26 April Friday

വിട, യേശുദാസനും വി കെ എസിനും

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021



കോവിഡ്‌ മഹാമാരി ലോകത്തെമ്പാടും പല പ്രതിഭകളുടെയും ജീവൻ അപഹരിക്കുകയാണ്‌. പ്രശസ്‌ത കാർട്ടൂണിസ്‌റ്റ്‌ യേശുദാസന്റെയും  ജനകീയ സമരഗായകൻ വി കെ ശശിധരന്റെയും വിയോഗം കേരളത്തിന്‌ വലിയ നഷ്ടമാണ്‌ വരുത്തിയത്‌.  നമ്മുടെ സമൂഹമനഃസാക്ഷി രൂപപ്പെടുത്തുന്നതിൽ, ജനങ്ങളെ ചിന്തിപ്പിക്കുന്നതിൽ പുതിയതലമുറയിൽ വിമർശബുദ്ധി വളർത്തുന്നതിൽ ഇരുവരും വഹിച്ച പങ്ക്‌ ശ്രദ്ധേയമായിരുന്നു. യുദ്ധഭ്രാന്തനെന്ന് അറിയപ്പെട്ട യുഎസ്‌ സ്റ്റേറ്റ് സെക്രട്ടറി ജോൺ ഡഗ്ലസ് ആണവായുധവുമായി  നൃത്തം ചെയ്യുന്നതാണ് യേശുദാസന്റെ എടുത്തുപറയാവുന്ന ആദ്യരചന.  കോട്ടയത്തുനിന്ന് ഇറങ്ങിയ ‘അശോക' വിനോദമാസികയിലാണ്‌ അത്‌ വന്നത്. ‘ചന്തു' പരമ്പര മലയാളത്തിലെ ആദ്യ കാർട്ടൂൺപംക്തിയും ‘കിട്ടുമ്മാവൻ' ആദ്യ പോക്കറ്റ് കാർട്ടൂണുമായി. മിസിസ് നായർ, പൊന്നമ്മ സൂപ്രണ്ട്, ജൂബാ ചേട്ടൻ തുടങ്ങിയ കഥാപാത്രങ്ങളും പ്രശസ്‌തങ്ങൾ. ഇംഗ്ലീഷ്, ഹിന്ദി പ്രസിദ്ധീകരണങ്ങളിലും കാർട്ടൂണുകൾ വരച്ചിട്ടുണ്ട്.

1963-ൽ യേശുദാസൻ ശങ്കേഴ്‌സ് വീക്ക്‌ലിയിൽ ചേർന്നു. അതിന്റെ  ചുവടുപിടിച്ച് അസാധു മാസികയ്‌ക്ക്‌ നേതൃത്വം നൽകി.  പതുക്കെ കട്ട്-കട്ട്,  ടക്-ടക്, സാധു എന്നിവയും  ആരംഭിച്ചു. പ്രസിദ്ധീകരണരംഗത്തുനിന്ന് പിന്മാറിയ അദ്ദേഹം 1985-ൽ മലയാള മനോരമ  കാർട്ടൂണിസ്‌റ്റായി.  അവിടെ രണ്ടുപതിറ്റാണ്ടിലധികം  പ്രവർത്തിച്ചു. അഭിപ്രായവ്യത്യാസത്തെ തുടർന്ന്‌ വിട്ടു. പിന്നീട്‌  ദേശാഭിമാനിയുമായി  സഹകരിച്ചു. 1984-ൽ കെ ജി ജോർജ്‌  സംവിധാനംചെയ്‌ത പഞ്ചവടിപ്പാലത്തിന്‌ സംഭാഷണവും എ ടി അബുവിന്റെ  എന്റെ പൊന്നുതമ്പുരാന്‌ തിരക്കഥയും ഒരുക്കി. വളരെ സൗമ്യനായി നിലകൊണ്ട അദ്ദേഹം സാധാരണ സംഭാഷണങ്ങളിലും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തു. സ്വയം പരിചയപ്പെടുത്തിയത്‌,  "ഞാൻ പാടാത്ത യേശുദാസൻ’. പാടുന്ന വേറൊരാളുണ്ട്‌, എന്നായിരുന്നു.  പ്രധാനപത്രത്തിൽ ജോലിയെടുത്തിട്ടും  കാലത്തിന്റെ മൂല്യബോധത്തിനു വഴങ്ങി, പരസ്യമായി കുറ്റസമ്മതം നടത്തിയത്‌ മറക്കാനാകില്ല. സൂര്യനെല്ലി ഇരയെ കഥാപാത്രമാക്കി മനോരമയിൽ വരച്ച ‘അഗ്നിപുത്രി’ കാർട്ടൂൺ വിവാദമായത്‌ യേശുദാസനെ ദുഃഖിപ്പിച്ചു. അത്‌ ക്രൂരമായിപ്പോയി; വരച്ചുകൂടാത്തതായിരുന്നുവെന്ന്‌ ഏറ്റുപറയുകയും ചെയ്‌തു. കാർട്ടൂണുകളെപ്പോലെ പ്രധാനമാണ് ആ തിരുത്തും. ചുണ്ടിൽ വിരിഞ്ഞ സൗമ്യമായ പുഞ്ചിരിയും  ഒരു തലമുറയെ ചിന്തിപ്പിച്ചുപടർത്തിയ ആ വരകളും ഇനി ചരിത്രത്തിൽ.

