27 April Saturday

എന്തിനാണ് ഈ കര്‍ഷക സമരം? ...ദീപക് പച്ച എഴുതുന്നു

ദീപക് പച്ചUpdated: Tuesday Dec 1, 2020

ദീപക് പച്ച

ദീപക് പച്ച

എന്തിനാണ് ഡൽഹിയിൽ മൂന്ന് ലക്ഷത്തോളം കർഷകർ സമരം ചെയ്യുന്നത് ?. എന്തുകൊണ്ടാണ്  കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ കാർഷിക നിയമങ്ങളെ ഉത്തരേന്ത്യൻ കർഷകർ ഇത്രമാത്രം എതിർക്കുന്നത് ?. പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പുതിയ മാർക്കറ്റിനു അവസരം ഒരുക്കുക വഴി അവരെ സഹായിക്കാനാണ് എന്ന് പ്രധാനമന്ത്രി പറയുന്നതിൽ വല്ല വാസ്തവവും ഉണ്ടോ ?

ഇക്കാര്യങ്ങൾ ലളിതമായി വിശദീകരിക്കാനാണ് ശ്രമിക്കുന്നത്.

താഴെ കൊടുത്ത മൂന്ന് പുതിയ നിയമങ്ങളാണ് സർക്കാർ മാസങ്ങൾ മുൻപ് പാസ്സാക്കിയത്.

1. Farmers' Produce Trade and Commerce (Promotion and Facilitation) Bill, 2020
2. Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill, 2020.
3. The Essential Commodities (Amendment) Bill  

ഇതിൽ ആദ്യത്തെ നിയമം എങ്ങനെയാണു കർഷകരെ  പ്രതികൂലമായി ബാധിക്കുക എന്നാണ് പരിശോധിക്കുന്നത് .

ഒന്നാമത്തെ നിയമം വഴി നേരത്തെ  കർഷകർക്ക് ഉല്പന്നങ്ങൾ വിൽക്കാനുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകുമെന്നും അതുവഴി കർഷകർക്ക് ഏത് മാർക്കറ്റിലും വിൽക്കാനുള്ള സൗകര്യം ലഭിക്കുമെന്നുമാണ് നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നത്. അതോടൊപ്പം നിലവിലെ APMC  സംവിധാനത്തിൽ ഇടനിലക്കാർ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാൻ ആകുമെന്നും ഒരു കൂട്ടർ കരുതുന്നു.

കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ എന്താണ് APMC  (Agricultural produce market committe) എന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയെന്നും മനസ്സിലാക്കണം .

സ്വാതന്ത്ര്യം ലഭിച്ചുള്ള ആദ്യ വർഷങ്ങളിൽ  കർഷകരിൽ നിന്നും നേരിട്ട് വ്യാപാരികൾ ഉത്പന്നങ്ങൾ വാങ്ങുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ആ സാഹചര്യത്തിൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള വ്യാപാരികൾ പലവിധ  സമ്മർദ്ദനങ്ങൾ നടത്തി കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്നും  ഉല്പന്നങ്ങൾ വാങ്ങിക്കുകയും ഇത് കർഷകരുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കുകയും  ചെയ്തു. ഇത് അവസാനിപ്പിക്കാനാണ് സംസ്ഥാന സർക്കാരുകളുടെ നേത്രുത്വത്തിൽ APMC   മണ്ടികൾ സ്ഥാപിച്ചു പ്രവർത്തിക്കാൻ APMC Act  നിലവിൽ വന്നത്. ഇത് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്.  അതായത് ഓരോ പ്രദേശത്തതും കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു പ്രത്യേക ചന്തയുണ്ടാകും. ആ ചന്ത  നിയന്ത്രിക്കുന്ന ഒരു കമ്മറ്റിയും ഉണ്ടാകും. കർഷകരിൽ നിന്നും ഉല്പന്നങ്ങൾ  വാങ്ങിക്കാൻ താല്പര്യമുള്ള വ്യാപാരികൾ കമ്മറ്റിയിൽ നിന്നും അതിനായി ലൈസൻസ് എടുക്കണം. അവർക്ക് മാത്രമേ APMC  മണ്ടികൾ  വഴി ഉൽപ്പനങ്ങൾ വാങ്ങാൻ കഴിയൂ.

