26 April Friday

എന്നും കരുത്തേകുന്ന സ്‌മരണ - എ വിജയരാഘവൻ എഴുതുന്നു

എ വിജയരാഘവൻUpdated: Tuesday Aug 31, 2021

വിപുലമായ അറിവും അനുഭവങ്ങളും ആദർശനിഷ്ഠയോടെയുള്ള ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു 2016 ആഗസ്‌ത്‌ മുപ്പത്തൊന്നിന്‌ വിടപറഞ്ഞ വി വി ദക്ഷിണാമൂർത്തി. കമ്യൂണിസ്റ്റ് പാർടി സംഘാടകൻ, വിദ്യാർഥി-, യുവജന, അധ്യാപക, ട്രേഡ്‌ യൂണിയൻ നേതാവ്, പ്രഭാഷകൻ, പരിഭാഷകൻ, പ്രക്ഷോഭകാരി, പാർലമെന്റേറിയൻ, എഴുത്തുകാരൻ എന്നീ നിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഒരു പതിറ്റാണ്ടോളം ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ചു.

പാർടിയെയും നേതാക്കളെയും വളഞ്ഞിട്ടാക്രമിച്ച ശത്രുക്കൾക്കെതിരെ കരുത്തുറ്റ നാവും തൂലികയുമായിരുന്ന അദ്ദേഹം, മാർക്‌സിസം- ലെനിനിസത്തിൽ അധിഷ്ഠിതവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളിലൂടെയും സ്‌നേഹമസൃണമായ പെരുമാറ്റത്തിലൂടെയും എല്ലാവരുടെയും പ്രിയപ്പെട്ട മാഷായി മാറി. ‘പ്രചാരകൻ, പ്രക്ഷോഭകൻ, സംഘാടകൻ’ എന്ന ദേശാഭിമാനിയുടെ സുവ്യക്തമായ ദൗത്യം നിർവഹിക്കുന്നതിൽ അദ്ദേഹം കാണിച്ച ആത്മസമർപ്പണതുല്യമായ ഉത്തരവാദിത്തം മാതൃകാപരമാണ്. ദേശാഭിമാനിയെ പൊതുസ്വീകാര്യതയുള്ള പത്രമാക്കി മാറ്റുന്നതിൽ കാര്യമായ പങ്കുവഹിച്ചു. പത്രത്തെ അടിസ്ഥാന രാഷ്ട്രീയ- സാമൂഹ്യമൂല്യങ്ങളിൽ ഉറപ്പിച്ചുനിർത്തുന്നതിലും ശ്രദ്ധിച്ചു. കോഴിക്കോട് ദേശാഭിമാനിയുടെ മാനേജർ എന്ന ഉത്തരവാദിത്തമാണ് പാർടി ആദ്യം ഏൽപ്പിച്ചതെങ്കിലും മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതി. 19 വർഷത്തോളം കോഴിക്കോട് യൂണിറ്റ് മാനേജരായി പ്രവർത്തിച്ചു. ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി മാനേജിങ് ഡയറക്ടറുമായിരുന്നു. ചീഫ് എഡിറ്ററായി ചുമതലയേറ്റതോടെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായി. ദേശാഭിമാനിയെ കേരളത്തിലെ മൂന്നാമത്തെ പത്രമായി ഉയർത്തിയതിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ട്.

നന്നേ ചെറുപ്പത്തിൽ പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി കമ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങളിൽ പങ്കാളിയായ അദ്ദേഹം അധ്യാപകനായാണ് പൊതുജീവിതം ആരംഭിക്കുന്നത്. ചെത്തുതൊഴിലാളികൾ, അധ്യാപകർ, ക്ഷേത്രജീവനക്കാർ, തോട്ടംതൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്‌ യൂണിയൻ മേഖലയിലും സജീവമായി ഇടപെട്ടു. ദീർഘകാലം കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് അംഗവുമായിരുന്നു. 1950ൽ 16‐--ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 26 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച് 1982ൽ വടക്കുമ്പാട് ഹൈസ്‌കൂളിൽനിന്ന് സ്വമേധയാ വിരമിച്ചു. അതേവർഷം പാർടി സംസ്ഥാന കമ്മിറ്റി അംഗമായി. കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. മലബാർ ഐക്യവിദ്യാർഥി സംഘടനയുടെ ആദ്യ ജോയിന്റ് സെക്രട്ടറിയായിരുന്ന ദക്ഷിണാമൂർത്തി കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു. മലബാർ ദേവസ്വത്തിനു കീഴിൽ ജീവനക്കാരെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. മൂന്നുതവണ പേരാമ്പ്രയിൽനിന്ന് നിയമസഭാംഗമായി. 1980‐82ൽ സിപിഐ എം നിയമസഭാ വിപ്പായിരുന്നു.

