26 April Friday
ബുക്പിക്

ചരിത്രവിജ്ഞാനത്തിന്റെ ചലനപഥങ്ങള്‍

സുനില്‍ പി ഇളയിടംUpdated: Sunday May 28, 2017

ശശിഭൂഷണ്‍ ഉപാധ്യായ പ്രസിദ്ധീകരിച്ച 'ആധുനികലോകത്തിലെ ചരിത്രവിജ്ഞാനീയം: പാശ്ചാത്യവും ഭാരതീയവുമായ പരിപ്രേക്ഷ്യങ്ങള്‍'’ (Historiography in the Modern World: Western and Indian Perspectives) എന്ന ഗ്രന്ഥം ചരിത്രവിജ്ഞാനീയത്തിന്റെ മേഖലയിലെ വ്യത്യസ്ത  സമീപനങ്ങളെക്കുറിച്ചുളള സമഗ്രാവലോകനമാണ്

ഭൂതകാലവും ചരിത്രവും തമ്മില്‍ അപരിഹാര്യമായ ഒരു വിടവുണ്ട്. ഒരര്‍ഥത്തില്‍ ചരിത്രവിജ്ഞാനീയത്തിന്റെ അടിസ്ഥാനവും അതാണ്. ഭൂതകാലം അതിന്റെ പൂര്‍ണസ്വരൂപത്തില്‍ ആര്‍ക്കും അഭിഗമ്യമാകുന്നതേയില്ല. ഏതെങ്കിലുമൊരു പരിപ്രേക്ഷ്യത്തെ മുന്‍നിര്‍ത്തി ഭൂതകാലത്തെ ക്രമീകരിച്ചു മനസ്സിലാക്കുന്നതിലൂടെയാണ് മനുഷ്യവംശം അതിന്റെ ഭൂതകാലാവബോധത്തിനും ചരിത്രധാരണയ്ക്കും രൂപം നല്‍കുന്നത്. ഇങ്ങനെ സ്വീകരിക്കുന്ന പരിപ്രേക്ഷ്യങ്ങളാകട്ടെ അതിന് ഇണങ്ങുന്നവയെ ചരിത്രത്തിലേക്ക് ഉള്‍ച്ചേര്‍ക്കുകയും അല്ലാത്തവയെ ഒഴിച്ചുനിര്‍ത്തുകയും ചെയ്യും. പൂര്‍ണചരിത്രം ഏതു ചരിത്രഗ്രന്ഥത്തിലെയും അസന്നിഹിതഹേതു (absent cause) ആണെന്നു വരുന്നത് അതുകൊണ്ടാണ്. ഇത് ചരിത്രവിചാരത്തില്‍ പുതിയ പരിപ്രേക്ഷ്യങ്ങള്‍ക്ക് പിന്നെയും പിന്നെയും ജന്മം നല്‍കുകയും ചെയ്യും. ചരിത്രം അവസാനിക്കാത്ത പുനരാലോചനകളുടെയും സംവാദങ്ങളുടെയും ലോകമായിത്തീരുന്നത് അങ്ങനെയാണ്. ഉറച്ച വസ്തുതയായല്ല, വ്യാഖ്യാനങ്ങളിലൂടെ വികസിക്കുന്ന പ്രക്രിയ എന്ന നിലയിലാണ് യഥാര്‍ഥ ചരിത്രധാരണയ്ക്ക് നിലകൊളളാനാകുക. ചരിത്രം ചലിച്ചുകൊണ്ടേയിരിക്കുന്നു! ഒപ്പം ചരിത്രവിചാരത്തിന്റെ രീതിശാസ്ത്രവും.
   
