27 April Saturday

വികസനവും മാനവികതയും

ഡോ. എം എ ഉമ്മന്‍Updated: Sunday Mar 6, 2016

മനുഷ്യന്റെ പട്ടിണി, ദാരിദ്യ്രം, അജ്ഞത, ആത്മാഭിമാനക്കുറവ്, അനാരോഗ്യം,  സമൂഹനിര്‍മാണത്തില്‍ പങ്കുചേരാനുള്ള കെല്‍പ്പില്ലായ്മ തുടങ്ങി ഒട്ടേറെ അസ്വാതന്ത്യ്രങ്ങള്‍ ഇല്ലാതാകുമ്പോള്‍ മാത്രമേ മാനവികതയ്ക്ക്  മുന്‍തൂക്കമുള്ള വികസനമുണ്ടാകൂ എന്ന പുതിയ  വികസനപരിപ്രേക്ഷ്യം അവതരിപ്പിക്കുന്നു വികസനം സ്വാതന്ത്യ്രമെന്നനിലയില്‍  – Development As Freedom- എന്ന  അമര്‍ത്യസെന്നിന്റെ പുസ്തകം

വികസനത്തെക്കുറിച്ച് നമുക്ക് പരമ്പരാഗതമായ ചില ധാരണകളുണ്ട്. ചരക്കുകളുടെ സ്ഥിതിവിവരക്കണക്കുകളില്‍ മാത്രം അഭിരമിക്കുന്ന യാഥാസ്ഥിതികചിന്തയുടെ ഉല്‍പ്പന്നങ്ങളാണവ. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെയും ആളോഹരിവരുമാനത്തിന്റെയും വളര്‍ച്ചാതോതിനെ അടിസ്ഥാനപ്പെടുത്തി വികസനത്തെ വിലയിരുത്തുന്ന ഇക്കൂട്ടരെ പിന്തുടരാനാണ് അധികാരികള്‍ക്കും താല്‍പ്പര്യം.  സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത സാമ്പത്തിക പദാവലികള്‍ ഉപയോഗിച്ച് തങ്ങള്‍ സൃഷ്ടിച്ച സ്വര്‍ഗരാജ്യത്തെപ്പറ്റി അവര്‍ വാചാലരാകും. മറ്റു ചിലരാകട്ടെ നിര്‍മിച്ചുകൂട്ടിയ റോഡുകളുടെയും പാലങ്ങളുടെയും എണ്ണവും, ചുറ്റും ഉയര്‍ന്നുവരുന്ന അംബരചുംബികളായ കോണ്‍ക്രീറ്റ് സൌധങ്ങളും ചൂണ്ടിക്കാട്ടി വികസനത്തെക്കുറിച്ച് ഊറ്റംകൊള്ളും. ഏകദേശം ഒന്നരദശാബ്ദം മുമ്പ് നൊബേല്‍ സമ്മാനജേതാവുകൂടിയായ ഇന്ത്യയുടെ സ്വന്തം അമര്‍ത്യസെന്‍ നമ്മോടുപറഞ്ഞു, ഇങ്ങനെയല്ല വികസനത്തെ അളക്കേണ്ടതെന്ന്. വികസനം സ്വാതന്ത്യ്രമെന്നനിലയില്‍ – Development As Freedom- എന്ന സെന്നിന്റെ പുസ്തകം പുതിയ വികസനപരിപ്രേക്ഷ്യം അവതരിപ്പിക്കുന്നു.

