27 April Saturday

കെ ജി ജോർജ്ജ്‌: മലയാള സിനിമയുടെ "യവനിക' ഉയർത്തിയ പ്രതിഭയ്‌ക്ക്‌ ഇന്ന്‌ 75

ഡി കെ അഭിജിത്ത്‌Updated: Sunday May 24, 2020

മലയാള സിനിമയുടെ ചരിത്രം അതിന്റെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നതും, ഏത്‌ കാലത്ത്‌ പുറത്തുവന്ന സിനിമയാണെങ്കിലും അതിനെ താരതമ്യം ചെയ്യുന്നതും എൺപതുകളോടായിരിക്കും. ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയ പേരുകളിൽ മുന്നണിയിൽ ഉള്ളത്‌ കെ ജി ജോർജ്ജ്‌ എന്ന കുളക്കാട്ടിൽ ഗീവർഗീസ്‌ ജോർജ്ജിന്റേതും ആയിരിക്കും. മലയാള സിനിമയ്‌ക്ക്‌ നവീന ഭാഷ്യവും കരുത്തും നൽകിയ പ്രതിഭാധനനായ കെ ജി ജോർജിന്‌ ഇന്ന്‌ 75വയസ്സ്‌.

മലയാള സിനിമയുടെ കഥകളെയും കഥാപരിസരങ്ങളെയും കാഴ്‌ചകൾകൊണ്ട്‌ സമ്പുഷ്‌ട‌മാക്കിയ പ്രതിഭ എന്നാണ്‌ എല്ലാക്കാലവും കെ ജി ജോർജ്ജിന്‌ സിനിമാ ആസ്വാദകരുടെ മനസ്സിലുള്ള സ്ഥാനം. കാലാതീതമായ കലയാണ്‌ സിനിമ എന്നതിനോട്‌ നീതിപുലർത്തുന്ന പേര്‌ കൂടിയാണ്‌ അത്‌. പുതുതലമുറ സിനിമാ സംവിധായകരിൽ ഏറ്റവുമധികം പിന്തുടരുന്നതും അദ്ദേഹത്തെ തന്നെയായിരിക്കും. ലിജോ ജോസ്‌ പെല്ലിശ്ശേരി, ആഷിക്‌ അബു തുടങ്ങി ക്രാഫ്‌റ്റ്‌ കൊണ്ട്‌ തങ്ങളുടെ സിനിമയെ സമ്പന്നമാക്കുന്ന സിനിമാക്കാരുടെയെല്ലാം ഇഷ്‌ട സംവിധായകൻ.

കെ ജി ജോർജ്ജിനെ അറിയാത്ത സിനിമാ ആസ്വാദകൻ എങ്ങനെ ആസ്വാദകനാകും എന്ന ചോദ്യം ഒട്ടും അതിശയോക്തിയാകില്ല. മൂന്ന്‌ പതിറ്റാണ്ട്‌ മുൻപ്‌ ഇന്ത്യൻ സിനിമയിൽ മലയാള സിനിമയ്‌ക്ക്‌ ഒരു സ്ഥാനം ഉണ്ടായിരുന്നെങ്കിൽ അതിന്‌ ഈ മഹാപ്രതിഭയോട്‌ കടപ്പെട്ടിരിക്കുന്നു. പുതിയ കാഴ്‌ചകൾ എത്തിയപ്പോൾ ജോർജ്ജിനെ പലരും മറന്നു, പക്ഷേ ഇന്ന്‌ കാണുന്ന ഓരോ സിനിമയ്‌ക്കും അതിന്റെ ഉൾക്കാഴ്‌ചയിൽ ജോർജ്ജിന്റെ സ്വാധീനം മാറ്റിനിർത്താനകില്ല.

നാല് പതിറ്റാണ്ടു നീണ്ട സിനിമ പ്രവർത്തനത്തിലൂടെ മലയാളി പ്രേക്ഷകന് അതുവരെ കണ്ടു പരിചരിച്ചു പോന്ന കാഴ്‌ചയുടെയും പ്രമേയങ്ങളുടെയും മടുപ്പിൽ നിന്നും പുത്തൻ ഉണർവ് നൽകിയ ഈ കലാകാരനെ മറവിക്ക്‌ വിട്ടു കൊടുക്കുന്നത് ഒരു സിനിമ ആസ്വാദകന്‌ ഏറെ ബുദ്ധിമുട്ടുളവാക്കുന്ന കാര്യമാണ്. തന്‍റെതായ ആഖ്യാന ശൈലിയിലൂടെയും ദൃശ്യ പരിചരണത്തിലൂടെയും മലയാള സിനിമ പിന്തുടർന്ന് പോന്ന ഭാഷയും വ്യാകരണവും മാറ്റി എഴുതുകയായിരുന്നു കെ ജി ജോർജ്. സമീപനത്തിലും സങ്കേതികതയിലും മലയാള സിനിമയുടെ മുഖച്ഛായ വിശ്വോത്തരമായി പുനർനിർമ്മിക്കാൻ ധൈര്യപ്പെടുകയും ചെയ്‌ത അന്നത്തെ നവ തലമുറ സംവിധായകനിലൊരാൾ. 1976 ൽ റിലീസ് ചെയ്‌ത ആദ്യ സിനിമയായ സ്വപ്‌നാടനം മുതൽ അവസാനം പുറത്തിറങ്ങിയ ഇളവങ്കോട് ദേശം വരെയുള്ള സിനിമകൾ ഓരോന്നും പരിശോധിച്ചാൽ കെ ജി ജോർജ് എന്ന സംവിധായകന്‍റെ ക്രാഫ്റ്റ്മാൻഷിപ് മനസ്സിലാകും, ഓരോ സിനിമയും ഓരോ അവതരണ രീതികൾ, വ്യത്യസ്‌ത പശ്ചാത്തലങ്ങൾ, വ്യത്യസ്‌ത ശൈലിയിലുള്ള സിനിമകൾ.

