27 April Saturday

വയനാടിന്റെ സുഗന്ധം

ഡോ. വിജൂ കൃഷ്ണൻUpdated: Wednesday Aug 24, 2022

പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ തേടിയുള്ള കപ്പൽയാത്രകളിൽ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനമായിരുന്നു കേരളം. ക്രിസ്തുവിനുമുമ്പ്‌ മൂന്നും നാലും സഹസ്രാബ്ദത്തിൽപ്പോലും റോമാക്കാർ, അറബികൾ, ഫിനീഷ്യന്മാർ, ബാബിലോണിയക്കാർ, അസീറിയക്കാർ, ഈജിപ്തുകാർ തുടങ്ങിയവരെയൊക്കെ മലബാർ തീരത്തേക്ക് ആകർഷിച്ചത് പ്രധാനമായും കുരുമുളകും മറ്റ് സുഗന്ധദ്രവ്യങ്ങളും ആയിരുന്നു. 

1670ൽ കർണാടകത്തിലെ ചിക്‌മഗളൂരു ജില്ലയിലെ ചന്ദ്രഗിരി കുന്നുകളിൽ ബാബാ ബുദാൻ എന്ന സൂഫി സന്യാസി യമനിലെ മോച്ച എന്ന സ്ഥലത്തുനിന്ന്‌ കടത്തിക്കൊണ്ടുവന്ന ഏഴ് കാപ്പി വിത്തുകളിൽനിന്നാണ് കാപ്പിക്കൃഷി ഇന്ത്യയിൽ ആരംഭിച്ചതെന്ന് കഥയുണ്ട്.  ചിക്‌മഗളൂരു, കുടക്, വയനാട് തുടങ്ങിയ ഇടങ്ങളിലും കാപ്പി  വാണിജ്യകൃഷിയായി മാറി.1820ൽ ആരംഭം കുറിച്ചതുമുതൽ കാപ്പിക്കൃഷിക്ക് വയനാട്ടിൽ പ്രശ്നഭരിതമായ ചരിത്രമാണ് ഉണ്ടായിരുന്നത്.  ചില ഇന്ത്യൻ പ്ലാന്റർമാരും കമ്പനികളും വയനാട്ടിൽ കാപ്പി, ചായ തോട്ടങ്ങൾ വച്ചുപിടിപ്പിക്കാൻ മുതൽമുടക്കി. തൊഴിലാളികളുടെ സ്ഥിതി നരകതുല്യവും അടിമസമാനവുമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം മിക്ക ബ്രിട്ടീഷ് പ്ലാന്റർമാരും സ്ഥലം വിട്ടതോടെ ഗണ്യമായ തോതിൽ ചെറുകിട കർഷകർ കാപ്പിക്കൃഷിയിലേക്ക് വന്നു.

1991ൽ ഇന്ത്യയിലെ കോൺഗ്രസ് സർക്കാർ നവലിബറൽ സാമ്പത്തികനയങ്ങൾ ആരംഭിക്കുകയും വിദേശവ്യാപാരത്തിൽ ഉദാരവൽക്കരണം കൊണ്ടുവരികയും ചെയ്തു. വിദേശവ്യാപാരത്തിൽ അളവുപരമായ നിയന്ത്രണങ്ങൾ എടുത്തുകളയുകയും ഇറക്കുമതി ചുങ്കവും വിദേശവ്യാപാര നികുതികളും   ഇല്ലാതാകുകയും ചെയ്തു. സബ്സിഡികൾ നിർത്തിയതിന്റെ ഫലമായി ഉൽപ്പാദനച്ചെലവ് കൂടിയതോടെ കർഷകരുടെ അറ്റാദായം ഇടിഞ്ഞു. കോഫി ബോർഡ്പോലുള്ള സംവിധാനങ്ങളും ദുർബലമായി. കേരളത്തിലെ കർഷകർക്കും സ്വതന്ത്രവ്യാപാരം മരണമണിയായി.  വിലയിടിച്ചിലിന്റെയും തുടർന്നുണ്ടായ കടബാധ്യതകളുടെയും പ്രത്യാഘാതം വയനാട്ടിലെ ചെറുകിട കർഷകരെ പ്രതിസന്ധിയിലാക്കി. മൂവായിരത്തിലധികം ചെറുകിട കർഷകരാണ്  ജീവനൊടുക്കിയത്. ഈ രംഗത്തെ കുത്തകകൾ പ്രതിസന്ധി മുതലെടുത്ത് അമിത ലാഭം ഉണ്ടാക്കി.

വയനാട്ടിലെ കർഷകർ സമരപതാകയ്ക്കു കീഴെ അണിനിരന്ന്‌  ‘ആത്മഹത്യയല്ല പരിഹാരം; ഒരുമിക്കുക, പോരാടുക’ എന്ന മുദ്രാവാക്യവുമായി പ്രതിരോധം കെട്ടിപ്പടുത്തു. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെയും കർഷകസംഘത്തിന്റെയും മുൻകൈയോടെ ബ്രഹ്മഗിരി ഡെവലപ്മെന്റ്‌ സൊസൈറ്റി എന്ന പേരിൽ  കർഷകരുടെയും തൊഴിലാളികളുടെയും കൂട്ടായ്മ രൂപീകരിച്ചു. കർഷകർക്ക് ന്യായമായ വില ഉറപ്പുവരുത്തി മിച്ചത്തിൽനിന്ന് ഒരു പങ്ക് അവർക്ക് തിരിച്ചുനൽകിയും ഗുണനിലവാരമുള്ള കാപ്പിപ്പൊടി ‘വയനാട് കോഫി’ എന്ന ബ്രാൻഡിൽ പുറത്തിറക്കാൻ അവർക്ക് കഴിഞ്ഞു.  കർഷക ആത്മഹത്യകൾ ഇന്ന് പഴങ്കഥയാണ്. ചെറുകിട കർഷകർ കാപ്പി കുത്തകകൾക്ക് ബദൽ നിർമിക്കുകയാണ്. കേരളത്തിലെ ആയിരക്കണക്കിന് കാപ്പി കർഷകർക്ക് പുതുജീവൻ നൽകുന്നതിനായി വാച്യാർഥത്തിൽത്തന്നെ ‘ഓജസ്സുറ്റ കാപ്പി’  അവതരിപ്പിച്ചു.

കർഷകർക്ക് പൂർണ ഉടമസ്ഥത നൽകുന്ന രീതിയിലുള്ള ലാറ്റിനമേരിക്കയിലെ പെറു, നിക്കരാഗ്വ, ഗ്വാട്ടിമാല, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ഇത്യോപ്യയിലും ആരംഭിച്ച മാതൃകയിലാണ്‌ വയനാട്ടിലെ കാപ്പി കർഷക കൂട്ടായ്മയും സഞ്ചരിക്കുന്നത്. അറബിക്കയും റോബസ്റ്റയും ചേർത്തുള്ള ആകർഷണീയമായ ചേരുവകൾ വിപണിയിൽ പുതിയ ചരിത്രം കുറിക്കുകയാണ്. ഈ സംരംഭത്തെ പിന്തുണയ്‌ക്കുക; ഇന്ത്യൻ കർഷകരെ പിന്താങ്ങുക. കാപ്പി കർഷകരുടെ സഹകരണ ഗ്രാമത്തിൽ അംഗങ്ങളാകുക.-

(അഖിലേന്ത്യ കിസാൻ സഭ  ജോയിന്റ്‌ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top