരിക്കാം.

യൗവനാരംഭത്തിൽ ലിബറൽ ഡെമോക്രാറ്റിക്‌ പാർടിക്കാരിയായി രാഷ്‌ട്രീയത്തിൽ പ്രവേശിച്ച ലിസ്‌ ട്രസ്‌ അധികം വൈകാതെ കൺസർവേറ്റീവ്‌ പാർടിയിലേക്ക്‌ ചാടിയിരുന്നു. ഒരുപതിറ്റാണ്ടായി കൺസർവേറ്റീവ്‌ മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്‌ത അവർ ബ്രെക്‌സിറ്റ്‌ തർക്കവിഷയമായിരുന്നകാലത്ത്‌ അതിനെതിരായിരുന്നു. എന്നാൽ, ഹിതപരിശോധനയിൽ ബ്രെക്‌സിറ്റ്‌ പാസാവുകയും അതിന്റെ പ്രധാന വക്താവായിരുന്ന ബോറിസ്‌ ജോൺസൺ പാർടിയിൽ അധികാരം പിടിക്കുകയും ചെയ്‌തപ്പോൾ അവർ അദ്ദേഹത്തിന്റെ വിശ്വസ്‌തയായി. മുൻഗാമി തെരേസ മേ തരംതാഴ്‌ത്തിയിരുന്ന ലിസിനെ വീണ്ടും സുപ്രധാന പദവികളിലേക്ക്‌ ഉയർത്തിയത്‌ ജോൺസനാണ്‌. ബ്രിട്ടനെ അഗാധ പ്രതിസന്ധിയിലാക്കിയ ജോൺസന്റെ നയങ്ങളിൽനിന്ന്‌ അടിസ്ഥാനപരമായ മാറ്റമൊന്നും ഉണ്ടാകില്ലെന്ന്‌ വിജയശേഷം ലിസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. കൺസർവേറ്റീവായി പ്രചാരണം നടത്തിയ താൻ കൺസർവേറ്റീവായി ഭരിക്കുമെന്നാണ്‌ അവർ പറഞ്ഞത്‌. എക്കാലത്തെയുംപോലെ അമേരിക്കൻ പക്ഷത്ത്‌ നിൽക്കുമെന്നും ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ നിലപാടെടുക്കുമെന്നും അവർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്‌. അതിനാൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട്‌ ബ്രിട്ടൻ തുടർന്നുവരുന്ന നയങ്ങളിൽ ഒരുമാറ്റവും പ്രതീക്ഷിക്കേണ്ടതില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top