26 April Friday

പ്രേക്ഷകനോളം വളരണം...; സംവിധായകൻ എം പത്മകുമാർ സംസാരിക്കുന്നു

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday May 15, 2022

സുരാജ്‌ വെഞ്ഞാറമൂടും എം പത്മകുമാറും

എം പത്മകുമാർ എന്ന സംവിധായകൻ മലയാള സിനിമയിലെത്തിയിട്ട്‌ രണ്ട്‌ പതിറ്റാണ്ടാകുകയാണ്‌.  പൃഥ്വിരാജ്‌ അഭിനയിച്ച അമ്മക്കിളിക്കൂടിൽ തുടങ്ങിയ ആ  യാത്ര വെള്ളിയാഴ്‌ച തിയറ്ററിലെത്തിയ, സുരാജ്‌ വെഞ്ഞാറമൂട്‌–ഇന്ദ്രജിത്ത്‌ ചിത്രം പത്താംവളവിൽ എത്തി നിൽക്കുന്നു. മമ്മൂട്ടി, മോഹൻ ലാൽ, ജയറാം തുടങ്ങി മലയാള സിനിമയിലെ പ്രധാന അഭിനേതാക്കൾ പലരും പത്മകുമാറിന്റെ നായകന്മാരായി. നന്മ നിറഞ്ഞ നായകന്മാർ മലയാള സിനിമ വാഴുന്ന കാലത്താണ്‌  നെഗറ്റീവ്‌ സ്വഭാവമുള്ള പൃഥ്വിരാജിന്റെ എസ്‌ഐ സോളമനും മമ്മൂട്ടിയുടെ പരുന്ത്‌ പുരുഷോത്തമനുമെല്ലാം പ്രേക്ഷകരിലെത്തിയത്‌. തന്റെ സിനിമാസങ്കൽപ്പത്തെക്കുറിച്ച്‌ സംവിധായകൻ എം പത്മകുമാർ: 

ത്രില്ലറുകളിലാണ്‌ കൈയൊപ്പ്‌

പത്താംവളവ്‌ ഒരു ഇമോഷണൽ ത്രില്ലറാണ്‌. ജോസഫ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരുന്നു. എനിക്ക്‌ ചെയ്യാനിഷ്ടം ഇത്തരം ത്രില്ലർ  സിനിമകളാണ്‌. അതിൽ നമ്മുടേതായ ഒരു സംഭാവന നൽകാൻ പറ്റും. കഥയെ കുറേക്കൂടി പൊലിപ്പിക്കാനും നമ്മുടെ വഴിയിലേക്ക്‌ കൊണ്ടുവന്ന്‌ അവതരിപ്പിക്കാനും പറ്റും. കുടുംബ സിനിമയിൽ  അത് പറ്റില്ല.  ത്രില്ലറുകളിലാണ്‌ അത് സാധ്യമാകുക.

നായകന്റെ സ്ഥിരം പരിവേഷം പൊളിക്കണം

നായകന്‌ സ്ഥിരമായി ഒരു പരിവേഷമുണ്ടാകും. കണ്ടുവരുന്ന ശീലങ്ങളിൽനിന്ന്‌ മാറി, സ്ഥിരം നായക ബിംബത്തെ  തച്ചുടയ്ക്കണമെന്ന ചിന്തയിലാണ്‌ രണ്ടാമത്തെ സിനിമയായ വർഗം ചെയ്തത്‌. വേറെ ഒരു ധാരയിലുള്ള സിനിമ ചെയ്യണമെന്ന ആലോചനയിൽനിന്നാണ്  അമ്മക്കിളിക്കൂടിലെ  നന്മ നിറഞ്ഞ നായകനിൽ നിന്ന്‌ വ്യത്യസ്തമായി വർഗം ചെയ്യുന്നത്‌. അത്‌ നല്ല അഭിപ്രായം നേടി.  നെഗറ്റീവ്‌ ഛായയുള്ള നായകന്മാരെ തേടിപ്പിടിച്ചത് അതുകൊണ്ടാണ്.

എഴുതാൻ കുറേ സമയം വേണം

ആദ്യ രണ്ട്‌ സിനിമകൾക്കിടയിൽ  വലിയ ഇടവേള വന്നു. അപ്പോഴാണ്‌ വർഗത്തിന്റെ തിരക്കഥ എഴുതുന്നത്‌. ഇടയ്‌ക്ക്‌ എഴുതുന്ന സിനിമയെക്കുറിച്ച്‌ ആലോചനയുണ്ടായിരുന്നു. പക്ഷേ, കൂടുതൽ സമയമെടുക്കുമെന്നതുകൊണ്ട്‌ ഉപേക്ഷിച്ചു. ഒരു സിനിമ എഴുതാൻ  ഒന്നര വർഷമൊക്കെ നീക്കിവെക്കാനാവില്ല.  എനിക്ക്‌ അത്ര സമയം കിട്ടിയാലേ നന്നായി എഴുതാനാകൂ. അതുപോലെ, ഞാൻ തന്നെ എഴുതുമ്പോഴുള്ള അപകടങ്ങളും എനിക്ക്‌ മനസ്സിലായി. മറ്റൊരാൾ എഴുതുമ്പോൾ സിനിമയിൽ അയാളുടെകൂടി പങ്കാളിത്തമുണ്ടാകും. അയാളുടെ തെറ്റുകൾ എനിക്കും എന്റേത്‌ അയാൾക്കും മനസ്സിലാക്കാനാകും. അങ്ങനെ നല്ലൊരു സിനിമയുണ്ടാക്കിയെടുക്കാമെന്നാണ്‌ കരുതുന്നത്‌.