രാമചന്ദ്ര ബാബു, ഭരത്‌ ഗോപി, കെ ജി ജോർജ്ജ്‌

രാമചന്ദ്ര ബാബു, ഭരത്‌ ഗോപി, കെ ജി ജോർജ്ജ്‌



1976 ൽ സ്വപ്‌നാടനം എന്ന സിനിമ ഒരുക്കുമ്പോൾ അദ്ദേഹത്തിന്‌ ഉണ്ടായിരുന്ന ധൈര്യം എന്തെന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഒന്നാണ്. 70 കാലഘട്ടങ്ങളിൽ നമ്മുടെ സിനിമയുടെ അവസ്ഥ എന്നത് ഇങ്ങനെയായിരുന്നു. ഒരു നായകനും നായികയും, അവരുടെ പ്രണയം, പ്രണയം പരമോന്നതയിൽ എത്തുമ്പോൾ നിർബന്ധമായും കുറഞ്ഞത് നായകനും നായികയും ഒത്തുള്ള നാലു മരംചുറ്റി പ്രേമഗാനങ്ങൾ. ഇത്തരം സ്ഥിരം ചട്ടക്കൂട്ടിൽ നിന്ന് കൊണ്ട് മാത്രം സിനിമ ഇറക്കിയാൽ മാത്രം വിജയം ഉറപ്പാക്കിയിരുന്നു ഒരു സമയത്തു സ്വപ്‌നാടനം പോലൊരു തികച്ചു ഓഫ്‌ബീറ്റായ ഒരു സിനിമയുമായി മലയാള സിനിമയിലേക്ക് കടന്നു വരാൻ കെ ജി ജോർജ് കാണിച്ച ധൈര്യം, അവിടെ തുടങ്ങുന്നു മലയാള സിനിമയുടെ മാറ്റം, സുവർണ കാലഘട്ടം.

1976-ല്‍ പുറത്തു വന്ന സിനിമ ഇപ്പോള്‍ കാണുമ്പോഴും അതിലൊരു പുതുമ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. അതിലെ സംഭാഷണങ്ങള്‍, സാന്ദര്‍ഭികമായി ഉരുത്തിരിഞ്ഞുവരുന്ന തമാശകള്‍ ഇപ്പോഴും പ്രേക്ഷകനെ ആകര്‍ഷിക്കുന്നു. സ്വപ്‌നാടത്തിന് ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സോമനും മല്ലികയ്ക്കും യഥാക്രമം മികച്ച സഹനടനും സഹനടിക്കുമുള്ള സംസ്ഥാന അവാര്‍ഡുകളും കിട്ടുകയുണ്ടായി. അക്കാലത്തെ ന്യൂജനറേഷന്‍ സിനിമയായിരുന്നു സ്വപ്‌നാടനം.

കെ ജി ജോര്‍ജിന്റെ സിനിമയിലെ പ്രമേയ വൈവിധ്യം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും സ്വയം ആവര്‍ത്തിച്ചിട്ടില്ലാത്ത സംവിധായകനാണ് അദ്ദേഹം. സ്വപ്‌നാടനം കഴിഞ്ഞ് അദ്ദേഹം ചെയ്‌ത ചില സിനിമകള്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. അതിലൊന്നാണ് വ്യാമോഹം (1977). ആ ചിത്രത്തിലൂടെയാണ് ഇളയരാജ ആദ്യമായി മലയാളത്തില്‍ എത്തുന്നത്. മണ്ണ്, ഇനി അവള്‍ ഉറങ്ങട്ടെ, ഓണപ്പുടവ എന്നീ ചിത്രങ്ങളും അത്രകണ്ട് ശ്രദ്ധേയമായില്ല.പക്ഷേ പത്മരാജന്റെ തിരക്കഥയില്‍ കെജി ജോര്‍ജ് ചെയ്‌ത ഒരേയൊരു സിനിമയായ "രാപ്പാടികളുടെ ഗാഥ' എന്ന ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. എഴുപതുകളിലെ യുവാക്കളില്‍ ഉണ്ടായിരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും മാനസികപ്രശ്‌നങ്ങളുമൊക്കെയായിരുന്നു സോമനും വിധുബാലയും കേന്ദ്രകഥാപാത്രങ്ങളായി വന്ന രാപ്പാടികളുടെ ഗാഥയുടെ പ്രമേയം.

മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ‘ഉൾക്കടൽ’, മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ‘പഞ്ചവടിപ്പാലം’,മലയാള സിനിമയിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമ ‘യവനിക’,മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ ‘ഇരകൾ’, മലയാള സിനിമയിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ ‘ആദാമിന്‍റെ വാരിയെല്ല്’ അങ്ങനെ സംവിധാനം ചെയ്‌ത കുറച്ചു സിനിമകളിൽ ഭൂരിപക്ഷവും ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ചതായി നിലകൊള്ളുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top