27 April Saturday

സാങ്കേതികമായും സിനിമ മികവ്‌ പുലർത്തണം; സംവിധായകൻ നിർമൽ സഹദേവ്‌ സംസാരിക്കുന്നു

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Oct 30, 2022

കേട്ട്‌ പതിഞ്ഞ മുത്തശ്ശിക്കഥയിൽ ഫാന്റസി ചേരുന്ന ത്രില്ലറാണ്‌ കുമാരി. ഐശ്വര്യ ലക്ഷ്‌മി കേന്ദ്ര കഥാപാത്രമായ ചിത്രം. സാങ്കേതികത്തികവിനാൽ  സിനിമാ ചർച്ചകളിൽ ഇന്നും ഇടം പിടിക്കുന്ന രണത്തിന്‌ ശേഷം നിർമൽ സഹദേവ്‌ ഒരുക്കിയ ചിത്രമാണിത്‌. സംവിധായകൻ സംസാരിക്കുന്നു:

കഥയിലേക്ക്‌ നയിച്ചത്‌ സുപ്രിയ

ഒരു മുത്തശ്ശിക്കഥയിൽ തുടങ്ങി, പിന്നെ ഫാന്റസിയിലേക്ക്‌ കടക്കുന്ന ഒരു സിനിമയാണ്‌ കുമാരി.  രണം കഴിഞ്ഞ്‌ വേറെ ഒരു സിനിമ ചെയ്യാനായിരുന്നു പ്ലാൻ. അത്‌ നടന്നില്ല. സുപ്രിയ മേനോൻ എന്നെ വിളിച്ച്‌ ഈ ജോണറിൽ ഒരു കഥ എഴുതണം എന്ന്‌ പറയുകയായിരുന്നു. വെറെ ഒരു സിനിമയ്‌ക്ക്‌ വേണ്ടിയായിരുന്നു അത്‌. അപ്പോൾ എഴുതാനായില്ല. ആ സിനിമ നടന്നുമില്ല. പിന്നീടാണ്‌ അമ്മ പറഞ്ഞ കഥകളും വടക്കൻ ഐതിഹത്യങ്ങളുമെല്ലാം വായിച്ച്‌ കുമാരി എഴുതുന്നത്‌. കഥ പറഞ്ഞപ്പോൾ ഇത്‌ എന്തായാലും ചെയ്യണം എന്ന്‌ സുപ്രിയ പറഞ്ഞു. അങ്ങനെയാണ്‌ സിനിമ സംഭവിക്കുന്നത്‌.

രണം സിനിമയിൽ നിന്ന്‌ പൂർണമായും വ്യത്യസ്‌തമായ സിനിമയാണ്‌ കുമാരി. ഡയറക്ടർ എന്ന നിലയിൽ വെല്ലുവിളി നിറഞ്ഞ സിനിമയാണ്‌. അതേസമയം നമ്മുടെ ക്രാഫ്‌റ്റ്‌ കാണിക്കാൻ പറ്റുന്നതുമാണ്‌.  സിനിമയിലേക്ക്‌ ഐശ്വര്യ ലക്ഷ്‌മിയെ നിർദേശിക്കുന്നത്‌ ജേക്‌സ്‌ ബിജോയ്‌ ആണ്‌. ഐശ്വര്യയെ ഈ കഥാപാത്രത്തിനായി നന്നായി മോൾഡ്‌ ചെയ്‌ത്‌ എടുക്കാൻ കഴിയുമെന്ന നിലയിലാണ്‌അവരെ  ആലോചിച്ചത്‌. ആദ്യ മീറ്റിങ്ങിൽത്തന്നെ ഐശ്വര്യ സിനിമ ചെയ്യാമെന്ന്‌ പറയുകയും ചെയ്‌തു.

