26 April Friday

സ്‌മൃതി ഭ്രംശത്തിന്റെ രാഷ്ട്രീയം...ദീപക് പച്ച എഴുതുന്നു

ദീപക് പച്ചUpdated: Thursday Sep 5, 2019

ദീപക് പച്ച

ദീപക് പച്ച

വിധു വിന്‍സന്റ് എഴുതിയ ദൈവം ഒളിവില്‍ പോയ നാളുകള്‍ പുസ്തകത്തെ പറ്റി ദീപക് പച്ച എഴുതുന്നു

തന്റെ കയ്യിലെ ഗുന്തർ ഗ്രാസ്സിന്റെ ‘From Germany to Germany’ എന്ന പുസ്തകം കണ്ട ജർമൻ കാരനായ സഹായാത്രികൻ ഹെർമൻ  " എഴുത്തുകാരന്റെ രാഷ്ട്രീയ പശ്ചാത്തലം വായനയ്ക്ക് പ്രശനമല്ലേ ?" എന്ന ചോദ്യം ചോദിക്കുന്നിടത്താണ് വിധു വിൻസന്റിന്റെ ' ദൈവം ഒളിവിൽ പോയ നാളുകൾ ' എന്ന ജർമൻ യാത്രാനുഭവം ആരംഭിക്കുന്നത്.(ഗുന്തർ ഗ്രാസ് നാസികളുടെ Schuttzstaffel (SS) സംഘടനയിൽ  അംഗമായിരുന്നു എന്നതാണ് ചോദ്യ കാരണം). കൺസർവേറ്റീവായ ദസ്തേവിസ്കിയും  ക്രിസ്ത്യൻ അനാർക്കിസ്റ്റായ ടോൾസ്റ്റോയിയും ലിബറലായ  ടർഗെനേവും പുറം ലോകത്തേക്ക് അറിയപ്പെട്ടത് വിപ്ലവത്തിന്റെ പ്രവാചകരായിട്ടാണല്ലോ. പക്ഷേ അവരുടെ ആരുടേയും രാഷ്ട്രീയം വിപ്ലവത്തിന്റേത് അല്ലായിരുന്നല്ലോ. അതിനാൽ എഴുത്തുകാരന്റെ രാഷ്ട്രീയം വായനക്കാരന് പ്രശ്‌നമാകേണ്ടതില്ല  എന്ന് തന്നെ  വേണം കരുതാൻ.

പക്ഷേ യാത്രയിൽ യാത്രക്കാരിയുടെ  രാഷ്ട്രീയം വിഷയം തന്നെയാണ്. അത്  അവളുടെ  യാത്രാനുഭവങ്ങളെയും അനുഭവകുറിപ്പുകളെയും നിർണയിക്കുമെന്നതിൽ സംശയമില്ല. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമാ സംവിധായകരിൽ ഒരാളായ വിധു വിൻസന്റിന്റെ ജർമ്മൻ യാത്ര കേവലമൊരു യാത്രാകുറിപ്പല്ല, മറിച്ചു സമകാലീന ഇന്ത്യൻ മനുഷ്യർ ജർമ്മനി എന്ന രാജ്യത്തിൻറെ പൂർവകാല ചരിത്രത്തിൽ നിന്നും ഓർമിച്ചെടുക്കേണ്ട പാഠങ്ങളുടെ പറച്ചിലാണ്. തന്റെ എഴുത്തും വരയും കൊണ്ട് വിധു വൈഭവത്തിൽ തീർത്ത ഒരു ചലച്ചിത്രം തന്നെയാണ് " ദൈവം ഒളിവിൽ പോയ നാളുകൾ " എന്ന യാത്ര വിവരണം.

