26 April Friday

അമേരിക്ക അഫ്‌ഗാൻ വിടുന്നില്ല

ജോർജ് ജോസഫ്Updated: Thursday Sep 16, 2021

അഫ്ഗാനിസ്ഥാനിൽനിന്നുള്ള അമേരിക്കയുടെ പിന്മാറ്റം സൈനികമായി മാത്രം. ആ രാജ്യത്ത് അമേരിക്കയ്‌ക്കുള്ള താൽപ്പര്യം പൂർണമായും ഇല്ലാതായെന്നും അവർ പിന്മാറുന്നുവെന്നും കരുതുന്നത്‌ മൗഢ്യമാണ്. അമേരിക്ക മുമ്പ്‌ നടത്തിയിട്ടുള്ള സൈനികവും രാഷ്ട്രീയവുമായ ഇടപെടലുകളുടെ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും. നേരിട്ടുള്ള ഇടപെടലുകൾ ഒഴിവാക്കുമ്പോൾ പരോക്ഷമായി അവിടത്തെ സമ്പദ്‌വ്യവസ്ഥയുടെയും വിഭവങ്ങളുടെയും നിയന്ത്രണം അവർ കൈക്കലാക്കിയിട്ടുണ്ടാകും. സൈനികമായ ഇടപെടലിനേക്കാൾ മെച്ചം അതാണെന്നു കണ്ടാൽ അവർ ആ മാർഗം അവലംബിക്കും. ഇറാഖ്‌ , സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഇടപെടലുകൾ ഇതിന് ഉദാഹരണങ്ങൾ.

മധ്യേഷ്യൻ രാജ്യങ്ങളിൽ എണ്ണയുൽപ്പാദനം സജീവമായപ്പോഴാണ്‌ അമേരിക്കയ്‌ക്ക് അവിടെ താൽപ്പര്യം ജനിച്ചത്‌. ഇറാഖ്‌ പോലുള്ള രാജ്യങ്ങളിൽ നേരിട്ട് ഇടപെട്ട്‌ ഭരണക്രമത്തെയാകെ കുട്ടിച്ചോറാക്കിയശേഷം അവർ പിന്മാറുകയാണുണ്ടായത്. അതോടെ ഇത്തരം രാജ്യങ്ങളിൽ നിയതമായ ഭരണകൂടം ഇല്ലാതാകുകയും തീവ്രവാദ സംഘടനകളുടെ നിയന്ത്രണത്തിലേക്ക് മാറുകയും ചെയ്യുന്നു. ഇത്തരം സാഹചര്യമാണ് വാഷിങ്‌ടൺ പലപ്പോഴും ആഗ്രഹിക്കുന്നതും. ഇറാഖ്‌, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരസംഘങ്ങൾ നിയന്ത്രിക്കുന്ന പ്രദേശങ്ങളിൽനിന്നുള്ള എണ്ണ വാങ്ങുന്നത് അമേരിക്കയാണ്. രാജ്യാന്തര വിലയേക്കാൾ വളരെ ചുരുങ്ങിയ നിസ്സാരവിലയ്ക്ക് ഇത് തട്ടിയെടുക്കുകയാണ് അവർ. ഐഎസ് പോലുള്ള ഭീകരവാദ പ്രസ്ഥാനങ്ങളുടെ ഫണ്ടിങ്ങിന്റെ ഒരു പ്രധാന സ്രോതസ്സ് എണ്ണയുടെ വിൽപ്പനയാണ്.

ലോകത്ത് ഇന്ധനങ്ങളുടെ മേഖലയിൽ ഇന്ന് സംഭവിക്കുന്ന മാറ്റങ്ങളുടെകൂടി പശ്ചാത്തലത്തിൽ വേണം അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പിന്മാറ്റത്തെ വീക്ഷിക്കാൻ. എണ്ണ സ്രോതസ്സുകളുടെ ശോഷണവും ഒപ്പം ആഗോളതാപനവും ഫോസിൽ അധിഷ്ഠിത ഇന്ധനങ്ങളുടെ ആഗോള മാർക്കറ്റിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പകരം, പരിസ്ഥിതിസൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ചുവടുമാറ്റം ശക്തമാണ്. 2030 ആകുന്നതോടെ വൈദ്യുതി, സൗരോർജ, ഹൈഡ്രജൻ അധിഷ്ഠിത ഇന്ധനങ്ങൾ തുടങ്ങിയവയിലേക്ക് ലോകം മാറും. ഇത്തരം ഇന്ധനങ്ങളുടെ കാര്യത്തിൽ സ്റ്റോറേജ് ബാറ്ററികൾ ഏറെ നിർണായക ഘടകമാണ്. ലിഥിയം ബാറ്ററികളാണ് ലോകത്തെ വാഹന വ്യവസായത്തെ നിർണായകമായി സ്വാധീനിക്കുന്നത്. ഇവിടെയാണ് അഫ്ഗാനിസ്ഥാൻ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാകുന്നത്. 