ആധുനികലോകത്തിലെ ചരിത്രവിജ്ഞാനീയം: പാശ്ചാത്യവും ഭാരതീയവുമായ പരിപ്രേക്ഷ്യങ്ങള്‍’ (Historiography in the Modern World: Western and Indian Perspectives) എന്ന ദീര്‍ഘമായ ശീര്‍ഷകത്തില്‍ ശശിഭൂഷണ്‍ ഉപാധ്യായ പ്രസിദ്ധീകരിച്ച ഗ്രന്ഥം ചരിത്രവിജ്ഞാനീയത്തിന്റെ മേഖലയിലെ വ്യത്യസ്ത സമീപനങ്ങളെക്കുറിച്ചുളള സമഗ്രാവലോകനമാണ്. 2016 അവസാനത്തോടെ, അക്കാദമിക പ്രസാധനരംഗത്തെ പ്രമുഖരായ ഒക്സ്ഫഡ് സര്‍വകലാശാലാ പ്രസ് ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചരിത്രവിജ്ഞാനീയത്തിന്റെ മേഖലയില്‍ ഉയര്‍ന്നുവന്ന വിഭിന്ന സമീപനങ്ങളെയും അവയെ നിര്‍ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും മറ്റുമായ താല്‍പ്പര്യങ്ങളെയും വിശദീകരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ ശശിഭൂഷണ്‍ ഉപാധ്യായ ചെയ്യുന്നത്. പതിനെട്ടാം ശതകം മുതല്‍ രൂപമെടുത്ത ആധുനിക ചരിത്രശാസ്ത്രസമീക്ഷകളെ മുന്‍നിര്‍ത്തിയാണ് ഈ ഗ്രന്ഥം മുഖ്യമായും സംവിധാനം ചെയ്തിരിക്കുന്നത്. വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ചരിത്രത്തെക്കുറിച്ചുള്ള ആധുനിക ധാരണകളെയും അവകാശവാദങ്ങളെയും പിന്തുടര്‍ന്നു ചെന്ന്, അവയുടെ രൂപീകരണവും വികാസവും മുതല്‍ ഭാഗികമെങ്കിലുമായ പിന്‍വാങ്ങല്‍ വരെയുള്ള കാര്യങ്ങള്‍ ഈ ഗ്രന്ഥം വിശദമായി പരിശോധിക്കുന്നുണ്ട്. ആ നിലയില്‍ ആധുനിക ചരിത്രവിജ്ഞാനത്തിന്റെ ഒരു സമഗ്രാവലോകനം എന്നതിനൊപ്പം അതിന്റെ ഒരു വിമര്‍ശനം (critique) കൂടിയായി ഈ ഗ്രന്ഥം മാറിത്തീര്‍ന്നിരിക്കുന്നു.

നാലുഭാഗങ്ങളില്‍ ഇരുപത്തിയഞ്ച് അധ്യായങ്ങളായാണ് ഈ ഗ്രന്ഥം സംവിധാനം ചെയ്തിരിക്കുന്നത്. അതുകൂടാതെ ഭൂതകാലം, ചരിത്രം, ചരിത്രവിജ്ഞാനം എന്നിവ തമ്മിലുളള വിനിമയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒരാമുഖവും ഈ ഗ്രന്ഥത്തിനുണ്ട്. ഇന്ത്യയിലും ചൈനയിലും അറേബ്യയിലും വികസിച്ചുവന്ന ചരിത്രവിചാരരീതികളും അവയ്ക്കു മുകളില്‍ ആധുനികഘട്ടത്തില്‍ പാശ്ചാത്യ ചരിത്രവിചാരരീതികള്‍ക്കു കൈവന്ന മേല്‍ക്കോയ്മയും ആമുഖാധ്യായം പരിശോധിക്കുന്നുണ്ട്. ചരിത്രവും ഭൂതകാലവും തമ്മിലുള്ള അകലവും ചരിത്രവും ചരിത്രവിജ്ഞാനവും തമ്മിലുളള അടുപ്പവും സമര്‍ഥമായി വിശദീകരിക്കുന്ന ഒന്നാണ് ഇതിന്റെ ആമുഖം.

