04 May Saturday

വിഴിഞ്ഞത്ത്‌ കപ്പൽ അടുത്തപ്പോൾ

ദിനേശ്‌ വർമUpdated: Saturday Oct 14, 2023

പടുകൂറ്റൻ ക്രെയിനുകളുമായി ആദ്യകപ്പൽ ‘ഷെൻഹുവ 15’ നങ്കൂരമിട്ടതോടെ കേരളത്തിന്റെ ദീർഘകാലമായുള്ള സ്വപ്നമാണ്‌ പൂവണിഞ്ഞിരിക്കുന്നത്‌. രാജ്യത്തെ ആദ്യ ‘മദർ പോർട്ട്‌’ ആയ ‘വിഴിഞ്ഞം അന്താരാഷ്‌ട്ര ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ പോർട്ട്‌’ തിരുവനന്തപുരത്തിന്റെയും കേരളത്തിന്റെ ആകെയും വികസന പന്ഥാവിൽ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നതിൽ സംശയമില്ല. ആദ്യഘട്ടം 2024 മേയിൽ കമീഷൻ ചെയ്യാനാകുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. വിഴിഞ്ഞത്തിന്റെ പ്രത്യേകത, സാമ്പത്തിക മുന്നേറ്റത്തിനുള്ള വൻ സാധ്യത, രാഷ്‌ട്രീയ നിലപാടുകൾ എന്നിവയാണ്‌ ഇപ്പോൾ ചർച്ചയായിരിക്കുന്നത്‌.

ആയ്‌ രാജ്യത്തിന്റെ വാണിജ്യ– -സൈന്യ കേന്ദ്രമെന്ന നിലയിൽ സംഘകാലകൃതികൾതന്നെ ഈ തീരപട്ടണത്തിന്റെ സവിശേഷതകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. 75 വർഷംമുമ്പ്‌ ചില ആലോചനകൾ നടത്തിയതായി പറയുന്നുണ്ടെങ്കിലും 30 വർഷത്തിനിടെയാണ്‌ വിഴിഞ്ഞം തുറമുഖം സജീവ ചർച്ചയായത്‌. പ്രകൃതിദത്ത സൗകര്യവും സാങ്കേതികമായ ആവശ്യകതയും ഒന്നിച്ചതോടെയാണ്‌ സാധ്യതകൾ വർധിച്ചത്‌.
പ്രകൃത്യാതന്നെ 20 മീറ്ററിലധികം ആഴമുള്ളതീരം. ഇന്ത്യയിൽ 13 വലുതും ഒട്ടേറെ ചെറുതുമായ തുറമുഖങ്ങളുണ്ടെങ്കിലും വൻകിട കപ്പലുകൾ അടുക്കില്ല. കാരണം, ശരാശരി ആഴം 13–-15 മീ. മാത്രമാണ്‌. അവയിൽ കൊച്ചിയിലുൾപ്പെടെ പലതിലും കോടാനുകോടി ചെലവഴിച്ച്‌ ഡ്രെഡ്‌ജിങ്‌ നടത്തണം. മാത്രമല്ല, വലിയ കപ്പലുകൾ അടുക്കുന്ന ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ ഹബ്ബുകളായ ദുബായ്‌, സിംഗപ്പുർ, കൊളംബോ, സലാല തുടങ്ങിയ തുറമുഖങ്ങളിൽ അടുക്കുന്ന വൻകിട കപ്പലുകളിൽനിന്ന്‌ ചെറുകപ്പലുകൾ വഴി ചരക്ക്‌ കൊണ്ടുവരാനും പോകാനുമാണ്‌ ഈ തുറമുഖങ്ങളെല്ലാം ഉപയോഗിക്കുന്നത്‌. വിഴിഞ്ഞം ട്രാൻസ്‌മെന്റ്‌ ഹബ്ബാകുന്നതോടെ ആ പ്രതിസന്ധി ഒഴിയുകയും അതുവഴി നഷ്ടമായിക്കൊണ്ടിരിക്കുന്ന 30,000 കോടി രൂപ രാജ്യത്തിന്‌ ലഭിക്കുകയും ചെയ്യും. കപ്പലുകളുടെ കണ്ടെയ്‌നർ ശേഷി 8000 ട്വന്റി ഫുട്ട്‌ ഇക്വലന്റ്‌ യൂണിറ്റിൽനിന്ന്‌  20,000 ടിഇയു വരെ എത്തിയതും ആഴംകൂടിയ വിഴിഞ്ഞത്തിന്‌ നേട്ടമായി.  ഭീമൻ കപ്പലുകൾ അടുക്കണമെങ്കിൽ 18 മീറ്ററിൽ കുറയാത്ത ആഴം വേണം. അന്താരാഷ്‌ട്ര കപ്പൽച്ചാലിന്‌ പത്ത്‌ നോട്ടിക്കൽ മൈൽമാത്രം അടുത്താണ്‌ വിഴിഞ്ഞമെന്നത്‌ ആഫ്രിക്ക, യൂറോപ്പ്‌, പശ്ചിമേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളിൽനിന്നുള്ള കപ്പലുകളെ  ആകർഷിക്കുകയും ചെയ്യും.