ജർമനിയുടെ ഫാസിസ്റ്റ് ഭൂതകാലത്തെ ഓർമ്മപ്പെടുത്തുന്ന സ്മാരകങ്ങളിലേക്കാണ് തന്റെ യാത്രയുടെ ക്യാമറ കണ്ണുകൾ ഈ ചലച്ചിത്രകാരി തിരിച്ചു വച്ചിരിക്കുന്നത്. ജർമനിയിൽ സ്ഥിരതാമസക്കാരിയായ തന്റെ സഹോദരി ടുട്ടുവിനെ കാണാൻ ജർമനിയിൽ എത്തിയത് മുതൽ തന്റെ യാത്രാനുഭവത്തെ സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നോക്കി കാണാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്.

ബിയർ പാർലറും കോൺസൻട്രേഷൻ ക്യാമ്പും

സഹോദരിയുടെ സുഹൃത്ത് സ്റ്റെഫിയുടെ ഗൃഹ സന്ദർശന വേളയിലെ വിധു വിസന്റിന്റെ അനുഭവം ഫാസിസ്റ്റു ഭരണ കാലത്തെ ഓര്മിച്ചെടുക്കാൻ പോലും ജർമൻ ജനത ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ്. സ്റ്റെഫിയുടെ മാതാപിതാക്കളോട് ബാല്യകാലത്തെ കുറിച്ച് ചോദിച്ചപ്പോൾ അവരെല്ലാം അതിന്നുകുറിച്ചു സംസാരിക്കാൻ വിമുഖത കാട്ടി. പിന്നീട് വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് സ്റ്റെഫി തന്റെ പിതാവിന്റെ സഹോദരൻ നാസി വിരുദ്ധത പ്രകടിപ്പിച്ച വൈറ്റ് റോസ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ പിൻതുണച്ച ആളായിരുന്നു എന്നും അതിന്റെ അമരക്കാരെയെല്ലാം നാസിപ്പോലീസ് ഗസ്റ്റപ്പോ കൊലപ്പെടുത്തിയപ്പോൾ അയാൾ ആത്മഹത്യ ചെയ്തെന്നും  വിധുവിനോട് പറയുന്നു. ഈ ഭൂതകാലത്തെ ഓർമിച്ചെടുക്കാൻ താല്പര്യം ഇല്ലാത്തതിനാലാണ് എഴുത്തുകാരിയുടെ ചോദ്യങ്ങളിൽ നിന്നും അവർ ഒഴിഞ്ഞു നിന്നത്.

ഓഷ്‌വിറ്റസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരെ മരണത്തിലേക്കയച്ച നാസികളുടെ ദഹൗ കോൺസൻട്രേഷൻ ക്യാമ്പിനെ കുറിച്ചാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം മുഴുവനും. നാസികൾ തന്നെ ജർമൻ പാർലമെന്റിനു തീകൊളുത്തി ആ കുറ്റം ആരോപിച്ചു പിടിക്കപ്പെട്ട നിരപരാധികളായ 200  കമ്മ്യൂണിസ്റ്റുകാരാണ് ദഹൗ ക്യാമ്പിൽ ആദ്യം പാർപ്പിക്കപ്പെട്ടത്. തൊഴിൽ ക്ഷാമം പരിഹരിക്കാൻ എന്ന വ്യാജേനയാണ് മനുഷ്യരെ അടിമപ്പണി ചെയ്യിക്കാൻ നാസികൾ തടങ്കൽ പാളയങ്ങൾ ആരംഭിച്ചത്. കുറഞ്ഞ നിരക്കിൽ മനുഷ്യന്റെ തൊഴിൽ ശ്കശക്തി ചൂഷണം ചെയ്യുക വഴി തങ്കൾ  വന്നുചേർന്ന പ്രതിസന്ധിയെ പരിഹരിക്കാൻ മുതലാളിത്തം കണ്ട വഴിയായിരുന്നു ഹിറ്റ്ലർ എന്ന് ഈ വായന ഓർമിപ്പിക്കുന്നു.

