26 April Friday

അമേരിക്ക സെപ്തംബര്‍ 11സ്മരണ പുതുക്കുമ്പോള്‍

കെ ടി കുഞ്ഞിക്കണ്ണൻUpdated: Saturday Sep 11, 2021

സെപ്തംബര്‍ 11 ൻ്റെ ഇരുപതാം വാർഷികത്തിൽ അമേരിക്ക ആ ഭീകരാക്രമണത്തിന് ഉത്തരവാദിയായ താലിബാനെ തന്നെ അധികാരം തിരിച്ചേല്പിച്ചത് ചരിത്രത്തിൻ്റെ വിരോധാഭാസമായി തോന്നാമെങ്കിലും അതാണ് അമേരിക്കയെന്ന തിരിച്ചറിവാണ് ലോകത്തിന് നൽകുന്നത്...കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു.

ഇന്ന് സപ്തംബർ 11
വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിൻ്റെ 20-ാം വാർഷിക ദിനം. മധ്യപൂർവദേശത്തെ കമ്യൂണിസ്റ്റ് സ്വാധീനത്തിനും സോവ്യറ്റ് യൂണിയനുമെതിരെ അമേരിക്ക സൃഷ്ടിച്ച ഭീകരവാദികൾ അമേരിക്കയ്ക്കു നേരെ തന്നെ ആഞ്ഞടിച്ച ലോകത്തെ ഞെട്ടിച്ചദിനം. വിവര സാങ്കേതിക വിദ്യയുടെ മെക്കയെന്ന് വിശേഷിപ്പിക്കുന്ന അമേരിക്ക, സൂപ്പർ കമ്പ്യൂട്ടറുകളും ഡാറ്റാബേസുകളും കൊണ്ടു് സമ്പന്നമായ ഭരണകൂടസംവിധാനവും മാധ്യമ വ്യവസ്ഥയുമുള്ള അമേരിക്ക ... ആ രാജ്യത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കിയ ഭീകരാക്രമണത്തിൻ്റെ തുടർച്ചയിലായിരുന്നു അഫ്ഘാൻ അധിനിവേശവും ലോകമാകെ ഇസ്ലാമിക് ഫോബിയ പടർത്തിയ ഭീകരവിരുദ്ധ യുദ്ധത്തെ കുറിച്ചുള്ള വാചകമടികളും കടന്നാക്രമണങ്ങളും. അതൊക്കെ അമേരിക്കയുടെ നാട്യങ്ങളും വെറും തട്ടിപ്പായിരുന്നുവെന്നാണ് ഇപ്പോഴത്തെ അഫ്ഘാൻ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്.സപ്തംബർ 11 ന് സംഭവം നടന്നു് മണിക്കൂറുകൾക്കകം അന്നത്തെ സി ഐ എ ഡയരക്ടർ ജോർജ് ടെനറ്റ് പറഞ്ഞത് ഇത്തരമൊരു മുന്നറിയിപ്പില്ലാത്ത ഭീകരാക്രമണത്തിന് പിന്നിൽ ഒസാമ ബിൻ ലാദനല്ലാതെ മറ്റാരുമായിരിക്കില്ലെന്നാണ്.

അന്നത്തെ ബുഷ് ഭരണകൂടം ഇസ്ലാമിക ഭീകരവാദത്തിനും "തിന്മ "യുടെ ശക്തികൾക്കുമെതിരെ യുദ്ധപ്രഖ്യാപനം തന്നെ നടത്തി.അക്കാലത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ പറഞ്ഞത് നയതന്ത്രപരവും രാഷ്ട്രീയവും സാമ്പത്തീകവും വിദ്യാഭ്യാസപരവും കുറ്റാന്വേഷണപരവും ആവശ്യമായിടത്ത് സൈനികവുമായ എല്ലാ ഉപാധികളും ഉപയോഗിച്ച് ഭീകരവാദികളെ പിഴുതെറിയും, അവരുടെ താവളമായ അഫ്ഘാനിലെതാലിബാൻ ഭരണത്തെ തകർത്ത് ഭീകരവാദികളുടെ വേരറുക്കുമെന്നൊക്കെയായിരുന്നു.

ഹണ്ടിംഗ്ടൺ തീസീസും അമേരിക്കൻ ഭരണകൂടവും ചേർന്നു സൃഷ്ടിച്ചതായിരുന്നു ഒസാമ ബിൻ ലാദനും അൽഖ്വയ്ദയും താലിബാനുമെന്ന അപരാധപൂർണമായ സമകാലീനചരിത്രയാഥാർത്ഥ്യത്തെ കുറിച്ച് അജ്ഞത നിലനിർത്തി കൊണ്ടായിരുന്നു ബുഷിൻ്റെ ഭീകരവിരുദ്ധ യുദ്ധ കോലാഹലങ്ങൾ .പാശ്ചാത്യ മാധ്യമങ്ങളും യുഎസ് അധിനായക വരും തങ്ങൾ സൃഷ്ടിച്ച രാക്ഷസനായിരുന്നു ഒസാമയെന്ന ക്രൂരസത്യത്തെ കുറിച്ച് എന്നും മൗനം പാലിക്കുകയായിരുന്നു. ശീതയുദ്ധകാലത്ത് മധ്യപൂർവ്വദേശത്തെ തങ്ങളുടെ മൂലധന താല്പര്യങ്ങളിലായിരുന്നു "പാശ്ചാത്യ വിരുദ്ധരാക്ഷസനെന്ന് " അവർ തന്നെ വിശേഷിപ്പിച്ച ഒസാമയും അയാളുടെ ഭീകര സംഘങ്ങളും ജന്മമെടുത്തത്. "ഇസ്ലാമിനെ " കമ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്ര പദ്ധതിയാക്കി അവതരിപ്പിച്ചതും ആഗോള "ഇസ്ലാമിക " വ്യവസ്ഥക്ക് വേണ്ടി പോരാടുന്ന മുജാഹിദ്ദീൻ, താലിബാൻ, അൽഖയ്ദ ,ഇസ്ലാമിക് സ്റ്റേറ്റ് എല്ലാറ്റിനും പിറകിൽ സിഐഎയും മൊസാദും അമേരിക്കയുമായിരുന്നു.