അപൂർവധാതുക്കളുടെ കലവറയാണ് അഫ്ഗാൻ മലമടക്കുകൾ. ലോകത്തെ ഏറ്റവും വലിയ ലിഥിയം ശേഖരങ്ങളിൽ ഒന്ന് ഈ രാജ്യത്താണ്. സ്വർണം, ചെമ്പ്, കൊബാൾട്ട് , നിക്കൽ തുടങ്ങിയവയുടെ വമ്പൻ ശേഖരവുമുണ്ട്. അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം ആറുകോടി ടൺ ചെമ്പ്, 220 കോടി ടൺ ഇരുമ്പയിര് എന്നിവയ്ക്കുപുറമെ ലന്താനം, സേറിയം, നിയോഡിമിയം എന്നിവയടക്കമുള്ള അത്യപൂർവ ധാതുക്കളുടെയും സ്വർണം, വെള്ളി, സിങ്ക്, മെർക്കുറി, ലിഥിയം തുടങ്ങിയവയുടെ 1 .5 കോടി ടൺ ശേഖരവുമുണ്ട്. എന്നാൽ, നിലവിൽ കേവലം 7500 കോടിയോളം രൂപയുടെ ധാതുക്കളാണ് ഖനനം ചെയ്യുന്നത്. ഇതിന്റെ നല്ലൊരു പങ്കും പോകുന്നത് താലിബാൻ തീവ്രവാദികൾക്കും അമേരിക്കയ്‌ക്കുമാണ്. സൈനിക പിന്തുണയോടെ അമേരിക്ക ഇത് കടത്തുന്നുവെന്നതാണ് റിപ്പോർട്ട്. ഇത്തരം അപൂർവധാതുക്കൾ ഖനനം ചെയ്യുന്നതിൽ ലോകത്തെ ഏറ്റവും പ്രമുഖ രാജ്യം ചൈനയാണ്. ലിഥിയം ബാറ്ററികളുടെ ഉൽപ്പാദനത്തിൽ അവരാണ് ലോകത്ത് ഒന്നാമത്.

ലിഥിയം ഉൾപ്പെടെയുള്ള അപൂർവ ലോഹശേഖരമുള്ള അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ അമേരിക്ക വെറുതേ പോകുമെന്ന്‌ കരുതാൻ ന്യായമില്ല. അവരുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ അഫ്ഗാനിസ്ഥാനിൽനിന്നുള്ള സൈനികപിന്മാറ്റം അനിവാര്യമാണ്. കാരണം ലക്ഷക്കണക്കിന് ഡോളർ പുകച്ചുകളയുന്നതിനോടും സൈനികർ കൊല്ലപ്പെടുന്നതിലും യുഎസ് ജനതയ്‌ക്കിടയിൽ എതിർപ്പ് ശക്തമാണ്. അതുകൊണ്ടാണ് ഡോണൾഡ് ട്രംപിന്റെ മിക്ക നയത്തെയും എതിർക്കുന്ന ബൈഡൻ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ശക്തനായ പിൻഗാമിയാകുന്നത്. സൈനികപിന്മാറ്റം അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിൽ ബൈഡന്‌ കാര്യമായ തുണ നൽകുമെന്നുറപ്പാണ്. എന്നാൽ, ഇതിനായി സാമ്പത്തിക നേട്ടങ്ങൾ ഒഴിവാക്കാൻ അദ്ദേഹത്തിന് കഴിയുകയുമില്ല. ഈ രണ്ടു പക്ഷികളെയും ഒരു വെടിക്ക് വീഴ്ത്തുന്നുവെന്നതാണ് സേനാ പിന്മാറ്റത്തിനു പിന്നിലെ തന്ത്രം.

