02 May Thursday

ഇഷിഗുരോവിന് തങ്കപ്പതക്കം

വി സുകുമാരന്‍Updated: Friday Oct 6, 2017

2017ലെ സാഹിത്യ നൊബേല്‍ മുട്ടിവിളിക്കുന്നത് കാസ്യ ഇഷിഗുരോ എന്ന തീര്‍ത്തും വ്യത്യസ്തനായ ജാപ്പനീസ്-ബ്രിട്ടീഷ് എഴുത്തുകാരനെയാണ്. പതിവുപോലെ പല പ്രശസ്ത നാമങ്ങളും പറഞ്ഞുകേട്ടിരുന്നുവെങ്കിലും നറുക്കു വീണത് ഈ ഏറെ ശ്രദ്ധേയനായ നോവലിസ്റ്റിനാണ്.
എട്ട് പ്രശസ്ത പുസ്തകങ്ങള്‍ ഇഷിഗുരോ നമുക്ക് തന്നിട്ടുണ്ട്. ലോകവായന നെഞ്ചോടു ചേര്‍ത്തുപിടിച്ചത് രണ്ടു നോവലുകളാണ്. 'ദി റിമെയ്ന്‍സ് ഓഫ് ദി ഡേ', 'നെവര്‍ ലെറ്റ് മി ഗോ'.

സ്വീഡിഷ് അക്കാദമി അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് തക്കതായ കാരണം പറയുന്നുണ്ട്- 'ഈ ലോകവുമായി നമുക്കുള്ള മിഥ്യാബന്ധത്തിന്റെ അടിത്തട്ടിലുള്ള ഗര്‍ത്തത്തെ, വികാരതീവ്രതയോടെ അനാവരണം ചെയ്യുന്ന എഴുത്തുകാരന്‍'. ഇംഗ്ളീഷില്‍ എഴുതുന്ന ആഖ്യായികാകാരന്മാരുടെ മുന്‍നിരയില്‍ത്തന്നെയാണ് ഈ ജാപ്പനീസ്-ഇംഗ്ളീഷ് എഴുത്തുകാരന്റെ സ്ഥാനം.

1954 നവംബര്‍ എട്ടിനാണ് അദ്ദേഹം ജപ്പാനിലെ നാഗസാക്കിയില്‍ ജനിച്ചത്: അതെ, അമേരിക്ക ആറ്റംബോംബ് വര്‍ഷിച്ച അതേ നാഗസാക്കിതന്നെ. 1960ല്‍ അദ്ദേഹത്തിന്റെ കുടുംബം ബ്രിട്ടനിലേക്ക് പറിച്ചുനട്ടു. കെന്റ് യൂണിവേഴ്സിറ്റിയിലായിരുന്നു ഉപരിപഠനം. 1980ല്‍ ഈസ്റ്റ് ആംഗ്ളിയ യൂണിവേഴ്സിറ്റിയില്‍നിന്ന് ക്രിയേറ്റീവ് റൈറ്റിങ്ങില്‍ മാസ്റ്റര്‍ ബിരുദം നേടി.

1989ല്‍ ഇഷിഗുരോ തന്റെ 'ദി റിമെയ്ന്‍സ് ഓഫ് ദി ഡേ' എന്ന നോവലിന് മാന്‍ ബുക്കര്‍ സമ്മാനം കരസ്ഥമാക്കി. 2005ല്‍ അദ്ദേഹത്തിന്റെ 'നെവര്‍ ലെറ്റ് മി ഗോ' എന്ന കൃതി ടൈം മാസികയുടെ ഏറ്റവും നല്ല നോവലുകളുടെ ലിസ്റ്റില്‍ ഇടം പിടിച്ചു; ഒന്നാം സ്ഥാനത്തുതന്നെ. 2008ല്‍  ദി ടൈംസ് ഇറക്കിയ അമ്പത് മികച്ച നോവലിസ്റ്റുകളുടെ പട്ടികയില്‍ ഈ എഴുത്തുകാരന്‍ മുപ്പത്തിരണ്ടാം റാങ്ക് നേടിയതും സഹൃദയര്‍ ഓര്‍ക്കുന്നുണ്ടാകും.

രണ്ടു കൊല്ലം മുമ്പാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു നോവല്‍ വെളിച്ചപ്പെട്ടത്: ദ ബറീഡ് ജയന്റ്, എ പെയ്ല്‍ വ്യൂ ഓഫ് ദ ഹില്‍സ്, ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദ ഫ്ളോട്ടിങ് വേള്‍ഡ്, ദ അണ്‍കണ്‍സോള്‍ഡ്, വെന്‍ വീ വെയര്‍ ഓര്‍ഫന്‍സ് എന്നിവയാണ് എടുത്തുപറയേണ്ട ഇതര കൃതികള്‍. ഒരുപാട് തിരക്കഥകളും അദ്ദേഹം എഴുതുകയുണ്ടായി. ചെറുകഥാ രംഗത്തും അദ്ദേഹം പ്രശോഭിക്കുന്നു. എ വില്ലേജ് ആഫ്റ്റര്‍ ഡാര്‍ക്ക് എന്ന കഥ, ന്യൂയോര്‍ക്കറില്‍ പ്രസിദ്ധീകരിച്ചത് വളരെ ശ്രദ്ധിക്കപ്പെട്ടു.

സവിശേഷമായ ഒരു ആഖ്യാന ശൈലിയുടെ ഉടമസ്ഥനാണ് ഈ നൊബേല്‍ ജേതാവ്. അദ്ദേഹത്തിന്റെ കഥകള്‍ ഒരുത്തരവ് തരാന്‍ ഒരുങ്ങുന്നില്ല; ജീവിതാനുഭവങ്ങളെ തെല്ലൊരു വിഷാദത്തോടെ സ്വീകരിക്കുന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം സൃഷ്ടിക്കുന്നത്. മാര്‍സല്‍ പ്രൂസ്റ്റിനോടും ദെസ്തേവ്സ്കിയോടുമാണ് താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്ന് ഇഷിഗുരോ പറയുന്നു. നല്ലൊരു കഥാശില്‍പ്പിയാണ് ഈ ജാപ്പനീസ് നോവലിസ്റ്റ്; സല്‍മാന്‍ റുഷ്ദിയുടെ ഒപ്പം നില്‍ക്കുന്ന ഒരു ക്രാഫ്റ്റ്സ്മാന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top