വികസന ‘ഹബ്ബ്‌’

60 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യുന്നുവെന്നതാണ്‌ വികസന, തൊഴിൽ സാധ്യത വർധിപ്പിക്കുന്നത്‌. ഷിപ്പിങ്‌ കൂടാതെ ലോജിസ്റ്റിക്‌സ്‌, ഭക്ഷ്യസംസ്കരണം, ഹോസ്പിറ്റാലിറ്റി തുടങ്ങി അനന്ത സാധ്യതകൾ. ഇതോടനുബന്ധിച്ച്‌ പണിയുന്ന 77 കി.മീ. നാലുവരി റിങ്‌ റോഡ്‌ സേവന–-വ്യാവസായിക രംഗത്ത്‌ വലിയ മാറ്റം കൊണ്ടുവരും. റെയിൽ, വിമാന കണക്ടിവിറ്റിയും വിഴിഞ്ഞത്തിനു സഹായകമാണ്‌. ചരക്ക്‌ എത്തിക്കാനും അവ സൂക്ഷിക്കാനും തടസ്സങ്ങളില്ലാതെ വിതരണം ചെയ്യാനുമുള്ള വൻകിട ഹബ്ബായി മാറാനാകും. ഡിജിറ്റൽ ഉൽപ്പന്നങ്ങൾക്കുൾപ്പെടെ വിലക്കുറവുമുണ്ടാകും. നേരിട്ടും അല്ലാതെയും വരുന്ന തൊഴിൽസാധ്യത ലക്ഷങ്ങളാണെന്നതും സുപ്രധാന നേട്ടങ്ങളിലൊന്നാണ്‌.

വിവാദം നങ്കൂരമിട്ട കാലം
ചൂടുപിടിക്കുന്ന മറ്റൊരു ചർച്ച പദ്ധതിക്കുവേണ്ടി ആരാണ്‌ ആത്മാർഥമായി നിലകൊണ്ടത്‌ എന്നതു തന്നെയാണ്‌. കഴിഞ്ഞ ഏഴര വർഷത്തെ ചരിത്രംമാത്രം മതി അതിന്‌ ഉത്തരമാകും. എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി എൽഡിഎഫ്‌ സർക്കാർ നിശ്ചയദാർഢ്യത്തോടെ പദ്ധതിക്കുവേണ്ടി നിലകൊണ്ടതുകൊണ്ടാണ്‌ ഇപ്പോൾ കപ്പൽ നങ്കൂരമിട്ടത്‌. എന്നാൽ, പദ്ധതി എങ്ങനെയും തടയാൻ അരയും തലയും മുറുക്കി  രംഗത്തിറങ്ങിയ കോൺഗ്രസ്‌ നേതാക്കളുടെയും കൈയയഞ്ഞ്‌ സഹായിച്ച മാധ്യമങ്ങളുടെയും ചിത്രം ജനങ്ങളുടെ കണ്ണിൽനിന്ന്‌ മാഞ്ഞിട്ടില്ല.അവകാശവാദങ്ങളുടെ പേരിൽ തർക്കമുന്നയിക്കലല്ല ഈ ഘട്ടത്തിലെങ്കിലും തങ്ങൾ ചെയ്യേണ്ടതെന്ന സാമാന്യ ജനാധിപത്യ ബോധം എന്തുകൊണ്ട്‌ ഇല്ലാതെപോയി എന്ന്‌ ചിന്തിക്കേണ്ടത്‌ കോൺഗ്രസ്‌ നേതാക്കളാണ്‌. ഹിതകരമല്ലാത്ത ചില വ്യവസ്ഥകളോടെയാണെങ്കിലും യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ വിഴിഞ്ഞം തുറമുഖ കരാർ ഒപ്പിട്ടതെന്ന യാഥാർഥ്യം ആർക്കും മറച്ചുവയ്ക്കാൻ കഴിയില്ല. എന്നാൽ, എങ്ങനെയാണ്‌ ആ കരാറിലേക്ക്‌ എത്തിയതെന്ന ചരിത്ര യാഥാർഥ്യം ആർക്കും നിഷേധിക്കാനുമാകില്ല.