ഉദാഹരണത്തിന് വയനാട് ജില്ലയിലെ (കേരളത്തിൽ APMC സംവിധാനം ഇല്ല) കർഷകർക്കായി സുൽത്താൻ ബത്തേരി, മാനന്തവാടി, കല്പറ്റ എന്നിവിടങ്ങളിൽ APMC  ചന്തകൾ  (മണ്ടികൾ) ഉണ്ടെന്നു കരുതുക. ഓരോ  കർഷകർക്കും  അവരുടെ പ്രദേശത്തിന് അനുസരിച്ചു നേരത്തെ നിശ്ചയിച്ച ചന്തകൾ  ഉണ്ടാകും. വിളവെടുത്ത്  തന്റെ ഉല്പന്നവുമായി കർഷകൻ ചന്തയിൽ പോകുന്നു. അവിടെ ലൈസൻസ് എടുത്ത പത്ത് വ്യാപാരികൾ ഉണ്ടെന്നു കരുതുക. ഉൽപ്പന്നത്തിന് സർക്കാർ നിശ്ചയിച്ച ഒരു മിനിമം താങ്ങു വിലയുണ്ടാകും. അതിനു മുകളിൽ വ്യാപാരികൾ  ലേലം വിളിച്ചു  കർഷകരിൽ നിന്നും സാധനങ്ങൾ വാങ്ങുന്നു. ഈ സംവിധാനം വഴി കർഷകർക്ക് മെച്ചപ്പെട്ട വില കിട്ടും എന്നാണ് സർക്കാർ ലക്‌ഷ്യം വച്ചത്. ഈ സംവിധാനത്തിൽ വയനാട്ടിലെ കർഷകർക്ക് തന്റെ ഉത്പന്നങ്ങൾ കോഴിക്കോടോ മൈസൂരോ കൊണ്ട് പോയി വിൽക്കാൻ ആവില്ല. അതുപോലെ ഏതെങ്കിലും വ്യാപാരിക്ക് നേരിട്ട് കർഷകരിൽ നിന്നും ഉൽപ്പനങ്ങൾ വാങ്ങാനും കഴിയില്ല.

എന്നാൽ കാലക്രമത്തിൽ സംഭവിച്ചത് വ്യാപാരത്തിന് ലൈസൻസ് കൊടുക്കുക എന്നത് തന്നെ APMC  കൾ  കൈക്കൂലിക്കുള്ള വഴിയായി കണ്ടു. ഇങ്ങനെ പണം കൊടുത്ത ലൈസൻസ് എടുക്കുന്ന വ്യാപാരികൾ അവരുടെ താല്പര്യ സംരക്ഷണത്തിനായി കാർട്ടൽ രൂപീകരിക്കുന്ന നില വന്നു. അതായത് ലേലം തുടങ്ങുന്നത്തിനു മുന്നേ വ്യാപാരികൾ തമ്മിൽ വിലയുടെ കാര്യത്തിൽ ഒരു ധാരണയിൽ എത്തും. ഞങ്ങൾ ഇന്ന് ഉള്ളിക്ക് കിലോയ്ക്ക് 10  രൂപയിൽ കൂടുതൽ വിളിക്കില്ല അങ്ങനെ. ഫലത്തിൽ ലേലം ഇല്ലാതെ വ്യാപാരികൾ നിശ്‌ചയിക്കുന്ന വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കേണ്ട ഗതികേടിലായി  കർഷകർ.

