27 April Saturday

കപിലന്റെ മുല്ലൈക്ക്‌ തേര്‍ കൊടുത്ത പാരി വെങ്കടേശന്റെ വേല്‍പാരി

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

മുഹമ്മദ് അമീന്‍ നഗര്‍ (ഹൈദരാബാദ്‌) > കഥയെഴുത്തിന്റെ സര്‍ഗപ്രക്രിയക്ക് അവധികൊടുത്താണ് സു വെങ്കടേശന്‍ ഹൈദരാബാദില്‍ പാര്‍ടി സമ്മേളനത്തിനെത്തിയത്. ആനന്ദവികടന്‍ വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന വേല്‍പാരി എന്ന നോവലിന് ലഭിക്കുന്ന ജനപ്രീതിയില്‍ ആവേശഭരിതനാണ് തമിഴ്‌നാട്ടില്‍നിന്നുള്ള ഈ പ്രതിനിധി. മധുര റൂറല്‍ ജില്ലക്കാരനായ സു വെങ്കടേശന്‍ പുരോഗമന എഴുത്തുകാരുടെ സംഘടനയായ മുര്‍പോക്ക് എഴുത്താളര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറികൂടിയാണ്.

സു വെങ്കടേശന്റെ രണ്ടാമത്തെ നോവലാണ് വേല്‍പാരി. പത്തുവര്‍ഷംമുമ്പ് 'കാവല്‍കോട്ടം' എന്ന ആദ്യനോവലിലൂടെതന്നെ തമിഴ്‌സാഹിത്യത്തില്‍ അവഗണിക്കാനാകാത്ത സാന്നിധ്യമായി ഈ സിപിഐ എം നേതാവ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് മധുര പട്ടണത്തിന്റെ അതിരുകളെ കാത്ത പോരാളികളായ ഗോത്രത്തെക്കുറിച്ചുള്ള ബൃഹദ്‌നോവലാണ് കാവല്‍കോട്ടം. കാലാന്തരത്തില്‍ ക്രിമിനലുകളായി മുദ്രകുത്തപ്പെട്ട ഈ പടയാളികളുടെ ജീവിതമാണ് കാവല്‍കോട്ടത്തില്‍ പറയുന്നത്. കാവല്‍കോട്ടം 2008ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. ചരിത്രത്തില്‍ ആദ്യനോവലിനുതന്നെ കേന്ദ്ര പുരസ്‌കാരം ലഭിക്കുന്ന എഴുത്തുകാരനായി സു വെങ്കടേശന്‍ മാറി. കാവല്‍കോട്ടത്തിലെ ഒരധ്യായത്തെ ആസ്പദമാക്കിയാണ് പ്രസിദ്ധ സംവിധായകന്‍ വസന്തബാലന്‍ അരവാന്‍ എന്ന സിനിമ എടുത്തത്.

ആനന്ദവികടനില്‍ 79 ലക്കം പിന്നിട്ട പുതിയ നോവല്‍ വേല്‍പാരിക്ക് വായനക്കാരില്‍നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സു വെങ്കടേശന്‍ പറഞ്ഞു. സംഘകാലജീവിതത്തെ ആസ്പദമാക്കി രചിച്ച നോവല്‍ 104 ലക്കമാണുള്ളത്. പാരി എന്ന ധീരനായ ഗോത്രരാജാവിനെക്കുറിച്ചാണ് നോവല്‍. ചേര പാണ്ഡ്യ ചോള രാജാക്കന്മാര്‍ ഒറ്റയ്ക്കും കൂട്ടായും വന്ന് യുദ്ധം ചെയ്‌തിട്ടും അജയ്യനായി നിന്ന പാരിയെ പിന്നീട് ഈ രാജാക്കന്മാര്‍ ചതിയില്‍ വീഴ്ത്തുകയായിരുന്നു.

2400 വര്‍ഷംമുമ്പത്തെ കേരളം ഉള്‍പ്പെടെയുള്ള  തമിഴകത്തിലൂടെയാണ് നോവലിന്റെ സഞ്ചാരം. മുല്ലൈക്ക് തേര്‍ കൊടുത്ത പാരി എന്നാണ് സംഘം കൃതികളില്‍ ഈ ഗോത്രരാജാവ് അറിയപ്പെടുന്നത്. മുല്ലവള്ളിക്ക് പടരാനായി തന്റെ തേരുതന്നെ വിട്ടുകൊടുത്തതിനാലാണ് ഈ പേര് ലഭിച്ചത്. സംഘകാലത്തെ പ്രമുഖ കവി കപിലന്‍ മുെല്ലെക്ക് തേര്‍ കൊടുത്ത പാരിയെക്കുറിച്ച് ഏറെ എഴുതിയിട്ടുണ്ട്. സിപിഐ എം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി അംഗമാണ് സു വെങ്കടേശന്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top