27 April Saturday

പിഎഫ് പദ്ധതി തൊഴിലാളികള്‍ക്ക് പ്രയോജനപ്രദമാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2017

എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയില്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റം വ്യാപകമായ ചര്‍ച്ചകള്‍ക്കും പ്രചാരണത്തിനും വഴിയൊരുക്കിയിരിക്കുന്നു. ഇപിഎഫില്‍ അംഗമാകാനുള്ള ഉയര്‍ന്ന പരിധിയില്‍ കൂടുതല്‍ യഥാര്‍ഥ ശമ്പളമുള്ളവര്‍ പെന്‍ഷന്‍ഫണ്ടിലേക്ക് അതിന് അനുസൃതമായി അടച്ച തുകയുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിശ്ചയിക്കാനാണ് ഇപിഎഫ്ഒ വിജ്ഞാപനം ഇറക്കിയത്. സുപ്രീംകോടതി വിധിയുടെയും ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റ് ബോര്‍ഡിന്റെയും നിര്‍ദേശപ്രകാരമാണ് ഈ വിജ്ഞാപനം. ദീര്‍ഘകാലമായി ഇപിഎഫ് പെന്‍ഷന്‍കാര്‍ അനുഭവിച്ചുവന്ന അനീതിക്ക് പരിമിതമായ തോതില്‍ പരിഹാരം കാണാന്‍ ഈ പരിഷ്കാരം ഉപകരിക്കും. എന്നാല്‍, ഇപിഎഫ് അംഗങ്ങളുടെയും പെന്‍ഷന്‍കാരുടെയും എല്ലാ പരാതികളും പ്രശ്നങ്ങളും അവസാനിച്ചെന്നമട്ടില്‍ ചില കേന്ദ്രങ്ങള്‍ പ്രചാരണം നടത്തുകയാണ്. തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും നീതി ലഭിക്കണമെങ്കില്‍ നിലവിലുള്ള ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ പൊളിച്ചെഴുത്തുതന്നെ നടത്തണമെന്നതാണ് വാസ്തവം.

സ്വാതന്ത്യ്രം ലഭിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇപിഎഫ്, ഇഎസ്ഐ പദ്ധതികള്‍ നിലവില്‍ വന്നു. പിഎഫ് സമ്പാദ്യപദ്ധതി മാത്രമായിരുന്നു. തൊഴിലുടമയുടെ പിഎഫ് വിഹിതത്തിനും ഗ്രാറ്റുവിറ്റിക്കും പുറമെ മൂന്നാം ആനുകൂല്യമായി പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം തൊഴിലാളി യൂണിയനുകള്‍ ഉയര്‍ത്തി. തുടര്‍ന്ന് 1971ല്‍ നിലവില്‍ വന്ന കുടുംബപെന്‍ഷന്‍ പദ്ധതി പൂര്‍ണപരാജയമായിരുന്നു. പിന്നീട് പിഎഫിന്റെ ഒരു ഭാഗംതന്നെ എടുത്താണ് 1995ല്‍ ഇപിഎഫ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. തൊഴിലാളികള്‍ക്ക് ഈ പദ്ധതി പ്രയോജനം ചെയ്യില്ലെന്ന് സിഐടിയു അന്നേ ചൂണ്ടിക്കാട്ടി. പദ്ധതി വരട്ടെ, കാലക്രമത്തില്‍ നന്നാക്കിയെടുക്കാമെന്ന നിലപാട് ട്രേഡ് യൂണിയനുകള്‍ പൊതുവെ സ്വീകരിക്കുകയും ചെയ്തു. പദ്ധതിയിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകള്‍ക്കെതിരെ സിഐടിയു സുപ്രീംകോടതിവരെ നിയമപോരാട്ടം നടത്തി. ഭാവിയില്‍ തൊഴിലാളികള്‍ക്ക് ഗുണകരമായ ഒട്ടേറെ പരിഷ്കാരങ്ങള്‍ പദ്ധതിയില്‍ കൂട്ടിച്ചേര്‍ക്കാമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത്. പെന്‍ഷന്‍ പദ്ധതി വര്‍ഷംതോറും പുതുക്കുമെന്നും വിരമിക്കുമ്പോള്‍ പെന്‍ഷന്‍ കമ്യൂട്ട് ചെയ്യാന്‍ സൌകര്യം നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. അതിനുശേഷം സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുപോവുകയും വാഗ്ദാനങ്ങള്‍ ജലരേഖയായി തുടരുകയും ചെയ്തു.

ഇതിനിടയില്‍ തികച്ചും തെറ്റായ പരിഷ്കാരങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നു. പെന്‍ഷന്‍ നിശ്ചയിക്കാന്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കുന്നതിനുപകരം 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി പരിഗണിക്കാന്‍ തീരുമാനിച്ചു. ഇതുകാരണം പെന്‍ഷന്‍തുക കുറഞ്ഞു. ലോകത്ത് മറ്റൊരിടത്തും 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി പെന്‍ഷന്‍ നിശ്ചയിക്കാന്‍ പരിഗണിക്കുന്നില്ല. വിരമിക്കുമ്പോള്‍ പെന്‍ഷനില്‍ നിശ്ചിതശതമാനം തുകയായി വാങ്ങാന്‍ ഏര്‍പ്പെടുത്തിയ സൌകര്യം ഉപയോഗിച്ചവര്‍ക്ക് അത് ഇരുട്ടടിയായി. ഇങ്ങനെ പെന്‍ഷന്‍ കമ്യൂട്ട് ചെയ്തവര്‍ക്ക്, അവര്‍ വാങ്ങിയ പണം പെന്‍ഷനില്‍നിന്ന് തിരിച്ചുപിടിച്ചുകഴിഞ്ഞിട്ടും കുറഞ്ഞ തുകയേ നല്‍കുന്നുള്ളൂ. കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി പ്രഖ്യാപിച്ചിട്ടും ഇപ്പോഴും തുച്ഛമായ തുകമാത്രം കിട്ടുന്നവരുണ്ട്. 2008ല്‍ പിന്‍വലിച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ല. അംഗം മരിച്ചാല്‍ പെന്‍ഷന്‍തുകയുടെ നൂറുമടങ്ങ് കുടുംബത്തിന് ആശ്വാസധനമായി നല്‍കിവന്നത് 2008ല്‍ ഇല്ലാതായി. പെന്‍ഷന്‍തുകയുടെ മൂന്നിലൊന്ന് 100 മാസത്തേക്ക് കമ്യൂട്ട് ചെയ്ത് വാങ്ങുന്നതിനുള്ള സൌകര്യവും നിഷേധിക്കപ്പെട്ടു. ഇപിഎഫ് മിനിമം പെന്‍ഷന്‍, കേരളത്തില്‍ നല്‍കുന്ന വാര്‍ധക്യകാല പെന്‍ഷനേക്കാള്‍ കുറവാണ്.