ഈ പ്രശ്നം  പരിഹരിക്കണം എന്ന് കാർഷിക സംഘടനകൾ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. നിലവിലെ പുതിയ നിയമങ്ങൾ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല എന്ന് മാത്രമല്ല കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്യും, അതങ്ങനെയാണ്

1. നിലവിലെ പുതിയ  നിയമ പ്രകാരം  കർഷകർക്ക് ഏതു വിപണിയിലും വിൽക്കാം. അതായത് നാസിക്കിലെ ഒരു ഉള്ളി കര്ഷകന് തന്റെ ഉള്ളിക്ക് ഉയർന്ന വില ലഭിക്കുന്ന കേരളത്തിൽ ഉള്ളി വിൽക്കാം. കേൾക്കാൻ സുഖമുള്ള കാര്യമാണ്. പക്ഷെ കുറഞ്ഞ ഉൽപ്പാദനമുള്ള ചെറുകിട കർഷകർക്ക് തൻ്റെ  ഉൽപ്പന്നങ്ങൾ ഇത്രയും ദൂരം ട്രസ്റൻപോർട് ചെയ്തു വ്യാപാരം നടത്തുക എന്നത് പ്രായോഗികമല്ല. ഫലത്തിൽ കൂടുതൽ വിപണി എന്നത് വിൽക്കാനുള്ള കർഷകർക്കല്ല  വാങ്ങാനുള്ള വൻകിട വ്യാപാരികൾക്കാണ് ലഭിക്കുന്നത്

2. ഇനി കർഷകരിൽ നിന്നും നേരിട്ട് വൻകിട കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങാമല്ലോ. അവർ കുറഞ്ഞ വിലയാണ് നൽകുന്നതെങ്കിൽ സർക്കാർ നില നിർത്തുന്ന apmc  മാർക്കറ്റിൽ കർഷകർക്ക് വിൽക്കാം. ഇതാണ് നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നത്. സ്വകാര്യ നിക്ഷേപകർ കടന്നു വന്ന മേഖലകളിൽ സർക്കാർ സംവിധാനങ്ങൾ എങ്ങനെയാണു തകർക്കപ്പെട്ടത് എന്ന് നമുക്കറിയാമല്ലോ. ഉദാഹരണത്തിനു ആദ്യ വർഷങ്ങളിൽ കർഷകന്  വൻകിട കമ്പനികൾ മെച്ചപ്പെട്ട വില നൽകുന്നു എന്നിരിക്കട്ടെ. തീർച്ചയായും കർഷകർ APMC  യെ ഉപേക്ഷിക്കും. മണ്ടികൾക്ക്  പുറത്ത് കർഷകരിൽ നിന്നും നേരിട്ട് വാങ്ങാൻ അവസരം ലഭിക്കുമ്പോൾ ലൈസൻസും എടുത്തു നികുതിയും കൊടുത്തു MSP  ഉറപ്പ് വരുത്തി മണ്ടി വഴി സാധനങ്ങൾ വാങ്ങാൻ വ്യാപാരികൾ എന്തായാലും തുനിയില്ല.  പതുക്കെ APMC  സംവിധാനം ദുര്ബലപ്പെടുകയും  സ്വകാര്യ സംരംഭകരുടെ മാർക്കറ്റ് മാത്രമാകും. പുതിയ നിയമ പ്രകാരം apmc  മണ്ടികൾക്ക് പുറത്ത് വ്യാപാരം അനുവദിക്കുമ്പോൾ അതിനു യാതൊരു താങ്ങു വിലയും സർക്കാർ ഉറപ്പു വരുത്തുന്നില്ല. കർഷകരുടെ ക്ഷേമമാണ് ലക്ഷ്യമെങ്കിൽ മണ്ടികൾക്ക് പുറത്തായാലും താങ്ങു വില കൊടുക്കാൻ ബാധ്യസ്ഥരാണ് എന്നൊരു വാചകം കൂടി ചേർക്കമായിരുന്നു.

3. ഇത് കർഷകരെ മാത്രമല്ല പഞ്ചാബ് ഹരിയാന പോലെ കാർഷിക മേഖലയേ  ആശ്രയിച്ചിരിക്കുന്നു സംസ്ഥാനങ്ങളിലെ ജനങളുടെ ജീവിതത്തെ തന്നെ ബാധിക്കും. നേരത്തെ മണ്ടികൾ  വഴി വിൽപ്പന നടത്തുമ്പോൾ ഒരു നിശ്ചിത തുക നികുതിയായി പ്രസ്തുത സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കും. ഈ തുകയാണ് പല സർക്കാരുകളുടെയും പ്രധാന വരുമാന മാർഗ്ഗം. പുതിയ നിയമം വഴി സംസഥാനങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആ നികുതി ഇല്ലാതാകും.

