26 April Friday

ഇലയിടങ്ങളിൽ നിശ്‌ബ്‌ദരാകുക; വൃക്ഷങ്ങൾക്കുള്ള അർച്ചന

ഫസൽ റഹ്‌മാൻUpdated: Sunday Jul 7, 2019

ഹിമാലയന്‍ മലയോര പട്ടണമായ സിലിഗുരി സ്വദേശിനിയായ യുവ ബംഗാളി എഴുത്തുകാരി സുമന റോയ് രചിച്ച How I Became a Tree  എന്ന നോണ്‍ ഫിക്‌ഷന്‍ ആത്മീയാന്വേഷണപുസ്‌തകം വൃക്ഷങ്ങള്‍ക്കുള്ള ഒരു അര്‍ച്ചനയാണ്; ഒപ്പം ഇക്കോ–-ക്രിറ്റിക്കല്‍ കാലത്ത് ഹൃദ്യമായ ഒരു പ്രകൃതി പാഠവും

ഇലയോട് പഠിക്കണം
ഇളകിച്ചിരിക്കാൻ
മൂകമായ് പൊഴിയാൻ
 
പ്രകൃതിയുടെ അനന്ത വൈവിധ്യത്തിൽ മനുഷ്യനായിരിക്കുക എന്നാൽ എന്താണെന്ന ചോദ്യം കവികളെയും കലാകാരന്മാരെയും ശാസ്‌ത്ര കുതുകികളെയും ആത്മീയ ചിന്തകരെയും സാമൂഹിക നിരീക്ഷകരെയും തത്വജ്ഞാനികളെയുമെല്ലാം ഒരുപോലെ മഥിച്ചിട്ടുള്ള ഒന്നാണ്. അനന്തതയുടെ ഒരു കണികയായി മനുഷ്യനെ അടയാളപ്പെടുത്തുന്ന അതീത ബോധ്യങ്ങൾക്കും എല്ലാത്തിന്റെയും കേന്ദ്രമായി സ്വയംകൊണ്ടാടുന്ന നരവംശ ധാർഷ്ട്യത്തിനും ഇടയിൽ, ചോദ്യം പോലെതന്നെ അനന്ത സാധ്യതകളാണ് ഉത്തരങ്ങളായും മുന്നോട്ടുവയ്‌ക്കപ്പെട്ടിട്ടുള്ളത്. ഹിംസയുടെയും വിദ്വേഷത്തിന്റെയും സ്വാർഥതയുടെയും അറ്റമില്ലാച്ചുഴികളിൽ സമയവുമായി ഓട്ടപ്പന്തയത്തിലായ മനുഷ്യന് വിശ്രാന്തിയുടെ ദല മർമരംപോലെ ഒരുത്തരം നൽകാനാണ് സിലിഗുരിയെന്ന കൊച്ചു ബംഗാളി പട്ടണത്തിൽനിന്നുള്ള കവിയും നോവലിസ്റ്റുമായ യുവ എഴുത്തുകാരി സുമന റോയ് ‘ഞാൻ ഒരു വൃക്ഷമായിത്തീർന്ന വിധം' (How I Became a Tree) എന്ന തന്റെ നോൺ ഫിക‌്ഷൻ ആത്മീയാന്വേഷണ പുസ‌്തകത്തിലൂടെ ശ്രമിക്കുന്നത്. ഓർമക്കുറിപ്പുകളും സാഹിത്യ ചരിത്രവും പ്രകൃതിപഠനവും ആത്മീയ തത്വചിന്തയും സസ്യശാസ‌്ത്ര പാഠങ്ങളും ഇടകലരുന്ന പുസ‌്തകം കേവല വായനാ കൗതുകത്തിനപ്പുറം പാരിസ്ഥിതിക വിമർശന ബോധ്യങ്ങളുടെ പുത്തൻകാലത്ത് ഏറെ പ്രസക്തം.
 