മാർക്‌സിയൻ ദർശനത്തിൽ ആഴത്തിൽ അറിവുനേടിയ അദ്ദേഹം രാഷ്ട്രീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുകയും അതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്‌തു. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അറുപതുകളുടെ ആദ്യപകുതിയിലും പിന്നീടും നടന്ന ആശയസമരത്തിൽ തിരുത്തൽവാദത്തിനും ഇടതുപക്ഷ വ്യതിയാനത്തിനും എതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 1964ൽ കമ്യൂണിസ്റ്റ് പാർടിയിൽ പിളർപ്പുണ്ടായതിനെത്തുടർന്ന് സിപിഐ എമ്മിനൊപ്പം നിന്നു. ആ ഘട്ടത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ജില്ലാ കൗൺസിൽ അംഗമായിരുന്നു. വർഗസഹകരണ പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച്, ഇടത്‌‐വലത് വ്യതിയാനങ്ങൾക്കെതിരെ സൈദ്ധാന്തിക ജാഗ്രത നിലനിർത്താൻ നല്ല രീതിയിൽ ഇടപെട്ടു.

കേരളത്തിൽ രണ്ടാം പിണറായി സർക്കാർ 100 ദിനത്തിലധികം പിന്നിട്ടിരിക്കുന്നു. ചരിത്രംകുറിച്ച രണ്ടാം പിണറായി സർക്കാർ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതീക്ഷകൾക്കനുസരിച്ചാണ്‌ ഭരണം നടത്തുന്നത്‌. മികച്ച ജനപിന്തുണയോടെ അഞ്ചുവർഷം പൂർത്തിയാക്കിയാണ്‌ സർക്കാർ തുടർഭരണത്തിലേക്ക്‌ എത്തിയത്‌. അപവാദപ്രചാരണംകൊണ്ട്‌ ജയിച്ചുകയറാമെന്ന്‌ മോഹിച്ച യുഡിഎഫ്‌ തകർച്ചയിൽനിന്നും ഇനിയും പാഠംപഠിക്കുന്നില്ല. ഡിസിസി ഭാരവാഹികളെപ്പോലും ഐക്യത്തോടെ തെരഞ്ഞെടുക്കാൻ കോൺഗ്രസിനാകുന്നില്ല. തമ്മിലടിച്ചും പോർവിളിച്ചും മുതിർന്ന നേതാക്കളടക്കം വിഴുപ്പലക്കുകയാണ്‌. പതിറ്റാണ്ടുകളോളം പദവികൾ വഹിച്ചിട്ടും അധികാരവും പദവിയും വിട്ടൊഴിയാൻ ചിലർ തയ്യാറാകുന്നില്ല. പല പ്രമുഖ നേതാക്കളും കോൺഗ്രസ്‌ വിടാനൊരുങ്ങുന്നു

അതേസമയം, കേരളത്തിൽ എൽഡിഎഫിന്റെ ജനകീയത വലിയതോതിൽ വർധിച്ചു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്താണ്‌ സിപിഐ എമ്മും എൽഡിഎഫും നീങ്ങുന്നത്‌. കേരളത്തിലെ രാഷ്‌ട്രീയ സമവാക്യങ്ങളിലും വലിയ മാറ്റം വന്നുകഴിഞ്ഞു. ആരാണ്‌ ജനങ്ങൾക്കൊപ്പമെന്ന്‌ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.