4. FCI പൊതു വിതരണത്തിനായി കർഷകരിൽ നിന്നും താങ്ങു വില നൽകി സംഭരിച്ചിരുന്ന രീതി ഈ ബില്ലോടു കൂടി അവസാനിക്കാൻ പോകുന്നു എന്നു കർഷകർ ഭയപ്പെടുന്നു. കാരണം മണ്ടികളിലൂടെയാണ് ഈ സംഭരണം മുഖ്യമായും നടന്നിരുന്നത്.  2014  ൽ FCI  യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ രൂപീകരിച്ച ശാന്തകുമാർ കമ്മറ്റിയുടെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നും ഈ സംഭരണം കുറക്കുക എന്നതാണ്. അതു തന്നെയാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇത് കർഷകരെ സാരമായി ബാധിക്കും

5. കൃഷി നഷ്ടത്തിലാകുന്നതിന്റെ  പ്രധാന കാരണം വിളവെടുപ്പ് മോശം ആകുന്നത് കൊണ്ടല്ല.  മറിച്ച് കര്ഷകന് ഉൽപ്പന്നങ്ങൾക്ക് അർഹിക്കുന്ന വില ലഭിക്കാത്തതാണ്. അത് പരിഹരിക്കാൻ ആണ് സർക്കാർ ചില ഉൽപ്പന്നങ്ങൾക്ക് താങ്ങുവില (Minimum Support Price) നിശ്ചയിച്ചു നൽകിയിരിക്കുന്നത്.
ഉൽപ്പാദന ചിലവിന്റെ ഒന്നര ഇരട്ടി (C2+ 50%) താങ്ങു വില കൊടുക്കണം എന്നായിരുന്നു സ്വാമിനാഥൻ കമ്മറ്റിയുടെ നിർദ്ദേശം. 2014  തിരഞ്ഞെടുപ്പിൽ മോദിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. പക്ഷെ പുതിയ നിയമത്തിൽ താങ്ങു വിലയെ കുറിച്ച് പറയുന്നേയില്ല. താങ്ങുവില നിയമപരമായ അവകാശമാക്കിയാൽ പുതിയ നിയമം വഴി വിപണി കീഴടക്കാൻ ലക്ഷ്യം വയ്ക്കുന്ന വൻ കിട കോര്പറേറ്റ്‌ കമ്പനികൾക്ക് ആ വിലയ്‌ക്കോ അതിൽ കൂടുതലോ കൊടുക്കേണ്ടി വരും. അതോടെ വൻലാഭം എന്ന ലക്ഷ്യം ഉപേക്ഷിക്കേണ്ടിവരും. അത് ഒഴിവാക്കാൻ  വൻകിടക്കാർക്ക് വേണ്ടിയാണ് മണ്ടികൾക്ക് പുറത്ത് കർഷകർക്ക്  MSP പരിരക്ഷയില്ലാതെ വ്യാപാരം നടത്താൻ പുതിയ നിയമം അവസരമൊരുക്കുന്നത്. ബിജെപി സർക്കാരിന്റെ കോർപറേറ്റ് സേവ പകൽ പോലെ വ്യക്തമാക്കുന്നതാണ് സത്യത്തിൽ ഈ നിയമം.
 
മേല്പറഞ്ഞതാണ് ഒന്നാമത്തെ നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ . റിലയൻസ് ഫ്രഷും , ഡി-മാർട്ടും. ബിഗ് ബസാറും പോലുള്ള കോർപ്പറേറ്റ് വ്യാപാരികളോട് വിലപേശി മെച്ചപ്പെട്ട വില ഉറപ്പിച്ചെടുക്കാൻ നമ്മുടെ കർഷകർക്ക് ഒരിക്കലും ആവില്ല. അതിനു കഴിയണമെങ്കിൽ സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനങ്ങൾ വേണം.  