ഇഴച്ചിലും വലച്ചിലും
കുത്സിത താൽപ്പര്യത്തോടെയാണ്‌ യുഡിഎഫ്‌ സർക്കാർ പദ്ധതിയെ സമീപിച്ചിരുന്നതെന്നതിന്‌ തെളിവുകൾ നിരവധിയാണ്‌. 5000 കോടിയുടെ ഭൂമി ഇടപാട്‌ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതും ആ ഘട്ടത്തിലാണ്‌. സ്വന്തം താൽപ്പര്യങ്ങൾ നടക്കാതെവരുമെന്നു കണ്ട്‌ പദ്ധതി വഴിയിലിട്ടതും ജനം കണ്ടു. പൊതുമേഖലയിൽ സ്ഥാപിക്കാമായിരുന്നുവെന്ന സാധ്യത നിഷ്കരുണം തൂത്തെറിഞ്ഞത്‌ കോൺഗ്രസ്‌ സർക്കാരുകൾ ആണ്‌. പൊതു– -സ്വകാര്യ പങ്കാളിത്ത സാധ്യതയെ ‘ചൈനീസ്‌ കമ്പനി’ ബന്ധം പറഞ്ഞുതള്ളിയത്‌ എ കെ ആന്റണികൂടി പങ്കാളിയായിരുന്ന കേന്ദ്ര കോൺഗ്രസ്‌ സർക്കാർ. രാജ്യാന്തര തുറമുഖലോബിയുടെ പിന്നാമ്പുറ ഇടപെടലുകളെ പ്രോത്സാഹിപ്പിച്ചതും മറ്റാരുമല്ല. പദ്ധതി അവസാനിപ്പിക്കുമോയെന്നുവരെ സംശയം ജനിപ്പിച്ച സമരകോലാഹലങ്ങളിലേക്ക്‌ കടലോര ജനതയെ തെറ്റിദ്ധരിപ്പിച്ച്‌ ഇളക്കിവിട്ടത്‌ സമീപകാല സംഭവങ്ങളാണ്‌.

തിളക്കം കേരളത്തിന്‌
എന്നാൽ, വിഴിഞ്ഞത്തിന്റെ സാധ്യത മനസ്സിലാക്കി നിതാന്ത ജാഗ്രതയോടെ പദ്ധതിക്കുവേണ്ടി യത്നിച്ചത്‌ എൽഡിഎഫ്‌ ആണ്‌. 2006ൽ പദ്ധതി നടപ്പാക്കണമെന്നും 2013ൽ പദ്ധതി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട്‌ പ്രക്ഷോഭം നടത്തി.  2013ൽ തിരുവനന്തപുരത്ത്‌ നടന്ന മനുഷ്യച്ചങ്ങല ആരും മറന്നിട്ടുണ്ടാകില്ല. അഴിമതിക്കായി പദ്ധതിയെ  ഉപയോഗിക്കുന്നത്‌ തടയുക, പരമാവധി ജനോപകാരപ്രദമായ രീതിയിൽ പദ്ധതി യാഥാർഥ്യമാക്കുക എന്നതായിരുന്നു എൽഡിഎഫ്‌ നയം. യുഡിഎഫ്‌ കാലത്തെ കരാർ ആണെങ്കിലും പദ്ധതി തടയാനല്ല, വേഗത്തിൽ പൂർത്തിയാക്കാനാണ്‌ സർക്കാർ ശ്രമമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തതും നമ്മുടെ മുന്നിലുണ്ട്‌. വികസന പദ്ധതികൾക്കു മുന്നിൽ എത്ര വലിയ തടസ്സങ്ങൾ ഉണ്ടാക്കാൻ ആരൊക്കെ ശ്രമിച്ചാലും അവർക്ക്‌ വഴങ്ങാതെ ജനങ്ങളുടെ പിന്തുണയോടെ അവ നടപ്പാക്കുകയാണ്‌ സർക്കാർ.  അതുകൊണ്ടുതന്നെ, വിഴിഞ്ഞത്ത്‌ അടുത്ത കപ്പൽ എൽഡിഎഫ്‌ സർക്കാരിന്റെയും കേരളത്തിന്റെ ആകെയും വികസന ചരിത്രത്തിലെ തിളക്കമുള്ള നാഴികക്കല്ലായി മാറുമെന്നതിൽ തർക്കമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top