26 April Friday

ഇമ്രാൻഖാന്‌ താൽക്കാലിക ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Friday May 12, 2023


അയൽരാജ്യമായ പാകിസ്ഥാൻ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. ചൊവ്വാഴ്‌ചയാണ്‌ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ(എൻഎബി) വാറന്റ്‌ അനുസരിച്ച്‌ ഒരു അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക്‌ ഇൻസാഫ്‌ (പിടിഐ) നേതാവുമായ ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗമായ പാകിസ്ഥാൻ റേഞ്ചേഴ്‌സ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇസ്‌ലാമാബാദ്‌ ഹൈക്കോടതി കെട്ടിടത്തിൽ വച്ചായിരുന്നു അറസ്‌റ്റ്‌. അഴിമതിക്കേസിൽ വിചാരണ നേരിടുന്നതിനായി കോടതിയിലെത്തിയ വേളയിൽ ഇമ്രാനെ അറസ്‌റ്റ്‌ ചെയ്‌തത്‌ നിയമവിരുദ്ധമാണെന്ന്‌ പറഞ്ഞാണ്‌ സുപ്രീംകോടതി അറസ്‌റ്റ്‌ റദ്ദാക്കിയത്‌. ഇമ്രാനെ സംബന്ധിച്ച്‌ ആശ്വാസകരമാണ്‌ സുപ്രീംകോടതി വിധി. സൈന്യത്തിനും അവരുമായി സഹകരിച്ച്‌ മുന്നോട്ടുപോകുന്ന പാകിസ്ഥാൻ മുസ്ലിം ലീഗ്‌ (നവാസ്‌)–-പാകിസ്ഥാൻ പീപ്പിൾസ്‌ പാർടി സഖ്യസർക്കാരിനും രാഷ്ട്രീയമായി കനത്ത തിരിച്ചടികൂടിയാണ്‌ സുപ്രീംകോടതി വിധി. എന്നാൽ നൂറിലധികം അഴിമതിക്കേസുകളിൽപ്പെട്ട ഇമ്രാന്‌ ഇതുകൊണ്ട്‌ മാത്രം രക്ഷപ്പെടാൻ കഴിയുമെന്ന്‌ കരുതാനാവില്ല.

അൽ ഖാദിർ ട്രസ്‌റ്റ്‌ അഴിമതിക്കേസിൽ വിചാരണ നേരിടാൻ ഇസ്ലാമാബാദ്‌ ഹൈക്കോടതിയിൽ എത്തിയ വേളയിലായിരുന്നു അറസ്‌റ്റ്‌. നേരത്തേ ഇസ്ലാമാബാദ്‌  പൊലീസ്‌ അറസ്‌റ്റ്‌ ചെയ്യാൻ ശ്രമിച്ചെങ്കിലും പിടിഐ പ്രവർത്തകരുടെ പ്രതിഷേധം കാരണം അതിന്‌ കഴിഞ്ഞിരുന്നില്ല. ഇതിനാലായിരിക്കണം പാകിസ്ഥാൻ റേഞ്ചേഴ്‌സിനെ ഉപയോഗിച്ച്‌ ഇമ്രാനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതിൽ പ്രതിഷേധിച്ച്‌ ഇമ്രാന്റെ അനുയായികൾ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തിനുനേരെയും ലാഹോറിലെ ചില സൈനിക ഉദ്യോഗസ്ഥരുടെ വസതിക്കുനേരെയും ആക്രമണം നടത്തി. ആദ്യമായിട്ടായിരിക്കണം സൈനിക കേന്ദ്രങ്ങൾക്കുനേരേ ആക്രമണമുണ്ടാകുന്നത്‌. അറസ്‌റ്റിലാകുന്നതിനുമുമ്പ്‌ ഇമ്രാൻ ഖാൻ പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിൽ തനിക്കെതിരെ എന്തെങ്കിലും നീക്കമുണ്ടായാൽ തെരുവിൽ പോരാടണമെന്ന്‌ ആഹ്വാനം ചെയ്‌തിരുന്നു. എന്നാൽ അണികൾ നടത്തിയ ഈ ആക്രമണത്തെ ന്യായീകരിക്കാൻ പിടിഐ നേതൃത്വം തയ്യാറായില്ല. പാക്‌ സൈന്യത്തിന്റെ വേട്ടയാടൽ ഭയന്നായിരിക്കണം അണികളിൽനിന്ന്‌ വ്യത്യസ്‌തമായ സമീപനം സ്വീകരിക്കാൻ നേതൃത്വം തയ്യാറായത്‌. പിടിഐയിൽ രണ്ടാമനായി എണ്ണപ്പെടുന്ന ഷാ മുഹമ്മദ്‌ ഖുറേഷിയും മൂന്നാമനായി അറിയപ്പെടുന്ന അസദ്‌ ഉമറും ഉൾപ്പെടെ രണ്ടായിരത്തോളംപേരെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുകയാണ്‌. ഈ ഘട്ടത്തിലാണ്‌ സുപ്രീംകോടതിയിൽ നിന്ന്‌ ആശ്വാസ വിധിന്യായം ഉണ്ടായിരിക്കുന്നത്‌.

