02 May Thursday

അജയൻ ഒരുക്കുന്നു
 കലയുടെ കാർണിവൽ

സി കെ ഉണ്ണിക്കൃഷ്‌ണൻUpdated: Friday Dec 3, 2021
കൂറ്റനാട് > തുണിബാനറിൽ ചിത്രം വരച്ചുതുടങ്ങിയ കാലത്താണ്‌ തുടക്കം. സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം അജയനെ ഒടുവിൽ ലക്ഷ്യത്തിലെത്തിച്ചു. മികവുറ്റ കലാസംവിധായകനായി, ഇപ്പോൾ കൈനിറയെ ചിത്രങ്ങൾ. മലയാളത്തിൽ തുടങ്ങി തമിഴ്‌, തെലുങ്ക്‌ സിനിമകളിലും ചുവടുറപ്പിക്കുകയാണ്‌ കലാസംവിധായകൻ അജയൻ ചാലിശേരി.
 
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ആണ് അജയൻ സ്വതന്ത്രമായി കലാസംവിധാനം നിർവഹിച്ച ആദ്യസിനിമ. ഗ്യാങ്സ്റ്റർ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, റാണി പത്മിനി, അപ്പവും വീഞ്ഞും, മഹേഷിന്റെ പ്രതികാരം, പറവ, വരത്തൻ, ട്രാൻസ്, ഇടുക്കി ഗോൾഡ്, ഇരുൾ, കോൾഡ് കേസ്, മാരാ (തമിഴ്) തുടങ്ങി നിരവധി ചിത്രങ്ങളിൽ അജയന്റെ കലാവിരുത്‌ പ്രകടമായി. ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ അവസാന തിരക്കിലാണ് ഇപ്പോൾ. തെന്നിന്ത്യൻ താരങ്ങളുള്ള ഒടിടി സീരീസുകളുടെ പ്രവർത്തനം പുരോഗമിക്കുന്നു. തമിഴിലും തെലുങ്കിലുമാണ്‌ കലാസംവിധാനം നിർവഹിക്കുന്ന അടുത്ത സിനിമകൾ.
 
ചിത്രംവരയിൽ അച്ഛനാണ്‌ ഗുരു. തുളസി ഡിസൈൻസിലൂടെയാണ് തുടക്കം. തുണിബാനർ, കടകളുടെ പ്രചാരണബോർഡ്‌, വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്‌ എന്നിവ എഴുതിത്തയ്യാറാക്കലായിരുന്നു ആദ്യ ജോലി. കടകളുടെ ആർട്ട്‌ വർക്കുകളും ചെയ്‌തു. തെരഞ്ഞെടുപ്പുകാലത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ പ്രചാരണത്തിന്റെ മുഖ്യ ആസൂത്രകനുമാണ്‌. ബോർഡെഴുത്തും ഡിസൈനിങ്ങുമായി മുന്നേറുമ്പോഴാണ്‌ ബസന്ത്, സുനിൽ ബാബു, ഗോകുൽദാസ്, മനു ജഗദ് എന്നിവർ സിനിമാ സെറ്റിലെ സ്ഥാപനങ്ങളുടെ ബോർഡ് എഴുതാനും ചെറിയ ചിത്രപ്പണികൾക്കും അജയനെ ചിത്രകലാ സഹായിയായി കൂട്ടിയത്.
 
കവുക്കോട് കൊല്ലഴിപ്പറമ്പിൽ പരേതനായ അപ്പുണ്ണിയുടെയും മീനാക്ഷിയുടെയും നാലു മക്കളിൽ മൂത്തയാളാണ് അജയൻ. അച്ഛൻ അപ്പുണ്ണി ചിത്രംവരയിലും വാദ്യകലാരംഗത്തും നാടൻകലയിലും അറിയപ്പെട്ട കലാകാരനാണ്. ഇളയ സഹോദരൻ അഭിലാഷ് ചാലിശേരി ചുവർച്ചിത്ര രചനയിൽ സജീവമാണ്‌. സബിതയാണ്‌ ഭാര്യ. മക്കൾ: ദയക്കുട്ടി, യുവാൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top