വ്യാവഹാരിക സമയബോധം എന്നതിനെതിരെ ‘വൃക്ഷസമയം' (Tree time) എന്ന ആശയത്തിൽ ആകൃഷ്ടയായിത്തീർന്നത‌് എങ്ങനെയെന്ന വിവരണത്തോടെയാണ് സുമന റോയ് നിരീക്ഷണങ്ങൾ തുടങ്ങിവയ‌്ക്കുന്നത്. മനുഷ്യൻ സമയത്തിന്റെ അടിമയായതോടെയാണ് വൃക്ഷങ്ങളുടെ പ്രത്യക്ഷത്തിൽ നിശ്ചലമായ അവസ്ഥയെ ‘അലസത'യായി മനസ്സിലാക്കാൻ തുടങ്ങിയതെന്ന് അവർ കരുതുന്നു. വേഗമെന്ന ആശയത്തിന്റെ ഏകാധിപത്യം മതിയായിപ്പോയതാണ് വൃക്ഷങ്ങളുടെ അഹിംസാത്മകവും അവധാനപൂർണവുമായ ജീവിതപാഠത്തിലേക്ക് അവരെ അടുപ്പിക്കുന്നത്. ഏകാന്തതയെയും വേദനകളെയും നേരിടുന്നതിലും സ്വാർഥം ഭരിക്കാത്ത, ഉള്ളതെല്ലാം വിട്ടുനൽകുന്ന പ്രകൃതത്തിലുമെല്ലാം വൃക്ഷങ്ങളിൽ ഗുരുവിനെ കാണാൻ കഴിയുമെന്ന് അവർ കണ്ടെത്തുകയായിരുന്നു. ‘ഭാവിയെക്കുറിച്ച് ആശങ്കയില്ലാതെയും ഭൂതകാലത്തെക്കുറിച്ച് പശ്ചാത്താപങ്ങളില്ലാതെയുമുള്ള ജീവിതം' എന്ന് അവർ അതിനെ നിർവചിക്കുന്നു. ദുരിതങ്ങളും അസ‌്തിത്വ വ്യഥകളുമാണ് മനുഷ്യനെ പ്രകൃതിയിലേക്ക് തിരിച്ചെത്തിക്കുന്നതെങ്കിൽ അതിനൊരു ശമനൗഷധ മൂല്യമുണ്ടെന്നു കാണാനാകും. വ്യാവഹാരിക സാമൂഹിക ബന്ധങ്ങളിലും വിനിമയ ഭാഷയിലും വഴിമുട്ടിപ്പോകുമ്പോൾ പർവതങ്ങളുടെയും നദികളുടെയും മരങ്ങളുടെയും കിളികളുടെയും ഭാഷകൾ സാന്ത്വനമായി അനുഭവപ്പെടാം. ‘‘എനിക്ക് ദൈവമോ വീരനായകനോ ആവാനല്ല, ഒരു വൃക്ഷമായിത്തീരാൻ മാത്രം, യുഗങ്ങളിലൂടെ വളരാൻ, ആരെയും വേദനിപ്പിക്കാതെ'' എന്ന ചെസ്ലാവ് മിലോസിന്റെ വരികൾ പുസ‌്തകത്തിന്റെ പ്രവേശക വാക്യമായി ഗ്രന്ഥകാരി ചേർത്തുവയ‌്ക്കുന്നുണ്ട്. വൃക്ഷങ്ങളുമായുള്ള പ്രണയവസന്തത്തിൽ നെരൂദയുടെ ചെറിമരങ്ങൾ കടന്നുവരുന്നുണ്ട്.
 