ഒരു ഭീകരവാദിയെന്ന നിലക്ക് ഒസാമ പ്രത്യക്ഷപ്പെടുന്നത് 90 കൾക്ക് ശേഷമല്ലായെന്നത് അമേരിക്കയെന്നും മറച്ചു പിടിക്കാനാഗ്രഹിക്കുന്നത്, തങ്ങളുടെ കുടിലവും ഹീനവുമായ കമ്യൂണിസ്റ്റ് ഉന്മൂലന ചരിത്രത്തെ മറച്ചു പിടിക്കാനാണ്. റീഗൺ ഭരണകൂടവും സിഐഎയും പാക്കിസ്ഥാനിലെ സിയാവുൽ ഹക്കിൻ്റെ സർക്കാറിൻ്റെയും ഐഎസ്ഐയുടെയും സഹായത്തോടെയാണ് മുജാഹീദിനെയും താലിബാനെയും സൃഷ്ടിച്ചെടുത്തത്. പാക്കിസ്ഥാനിലെ മതപാഠശാലകളെ ഭീകരവാദികളെ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളാക്കി മാറ്റുകയായിരുന്നു സാമ്രാജ്യത്വ ശക്തികൾ ...അവരാണ് അഫ്ഘാനിലെ നജീബുള്ള സർക്കാറിനെ അട്ടിമറിച്ച് കൂട്ടക്കൊലകൾ നടത്തിയത്.

വേൾഡ് ട്രേഡ് സംഭവത്തിന് ശേഷം താലിബാൻ ഭീകരവാദത്തിൻ്റെ താവളമാണെന്ന് പറഞ്ഞ് അഫ്ഘാൻ കീഴടക്കി പാവ സർക്കാറുകളെ വാഴിച്ച അമേരിക്ക വേൾഡ് ട്രേഡ് സെൻ്റർ സംഭവത്തിൻ്റെ ആസൂത്രകനായ ലാദനെ വധിച്ചെങ്കിലും ഇന്നിപ്പോൾ 1996ലെന്ന പോലെ അമേരിക്ക താലിബാനെ ഭരണമേല്പിച്ചിരിക്കുകയാണ്. സപ്തംബർ 11 ൻ്റെ ഇരുപതാം വാർഷികത്തിൽ അമേരിക്ക ആ ഭീകരാക്രമണത്തിന് ഉത്തരവാദിയായ താലിബാനെ തന്നെ അധികാരം തിരിച്ചേല്പിച്ചത് ചരിത്രത്തിൻ്റെ വിരോധാഭാസമായി തോന്നാമെങ്കിലും അതാണ് അമേരിക്കയെന്ന തിരിച്ചറിവാണ് ലോകത്തിന് നൽകുന്നത്. സ്വന്തം പൗരന്മാരുടെ ജീവനെടുത്തവരെ തന്നെ, താലിബാനെ തന്നെ അധികാരം ഏല്പിച്ച് കൊണ്ട് അമേരിക്ക സപ്തംബർ 11 ൻ്റെ സ്മരണ പുതുക്കുന്ന വൈരുധ്യാത്മകതയെ നമ്മളെന്താണ് വിളിക്കുക ....? ഭീകരവാദത്തെയും നരഹത്യകളെയും അധിനിവേശതന്ത്രമാക്കിയ അമേരിക്കനിസമാണിത്. ലോകത്തിൽ ഭീകരവാദത്തെ സ്വന്തം വിദേശനയമായി അംഗീകരിച്ച രാജ്യമാണ് അമേരിക്ക. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുള്ളവരല്ല. ലാറ്റിനമേരിക്കൻ നാടുകൾക്കും ആഫ്രിക്കക്കും മധ്യപൂർവ ദേശങ്ങൾക്കും നേരെ നടത്തിയ കടന്നാക്രമണങ്ങളുടെയും നരഹത്യകളുടെയും ചരിത്രമാണ് ഒരു വൻശക്തിയായ അമേരിക്കയുടേത് ... ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റ് ഉന്മൂലനങ്ങളുടെ രക്തപങ്കിലമായ ചരിത്രവഴിയിലാണ് താലിബാനും അൽഖയ്ദയും അടക്കമുള്ള ഭീകര സംഘങ്ങളെ അവർ സൃഷ്ടിച്ചെടുത്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top