സുരാജ്‌ ഓരോ ദിവസവും വളരുകയാണ്‌

സുരാജിനെ വച്ച്‌ പടം ചെയ്യാൻ വേണ്ടി മാത്രം ചെയ്‌ത സിനിമയല്ല പത്താംവളവ്. സുരാജ്‌ നല്ല നടനാണ്‌. കഥയ്‌ക്ക്‌ സുരാജാണ്‌ അനുയോജ്യമെന്ന്‌ തോന്നിയതിനാലാണ്‌ പരിഗണിച്ചത്‌. നേരത്തെ എന്റെ സിനിമകളിൽ തമാശ റോളുകൾ ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ഓരോ ദിവസവും സുരാജ്‌ എന്ന നടൻ വളരുകയാണ്‌. ആ സമയത്ത്‌ സുരാജിനെ നമ്മുടെ സിനിമയിൽ ഉപയോഗിക്കാൻ കഴിഞ്ഞത്‌ വലിയ കാര്യം.

ജോസഫിന്‌ ജോജുവിന്റെ രൂപമാണ്‌

ജോസഫിന്റെ കഥ നേരത്തെ ജോജു കേട്ടിരുന്നു. കുറേക്കാലമായി വ്യക്തിപരമായി അറിയുന്ന ഒരാളാണ്‌ ജോജു. ആ കഥ കേട്ടപ്പോൾ കഥാപാത്രത്തിന്‌ ഏറ്റവും യോജിക്കുന്നത്‌   ജോജുവാണെന്ന്‌ തോന്നി.  മറ്റുപല പേരുകളും വന്നുവെങ്കിലും ആദ്യാവസാനം മനസ്സിൽ കഥാപാത്രത്തിന്‌ വന്ന രൂപം ജോജുവിന്റേതാണ്‌.

ന്യായം പ്രേക്ഷകരുടെ ഭാഗത്ത്‌

ആദ്യമൊരു പ്രേക്ഷകനായി നിന്ന്‌ ആലോചിച്ചാണ്‌ ഒരു സിനിമ ചെയ്യുന്നത്‌. അതിന്‌ ചെയ്യുന്ന സിനിമ ആദ്യം നമുക്ക്‌ ഇഷ്ടപ്പെടണം. എന്നാൽ മാത്രമേ  പ്രേക്ഷകനെ തൃപ്‌തിപ്പെടുത്താനാകൂ. നമ്മൾ ചെയ്‌ത സിനിമ കാണുന്നവർക്ക്‌ ഇഷ്ടമായില്ലെങ്കിൽ അതിന്റെ അർഥം പ്രേക്ഷകനോളം എത്താൻ നമുക്ക്‌ കഴിഞ്ഞില്ലെന്നാണ്‌. ശരി എന്റെ ഭാഗത്തെല്ലെന്നും അവരുടെ ഭാഗത്താണെന്നും മനസ്സിലാക്കണം. അല്ലാതെ ന്യായം നമ്മുടെ ഭാഗത്താണെന്ന്‌ വിചാരിക്കുന്നതിൽ കാര്യമില്ല. ഞാൻ ചെയ്‌ത എല്ലാ സിനിമകൾ കാണുമ്പോഴും കുറച്ച്‌ കൂടി നന്നാക്കാമായിരുന്നുവെന്ന്‌ തോന്നിയിട്ടുണ്ട്‌. മനസ്സിലുള്ള സിനിമയുടെ അമ്പത് ശതമാനമൊക്കെയേ ചെയ്‌തെടുക്കാൻ കഴിയൂ. പക്ഷേ ചില സിനിമകളിൽ അതിനു പോലും കഴിഞ്ഞിട്ടില്ല. അങ്ങനെ ചെയ്യാൻ പറ്റാതിരിക്കുന്നതിന്‌ പല കാണങ്ങളുണ്ടാകും. എന്നാലും കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന്‌ പിന്നീട്‌ തോന്നും.

മലയാള സിനിമ മാറി

മലയാള സിനിമയുടെ ടെമ്പോയും ഗ്രാഫുമെല്ലാം മാറി.  അതിൽ എനിക്ക്‌ ഉൾക്കൊള്ളാൻ പറ്റുന്നവയുണ്ട്‌. ഒരു സമൂലമായ മാറ്റമൊന്നും നമ്മളെക്കൊണ്ട്‌ പറ്റില്ല. എന്നെക്കൊണ്ട്‌ ഉൾക്കൊള്ളാൻ പറ്റുന്നവ പത്താം വളവിൽ മാറ്റിയിട്ടുണ്ട്‌. മൊത്തമായി മാറ്റാൻ എന്നെക്കൊണ്ട്‌ പറ്റുന്ന കാര്യവുമല്ല. എന്നാൽ കാര്യങ്ങൾ അപ്‌ഡേറ്റ്‌ ചെയ്യാൻ ശ്രമിക്കുന്നുണ്ട്‌.

ജോസഫിന്റെ റീമേക്ക്‌

ജോസഫ്‌ സിനിമയുടെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണത്തിലാണിപ്പോൾ. അത്‌ പൂർത്തിയാക്കിയതിന്‌ ശേഷമേ ഇനി മലയാള സിനിമയുണ്ടാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top