27 April Saturday

അധര്‍മ ഭരണപുരാണം

ശൈലജ ജെUpdated: Sunday Jul 17, 2016

അല്‍ബേര്‍ കാമുവിന്റെ 'കലിഗുല' എന്നെ ഏറ്റവും സ്വാധീനിച്ചതാണോ, എനിക്ക് ഇഷ്ടപ്പെട്ടതാണോ, എന്നില്‍ സംഘര്‍ഷങ്ങള്‍ നിറച്ചതാണോ, അജ്ഞാതമായി വന്നുഭവിക്കാവുന്ന എന്തിനോടോ സദാസമയവും ജാഗരൂകമായിരിക്കാനുള്ള രാഷ്ട്രീയബോധം ഓര്‍മിപ്പിച്ചതാണോ? അറിയില്ല. പക്ഷേ ഒരു അനുഭവം, ചേര്‍ന്നുനില്‍ക്കുന്ന ഒരോര്‍മയായി ഈ പുസ്തകം മനസ്സിലുണ്ട്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലം. 1998. എന്റെ ഫൈനല്‍ ഇയര്‍ പ്രൊഡക്ഷനുവേണ്ടി ഞാന്‍ തെരഞ്ഞെടുത്തത് ഈ നാടകമായിരുന്നു. റിഹേഴ്സല്‍ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുന്നോട്ടുപോകാനാകാത്തവിധം തടസ്സങ്ങള്‍. എന്‍എസ്ഡിയിലെ ചില വിദ്യാര്‍ഥിപ്രശ്നങ്ങളായിരുന്നു അതിന്റെ കാരണം. ഡിഗ്രിതന്നെ മടുത്ത് സ്കൂളില്‍നിന്ന് വിട്ടുനിന്നതും സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ തിരികെവന്ന് ഏഴുദിവസംകൊണ്ട് മറ്റൊരു അവതരണം നടത്തിയതുമൊക്കെ, ഈ പുസ്തകത്തിന്റെ ഓര്‍മയാണ്. 

മുമ്പ് ഡല്‍ഹിയില്‍ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് നടന്ന കലിഗുല നാടകാവതരണ ശ്രമങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ഏറ്റവും മൂര്‍ച്ചയുള്ള മുന്നറിയിപ്പായി എഴുതപ്പെട്ട ഈ കൃതിയുടെ സാമൂഹ്യപ്രസക്തി എനിക്ക് പ്രചോദനമായി. അതിപ്പോഴും തുടരുന്നു.

റോമാ സാമ്രാജ്യത്തിലെ 12 സീസര്‍മാരില്‍ ഏറ്റവും നീചനായ  ഭ്രാന്തനായിരുന്നു കലിഗുല. നാടകം തുടങ്ങുന്നത് താന്‍ വിവാഹം കഴിക്കാന്‍ വിളംബരം നടത്തിയ സ്വന്തം സഹോദരിയുടെ മരണസീനോടെയാണ്. പെട്ടെന്ന് ചക്രവര്‍ത്തിയെ കാണാതാകുന്നു. മൂന്നു ദിവസത്തിനുശേഷം വെളിപ്പെടുന്ന കലിഗുല, മനുഷ്യചിന്തകള്‍ക്കും യുക്തിക്കുമപ്പുറം അധികാരത്തിന്റെ അന്നുവരെ കാണാത്ത, സഞ്ചരിക്കാത്ത ഭയാനകവഴികളുടെ ആള്‍രൂപമായിരുന്നു. പൂര്‍ണചന്ദ്രനെ തന്റെ സമ്പത്തിന്റെ ഭാഗമാക്കണമെന്ന മോഹം അയുക്തികവും അതിരുകടന്നതുമാണെന്ന അഭിപ്രായം അധികാരോന്മാദത്തിന്റെ മുന്നില്‍ വിറങ്ങലിച്ചുനിന്നു. "Men die, and  they  are  not  happy'''' എന്നു കാമു പറയുന്നു. കലിഗുലയുടെ തുടര്‍ഭരണ ഭീകരചെയ്തികളെ വിശദീകരിച്ചുകൊണ്ടാണിത്.

ഒരു ഏകാധിപതിയുടെ സ്വാതന്ത്യ്രം മറ്റെല്ലാവരുടെയും അടിമത്തമാണ്. സ്വന്തം സാമ്രാജ്യത്തില്‍ തന്റെ ചിന്തകള്‍ക്കും പരിഷ്കാരങ്ങള്‍ക്കും നിലനില്‍ക്കാന്‍, മറ്റെല്ലാം അതിന് വളവും വെള്ളവുമായാല്‍മാത്രമേ പറ്റൂ. അധികാരം 'എന്റെ' കൈയിലുള്ളപ്പോള്‍ നിങ്ങളെങ്ങനെ അഭിപ്രായമുള്ളവരാകും? അത് എനിക്കുമാത്രമുള്ള അവകാശമാണ്. തന്റെ ചിന്തകള്‍ പങ്കിടാന്‍ ടൈബീരിയസ് എന്ന കുതിരയെ മന്ത്രിയായി നിശ്ചയിക്കുന്ന, മറ്റുള്ളവരിലെല്ലാം ശത്രുവിനെ കാണുന്ന കലിഗുല നടത്തുന്ന തേര്‍വാഴ്ച കണ്ണിനും കാതിനും താങ്ങാനാകുന്നതല്ല. അടിയന്തരാവസ്ഥയില്‍ ഇന്ത്യ കണ്ടതും ഇങ്ങനെ ഒരു മുഖമായിരുന്നില്ലേ?

