26 April Friday

മാഞ്ഞത് കവിതയുടെ സ്‌നേഹപൗർണമി

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

വരയിൽനിന്ന്‌ വരികളിലേക്ക്‌ കുടിയേറി കവിതയുടെ വാടാമലരിൽ വനമാല തീർത്ത മഹാകവി അക്കിത്തം വിടവാങ്ങി. ശേഷിക്കുന്നത്‌ ആ കവിതകളുടെ അഭൗമവും അനശ്വരവുമായ സൂര്യതേജസ്സ്‌ മാത്രമാണ്‌.  ഒരു പുരുഷായുസ്സുകൊണ്ട്‌ തീർത്ത അക്ഷരാഗ്നിയുടെ അലയൊടുങ്ങാത്ത അരുണശോഭ. ഇരുൾ പരക്കുമ്പോഴുള്ള നക്ഷത്രവെളിച്ചം.

അകവും പുറവും ശുദ്ധിയുടെ വെണ്മയിലെന്നപോലെ സുതാര്യമായിരുന്നു ആ കവിതയുടെ ഉടലഴകും അകക്കാമ്പും. കണ്ണീരുറഞ്ഞ്‌ വെണ്ണക്കല്ലാകുന്ന വിസ്‌മയം.
നാട്ടുമ്പുറ കുളക്കടവിലെ കുസൃതിദൃശ്യത്തെ ചുവരിൽ വരച്ചിട്ടതിന്‌ പിന്നീടനുഭവിച്ച പശ്ചാത്താപവും ആത്മവിവശതയുമായിരുന്നു കരിക്കട്ടയിൽ കുറിച്ച ആദ്യ കവിതാശകലമെങ്കിൽ അതിന്റെ പരപ്പും പടർപ്പും തലങ്ങളും നവമാനങ്ങളും തേടിയുള്ള അഗാധവും സൂക്ഷ്‌മവുമായ തുടർച്ചകളായി തുടർന്നുള്ള ഓരോ കവിതയുമെന്ന്‌
സാമാന്യമായി പറയാം.

അമ്പലക്കുളങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്‌ക്കുകിൽ
വമ്പനാം ഈശ്വരൻ വന്നി
ട്ടെമ്പാടും നാശമാക്കിടും എന്ന ബാല്യാനുഭവത്തിന്റെ കയ്‌പിലും കണ്ണീരിലും അടിത്തട്ടുറച്ചതായിരുന്നു കവിതയെക്കുറിച്ചുള്ള ബോധ്യം.
അപരവേദനകളോടുള്ള അപാരമായ അനുതാപം കലർന്ന എഴുത്തിന്റെ ആവനാഴി.
ഉപനയസൂക്തങ്ങൾക്കൊപ്പം അമ്മ വിരൽചൂണ്ടി തൊട്ടുകാണിച്ച്‌ ചൊല്ലിക്കൊടുത്ത എഴുത്തച്ഛന്റെ വരികൾ അറിവിന്റെ ആത്മഖനികളിൽ തിരികെടാതെ നിന്നു. അക്കിത്തത്തിന്റെ കവിതകളിൽ ചിലതുമാത്രം ഊരിയെടുത്ത്‌ അനവസരങ്ങളിൽ ആവർത്തിക്കപ്പെട്ടു.
അതിലൊന്നാണ്‌ വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദമെന്ന വരികൾ.

‘അരിവെപ്പോന്റെ തീയിൽച്ചെ-
ന്നീയാംപാറ്റ പതിക്കയാൽ
പിറ്റേന്നിടവഴിക്കുണ്ടിൽ
കാണ്മൂ ശിശുശവങ്ങളെ
കരഞ്ഞുചൊന്നേൻ ഞാനന്ന്‌
ഭാവി പൗരനോടിങ്ങനെ:
വെളിച്ചം ദുഃഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം’
ഇതിലെ ആദ്യവരികളൊഴിവാക്കിയാണ്‌ മിക്കവാറും ഉദ്ധരണി കൊഴുത്തത്‌. എന്നാൽ, കടതലയറ്റ വരികളിൽ കൊഴിഞ്ഞുപോയ  വിരുദ്ധോക്തിയുടെ സംത്രാസം അധികമാരും അറിഞ്ഞില്ല.
 