'പശ്ചാത്തലം: ആധുനികപൂര്‍വ ചരിത്രവിജ്ഞാനീയം' (Background: Premodern Historiography) എന്ന ഒന്നാം ഭാഗം ഭൂതകാലത്തെ മനസ്സിലാക്കാനും വിശദീകരിക്കാനും വ്യത്യസ്ത ലോകസമൂഹങ്ങള്‍ വികസിപ്പിച്ചെടുത്ത സമീക്ഷകളെക്കുറിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്. ആധുനികതയുടെ വരവിനു മുമ്പ് ചൈനയിലും അറേബ്യയിലും ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും നിലനിന്നിരുന്ന ഭൂതകാലാവബോധത്തിന്റെയും അതിന്റെ ക്രമീകരണപദ്ധതികളുടെയും പൊരുളെന്ത് എന്ന് ഈ ഭാഗത്തെ നാലു ലേഖനങ്ങള്‍ പരിശോധിക്കുന്നു. ചരിത്രം എന്ന ജ്ഞാനശാഖ ആധുനികതയോടൊപ്പം ഉദയംകൊണ്ട ഒന്നല്ലെന്നും ഭൂതകാലത്തെ തിരിച്ചറിയാന്‍ മനുഷ്യവംശം നടത്തിയ നാനാതരം ശ്രമങ്ങള്‍ക്കു മുകളിലാണ് ആധുനികലോകത്തെ ചരിത്രവിജ്ഞാനം നിലയുറപ്പിച്ചിരിക്കുന്നതെന്നും ഈ അധ്യായങ്ങളിലെ ചര്‍ച്ചകള്‍ നമ്മെ ബോധ്യപ്പെടുത്തും.

ആധുനിക പാശ്ചാത്യ ചരിത്രസമീക്ഷകളെക്കുറിച്ചാണ് രണ്ടാം ഭാഗം ചര്‍ച്ചചെയ്യുന്നത്. പത്ത് അധ്യായങ്ങളാണ് ഈ ഭാഗത്തുള്ളത്. ഈ ഗ്രന്ഥത്തിലെ ഏറ്റവും വിപുലമായ ചര്‍ച്ച നടക്കുന്നതും രണ്ടാം ഭാഗത്തിലെ അധ്യായങ്ങളിലാണെന്നു പറയാം. ജ്ഞാനോദയം, ചരിത്രവാദം, പോസിറ്റീവിസം, റൊമാന്റിസിസം, ശാസ്ത്രവാദം തുടങ്ങിയവ ചരിത്രവിജ്ഞാനത്തിന്റെ മേഖലയില്‍ ഉളവാക്കിയ സ്വാധീനങ്ങള്‍ ഇതിനിടയില്‍ ഒട്ടൊക്കെ വിശദമായും വിമര്‍ശനാത്മകമായും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ ചരിത്രവിചാരമേഖലയില്‍ പ്രത്യക്ഷപ്പെട്ട പുതിയ പ്രവണതകളായ സംസ്കാരപഠനം, കീഴാളചരിത്രം, സൂക്ഷ്മചരിത്രം, വാമൊഴിചരിത്രം, ആശയങ്ങളുടെ ചരിത്രം തുടങ്ങിയ പ്രവണതകളെക്കുറിച്ചുള്ള ചര്‍ച്ചയോടെയാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്.

ആധുനിക ഇന്ത്യയിലെ ചരിത്രവിജ്ഞാനത്തെക്കുറിച്ചാണ് ഈ ഗ്രന്ഥത്തിലെ മൂന്നാംഭാഗം ചര്‍ച്ചചെയ്യുന്നത്. കൊളോണിയല്‍ ചരിത്രവിജ്ഞാനം, ദേശീയവാദപരമായ ചരിത്രവിജ്ഞാനം, ഇവ രണ്ടിനോടുമുള്ള വിമര്‍ശനമായി നിലവില്‍വന്ന മാര്‍ക്സിസ്റ്റ് ചരിത്രം, കേംബ്രിഡ്ജ് സ്കൂളും കീഴാളപഠനങ്ങളും മുന്നോട്ടുവയ്ക്കുന്ന ചരിത്രസമീക്ഷ എന്നിവയാണ് മൂന്നാം ഭാഗത്തെ ആറ് അധ്യായങ്ങള്‍ വിശകലനവിധേയമാക്കുന്നത്. പതിനെട്ടാം ശതകം മുതല്‍ ഇന്ത്യന്‍ ചരിത്രവിജ്ഞാനമേഖലയില്‍ അരങ്ങേറിയ ഗതിഭേദങ്ങളുടെ ചിത്രം നമുക്ക് ഇവിടെ ലഭ്യമാകും. മൂന്നാം ഭാഗത്തെ അവസാന അധ്യായത്തില്‍ ഇന്ത്യന്‍ ചരിത്രവിജ്ഞാനമേഖലയിലെ സവിശേഷപ്രശ്നങ്ങള്‍ എന്ന നിലയില്‍ ജാതി, ലിംഗപദവി, പരിസ്ഥിതി, തൊഴില്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചരിത്രവിചാരം പ്രത്യേകമായി ചര്‍ച്ചചെയ്തിരിക്കുന്നത് സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു.