വൃക്ഷങ്ങളിൽ സുഹൃത്തിനെയും വഴികാട്ടിയെയും ഗുരുവിനെയും കണ്ടെത്തുന്നതിൽ സമാന ഹൃദയരെക്കുറിച്ചുള്ള അന്വേഷണം സാഹിത്യത്തിലേക്കും ചിത്രകലയിലേക്കും സിനിമയിലേക്കുമെല്ലാം കടന്നെത്തുന്നുണ്ട്. ശാന്തിനികേതൻ സന്ദർശിക്കുന്നത് ശീലമാക്കിയ എഴുത്തുകാരി, ഒ ഹെൻറിയുടെ ‘അവസാനത്തെ ഇല'മുതൽ, ആളുകളെ മരണത്തിനു ശപിക്കുന്ന ബംഗാളി നാടോടിക്കഥകളിലെ വൃക്ഷങ്ങൾവരെ, ടാഗോറിന്റെ കഥകളും കവിതകളും പ്രകടിപ്പിക്കുന്ന ഹരിതലോക പ്രതിപത്തിമുതൽ ബിഭൂതിഭൂഷൻ ബന്ദോപാധ്യായ, ഡി എച്ച് ലോറൻസ്, എ കെ രാമാനുജം, സത്യജിത് റേ തുടങ്ങിയവരുടെ എഴുത്തും സിനിമയുംവരെ വിവരിക്കുന്നു. നന്ദലാൽ ബോസിന്റെ പെയിന്റിങ്ങുകളിലും സമാനമായ പ്രകൃതിസ‌്നേഹത്തിന്റെ പ്രഭാവം അവർ നിരീക്ഷിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളെ പോലെ മരങ്ങളെ സ‌്നേഹിച്ച സസ്യശാസ‌്ത്രജ്ഞൻ ജഗദീഷ് ചന്ദ്രബോസിനെ ആദരവോടെ സമീപിക്കുന്ന പുസ‌്തകം, തന്റെ ടാക‌്സിയിൽ ചെടിച്ചട്ടികൾ സ്ഥാപിച്ച് യാത്രക്കാരോടെല്ലാം ഓരോന്ന് വീട്ടിൽ കൊണ്ടുപോയി നടാൻ അപേക്ഷിക്കുന്നത് ശീലമാക്കിയ കൊൽക്കത്തയിലെ ടാക‌്സി ഡ്രൈവർ ധനഞ‌്ജയ‌് ചക്രവർത്തി (ബാപ്പി ഗ്രീൻ ടാക‌്സി)യെപ്പോലുള്ള അറിയപ്പെടാത്ത മനുഷ്യരെയും സ‌്മരിക്കുന്നു. കുട്ടികളില്ലാത്ത സ‌്ത്രീകൾ മരങ്ങളിൽ തങ്ങളുടെ മക്കളെ കണ്ടെത്തുന്നതും തങ്ങളുടെ കാലശേഷം ആരാണവയെ പരിചരിക്കുകയെന്നു വേവലാതിപ്പെടുന്നതുമായ വിചിത്ര അനുഭവങ്ങൾക്കും അവർ സാക്ഷിയായിട്ടുണ്ട്. വൃക്ഷങ്ങളോടുള്ള അടുപ്പം അവയുടെ നിഴലുകളോടു പോലുമുള്ള അഭിനിവേശമായിത്തീരുന്നുണ്ട്. വൃക്ഷക്കാതലിന്റെ എക‌്സ‌് റേ എടുക്കുന്നതുവരെ അതെത്തുന്നു. വിചിത്രമായിത്തോന്നാം. വനജീവിതവും സൃഷ്ടിപരതയും തമ്മിലുള്ള ബന്ധം പരാമർശിക്കുമ്പോൾ വനവും വ്യഭിചാരവും വിഷയമാകുന്നതുപോലെ, മറ്റൊരു ചിന്താർഹമായ നിരീക്ഷണമാണ് കാടിന് വൃത്തി/വൃത്തിഹീനതാ സങ്കൽപ്പങ്ങൾ ബാധകമല്ലെന്നത്. മാലിന്യവും വൃത്തിയും ഒന്നായിത്തീരുന്ന ഇടമാണ് കാട്. ചില മഹാവൃക്ഷങ്ങളെ ആരാധ്യമായി കാണുന്ന സംസ‌്കാരത്തിൽ അത്തരം പുരാതന ചരിത്രമുള്ള വൃക്ഷങ്ങളുടെ ‘മരണം' വിലാപ നിമിത്തമാകുന്നതും പുൽക്കൊടിയുടെ നാശം ആരെയും വേദനിപ്പിക്കാത്തതും ഒരു വൈരുധ്യമായി അവർ ചൂണ്ടിക്കാണിക്കുന്നു.
 