ഭരണസഭയിലെ മറ്റ് അംഗങ്ങളെയും ബന്ധുക്കളെയും കൊല്ലുക/കൊല്ലിക്കുക, അവരുടെ ഭാര്യമാരെ പൊതുനിരത്തില്‍ പീഡിപ്പിക്കുക, അവരെ ദേശീയ വേശ്യാലയങ്ങളിലയച്ച് പൊതുമുതലാക്കുക, കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഇരുട്ടിലടയ്ക്കുകയോ കൊന്നുകളയുകയോ ചെയ്യുക എന്നിങ്ങനെ പോയി 'വിനോദങ്ങള്‍'! മരണമുണ്ടാക്കുന്ന ദുഃഖമറിയാന്‍ സ്വന്തം വെപ്പാട്ടി സീസോണിയയെ കഴുത്തുഞെരിച്ച് കൊല്ലാനുള്ള ശ്രമം നടത്തി. ഭരണപരിഷ്കാര നടപടികളിലാണ് ഫാസിസത്തിന്റെ തുറന്നമുഖം കാമു കാണിച്ചുതരുന്നത്. ഒരു ഭരണാധികാരിയുടെ അതിരുകളില്ലാത്ത സ്വാതന്ത്യ്രം, ആധിപത്യത്തിന്റെ രസം, സുഖം,പ്രയോജനം ഇതെല്ലാം അനുഭവിക്കുമ്പോഴും ചുറ്റുമുള്ള ശൂന്യതയും ഒറ്റപ്പെടലും തിരിച്ചറിയുന്നെങ്കിലും, തിരിച്ചുപോക്കിന് പറ്റാത്തവണ്ണം ചോരയ്ക്കുപകരം അധികാരം ഞരമ്പില്‍ നിറഞ്ഞുകവിയുന്നു.

ഖജനാവിലേക്ക് ജനങ്ങളുടെ സ്വത്ത് കണ്ടുകെട്ടുക, പിന്നീടവരെ കൊല്ലുക, വേശ്യാലയത്തിന്റെ വരുമാനം കൂട്ടാന്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍; മാസത്തില്‍ ഏറ്റവും കൂടുതല്‍തവണ വേശ്യാലയത്തില്‍ പോകുന്ന ആളിന് അവാര്‍ഡ്. ഒരുകൊല്ലത്തില്‍ ഒരു അവാര്‍ഡും കിട്ടാത്തവനെ കൊല്ലുക/നാടുകടത്തുക. റൈന്‍ നദിക്കുകുറുകെ മനുഷ്യാസ്ഥികൊണ്ട് പാലം നിര്‍മിക്കുക. ധാന്യപ്പുരകള്‍ അടച്ച് ക്ഷാമം സൃഷ്ടിക്കുക. അങ്ങനെ പോകുന്നു കലിഗുലയുടെ നടപടികള്‍. ഇത്തരം ഒരു അധികാരവ്യവസ്ഥയുടെ ഗുണഫലങ്ങള്‍ ഇന്ത്യന്‍ ജനതയും കൂടുതല്‍ അടുത്തറിഞ്ഞ് വരികയാണല്ലോ. ഭരണം ഭരിക്കുന്നവന്റെ ആനന്ദവും ഭരിക്കപ്പെടുന്നവരുടെ അവസാനവുമാകുന്ന ദുരന്തം! 

കവിയും രാഷ്ട്രതന്ത്രജ്ഞനും സേനാധിപനുമായ ഷെറിയക്കു  മാത്രമാണ് ഇതിനെ ചോദ്യംചെയ്യാനുള്ള ആര്‍ജവം. മനുഷ്യരാശിക്കും ലോകത്തിനും പുല്ലുവില നല്‍കാത്ത കലിഗുലയെ എതിര്‍ത്തുതോല്‍പ്പിക്കാന്‍തന്നെ ഷെറിയ തീരുമാനിക്കുന്നു. മരിച്ചാലും മരിക്കാത്ത ക്വയസ് സീസര്‍ ജര്‍മനിക്കസ് കലിഗുല, പതിയിരിക്കുന്ന ഫാസിസമെന്ന വ്യാളിയാണ്.

അസാധ്യമായതിനെ സാധ്യമാക്കി അമരത്വം നേടാന്‍ സൂര്യന് കിഴക്കസ്തമിക്കാനുള്ള ഓര്‍ഡര്‍ നല്‍കാനും കലിഗുലയ്ക്ക് മടിയില്ല! 'റോമാ സാമ്രാജ്യത്തില്‍ സ്വാതന്ത്യ്രത്തിന്റെ സുവര്‍ണവഴി കാണിച്ചുതരാന്‍ ഞാന്‍ വന്നിരിക്കുന്നു' എന്ന കലിഗുലയുടെ പ്രസ്താവന ഇന്ത്യയില്‍ ചില ഭരണാധികാരികളുടെ ശബ്ദത്തിലൂടെയും ഇന്ന് കേള്‍ക്കുന്നുണ്ട്. തീര്‍ച്ചയായും നമ്മള്‍ വായിച്ചിരിക്കേണ്ട ഒരു കൃതിയാണ് കലിഗുല.

ഇന്ത്യന്‍ ബഹുസ്വരതയില്‍ അസഹിഷ്ണുതയുടെ തീപടര്‍ത്തുന്ന രാഷ്ട്രീയസാഹചര്യത്തില്‍ ജീവിക്കുന്ന നമ്മള്‍ക്ക്, ഈ പുസ്തകം നന്നായി മനസ്സിലാക്കാനും അനുഭവിക്കാനും പറ്റുന്ന സമയം വന്നെത്തിയിരിക്കുന്നു എന്നു ഞാന്‍ കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top