APMC മാർക്കറ്റു സംവിധാനം ഉപേക്ഷിച്ച ബിഹാറിൽ ചെറുകിട കർഷകർ തുച്ഛമായ വിലയ്ക്ക് റോഡരികിൽ ഇരുന്ന് വിൽക്കുന്ന സ്ഥിതിയാണ് ഉള്ളത്. വൻ കിടക്കാരെ പ്പോലെ  Perishable Products ദീർഘകാലം സംഭരിച്ചു വയ്ക്കാനും ദരിദ്ര കർഷകർക്കാവില്ല. ബീഹാറിന്റെ അനുഭവം കർഷകരെ കൂടുതൽ ഭീതിയിലാഴ്ത്തുന്നു.

ഇതിനൊക്കെ പുറമെ APMC സംവിധാനം ഇല്ലാതാകുന്നതിൽ  vവേറൊരു വലിയ അപകടം കൂടിയുണ്ട്. വിലക്കയറ്റം ഉണ്ടാകുമ്പോൾ സർക്കാർ അവശ്യ സാധന  മാർക്കറ്റിൽ ഇടപെടുന്നത് നമുക്കറിയാം. വിലകളെകുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്  ലഭിച്ചിരുന്നത് മണ്ടികൾ കേന്ദ്രീകരിച്ചുള്ള  Market  Intelligence വഴിയാണ്. അതില്ലാതകുന്നതോടെ വിലക്കയറ്റം നിയന്ത്രണം എന്ന ചുമതലയിൽ നിന്നുകൂടി സർക്കാർ പതിയെ പിൻവാങ്ങും.

എന്ത് കൊണ്ടാണ് സർക്കാർ ഇങ്ങനെ കർഷക വിരുദ്ധമായ ഒരു തീരുമാനം എടുക്കുക്കുന്നത്. അത് ബിജെപി യും കോൺഗ്രസ്സും പിന്തുടരുന്ന രാഷ്ട്രീയതിന്റെ ഭാഗമായി കർഷകർക്കുള്ള സബ്‌സിഡിയും സഹായങ്ങളും എല്ലാം കേന്ദ്ര സർക്കാർ നിർത്തണമെന്നും  ധാന്യ  സംഭരണവും  വിതരണവും എല്ലാം സ്വാകര്യ മേഖലയെ ഏൽപ്പിക്കണമെന്നുമുള്ള  WTO  കരാറിന്റെ ഭാഗമായാണിത്. ശാന്തകുമാർ കമ്മറ്റിയുടെ നിർദ്ദേശത്തിലും ഇക്കാര്യം കാണാം.

 ചുരുക്കത്തിൽ ഈ പുതിയ നിയമത്തിന്റെ ഭാഗമായി ഇത്രയും നാൾ കര്ഷകന് ഉറപ്പ് ലഭിച്ചിരുന്ന MSP (Minimum Support Price) ഇല്ലാതാവാൻ പോവുകയാണ്. നിലവിൽ തന്നെ MSP  വളരെ കുറവാണ്. അത് ഇപ്പോൾ തന്നെ ദുരിത ജീവിതം നയിക്കുന്ന കർഷകർക്ക് സഹിക്കാൻ കഴിയാത്തതിനും അപ്പുറമാണ്. അതുകൊണ്ടാണ് അവർ സമരത്തിന് ഇറങ്ങുന്നത്.

നേരത്തെ നിലനിന്നിരുന്ന APMC  മണ്ടി  സംവിധാനത്തിന് പോരായ്മകൾ ഉണ്ട് എന്ന കാര്യത്തിൽ സംശയമില്ല. രോഗം മാറ്റുന്നതിന് പകരം രോഗിയെ തന്നെ കൊല്ലുന്ന സ്ഥിതിയാണ് ഈ നിയമം വഴി നടക്കാൻ പോകുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top