മനുഷ്യന്റെ പട്ടിണി, ദാരിദ്യ്രം, അജ്ഞത, ആത്മാഭിമാനക്കുറവ്, അനാരോഗ്യം, സമൂഹനിര്‍മാണത്തില്‍ പങ്കുചേരാനുള്ള കെല്‍പ്പില്ലായ്മ തുടങ്ങി ഒട്ടേറെ അസ്വാതന്ത്യ്രങ്ങള്‍ ഇല്ലാതാകുമ്പോള്‍ മാത്രമേ മാനവികതയ്ക്ക് മുന്‍തൂക്കമുള്ള വികസനമുണ്ടാകൂ. വ്യക്തിയുടെ ഫങ്ഷനിങ്സ് (functionings-)-എന്ന പ്രയോഗമാണ് സെന്‍ ഉപയോഗിക്കുന്നത്. ഞാനതിനെ കര്‍മസത്ത എന്ന് മൊഴിമാറ്റം ചെയ്യുന്നു. മനുഷ്യന്റെ പ്രവര്‍ത്തനശേഷി മാത്രമല്ല, അവന്‍ എന്തായിരിക്കുന്നു എന്നതുകൂടി ചേര്‍ന്നതാണത്. Doing and being  – വ്യക്തിയുടെ പ്രവൃത്തിയും ഉണ്‍മയും. അരിസ്റ്റോട്ടിലിന്റെ സങ്കല്‍പ്പനമാണത്. ആ സങ്കല്‍പ്പനത്തെ അമര്‍ത്യസെന്‍ വിപുലീകരിക്കുന്നു. കര്‍മസത്തയുടെ നിലവാരം അങ്ങേയറ്റം ഉയര്‍ത്തുമ്പോഴേ യഥാര്‍ഥ വികസനമാകൂ എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം മൌലികമാണ്. അതിനുവേണ്ട പ്രാപ്തിയുണ്ടാകണം (capability-). പ്രാപ്തി എന്ന വാക്കിന് സെന്‍ ഊന്നല്‍ നല്‍കുന്നു. നാലു സങ്കല്‍പ്പനങ്ങള്‍ മനസ്സിലാക്കിയാല്‍ ഈ പുസ്തകത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാം. Freedom, Functioning, Capability,- Agency  എന്നിവയാണവ. ഒരാളിന്റെ സ്വാതന്ത്യ്രം വിപുലമാകുന്നത് അയാളുടെ പ്രാപ്തിക്കനുസരിച്ചാണ്. പ്രാപ്തിയുണ്ടെങ്കിലേ സ്വാതന്ത്യ്രമുണ്ടാകൂ, കര്‍മസത്ത വിപുലമാകൂ. സ്വാതന്ത്യ്രമുണ്ടെങ്കില്‍മാത്രമേ വാസ്തവത്തില്‍ പ്രാപ്തിയുണ്ടാവുകയുമുള്ളൂ. പരസ്പരബന്ധിതമാണിക്കാര്യങ്ങള്‍. നിങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്യ്രമുണ്ടോ എന്നതാണ് മുഖ്യമായ ചോദ്യം. വ്യക്തിപരമായ ചില ആനുകൂല്യങ്ങള്‍ക്കായി മന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നതിനെ ചിലര്‍ വികസനമെന്ന് വിശേഷിപ്പിക്കുന്നു. നിങ്ങള്‍ക്ക് വിലപ്പെട്ടതെന്ന് തോന്നുന്നതിനെ സ്വീകരിക്കാനുള്ള കെല്‍പ്പ് ഉണ്ടാകുമ്പോഴേ യഥാര്‍ഥ സ്വാതന്ത്യ്രം അനുഭവവേദ്യമാകൂ. അതിനനുസൃതമായ നയങ്ങള്‍ രൂപീകരിക്കലാണ് ഭരണാധികാരത്തിന്റെ കര്‍ത്തവ്യം. അല്ലാതെ കുറെ അപ്പക്കഷണങ്ങളുമായി ജനക്കൂട്ടത്തിന്റെ മുന്നിലെത്തി അവര്‍ക്ക് എറിഞ്ഞുകൊടുക്കലല്ല. ഇവിടെയാണ് മനുഷ്യ കര്‍തൃത്വം (Human agency) അര്‍ത്ഥവത്താവുക.

നിലവിലുള്ള നയങ്ങളോടും സാമൂഹിക ക്രമീകരണങ്ങളോടും (Social arrangements)  കലഹിച്ചുകൊണ്ട് സമൂഹത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള പ്രയാണമാണ് വികസനമെന്ന് അമര്‍ത്യസെന്‍ അടിവരയിടുന്നു. നല്ല റോഡുകളും പാലങ്ങളും വേണം. അതോടൊപ്പം നല്ല ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, മലിനീകരിക്കപ്പെടാത്ത വായു എന്നിവ ലഭ്യമാകുമ്പോള്‍, പ്രകൃതിയെ നശിപ്പിക്കാതിരിക്കുമ്പോള്‍, കീഴാളന്റെ ജീവിതം മെച്ചപ്പെടുത്താനും അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഘടകമാക്കാനും അവരുടെ വൈജ്ഞാനികപ്രാപ്തി വര്‍ധിപ്പിക്കാനുമുള്ള കൂച്ചുവിലങ്ങുകള്‍ ഇല്ലാതാകുമ്പോഴേ സ്വാതന്ത്യ്രം യാഥാര്‍ഥ്യമാകൂ.

അമര്‍ത്യസെന്നും ജോസഫ് സ്റ്റിഗ്ലിറ്റ്സും എനിക്ക് പ്രിയപ്പെട്ട ചിന്തകരാണ്. മനുഷ്യവികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ അമര്‍ത്യ മാറ്റിമറിച്ചു. യുഎന്‍ഡിപിയുടെ ഹ്യൂമണ്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട് 1990 ല്‍ തുടങ്ങിയതുതന്നെ അദ്ദേഹത്തിന്റെ പ്രേരണയിലാണ്. എന്റെ വായനയില്‍ ഇപ്പോള്‍ കൂടുതലും കടന്നുവരുന്നതും ഇത്തരം വിഷയങ്ങളായത് സ്വാഭാവികം. സ്റ്റിഗ്ലിറ്റ്സിന്റെ അസമത്വത്തിന്റെ വില (The Price of Inequality-) പരാമര്‍ശമര്‍ഹിക്കുന്ന മറ്റൊരു മുഖ്യഗ്രന്ഥമാണ്.

സാമൂഹ്യ സാമ്പത്തിക വിഷയങ്ങളിലേക്ക് കേന്ദ്രീകരിച്ചപ്പോള്‍ സാഹിത്യവായന കുറഞ്ഞു; ഏറ്റവും പ്രിയപ്പെട്ട വയലാര്‍ കവിതകള്‍പോലും. പണ്ടൊക്കെ കവിതകള്‍ എഴുതുമായിരുന്നു. ഇപ്പോള്‍ അതും കൈവിട്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top