മനുഷ്യപ്പറ്റിന്റെ വെൺകൊറ്റക്കുടചൂടിയ ആ കാവ്യപ്രവാഹത്തിൽ മലയാള കവിത ആസകലം നവീകരിക്കപ്പെടുകയായിരുന്നു. ഒഴുക്കുനിലച്ച്‌ നിശ്‌ചേതനമായി തളംകെട്ടിപ്പോയ കവിതയുടെ അഴുക്കും കറയും കഴുകിക്കളഞ്ഞ പാപപരിഹാര ക്രിയയായിരുന്നു അക്കിത്തത്തിന്റേത്‌. മനുഷ്യനെ പരമമായി കണ്ടു. ജീവിതത്തിൽ നിഷ്‌കാസിതരാകുന്നവരുടെ, അഴലും ആഴവും വീണ്ടെടുത്തു.പാരമ്പര്യ വഴികളിൽനിന്നുള്ള ഈ വഴിമാറിനടപ്പ്‌ പരിചരണരീതിയിലും അനുഷ്‌ഠിപ്പുകളിലും പഴമയിൽനിന്ന്‌ പൂർണമായി വിമോചിക്കപ്പെട്ടില്ലെങ്കിലും ആണ്ടിറങ്ങിയ പ്രമേയ സ്വീകാര്യതയിലും ആവിഷ്‌കാരത്തിലും അത്‌ മലയാള കവിതയുടെ ആധുനിക ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നതായി.

നിരുപാധികമാം സ്‌നേഹം ബലമായി വരും ക്രമാൽ!
ഇതാണഴ, കിതേ സത്യം, ഇതുശീലിക്കൽ ധർമവും
ഇങ്ങനെ സ്‌നേഹത്തെപ്പറ്റി വീണ്ടും വീണ്ടും മാഴ്‌കിപ്പാടിയ കവികൾ മലയാളത്തിലേറെയില്ല. നിരുപാധികമാം സ്‌നേഹം എന്നതിന്റെ അർഥവും ആഴവും ഇനിയും തലമുറകൾ പഠിച്ചറിയേണ്ടതാണ്‌.
ഒരു കണ്ണീർക്കണം മറ്റു/ള്ളവർക്കായ്‌ ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാന്മാവി/ലായിരം സൗരമണ്ഡലം എന്നെഴുതുമ്പോൾ അക്കിത്തത്തിന്റെ ഹൃദയപക്ഷം മനുഷ്യസാഹോദര്യത്തിന്റെ അതിരുകളുടെ സീമയാണ്‌ ഉല്ലംഘിക്കുന്നത്‌.
മതമേതെങ്കിലുമാകട്ടെ
മനുജാത്മാവേ കരഞ്ഞിരിക്കുന്നേൻ
നിരുപാധികമാം സ്‌നേഹം

നിന്നിൽ പൊട്ടിക്കിളിർന്നു പൊന്തട്ടെ, എന്ന്‌ വീണ്ടുമത്‌ ആവർത്തിക്കപ്പെടുന്ന ആനന്ദത്തിന്റെ മറ്റൊരു ഭാവമായി സ്വാംശീകരിക്കപ്പെടുന്നു. ഇടശ്ശേരിയും വി ടിയുമാണ്‌ തന്റെ വഴികാട്ടികളെന്നും അവരിൽനിന്ന്‌ പഠിച്ചറിഞ്ഞതേ താൻ ഉൾക്കൊണ്ടിട്ടുള്ളൂവെന്നും അക്കിത്തം അവസാനംവരെ ആവർത്തിച്ചു. ജീവിതത്തിലും ഉൽപ്പതിഷ്ണുവായിരുന്നു അദ്ദേഹം. അയിത്തോച്ചാടനം,  സ്വസമുദായത്തിലെ സ്‌ത്രീകളുടെ ഉന്നമനം എന്നിങ്ങനെ സാമൂഹ്യപരിഷ്‌കരണ വഴിയിലും അക്കിത്തം മുന്നിൽനിന്നു.

ഈ യുഗത്തിന്റെ പൊട്ടിക്കരച്ചിലെൻ-
വായിൽനിന്നു നീ കേട്ടുവെന്നോ, സഖീ?
ഈ യുഗത്തിന്റെ വൈരൂപ്യദാരുണ-
ഛായയെൻ കണ്ണിൽ കണ്ടുവെന്നോ, സഖീ?
ഈ യുഗത്തിന്റെ  ദുർഗന്ധമെൻശ്വാസ-
വായുവിങ്കൽനിന്നുൾക്കൊണ്ടു നീയെന്നോ?
എന്നിങ്ങനെ ഈ കാലത്തിന്റെ സമസ്‌തമാലിന്യങ്ങളും താൻകൂടി പങ്കുപറ്റുന്നതാണെന്ന, താൻകൂടി ഹേതുവാണെന്ന തിരിച്ചറിവാണ്‌ ആ കവിതയിലൂടെ ഇതൾവിരിയുന്ന ആത്മവിചാരണകളുടെയും വിചാരങ്ങളുടെയും മുൾമുനകളായി മാറുന്നത്‌. അക്കിത്തം കവിതകൾ കൈരളിയെ പ്രകാശപൂർണമാക്കിക്കൊണ്ടേയിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top