26 April Friday

പൊളാന്‍സ്കി പുറത്തുതന്നെ

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

 

വിഖ്യാത പോളിഷ് സംവിധായകൻ റോമൻ പൊളാൻസ്കിയും ഓസ്കർ അക്കാദമിയും തമ്മിലുള്ള തർക്കം തുറന്നപോരിലേക്ക്. ലൈംഗികാരോപണക്കേസിൽ പെട്ട പൊളാൻസ്കിയെ ഓസ്കർ അക്കാദമിയിൽനിന്ന‌് കഴിഞ്ഞവർഷം പുറത്താക്കിയിരുന്നു. മുന്നറിയിപ്പ് നൽകാതെയാണ് തന്നെ പുറത്താക്കിയതെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്  സംവിധായകൻ. തീരുമാനം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി ആരംഭിക്കുമെന്നും ഭീഷണിയുണ്ട്.

എന്നാൽ, പൊളാൻസ്കിയെ പുറത്താക്കിയ നടപടിയിൽ ഉറച്ചുനിൽക്കുമെന്ന നിലപാടിലാണ് ഓസ്കർ അക്കാദമി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 1977ൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി പൊളാൻസ്കി വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ 42 ദിവസം ജയിലിൽ കിടന്ന അദ്ദേഹം ജാമ്യത്തിലിറങ്ങി അമേരിക്കവിടുകയായിരുന്നു. ഇപ്പോൾ 85കാരനായ പൊളാൻസ്കി 40ലേറെ വർഷമായി നിയമയുദ്ധത്തിലാണ്.  ആരോപണവിധേയനായിരിക്കെത്തന്നെ പൊളാൻസ്കിക്ക് ഓസ്കർനാമനിർദേശവും പുരസ്കാരവും ലഭിച്ചിരുന്നു.

മികച്ച സംവിധായകനുള്ള നാമനിർദേശം ടെസി (1981)ലൂടെ ലഭിച്ചു. 2003ൽ ദ പിയാനിസ്റ്റിലൂടെ മികച്ച ചിത്രത്തിനുള്ള നാമനിർദേശം നേടി. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്കർ  നേടുകയും ചെയ്തിരുന്നു. സദാചാരമര്യാദ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഓസ്കർ അക്കാദമി അദ്ദേഹത്തെ പുറത്താക്കിയത്. എന്നാൽ, നാൽപ്പതിലേറെ വർഷം മുമ്പുള്ള കേസിന്റെ പേരിൽ ഇപ്പോൾ നടപടിയെടുക്കുന്നത് പരിഹാസ്യമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ നിലപാട്. ഫ്രഞ്ച്, പോളിഷ് പൗരത്വമുള്ള പൊളാൻസ്കിയെ നാട്ടിലെത്തിക്കാൻ അമേരിക്കൻ പൊലീസ് നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്. നാസി ഭീകരത തുറന്നുകാട്ടിയ പിയാനിസ്റ്റ് ആണ് അദ്ദേഹത്തെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയത്. നൈഫ് ഇൻ ദ വാട്ടർ, റിപൽഷൻ, മാക്ബത്ത്, ചൈനടൗൺ, ഒലിവർ ട്വിസ്റ്റ്, ഗോസ്റ്റ് റൈറ്റർ, കാർണേജ് തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top