27 April Saturday

അതിജീവനത്തിന്റെ ദിനേശ‌് ബ്രാൻഡ‌്

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

മാറുന്ന പരിതഃസ്ഥിതിക്കും അഭിരുചിക്കുമൊത്ത‌് നീങ്ങാനാകാതെ നാമാവശേഷമായി പോയ വ്യവസായങ്ങളും തൊഴിലുകളും നിരവധിയാണ‌്. ഈ ചരിത്രസത്യത്തെ പിന്തള്ളി  അമ്പതിന്റെ നിറവിലെത്തിയ കേരള ദിനേശ‌്  അതിജീവനവഴിയിൽ അപൂർവ മാതൃകയായി. തെറുപ്പു ബീഡി എന്ന ഏക ഉൽപ്പന്നവുമായി തുടങ്ങിയ കേരള ദിനേശ‌് ഇന്ന‌് രാജ്യാന്തര പ്രശസ‌്തമായ ‘മൾട്ടി ബ്രാൻഡ‌്’ സ്ഥാപനമാണ‌്. ബീഡി മുതൽ ഐടി വരെ നീളുന്ന നിരവധി ഉൽപ്പന്നങ്ങൾ. വിശ്വാസ്യതയുടെ മറുപേരായ ദിനേശ‌് പിന്നിട്ട പാതകൾ വിയർപ്പും കണ്ണീരും വീണ‌്  കുതിർന്നതാണ‌്. തോറ്റു പിന്മാറില്ലെന്ന  ഒരു സമൂഹത്തിന്റെ നിശ‌്ചയദാർഢ്യവും പുരോഗമന പ്രസ്ഥാനവും ഇടതുപക്ഷ സർക്കാരുകളും നൽകിയ അളവറ്റ പിന്തുണയുമാണ‌് ദിനേശിനെ പിടിച്ചുനിർത്തിയത‌്. 42,000 പേർക്ക‌് കൈത്തൊഴിൽ നൽകിയ സ്ഥാപനം തകർച്ചയെ നേരിട്ടപ്പോൾ, ഉൽപ്പന്ന വൈവിധ്യവൽക്കരണമെന്ന പരീക്ഷണത്തിലൂടെ പ്രതിസന്ധിയെ അതിജീവിച്ച കഥ കാലത്തിന്റെ ചുവരിൽ തിളങ്ങുകയാണ‌്. സുവർണ ജൂബിലി ആഘോഷത്തിന‌് തുടക്കമിട്ട കേരള ദിനേശ‌് സഹകരണമേഖലയിൽ പകരം വയ‌്ക്കാനില്ലാത്ത ലോകാത്ഭുതമായി എന്നും അവശേഷിക്കും.

വടക്കെ മലബാറിലെ ബീഡി തൊഴിലാളികളുടെ വഴിമുട്ടിയ ജീവിതത്തിന‌് കൈത്താങ്ങായാണ‌് 1969 ഫെബുവരി 15ന‌്  ദിനേശിന്റെ പിറവി.  ബീഡി ആൻഡ‌് സിഗാർ വർക്കേഴ‌്സ‌് നിയമം കേരളത്തിൽ നടപ്പാക്കാനുള്ള ഇ എം എസ‌് സർക്കാരിന്റെ തീരുമാനം  ബീഡിക്കമ്പനി ഉടമകളെ പ്രകോപിതരാക്കി. തൊഴിലാളികൾക്ക‌് ന്യായമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള സർക്കാർ നടപടിയെ വെല്ലുവിളിച്ച‌് ഗണേഷ‌്, പിവിഎസ‌്  ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ വടക്കെ മലബാറിലെ ബ്രാഞ്ചുകൾ ഒന്നടങ്കം പൂട്ടി. ആയിരക്കണക്കിന‌്  തൊഴിലാളികളാണ‌് നിരാലംബരായത‌്.  വ്യവസായം മംഗ‌ളൂരുവിലേക്ക‌്  മാറ്റിയവർ കേരളത്തിലെ തൊഴിലാളികളെക്കൊണ്ട‌് ‘പുറംതൊഴിലായി’ തുടർന്നും പണിയെടുപ്പിച്ചു. ബീഡി ഇലയും പുകയിലയും എത്തിക്കുന്നതിനും ഉൽപ്പന്നം ശേഖരിക്കുന്നതിനും കങ്കാണിമാരെ വച്ചു. പട്ടിണിയിലായ തൊഴിലാളികൾ കിട്ടിയ കാശിന‌് വീടുകളിലിരുന്നു ബീഡി തെറുത്തുനൽകി.  ഈ കൊടിയ ചൂഷണത്തിൽനിന്ന‌് തൊഴിലാളികളെ രക്ഷിക്കുന്നതിനാണ‌് സിപിഐ എം നേതൃത്വത്തിൽ സഹകരണ സംഘങ്ങൾ രൂപീകരിച്ചത‌്. എ കെ ജിയും  അഴീക്കോടനും സി കണ്ണനും ഉൾപ്പെടെയുള്ള നേതാക്കൾ ഇറങ്ങി തൊഴിലാളികളെ ഓഹരി ഉടമകളാക്കി. 20 രൂപ ഓഹരിയെടുക്കാൻ പണമില്ലാത്ത തൊഴിലാളികളിൽനിന്ന‌് സ്വീകരിച്ചത‌് ഒരു രൂപ മാത്രം. 19 രൂപയും തൊഴിലാളികൾക്ക‌ു വേണ്ടി ഇ എം എസ‌് സർക്കാർ നൽകി.