ദേശീയമായും കോൺഗ്രസ്‌ ഇന്ന്‌ നേരിടുന്നത്‌ കടുത്ത പ്രതിസന്ധിയാണ്‌. ബിജെപിക്ക്‌ ബദൽ ശക്തിയാകാൻ അവർക്ക്‌ കഴിയുന്നില്ല. പാർലമെന്ററി ജനാധിപത്യംപോലും അട്ടിമറിക്കാൻ ബിജെപി തുനിഞ്ഞിറങ്ങി. പാർലമെന്റിൽ പ്രതിപക്ഷ പാർടികളെ കായികമായി ആക്രമിച്ചും അധിക്ഷേപിച്ചും മുന്നോട്ടുനീങ്ങുകയാണ്‌ ബിജെപി. രാജ്യത്ത്‌ ഇനി വിറ്റുതുലയ്‌ക്കാൻ പൊതു സമ്പത്തുക്കളൊന്നുമില്ല. ആകാശവും ഭൂമിയും കടലും വിറ്റുകഴിഞ്ഞു. പൗരന്മാരുടെ വിവരംപോലും ചോർത്തി ജനാധിപത്യ അട്ടിമറി നടത്തുന്ന പാർടിക്കു മുന്നിൽ കോൺഗ്രസ്‌ മൗനംപാലിക്കുകയാണ്‌. കോൺഗ്രസിലെ പല നേതാക്കളും ഇന്ന്‌ ബിജെപി കൂടാരത്തിലാണ്‌. കോൺഗ്രസ്‌ പാർടിയുടെ ദൗർബല്യം സംഘടനാപരം മാത്രമല്ല, രാഷ്‌ട്രീയവുമാണ്‌. ഇത്‌ യുഡിഎഫിന്റെ ശക്തിക്ഷയവും കെട്ടുറപ്പില്ലായ്‌മയും വർധിപ്പിക്കും.

കോവിഡ്‌ മഹാമാരി തീർത്ത ദുരിതങ്ങളിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. ജനങ്ങളെ കരുതുന്ന, അവർക്ക്‌ സംരക്ഷണമൊരുക്കുന്ന സർക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. കേന്ദ്രത്തിലാകട്ടെ മഹാമാരിക്കാലത്തും ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുകയും അവർക്ക്‌ അർഹമായത്‌ കോർപറേറ്റുകൾക്ക്‌ കൊടുക്കുകയും ചെയ്യുന്ന സർക്കാരാണ്‌ ഭരിക്കുന്നത്‌. രാജ്യത്തിന്റെ പരമ്പരാഗത സമ്പത്തുകളെല്ലാം വൻകിട കുത്തക കമ്പനികളുടെ കൈവശം എത്തിയിരിക്കുന്നു. ജനങ്ങൾ ഭക്ഷണവും തൊഴിലും കിട്ടാതെ തെരുവിൽ അലയുകയാണ്‌. കർഷകരെ തിരിഞ്ഞുനോക്കാത്ത, തൊഴിലാളികളെയും സാധാരണക്കാരെയും പരിഗണിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ സമരങ്ങളുടെ വേലിയേറ്റംതന്നെ ഒരുക്കേണ്ട സമയമാണ്‌. പക്ഷേ, കോവിഡിന്റെ ആനുകൂല്യം മുതലെടുത്ത്‌ എല്ലാം തങ്ങൾക്ക്‌ അനുകൂലമാക്കി മാറ്റാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌.

ഈ ഘട്ടത്തിൽ രാജ്യത്ത്‌ ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ബിജെപി ഇതര ബദൽ മാർഗങ്ങളുടെയും പ്രസക്തി വർധിച്ചിരിക്കുകയാണ്‌. ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്‌ കരുത്തുണ്ടായാൽ മാത്രമേ സാധാരണക്കാർക്ക്‌ രക്ഷയുള്ളൂ. അതിനായുള്ള പ്രവർത്തനങ്ങളിൽ വരുംദിവസങ്ങളിൽ നമുക്ക്‌ കൂട്ടായി മുഴുകാം. ജനങ്ങളെ അണിനിരത്തി എൽഡിഎഫ്‌ സർക്കാരിനും സിപിഐ എമ്മിനും ശക്തിപകരാൻ വി വി ദക്ഷിണാമൂർത്തിയുടെ സ്‌മരണ നമുക്ക്‌ പ്രചോദനമേകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top