റൊമാനിയൻ ആനിഫ്രാങ്ക് എന്ന് വിളിക്കപ്പെടുന്ന അന്നാ നൊവാക്ക് ഈ യാത്രാകുറിപ്പിൽ പലയിടത്തും വരുന്നുണ്ട്. ഓഷ്വിറ്റ്സ്സും ക്രാറ്റ്സോയുമടക്കം ഏഴ് തടങ്കൽ പാളയത്തിൽ ജീവിക്കേണ്ടിവന്ന അന്ന നോവിക്കിന്റെ The beautiful days of my youth എന്ന പുസ്തകത്തെ ഇടയ്ക്കിടെ ഓർക്കുന്നുണ്ട് വിധു വിൻസന്റ് തന്റെ യാത്രയിൽ. അവരാദ്യം കമ്മ്യൂണിസ്റ്റു കാരെ തേടി വന്നു.. എന്ന് തുടങ്ങുന്ന ഇന്നും പ്രസക്തമായ താക്കീത് നാസിക്കാലത് ലോകത്തിനു നൽകിയ പാസ്റ്റർ നിയോ മില്ലർ ദഹൗവിലെ ഒരു ബങ്കറിലെ തടവുകാരനായിരുന്നു.

മ്യൂസിയത്തിലെ തടവുകാരാക്കപ്പെട്ട മനുഷ്യരുടെ ചിത്രം കാണുമ്പോൾ , കമ്മ്യൂണിസ്റ്റു സൈന്യം ഓഷ്‌വിറ്റസ് പിടിച്ചെടുത്തു തടവുകാരെ മോചിപ്പിച്ചപ്പോൾ സ്വതന്ത്രനായി പിന്നീട് തന്റെ അനുഭവങ്ങളെ If this is a man എന്ന പുസ്തകത്തിലേക്ക് പകർത്തിയ പ്രിമോലെവിയെത്തുന്നു എഴുത്തുകാരിയുടെ ചിന്തയിൽ. തടവറയിൽ നിന്നും ലഭിച്ച റേഷൻ പ്രിമിലേവിയുടെ വിശപ്പ് കെടുത്താൻ ഒരിക്കലും തികയുമായിരുന്നില്ല. സത്യത്തിൽ ആർക്കും അത് പര്യാപ്തമായിരുന്നില്ല. അടങ്ങാത്ത തന്റെ വിശപ്പിലേക്കായി ആറുമാസത്തോളം തനിക്ക് അനുവദിച്ച റേഷനിൽ നിന്നും നല്ലൊരു മാറ്റി വച്ച ലോറെൻസോ പെറോൺ എന്ന സഹതടവുകാരനെക്കുറിച്ച് പ്രിമോലിവി പറഞ്ഞത് വിധു വിൻസന്റ് ഓർത്തെടുക്കുമ്പോൾ ദുരിതകാലത്തും മനുഷ്യർ തമ്മിലുള്ള പാരസ്പര്യത്തിന്റെ ദൃഷ്ട്ടാന്തത്തെയാണ് വായനക്കാരൻ അനുഭവിക്കുന്നത്.