20 പ്രൈമറി സംഘങ്ങളും ജി കെ പണിക്കർ ചെയർമാനായി കേന്ദ്രസംഘവും നിലവിൽവന്നു. ആശയറ്റുപോയ കേരളത്തിലെ ബീഡിത്തൊഴിലാളികൾ സംഘബലത്താൽ സനാഥരായി. പിന്നിട്ട അരനൂറ്റാണ്ട‌ിൽ പുതിയൊരു സംസ‌്കാരത്തിനാണ‌് ദിനേശ‌് ചാലകശക്തിയായത‌്. തൊഴിൽ രംഗത്ത‌് ദിനേശ‌് വെട്ടിത്തെളിച്ച  പാത നാനാമേഖലയിലും പടർന്നു. രാഷ‌്ട്രീയ ഉൽബുദ്ധതയിലും സാമൂഹ്യ ഇടപെടലുകളിലും ബീഡി തൊഴിലാളികളോളം സംഭാവന ചെയ‌്ത മറ്റൊരു വിഭാഗം  ഉണ്ടാകില്ല. കൂട്ടായി തൊഴിലെടുക്കുക മാത്രമല്ല, പൊതുബോധവും വിജ്ഞാനവും കൂട്ടായി വിനിമയം ചെയ്യാമെന്നതിന്റെ പരീക്ഷണശാലകൂടിയായി  മലബാറിലെ ബീഡിക്കമ്പനികൾ. പത്രവും ആനുകാലികങ്ങളും ലോക ക്ലാസിക്കുകൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളും ഉച്ചത്തിൽ വായിക്കാൻ ഒരാൾ. ബീഡി തെറുത്തുകൊണ്ട‌് വായന ആസ്വദിക്കുന്ന തൊഴിലാളികൾ. വായനക്കാരന്റെ തൊഴിൽ എല്ലാവരും പകുത്തുചെയ്യുന്നു. ലോകത്ത‌് മറ്റെവിടെയുണ്ട‌് ഇത്തരമൊരു  വായനസംസ‌്കാരം. സർവകലാശാലാ വിദ്യാഭ്യാസം നേടിയവരേക്കാൾ ഉയർന്ന ബോധനിലവാരമുണ്ടായിരുന്നു ദിനേശിലെ ആദ്യതലമുറ തൊഴിലാളികൾക്ക‌് എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. കമ്യൂണിസ‌്റ്റ‌്–- ട്രേഡ‌് യൂണിയൻ മേഖലകളിൽ അനേകം നേതാക്കളെ വാർത്തെടുക്കുന്നതിൽ ദിനേശ‌് ബീഡിക്കമ്പനികൾ വഹിച്ച പങ്കിന്റെ പശ‌്ചാത്തലം ഇതാണ‌്. എല്ലാ സാമൂഹ്യ പ്രശ‌്നങ്ങളിലും പ്രതിസന്ധികളിലും ആദ്യം ഓടിയെത്തുന്നവർ ബീഡി തൊഴിലാളികളായിരുന്നു. വിദ്യാർഥി നേതാക്കൾക്ക‌് ബസ‌് കൂലി നൽകുന്നത‌ുമുതൽ  ഏത‌് പൊതുസംരംഭത്തിനും  തങ്ങളാലായത‌് സംഭാവന ചെയ്യാനുള്ള സന്നദ്ധതവരെ അവരുടെ മാത്രം  പ്രത്യേകത.