പാട്ടും  കവിതയും  സാമൂഹ്യസാക്ഷരതയുടെ  ഉപാധിയായി മനസ്സിലാക്കുകയും ഗൗരവമായി  പ്രയോഗിക്കുകയും ചെയ്‌ത സമരഗായകനായിരുന്നു വി കെ ശശിധരൻ എന്ന വി കെ എസ്‌. വേഷംകെട്ടില്ലാതെ, കോലാഹലമില്ലാതെ അദ്ദേഹം കേരളമാകെ തെരുവുകളിലും കലാലയങ്ങളിലും  പാടിനടന്നപ്പോൾ അവ തലമുറകളുടെ ഭാവുകത്വവും രാഷ്ട്രീയവുമായി. കലയുടെ അധ്യാപനവശം  ഇത്രയും ആഴത്തിൽ  തിരിച്ചറിഞ്ഞ അധികമാളില്ല.  ഇടശ്ശേരിയുടെ പൂതപ്പാട്ട്, ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതയ്‌ക്ക് സംഗീതാവിഷ്‌‌കാരം നൽകി. ബർതോൾഡ്‌  ബ്രഹ്‌ത്, പാബ്ലോ നെരൂദ, ജ്യൂലിയസ്‌ ഫ്യൂച്ചിക്, സഫ്‌ദർ ഹശ്‌മി തുടങ്ങിയവരുടെ  രചനകൾ സംഗീതശിൽപ്പങ്ങളായും സംഘഗാനങ്ങളായും അവതരിപ്പിച്ചു. ഈണം പകരുമ്പോൾ സംഗീതത്തേക്കാളും  വരികളുടെ അർഥവും വികാരവും പ്രതിഫലിപ്പിക്കുന്നതായിരുന്നു വി കെ എസിന്റെ ശൈലി.  മൂന്നു ദശാബ്ദം അധ്യാപകനായിരുന്നത്‌ ശിശുസൗഹൃദ മനോഭാവത്തിന്‌ അടിസ്ഥാനമായി.

സ്കൂൾ പഠനകാലത്ത് ആറുവർഷം പ്രശസ്‌ത സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ അടുത്തുനിന്ന് കർണാടക സംഗീതത്തിൽ പരിശീലനം നേടി. 1967ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി’ക്ക്‌ ഏറ്റുമാനൂർ സോമദാസന്റെ  നാലുഗാനം ‘ശിവൻശശി' എന്ന പേരിൽ പി കെ  ശിവദാസുമൊത്ത്‌ ചിട്ടപ്പെടുത്തി. പരിഷത്തിന്റെ ജനറൽ സെക്രട്ടറിവരെ ഉയർന്ന  വി കെ എസ് നിരവധി കലാജാഥയ്‌ക്കും സംഗീതം നൽകി. എൺപതുകളുടെ ആരംഭത്തിൽ  സംസ്ഥാനമാകെ സഞ്ചരിച്ചു. ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ ജാഥകൾക്കും സംഗീതാവിഷ്കാരം നിർവഹിച്ചു. സാക്ഷരതാ പ്രസ്ഥാനം, മാനവീയം മിഷൻ, സംഗീത നാടക അക്കാദമി എന്നിവയ്ക്കുവേണ്ടിയും യുവജന‐ വിദ്യാർഥി സംഘടനകൾക്കായും പാട്ടുകൾ ചിട്ടപ്പെടുത്തി.  അങ്ങനെ എത്രയെത്ര ഗാനമാണ്‌ ആ ശബ്ദത്തിൽ   ഗ്രാമഗ്രാമാന്തരങ്ങളിൽ മുഴങ്ങിയത്‌. അവയിലെ പോരാട്ടവീര്യം  തെരുവുകൾ ഏറ്റുപാടി. ജനകീയ ശബ്ദത്തിന്റെ  ഇടമുറിയാത്ത താളം, പ്രൗഢഗംഭീര ആലാപനം, മാനുഷികമൂല്യമുള്ള ഹൃദയം, വേഗം മാതൃകയാക്കാൻ പ്രയാസമായ  ജീവിതം നിലച്ചിരിക്കുന്നു.  ആ ഓർമകൾക്കു മുന്നിൽ പ്രണാമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top