മുഖ്യധാരാ ചരിത്രവിജ്ഞാനത്തിന്റെ വിമര്‍ശം എന്ന നിലയില്‍ വികസിച്ചുവന്ന സമീപനങ്ങളെക്കുറിച്ചാണ് അവസാനഭാഗത്തെ നാല് അധ്യായങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. ഘടനാവാദം, ഘടനാവാദാനന്തരചിന്ത, കോളനിയനന്തരപഠനങ്ങള്‍, ആധുനികാനന്തരചിന്ത എന്നിവയുടെ സന്ദര്‍ഭത്തില്‍ വികസിച്ചുവന്ന ചരിത്രസമീപനങ്ങളാണ് അവസാന അധ്യായങ്ങളിലെ ചര്‍ച്ചാവിഷയം. ആധുനികമായ വിചാരരീതികളെ പലനിലകളില്‍ വിമര്‍ശനവിധേയമാക്കുന്ന ഈ സൈദ്ധാന്തികസമീപനങ്ങള്‍ ചരിത്രവിജ്ഞാനമേഖലയെ എങ്ങനെയൊക്കെ പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്നു എന്നതിന്റെ ചിത്രം ഈ അധ്യായങ്ങളിലുണ്ട്. അതോടൊപ്പം രണ്ടുനൂറ്റാണ്ടിലധികം പ്രാബല്യത്തില്‍ തുടര്‍ന്ന ആധുനിക ചരിത്രസമീക്ഷയില്‍ അരങ്ങേറുന്ന വലിയ വഴിത്തിരിവും നമുക്കിവിടെ കാണാനാകും.

ഈ നിലയില്‍ ആധുനികചരിത്രവിചാരത്തിന്റെ ചരിത്രവും വിമര്‍ശനവും എന്ന നിലയില്‍ ഒരുപോലെ സംഗതമായ ഗ്രന്ഥമാണ് ശശിഭൂഷണ്‍ ഉപാധ്യായയുടേത്. മുഖ്യമായും ബിരുദാനന്തര വിദ്യാര്‍ഥികളുടെ പഠനാവശ്യത്തെ മുന്‍നിര്‍ത്തിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളതെങ്കിലും അവതരണത്തിലും ഭാഷയിലുമുള്ള സുതാര്യത ഈ ഗ്രന്ഥത്തെ പൊതുവായനയ്ക്കും ഉപയുക്തമാക്കുന്നുണ്ട്. അതോടൊപ്പം വ്യത്യസ്ത ചരിത്രസമീക്ഷകളെക്കുറിച്ചുളള വിമര്‍ശനാത്മകമായ ആലോചനകള്‍ പാഠപുസ്തകത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഇതിനെ കൊണ്ടുപോകുകയും ചെയ്യുന്നു. ചരിത്രവിജ്ഞാനസംബന്ധിയായ വസ്തുതാവിവരണങ്ങള്‍ക്കപ്പുറം ചരിത്രവിജ്ഞാനത്തെക്കുറിച്ചുളള വിമര്‍ശനമായിക്കൂടി നിലകൊള്ളുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം.


sunilpelayidom@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top