ബീഡി മുതലാളിമാരുടെ കങ്കാണിമാർ  ‘പുറംപണി’ ചൂഷണത്തിനെതിരെയുള്ള സമരമുഖങ്ങളിൽ തുടങ്ങിയ ആക്രമണം, ദിനേശ‌് കമ്പനികൾക്ക‌് നേരെയും തുടർന്നത‌് യാദൃച്ഛികമല്ല. കച്ചവട താൽപ്പര്യത്തിനൊപ്പം  ആർഎസ‌്എസിന്റെ വിത്തുവിതയ‌്ക്കാനും മംഗളൂരുവിൽനിന്ന‌് എത്തിയവർ  ശ്രമിച്ചപ്പോൾ  ബീഡിക്കാർ ചെറുത്തു.  ആർഎസ‌്എസ‌് തിരികൊളുത്തിയ തലശ്ശേരി കലാപം തച്ചുകെടുത്തിയതിൽ തൊഴിലാളികളുടെ പങ്ക‌് പ്രധാനമാണ‌്. തൊഴിൽ സ്ഥാപനത്തിന‌ു നേരെ  ബോംബെറിഞ്ഞ ആദ്യസംഭവത്തിലും ഇര ദിനേശ‌്തന്നെ. കമ്പനിക്ക‌് അകത്തും പുറത്തും  കൊലക്കത്തിക്കിരയായ ബീഡി തൊഴിലാളികളുടെ എണ്ണവും ചെറുതല്ല.

തൊണ്ണൂറുകളിൽ പുകവലിക്കെതിരായ അവബോധവും കോടതിവിധികളും ദിനേശ‌് ബീഡിയെ വീണ്ടും പ്രതിസന്ധിയിലാക്കി. ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലൂടെയും  എൽഡിഎഫ‌് സർക്കാർ നൽകിയ സഹായങ്ങളിലൂടെയും മുന്നോട്ടുപോയ ദിനേശ‌് ഇന്ന‌് പ്രതീക്ഷ വീണ്ടെടുത്തിരിക്കുന്നു. ദിനേശ് ഫുഡ്സ‌്,  ഇൻഫർമേഷൻ ടെക‌്‌നോളജി സിസ്റ്റംസ‌്,  കുട,  അപ്പാരൽസ‌്, കറിപ്പൊടി, അച്ചാർ, തേയില, തേങ്ങാപ്പാൽ , ബേബി ഓയിൽ, വെർജിൻ വെളിച്ചെണ്ണ, ലോങ് ആൻഡ് സ്ട്രോങ് ഓയിൽ, തേങ്ങാപ്പൊടി, ലഡു, തേങ്ങാചിപ്സ്, കോർ ബാങ്കിങ് സോഫ്റ്റ‌് വെയർ,  എടിഎം സാങ്കേതിക വിദ്യ, ഐടി പരിശീലനം, ഡാറ്റാ സെന്റർ സേവനം, ഓഡിറ്റോറിയം  തുടങ്ങി ദിനേശ‌് കൈവയ‌്ക്കാത്ത മേഖലകൾ കുറവാണ‌്. ഇന്ന‌് ദിനേശ‌്  വിശ്വാസ്യതയുടെ മാത്രം ബ്രാൻഡ‌് അല്ല; അതിജീവനത്തിന്റേത‌ു കൂടിയാണ‌്. സുവർണ ജൂബിലി ഭാവുകങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top