ബിയർഹൗസുകളിലേക്കുള്ള യാത്രയും അവയുടെ ചരിത്രം പറച്ചിലുമാണ് പുസ്തകത്തിന്റെ മറ്റൊരു ആകർഷണം. രാഷ്ട്രീയ പ്രവർത്തകർക്കും ബുദ്ധിജീവികൾക്കും നമ്മുടെ നാട്ടിലെ കോഫീ ഹൗസുകൾ പോലെയാണ് ജർമനിയിൽ ബിയർഹൗസുകൾ. . ബവേറിയ സ്റ്റേറ്റിന്റെ ഭരണം പിടിച്ചെടുക്കാൻ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസി പാർട്ടി നടത്തിയ അട്ടിമറി ശ്രമം തന്നെ അറിയപ്പെട്ടത് Beer Hall Putsch എന്നാണല്ലോ . പൊതുയോഗങ്ങൾക്കും മറ്റ്‌ പരിപാടികൾക്കുമായി ഹിറ്റ്‌ലർ സ്ഥിരം ഉപയോഗിച്ചിരുന്ന ബീയർ ശാലയായിരുന്നു ഹോഫ്‌ ബ്രൗസ്. നാസിപാർട്ടിയുടെ ആദ്യ ഔദ്യോഗിക യോഗം പോലും നടന്നത് ഇവിടെ വച്ചാണ്. ഈ ബിയർ ഹൗസിൽ ഹിറ്റ്‌ലർ ബിയർ കുടിച്ചിരുന്ന കപ്പ് സൂക്ഷിച്ചിട്ടുണ്ടെന്നു കേട്ട് അത് ചോദിക്കാൻ പോയതും ഹിറ്റ്‌ലർ എന്ന പേര് കേട്ടപ്പോൾ തന്നെ ജർമൻ ഭാഷയിൽ ദേഷ്യപ്പെട്ടതും തമാശയുടെ വിധു വിൻസന്റ് പറയുമ്പോൾ  ജർമൻ ജനതയെ ഹിറ്റ്ലർ എന്ന പേര് എത്രമാത്രം അസ്വസ്ഥതപെടുത്തുന്നു എന്ന് ബോധ്യപ്പെടും.
 
ലോകം മുഴുവൻ വിറപ്പിച്ചു നിന്നപ്പോഴും ഹിറ്റ്ലറിനെതിരെ തങ്കളാൽ ആവും വിധം പോരടിച്ചു നിന്ന മ്യൂണിക്ക് ലുധ്വിക് മാക്സ്മിലൻ  സർവകാലശാലയിലെ വിദ്യാർത്ഥികളെ കുറിച്ച് അവിടേക്കുള്ള യാത്രയിൽ വിധു വിൻസന്റ് ഓർക്കുന്നുണ്ട്. വൈറ്റ് റോസ് എന്നറിയപ്പെട്ടിരുന്ന ഈ കൂട്ടർ ഹാൻസ് ഷോൾ, സോഫി ഷോൾ, ക്രിസ്റ്റഫർ പ്രജോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഹിറ്റ്ലറുടെ ചെയ്തികൾക്കെതിരെ സർവകലാശാലയിൽ ലീഫ് ലെറ്റുകൾ വിതരണം ചെയ്യുകയും പ്രചാരണം നടത്തുകയും ചെയ്തു. അവരെയെല്ലാം നാസിപോലീസു വിചാരണചെയ്തു കൊലപ്പെടുത്തി. വൈറ്റ് റോസിന്റെ ഓർമ്മകൾ ഇന്നും  ലുധ്വിക് മാക്സ്മിലൻ  സർവകാലശാലയിൽ നിറഞ്ഞു നില്കുന്നു. ചെറുതാണെങ്കിലും അവരുടെ പോരാട്ടം തീവ്രമായിരുന്നെന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നാസികൾക്കെതിരെയുള്ള വലിയ പോരാട്ട ചരിത്രത്തിലെ ഈ ചെറു സമരത്തെ വിധു വിൻസൻറ് ഓർമിച്ചെടുക്കുന്നത് യാദൃശ്ചികമായല്ല. ഫാസിസ്റ്റു പ്രവണതകൾ ജീനിൽ സൂക്ഷിക്കുന്ന ഇന്ത്യൻ  വലതുപക്ഷത്തിനെതിരെയുള്ള സമരങ്ങൾ എത്ര ചെറുതാണെങ്കിലും പ്രാധാന്യമുള്ളതാണ് എന്ന് ഓര്മപ്പെടുത്താനാണത്.