കഴിഞ്ഞ ഏപ്രിലിൽ അവിശ്വാസപ്രമേയം അതിജീവിക്കുന്നതിൽ പരാജയപ്പെട്ടശേഷം ഇമ്രാനും സൈന്യവും തമ്മിൽ തുറന്ന യുദ്ധത്തിലായിരുന്നു. സൈനികമേധാവിയായിരുന്ന ക്വമർ ജാവദ്‌ ബജ്‌വയാണ്‌ തന്നെ അധികാരത്തിൽനിന്ന്‌ പുറത്താക്കാൻ കരുക്കൾ നീക്കിയതെന്നും കഴിഞ്ഞ നവംബറിൽ തനിക്ക്‌ നേരെയുണ്ടായ വെടിവയ്‌പിനു പിന്നിൽ പ്രവർത്തിച്ചത്‌ സൈന്യമായിരുന്നുവെന്നും ആരോപിച്ച ഇമ്രാൻ, പാക് ചാരസംഘടനയായ ഐഎസ്‌ഐ മേധാവി മേജർ ജനറൽ ഫൈസൽ നസീർ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തുകയാണെന്നും കുറ്റപ്പെടുത്തി. 2018 ൽ ഇതേ സൈന്യത്തിന്റെ പിന്തുണയോടെയാണ്‌ ഇമ്രാൻ ഖാനും അധികാരത്തിൽ വന്നത്‌. സൈന്യവുമായി ഇടഞ്ഞ പാകിസ്ഥാൻ മുസ്ലിംലീഗ്‌ നേതാവ്‌ നവാസ്‌ ഷെരീഫിനെ പുറത്താക്കാനായിരുന്നു അന്ന്‌ സൈന്യം ഇമ്രാൻ ഖാന്‌ പിന്തുണ നൽകിയത്‌. എന്നാൽ സൈന്യത്തിന്‌ വഴങ്ങി നിൽക്കില്ലെന്ന്‌ കണ്ടതോടെയാണ്‌ ഇമ്രാനെ പുറത്താക്കാൻ അവർ കരുക്കൾ നീക്കിയത്‌. പാക്‌ രാഷ്ട്രീയത്തിൽ ഇടപെടുന്ന സൈന്യത്തിന്റെ ഈ പതിവുരീതി അവസാനിപ്പിക്കുകയല്ല ഇമ്രാന്റെ ലക്ഷ്യം. മറിച്ച്‌ എതിർപക്ഷത്തെ സഹായിക്കുന്നതിനുപകരം തന്നെ അധികാരത്തിലെത്താൻ സഹായിക്കുകയാണ്‌ സൈന്യം ചെയ്യേണ്ടത്‌ എന്ന സമീപനം മാത്രമാണ്‌ ഇമ്രാനുള്ളത്‌.

നവാസ്‌ ഷെരീഫിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ അയോഗ്യനാക്കിയാണ്‌ സൈന്യം ഇമ്രാൻ ഖാന്‌ പ്രധാനമന്ത്രി പദത്തിലേക്ക്‌ വഴി ഒരുക്കിയത്‌. നൂറിലധികം അഴിമതിക്കേസുകൾ നേരിടുന്ന ഇമ്രാൻ ഖാനെയും അയോഗ്യനാക്കാനുള്ള നീക്കമാണ്‌ ഷെഹ്‌ബാസ്‌ ഷെരീഫിന്റെ സർക്കാരും സൈന്യവും തമ്മിൽ നടത്തുന്നത്‌. ഈ വർഷം ഒക്ടോബറിലാണ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌. അത്‌ നേരത്തേയാക്കാൻ ഇമ്രാൻ സ്വന്തം പാർടി ഭരിക്കുന്ന പ്രവിശ്യാസഭകൾ പിരിച്ചുവിട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഏതായാലും ഇനി കണ്ടറിയേണ്ടത്‌ ഇമ്രാൻ ഖാനെ അയോഗ്യനാക്കുമോ ഇല്ലയോ എന്ന കാര്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top