പുസ‌്തകത്തിന്റെ അവസാനഭാഗത്ത് ബുദ്ധനെയും വൃക്ഷങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെയും കുറിച്ചുള്ള ഒട്ടേറെ നിരീക്ഷണങ്ങളുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ ജനനവുമായി ബന്ധപ്പെട്ട പുരാണമാണ്. ലുംബിനിയിൽ, അശോക മരച്ചില്ലയിൽ പിടിച്ചുകൊണ്ടാണ് സിദ്ധാർഥന്റെ അമ്മ മായാദേവി അദ്ദേഹത്തെ പ്രസവിച്ചത്. ‘ഇവിടെ (ലുംബിനിയിൽ) എല്ലായിടത്തും അശോകമരം പൂക്കുന്നു, ആനന്ദത്തിൽ ഒരു ചില്ലയ‌്ക്കുവേണ്ടി അവർ തന്റെ വലതുകരം നീട്ടുന്നു, അപ്പോൾ ഒരു രാജകുമാരൻ പിറക്കുന്നു.' അഥവാ, ഒരു രാജകുമാരനായിരുന്നെങ്കിലും അദ്ദേഹം ജനിച്ചത് വനത്തിലാണ്. ബോധോദയം സംഭവിക്കുന്നത് ബോധിവൃക്ഷത്തിനു ചുവടെയാണെങ്കിൽ ബുദ്ധന്റെ മരണവും  വൃക്ഷങ്ങൾക്ക് ചുവട്ടിലായിരുന്നു. വൃക്ഷച്ചുവട്ടിലെ ഇരിപ്പ് ബുദ്ധമത ആത്മീയതയിൽ ഏറെ പ്രധാനം. ബുദ്ധിസ്റ്റ് സങ്കൽപ്പങ്ങളിൽ താമരയ‌്ക്കുള്ള പ്രസക്തി ശതപത ബ്രാഹ്മണം, പത്മാസന സങ്കല്പം എന്നിവയിലൂടെ ഗ്രന്ഥകാരി സമർഥിക്കുന്നു. വൃക്ഷങ്ങളോടുള്ള മനുഷ്യരുടെ ആദരം അവയ‌്ക്ക് വിനാശകരമായിത്തീർന്നതിന്റെ ഉദാഹരണമായി അശോക ചക്രവർത്തിയുടെ റാണി തിശ്യരക്ഷിത, ചക്രവർത്തിക്ക് പ്രിയപ്പെട്ട ബോധിവൃക്ഷത്തെ ‘സപത്നി'യായി തെറ്റിദ്ധരിച്ചതും അസൂയാലുവായി അതിനെ നിഗ്രഹിക്കാൻ കൽപ്പന നൽകിയതും ഗ്രന്ഥകാരി ചൂണ്ടിക്കാട്ടുന്നു. ‘ഒരു മരം മുറിച്ചുകൂടാ, കാരണം അത് ബുദ്ധനെ പ്രതിനിധാനം ചെയ്യുന്നു. അത് ബുദ്ധൻ തന്നെയാണ്' ഹിന്ദു ദേവീദേവന്മാർ മൃഗങ്ങളെ വാഹനങ്ങളാക്കുമ്പോൾ ചെടികളും വൃക്ഷങ്ങളും ബുദ്ധദർശനത്തിൽ കേന്ദ്രപ്രതീകങ്ങളാണ്.
 
സാർവജനീനമായ കൗതുകം ജനിപ്പിക്കാവുന്ന ഒരു പുസ്‌തകമല്ല സുമന റോയിയുടേത്. എന്നാൽ, ഭ്രാന്തമായ തിരക്കുകൾക്കിടയിലും ഒന്ന് തിരിഞ്ഞുനോക്കാൻ, ദല മർമരങ്ങൾക്കും ഊഞ്ഞാൽ കൈകളുടെ തലയിണ മന്ത്രങ്ങൾക്കും കാതോർക്കാൻ, ഡിസ്റ്റോപ്പിയൻ വേനലറുതികളിൽ സാന്ത്വനമായ തണൽ തണുപ്പുകളിലേക്ക് ഒന്നുകൂടി തല ചായ‌്ക്കാൻ, മണ്ണിലും ആകാശത്തിലുമുള്ള ആദിമ ഗുരുത്വങ്ങളെ വേരുകളിലും ചില്ലകളിലും അടുത്തറിയാൻ കൊതിക്കുന്ന ‘ഒരിക്കലും നന്നാകാത്ത' വിശുദ്ധസ്വപ‌്നാടകർക്ക് തീർച്ചയായും ഹൃദ്യമായ ഒരനുഭവമാണ് പുസ‌്തകം കരുതിവയ‌്ക്കുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top