26 April Friday

ഇനിയും കഥകളുണ്ടാകും... 
പാലക്കാടൻ കുളിരിലും ചൂടിലും

ടി എം സുജിത്‌Updated: Wednesday Mar 23, 2022

വൈശാഖൻ മകൾ പൂർണിമക്കൊപ്പം

പാലക്കാട്> മാവിനിടയിലൂടെ മഴ പെയ്യുന്നത് കണ്ട്, കാറ്റേറ്റ്, നാട്ടിൻപുറത്തെ സൗന്ദര്യമറിഞ്ഞ് ഇനിയുള്ള കാലം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാലക്കാട്ടിലുണ്ടാകുമെന്ന് കഥാകൃത്ത്‌ വൈശാഖൻ. വൈകിട്ടത്തെ പാലക്കാടൻ കാറ്റേൽക്കാൻ ചിറ്റൂർ പൊൽപ്പുള്ളി രാഘവപുരത്തെ പുതിയ വീടിന് മുന്നിലിരിക്കെ മലയാളിയുടെ പ്രിയ കഥാകാരൻ പാലക്കാടൻ ഓർമകൾ പങ്കുവച്ചു. ഒരു കഥപോലെ സുന്ദരമായ ഓർമകൾ.
 
ജീവിതത്തിലെ സുപ്രധാന കാര്യങ്ങളെല്ലാം നടന്നത് പാലക്കാട്ടാണ്‌. അതിനാൽ പാലക്കാടിനോട് എന്നും ഇഷ്ടക്കൂടുതലുണ്ട്. 
വലിയ ആൾത്തിരക്കൊന്നുമില്ലാത്ത മലയാളികളുള്ള നാട്ടിൻപുറത്തെ ഒരു റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്ത് വിരമിക്കണമെന്നായിരുന്നു ആ​ഗ്രഹം. അതുകൊണ്ടാണ് സീനിയോരിറ്റിപോലും വേണ്ടെന്നുവച്ച് പാലക്കാടും കഞ്ചിക്കോടും വാളയാറുമെല്ലാം എത്തിയത്.
 
ആ​ഗ്രഹംപോലെ ഇവിടെത്തന്നെ ജോലി അവസാനിപ്പിച്ചു. ആദ്യമായി പൊതുവേദിയിൽ പ്രസംഗിക്കുന്നതും പാലക്കാട്ടാണ്.1980ൽ വിക്ടോറിയ കോളേജിൽ മലയാളം അസോസിയേഷന്റെ പരിപാടിയിൽ സംസാരിച്ചായിരുന്നു തുടക്കം. ആദ്യ പുസ്തകം "നൂൽപ്പാലം കടക്കുന്നവർ' എഴുതിയതും പാലക്കാടുവച്ചാണ്. അതിന് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മക്കളായ പ്രവീൺ, പൂർണിമ, പ്രദീപ് എന്നിവരുടെ വിവാഹം നടന്നതും ആദ്യ പേരക്കുട്ടി ജനിച്ചതും ഇവിടെയാണ്‌. അച്ഛന്റെയും അമ്മയുടെയും മരണമടക്കം സങ്കടമുള്ള ഓർമകളുമുണ്ട്.
 
തൃശൂരിൽനിന്ന് പോകണമെന്നാ​ഗ്രഹിച്ചതല്ല, മകൾ പൂർണിമയും മരുമകൻ രാജീവും പൗർണമി എന്നൊരു വീടൊരുക്കി ക്ഷണിച്ചപ്പോൾ വരാതിരിക്കാനായില്ല. ഏറെ ആത്മബന്ധമുള്ള തൃശൂരിൽനിന്ന് ആരോടും പറയാതെയാണ് യാത്രതിരിച്ചത്. തിരിച്ചുപോകാത്ത മടക്കമൊന്നുമല്ലാത്തതിനാൽ യാത്ര പറയണമെന്ന് തോന്നിയില്ല. ഇടയ്ക്കൊക്കെ തൃശൂരിലും പോയി വരണം.
 
റെയിൽവേയിലെ ജോലിയിൽനിന്ന് വിരമിച്ചശേഷം പാലക്കാട് സാഹിത്യമേഖലയിൽ സജീവമായുണ്ടായിരുന്നു. പുരോ​ഗമന കലാസാഹിത്യ സംഘത്തിന്റെ ജില്ലയിലെ നേതൃനിരയിൽ പ്രവർത്തിച്ചു. അക്കാലത്ത് ധോണിയിലായിരുന്നു താമസം. പാലക്കാടൻ ഭാഷയിലായിരുന്നു "വണ്ടി വേഷം' കഥ എഴുതിയത്. രണ്ടാമത്തെ മകൻ പ്രദീപ് ബംഗളൂരുവിലേക്ക് ക്ഷണിച്ചതാണ്. നാടുവിട്ട് പോകാൻ ആ​ഗ്രഹമില്ലാത്തതിനാൽ അത് നിരസിച്ചു. മനസിനോട് ചേർന്നുനിൽക്കുന്ന സ്ഥലത്താവട്ടെ ഇനിയുള്ള ജീവിതം.
 
ഏറ്റവും മികച്ച കഥ 
ഇനിയും എഴുതിയിട്ടില്ല
നൂറ്റിയെഴുപതോളം കഥകൾ എഴുതിയിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച കഥ ഇനിയും എഴുതിയിട്ടില്ലെന്നാണ് തന്റെ ബോധ്യമെന്ന് വൈശാഖൻ. അതിനുള്ള എഴുത്ത് തുടരും. ചിലപ്പോൾ ആ മികച്ച കഥ എഴുതാതെയും പോകാം. ഇനിയുള്ള പാലക്കാടൻ ജീവിതത്തിൽ എഴുത്തും ശ്രദ്ധിക്കും. 
പാലക്കാട്ടെ സാഹിത്യവേദികളിൽ എത്തണമെന്നും ആ​ഗ്രഹിക്കുന്നു. ആദ്യത്തേതുപോലെ എല്ലായിടത്തേക്കും ഓടിയെത്താൻ ആരോ​ഗ്യം അനുവദിക്കുന്നില്ല. എങ്കിലും അടുത്തുള്ള പരിപാടികളിലെങ്കിലും എത്തണം–- വൈശാഖൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top