27 April Saturday

ഒരു എഴുത്തുകാരന്റെ 10 പുസ്തകം ഒറ്റദിവസം പുറത്തിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2016

മലപ്പുറം > പുസ്തകപ്രകാശന ചടങ്ങുകളുടെ നടപ്പുരീതികളെ മാറ്റിപ്പണിയുകയാണ് ഹംസ ആലുങ്ങല്‍ എന്ന എഴുത്തുകാരന്‍.  പത്ത് പുസ്തകം ഒരേദിവസം പുറത്തിറക്കിയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. എല്ലാം ബാലസാഹിത്യ കൃതികളാണെന്ന പ്രത്യേകതയുമുണ്ട്. ആഗസ്ത് മൂന്നിന് മൂന്നു സ്കൂളിലായാണ് പ്രകാശനം.

സ്വാതന്ത്യ്രസമരചരിത്രത്തിലെ രക്തസാക്ഷികളെ കുറിച്ചാണ് 'രക്തസാക്ഷികള്‍' എന്ന ആദ്യ പുസ്തകം. ഇന്ത്യയിലെ പ്രധാന സംഭവങ്ങളെയും അതിന്റെ പിറവിയെയും അടയാളപ്പെടുത്തുന്നതാണ് 'ഇന്ത്യ നടുങ്ങിയ ദിനങ്ങള്‍' എന്ന രണ്ടാം പുസ്തകം. പ്രതിസന്ധികളെ അതിജീവിച്ച് ചരിത്രത്തില്‍ ഇടംകണ്ട 13 പേരുടെ ജീവിതകഥകളെ കുറിച്ചാണ് 'വിദ്യാലയം കാണാത്ത മഹാപ്രതിഭകള്‍' എന്ന മറ്റൊരു പുസ്തകം. എ പി ജെ അബ്ദുള്‍ കലാമിന്റെ ജീവിതം പറയുന്ന 'ഒരേയൊരു കലാം', വിദ്യാര്‍ഥികളുടെ പഠന വഴിയിലെ പ്രതിസന്ധികള്‍ക്ക് മനഃശാസ്ത്രപരമായ പ്രതിവിധികളെ കുറിച്ച് മനോരോഗ വിദഗ്ധരുമായി സംവദിച്ച് തയ്യാറാക്കിയ 'പഠനം പാല്‍പ്പായസം പോലെ', കവികളുടെ കുട്ടിക്കാലം വിവരിക്കുന്ന 'പ്രിയ കവികളുടെ പ്രിയപ്പെട്ട കുട്ടിക്കാലം', ഏറനാടിന്റെ വിപ്ളവപോരാളി സഖാവ് കുഞ്ഞാലിയെ കുറിച്ചുള്ള 'ധീര സഖാവേ കുഞ്ഞാലി', കൃഷി അറിവുകളെ കുറിച്ചുള്ള 'കൃഷിച്ചൊല്ലുകള്‍', നാടോടി കഥകളുടെയും സന്മാര്‍ഗകഥകളുടെയും പുനരാഖ്യാനമായ 'കുട്ടികളെ ആശ്ചര്യപ്പെടുത്തിയ കഥകള്‍', ലോക പ്രശസ്തരായ ചിലരുടെ മരണങ്ങളുടെ സ്വാഭാവികവും അസ്വാഭാവികവുമായ കാരണങ്ങള്‍ വിവരിക്കുന്ന 'മഹാന്‍മാരുടെ മരണങ്ങള്‍' എന്നിവയാണ് പുസ്തകങ്ങള്‍.

ആഗസ്ത് മൂന്നിനു രാവിലെ 10.30ന് പുല്ലങ്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പകല്‍ 12ന് അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്കൂളിലും പകല്‍ മൂന്നിന് വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലും നടക്കുന്ന ചടങ്ങില്‍ കവി പി കെ ഗോപി പുസ്തകങ്ങള്‍ പ്രകാശനംചെയ്യുമെന്ന് ഹംസ ആലുങ്ങലും പ്രസാധകരായ ഐറിസ് ബുക്സ് മാനേജര്‍ സക്കീര്‍ ഹുസൈനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി, മലയാളം ക്ളബ്, ഗണിതശാസ്ത്ര ക്ളബ്, എന്‍എസ്എസ് യൂണിറ്റുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

കാളികാവ് അഞ്ചച്ചവടി സ്വദേശിയായ ഹംസ ആലുങ്ങല്‍ പുരോഗമന കലാസാഹിത്യസംഘം മലപ്പുറം ജില്ലാകമ്മിറ്റിയംഗമാണ്. 22 പുസ്തകം രചിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top