ഇങ്ങനെ നോക്കുമ്പോള്‍ ഇപിഎഫ് പെന്‍ഷന്‍ പദ്ധതി സത്യത്തില്‍ തൊഴിലാളികള്‍ക്ക് നഷ്ടമാണ്. ഇപിഎഫിനെ സര്‍ക്കാരിന്റെ വരുമാനം കൂട്ടാനുള്ള സ്രോതസ്സായി കാണരുത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇപിഎഫ് അട്ടിമറിക്കാന്‍ പല നീക്കങ്ങളുമുണ്ടായി. നിക്ഷേപം പിന്‍വലിക്കാന്‍ നികുതി, തൊഴിലുടമയുടെ വിഹിതം പിന്‍വലിക്കാന്‍ നിയന്ത്രണം, പലിശനിരക്ക് കുറയ്ക്കല്‍ എന്നിവ ഉദാഹരണം. തൊഴിലാളികള്‍ ഒറ്റക്കെട്ടായി ഇത്തരം തീരുമാനങ്ങളെ ചെറുത്തുതോല്‍പ്പിച്ചു. മൊത്തം പിഎഫ് നിക്ഷേപം 6.3 ലക്ഷം കോടിയില്‍പ്പരം രൂപവരും.  ഇത്രയും പണം ചൂതാട്ടത്തിനായി വിട്ടുകിട്ടാന്‍ സമ്മര്‍ദം ചെലുത്തുന്ന കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നത്. പിഎഫ് നിക്ഷേപം അനാകര്‍ഷകമാകുമ്പോള്‍ തൊഴിലാളികള്‍ പണമെടുത്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കുമെന്നാണ് കോര്‍പറേറ്റ് ലോകം കരുതുന്നത്.

ഈ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്‍ സംശയം ജനിക്കുന്നത്.   ധനമന്ത്രാലയം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നു;  തൊഴില്‍മന്ത്രാലയത്തെ മാനിക്കുന്നില്ല. ഉയര്‍ന്ന പെന്‍ഷന്‍ ഉറപ്പാക്കാന്‍ കൊണ്ടുവന്ന പരിഷ്കാരം എങ്ങനെ പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. ശമ്പളത്തിന് അനുസൃതമായി പെന്‍ഷന്‍ഫണ്ടിലേക്ക് തുക അടയ്ക്കാത്തവര്‍ക്ക് ഇപ്പോഴത്തെ ഭേദഗതിയുടെ പ്രയോജനം ലഭിക്കില്ല. നേരത്തെതന്നെ തുക യഥാര്‍ഥ ശമ്പളത്തിന് അനുസൃതമായി അടച്ചവര്‍, 6500 എന്ന പരിധിക്കപ്പുറത്തുള്ള ശമ്പളത്തിന്റെ വിഹിതവും പെന്‍ഷന്‍ഫണ്ടിലേക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചുള്ള ഓപ്ഷന്‍ നല്‍കിയിട്ടില്ലെങ്കില്‍ ഇനിയും നല്‍കാമെന്നതാണ്, അഥവാ കട്ട് ഓഫ് ഡേറ്റ് എടുത്തുകളഞ്ഞതാണ് ഇപ്പോഴത്തെ മാറ്റം.

ഇങ്ങനെയൊക്കെ പരിഷ്കരിച്ചാലും കൈയില്‍ കിട്ടുന്ന പെന്‍ഷന്‍ അധികമൊന്നും കാണില്ല. അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെ സര്‍വീസ് കാലംകൊണ്ട് ഗുണിച്ച് കിട്ടുന്നതിനെ 70 കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്നതാണ് പെന്‍ഷന്‍. 35 വര്‍ഷം ജോലി ചെയ്ത വ്യക്തിക്ക് 6500 രൂപ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പെന്‍ഷന്‍ 1764 രൂപമാത്രം. അധികം അടച്ചവര്‍ക്ക് കിട്ടുന്ന പ്രയോജനവും ഇതിന് ആനുപാതികം. ഈ സാഹചര്യത്തില്‍ ഇപിഎഫ് പെന്‍ഷന്‍ പദ്ധതി പൊളിച്ചെഴുതിയാലേ തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രയോജനം കിട്ടൂ. ഇതിനാവശ്യമായ സമ്മര്‍ദവും പ്രക്ഷോഭങ്ങളുമാണ് തൊഴിലാളികളില്‍നിന്നും ട്രേഡ് യൂണിയനുകളില്‍നിന്നും ഉണ്ടാകേണ്ടത്. തൊലിപ്പുറത്തുള്ള ചികിത്സകള്‍ ദോഷമേ ചെയ്യൂ *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top