സാങ്കേതിക പ്രവർത്തകരെ ഒപ്പംകൂട്ടാറുണ്ട്‌

എല്ലാവരുടെയും മികച്ച വർക്ക്‌ സിനിമയിൽ ലഭിക്കണമെന്നാണ്‌ ആഗ്രഹിക്കുന്നത്. തിരക്കഥ എഴുതുമ്പോൾതന്നെ സാങ്കേതിക മേഖലയും അങ്ങനെ ഉപയോഗിക്കണമെന്ന്‌ ചിന്തിക്കാറുണ്ട്‌. കളർ ടോൺ വരെ എഴുത്തിന്റെ ഘട്ടത്തിൽ ആലോചിച്ചിരുന്നു.  രണം സിനിമയുടെ സൗണ്ട്‌ ട്രാക്ക്‌ ഒക്കെ എഴുത്തിൽതന്നെ ആലോച്ചിരുന്നു. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ പലപ്പോഴും അവരുടെ കഴിവിന്റെ പരമാവധി ഉപയോഗിക്കാൻ പറ്റാറില്ല.  ഇതിനുള്ള ഇടം കിട്ടാത്തിനാലാണത്‌. ഞാൻ സിനിമയുടെ പ്രീ പ്രൊഡക്ഷൻ മുതൽ തന്നെ സാങ്കേതിക പ്രവർത്തകരെ ഒപ്പംകൂട്ടാറുണ്ട്‌.  വിഎഫ്‌എക്‌സ്‌ ടീമിനെ കൂടി ഉൾപ്പെടുത്തിയാണ്‌ തിരക്കഥ വായന നടത്തിയത്‌. സാങ്കേതികമായിക്കൂടി സിനിമ മികച്ച രീതിയിൽ വരുമ്പോഴാണ്‌ സിനിമയ്‌ക്ക്‌ പൂർണത ലഭിക്കുക. വിഎഫ്‌എക്‌സിനു പുറമേ  പ്രോസ്റ്റസിസ് കൂടി ഉപയോഗിച്ചിട്ടുണ്ട്‌. അതിനായി അമേരിക്കയിൽ നിന്ന്‌ ഒരു ടീം വന്നിരുന്നു.

പൃഥ്വിരാജ്‌ ഒരു പാഠപുസ്‌തകം

ജിജു ജോൺ, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവർക്കൊപ്പം ദി ഫ്രഷ്‌ ലൈം സോഡ എന്ന നിർമാണ കമ്പനി തുടങ്ങി. അതിന്റെ ബാനറിൽ സിനിമകൾ ചെയ്യണം. കുമാരിയുടെ ടീസറിന്‌ വേണ്ടി മാത്രമാണ്‌ പൃഥ്വിരാജിനെ ഉപയോഗിച്ചത്‌. സിനിമയിൽ പൃഥ്വിയില്ല. ജനുവരിയിൽ പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്‌ വേണ്ടി ഒരു സംഭവം ചെയ്യുന്നുണ്ട്‌. അതിനുശേഷം എമ്പുരാനിൽ പൃഥ്വിരാജിനൊപ്പം സംവിധാന സഹായിയായും പ്രവർത്തിക്കും. ഇവിടെ സിനിമയിൽ ഞാൻ അസോസിയറ്റായിരുന്നു, അവിടെ വച്ചാണ്‌ തമ്മിൽ സംസാരിക്കുന്നത്‌. സമാന ചിന്താഗതിക്കാർ എന്ന രീതിയിൽ കുറേ ആശയങ്ങൾ പങ്ക്‌ വച്ചു. അദ്ദേഹം എനിക്ക്‌ ഒരു പാഠപുസ്‌തകമാണ്‌. എപ്പോഴും മനസ്സിൽ സിനിമ ഓടിക്കൊണ്ടിരിക്കുന്ന ഒരാളാണ്‌. അത്‌ പഠിച്ചെടുക്കാനാണ്‌ ശ്രമിക്കുന്നത്‌. കുമാരി ചെയ്യാൻ വലിയ പ്രേരണയും പൃഥ്വിരാജ്‌ ആയിരുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ നിർദേശവും തന്നിരുന്നു. മേക്കറിനു പുറമേ ഒരു ഗംഭീര  നിർമാതാവ്‌ കൂടിയാണ്‌ അദ്ദേഹം. എവിടെയാണ്‌ പണം ചെലവാക്കേണ്ടത്‌, എങ്ങനെയാണ്‌ മാർക്കറ്റ്‌ ചെയ്യേണ്ടത്‌ എന്ന്‌ ഒക്കെ നല്ല ധാരണയുള്ളയാളാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top