26 April Friday

അകലങ്ങളിലെ സിനിമയ്ക്കും കരുതൽ; ആടുജീവിതം ചിത്രീകരണം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയാണ് ആടുജീവിതത്തിനായി സംവിധായകൻ ബ്ലെസിയും നടൻ പ്രിഥ്വിരാജും സംഘവും ജോർദാനിലെത്തിയത്‌. മരുഭൂമിയിലെ ചിത്രീകരണം തുടങ്ങിയ സമയംതന്നെയാണ് കൊറോണ ഭീതിയും പടർന്നത്. ജോർദാൻ സർക്കാർ രാജ്യത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ സംഘം ഹോട്ടലിൽ പെട്ടു. പ്രതിസന്ധി രൂക്ഷമായതോടെ നോർക്ക ഇടപെട്ടു. വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയിൽപെടുത്താൻ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങൾ തിരക്കുകയും ചെയ്തു. അതോടെ സിനിമാചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചു.


 

ചിത്രീകരണസംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങൾ നൽകാമെന്നും എംബസി നോർക്ക അധികൃതർക്ക് ഉറപ്പുനൽകി. ലോക്ക്ഡൗണിനെത്തുടർന്ന് ഷൂട്ടിങ്‌ ക്യാമ്പിൽ ഭക്ഷണത്തിനുപോലും പ്രതിസന്ധിയുള്ളതായും വാർത്ത വന്നിരുന്നു.  ജോർദാനിലുള്ള പ്രാദേശിക സിനിമാ നിർമാണകമ്പനിയും ക്യാമ്പിലേക്കുള്ള അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

ബെന്യാമിന്റെ  പ്രശസ്തമായ ആടുജീവിതം നോവൽതന്നെയാണ് സിനിമയാകുന്നത്. മരുഭൂമിയിൽ ജോലി തേടിയെത്തിയ നജീബിന്റെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളാണ്‌ ആടുജീവിതത്തിലൂടെ ബെന്യമിൻ അവതരിപ്പിച്ചിരുന്നത്‌. ദാരിദ്ര്യവും അടിമപ്പണിയുംമൂലം മരണത്തെ മുഖാമുഖം കണ്ട  നജീബായി സിനിമയിൽ വേഷമിടുന്നത്‌  പ്രിഥ്വിരാജാണ്‌. ഈ വേഷത്തിനുവേണ്ടി താരം ഏറെ മെലിഞ്ഞത് വാർത്തയായിരുന്നു. കേരളത്തിലെ ആദ്യ ഷെഡ്യൂൾ പൂർത്തികരിച്ചാണ് സംഘം ജോർദാനിലെത്തിയത്. ഏപ്രിൽ 10 വരെ ചിത്രീകരണം തുടരാൻ ജോർദാന്റെ അനുമതിയുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top