ഓർമ്മകളെ ഭയപ്പെടുന്നവർ

നാസിയാനന്തര ജർമ്മനിയിൽ നടന്ന ഡീനാസിഫിക്കേഷന്റെ ഭാഗമായി നാസികളുമായി ബന്ധപ്പെട്ട ബിംബങ്ങൾ നീക്കം ചെയ്യപ്പെട്ടതിനെയും തങ്ങളുടെ ഭൂതകാലത്തിൽ നിന്നും ഒളിച്ചോടാൻ ജർമൻ ജനത കാണിക്കുന്ന വ്യഗ്രതയെയും വിധു വിൻസന്റും പുസ്തകത്തിന് രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായ അനുബന്ധം എഴുതിയ ഉമേഷ് ഓമനകുട്ടനും വിമർശന ബുദ്ധിയോടെയാണ് കാണുന്നത്. എല്ലാം ഹിറ്റ്ലർ എന്ന ഒരു വ്യക്തിയുടെ പിഴവുമാത്രമായി ഒരു സമൂഹം പാപമോചനം നേടുമ്പോൾ ഭൂതകാലാത്തെ ഓർമ്മിച്ചെടുക്കാൻ കഴിയാത്ത പുതു തലമുറകൾ ചരിത്രത്തിലെ തെറ്റുകൾ ആവർത്തിക്കാൻ സാധ്യത ഏറെയാണ്.

എല്ലാം ഹിറ്റ്ലർ എന്ന ഒരു വ്യക്തിയുടെ പിഴവുമാത്രമായി  പാപമോചനം നേടാനാണ്  ജർമൻ ജനത എക്കാലവും ശ്രമിച്ചിരുന്നത്. ഹിറ്റ്ലറുടെ കുറ്റകൃത്യങ്ങൾക്ക്  നീറോ ചക്രവർത്തിയുടെ അതിഥികളെ പോലെ  മൗന സമ്മതം നൽകിയ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയിലെ ജർമൻ മധ്യവർഗ്ഗവും ഓഷ്വിറ്റ്സ്സിലെയും ദഹൗവിലെയും മനുഷ്യക്കുരുതികൾക്ക്  ഉത്തരവാദികളാണ്. ഒളിവിൽ പോയത് ദൈവം മാത്രമല്ല, നിഷ്പക്ഷതയുടെ രാഷ്ട്രീയ മൂടുപടമണിഞ്ഞ മധ്യവർഗ്ഗം കൂടിയാണ്.

ഭൂതകാലത്തെ ഓർമ്മിച്ചെടുക്കാൻ തുനിയാത്ത  പുതു തലമുറകൾ ചരിത്രത്തിലെ തെറ്റുകൾ ആവർത്തിക്കാൻ സാധ്യത ഏറെയാണ്. ജർമനിയിലെ നിയോ നാസിസത്തിന്റെ വളർച്ച ചൂണ്ടികാണിക്കുന്നത് അതും  തന്നെയാണ്. ജർമൻ യാത്രയിൽ അനുഭവിച്ചറിഞ്ഞ ഈ അറിവുകളുടെ പശ്ചാത്തലത്തിൽ  “The struggle of man against power is the struggle of memory against forgetting"  എന്ന മിലൻ കുന്ദേരയുടെ വാക്കുകളെ മലയാളിക്ക്  പറഞ്ഞു തരികയാണ് വിധു വിൻസന്റ്. പലതും മറന്നു പോകുന്ന മലയാളിയോട് ചിലതൊക്കെ ഓർമ്മിച്ചെടുക്കണം എന്ന് പറയുന്നിടത്താണ്  " ദൈവം ഒളിവിൽ പോയ നാളുകൾ " എന്ന യാത്രാനുഭവ കുറിപ്പിന്റെ സമകാലീന പ്രസക്തി. 

നമ്മുടെ സമരോത്സുകമായ ഓർമകളുടെ അരങ്ങളിൽ ഉരച്ച്  മാത്രമേ  ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ പരിസരത്തിൽ നാം നടത്തേണ്ടുന്ന സമരങ്ങളുടെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടാനാകൂ എന്ന്  മാത്രം ഓർമ്മപെടുത്താനാണ് വിധു വിൻസന്റ് ശ്രമിക്കുന്നത്.

ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്. മനോഹരമായ ലേ ഔട്ടും എഴുത്തിനിണങ്ങുന്ന വരയും ഈ വായനയെ വേറിട്ടൊരു അനുഭവമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top