ഇതിനായി അമേരിക്ക സ്വീകരിച്ച ഏറ്റവും ബാലിശമായ നിലപാട് ഛർദിച്ചത്‌ വിഴുങ്ങുക എന്നതാണ്. മുച്ചൂടും തകർക്കാൻ തുനിഞ്ഞിറങ്ങിയ താലിബാനുമായി അവർ പലവട്ടം ചർച്ച നടത്തി. ലോകം കണ്ട ഏറ്റവും കിരാതമായ ഭീകരസംഘടനയ്‌ക്ക് അതുവഴി അമേരിക്ക അംഗീകാരം നേടിക്കൊടുത്തു. ഇതാണ് താലിബാന് മാറ്റംസംഭവിച്ചിരിക്കുന്നുവെന്ന തരത്തിലുള്ള ചിന്തയ്‌ക്ക് വഴിമരുന്നിട്ടത്. വാസ്തവത്തിൽ വാഷിങ്‌ടൺ ലോകത്തോട് ചെയ്ത ഒരു കൊടുംചതിയാണ് ഇത്. ഇക്കാര്യത്തിൽ റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും തമ്മിൽ ഭേദചിന്തയില്ല. ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും താലിബാനെ വീക്ഷിച്ചശേഷം അവർക്കുണ്ടായ മാറ്റം വിലയിരുത്തി അംഗീകരിക്കാമെന്ന നിലപാടിലേക്ക് എത്തിച്ചത് അമേരിക്കയാണ്. താലിബാൻ മാറിയിട്ടില്ല, എന്നു മാത്രമല്ല അവർ ഒരിക്കലും മാറുകയുമില്ല. കാരണം മതതീവ്രതയും വംശീയതയും ക്രൂരമായി ഇഴ ചേർന്നിരിക്കുന്ന ഒരു സംഘമാണ് അവർ.

താലിബാനുമായി അമേരിക്ക എന്തെങ്കിലും രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടോ? അപൂർവധാതുക്കൾ കടത്തിക്കൊണ്ടുപോകാൻ താലിബാൻ അവർക്ക് വഴിയൊരുക്കുമോ? ഈ ചോദ്യങ്ങൾ പ്രസക്തമാണ്. ഒരുപക്ഷേ, 25 വർഷം കഴിയുമ്പോൾ പുറത്തുവന്നേക്കാവുന്ന പെന്റഗൺ രേഖകളിൽ ഇതിനുള്ള ഉത്തരമുണ്ടാകും. ആളും അർഥവും മുടക്കി അഫ്‌ഗാനിൽ ഇടപെടുന്നതിനേക്കാൾ ലാഭകരമാണ് താലിബാൻ അവിടെ ഭരിക്കുന്നതെന്ന വിലയിരുത്തൽ ട്രമ്പിനും ബൈഡനും ഒരുപോലെയുണ്ട്. ഇറാഖിൽനിന്നും സിറിയയിൽനിന്നും എണ്ണ ചുളുവിലയ്‌ക്ക് തട്ടിയെടുക്കുന്നതുപോലെ അഫ്ഗാനിലെ ധാതുക്കളും കടത്തിക്കൊണ്ടുപോകാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടുന്നു. ഒരേസമയം ആഭ്യന്തര രാഷ്ട്രീയത്തിൽ മിശിഹായായി മാറാനും ധാതുസ്രോതസ്സുകൾ കൈയടക്കുന്നതിനുമുള്ള ദ്വിമുഖതന്ത്രമാണ് ബൈഡൻ അവലംബിച്ചിരിക്കുന്നത്. ഒരു ജനതയ്ക്ക് വലിയ ആശ നൽകിയശേഷം അവരെ കാട്ടുനീതിക്കായി എറിഞ്ഞുകൊടുത്ത ഭീരുത്വത്തിന് ലോകത്തിന്, പ്രത്യേകിച്ച് ഇന്ത്യക്ക്, ഭാവിയിൽ വലിയവില തന്നെ നൽകേണ്ടിവന്നേക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top